city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സര്‍ക്കാര്‍ അറിയിപ്പുകള്‍ 17.08.2013

തദ്ദേശഭരണ സ്ഥാപനങ്ങള്‍ പെര്‍ഫോമന്‍സ് അസസ്‌മെന്റ് ഓഡിറ്റിനൊരുങ്ങുന്നു

ജില്ലയിലെ തദ്ദേശഭരണ സ്ഥാപനങ്ങളുടെ  പ്രവര്‍ത്തനങ്ങള്‍ സമഗ്രമായി വിലയിരുത്തുന്നതിനും  അക്കൗണ്ടുള്‍പ്പെടെ പരിശോധിക്കുന്നതിനും  ആദ്യമായി, സമഗ്രമായ സംവിധാനമൊരുങ്ങുന്നു.ഇതുവരെ ത്രിതല പഞ്ചായത്തുകള്‍ നടത്തിയ വിവിധ പ്രവര്‍ത്തനങ്ങളുടെ   പരിശോധനയും  വിലയിരുത്തലുമാണ് നടത്തുക.  ആഗസ്റ്റ് സെപ്തംബര്‍ മാസങ്ങളിലും ഓരോ പഞ്ചായത്തിലും പ്രൊജക്ട് മാനേജ്‌മെന്റ്  യൂണിറ്റിലെ പ്രത്യേക ടീം  സന്ദര്‍ശിച്ച് രണ്ട് ദിവസങ്ങളിലായി ഓഡിറ്റ് നടത്തും. ഇതിനായി 32 പേജുളള മോഡ്യൂള്‍ തയ്യാറാക്കിയിട്ടുണ്ട്. വിശദമായ പെര്‍ഫോമന്‍സ് അസസ്‌മെന്റ് റിപ്പോര്‍ട്ട് തയ്യാറാക്കിയ  തദ്ദേശഭരണസ്ഥാപനങ്ങള്‍ക്കു മാത്രമേ ഇനി മുതല്‍ ലോകബാങ്കിന്റെ ധനസഹായം ലഭിക്കൂ. ഈ സാഹചര്യത്തിലാണ് തദ്ദേശസ്വയംഭരണ വകുപ്പ്  കേരള ലോക്കല്‍ ഗവണ്‍മെന്റ് സര്‍വ്വീസ് ഡെലിവറി പ്രോജക്ടിന്റെ ഭാഗമായി പരിശോധന നടത്തുന്നത്.

ഗ്രാമസഭകളിലെ പങ്കാളിത്തം, വര്‍ക്കിംഗ് ഗ്രൂപ്പുകളുടെ പ്രവര്‍ത്തനം, അക്കൗണ്ട് സൂക്ഷിക്കുന്നതിലെ കാര്യക്ഷമത, വിവിധ പ്രോജക്ടുകളുടെ ഗുണനിലവാരം,  പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്ന സേവന പ്രവര്‍ത്തനങ്ങള്‍, ഗ്രാമസഭകളില്‍ കരട് പദ്ധതികളുടെ അവതരണം, പൗരാവകാശരേഖ പ്രസിദ്ധീകരിക്കല്‍,  വിവിധ സേവനങ്ങളുടേയും  പ്രവര്‍ത്തനങ്ങളുടേയും മാര്‍ഗ്ഗരേഖകള്‍ പ്രദര്‍ശിപ്പിക്കല്‍  തുടങ്ങി തദ്ദേശസ്വംയഭരണ സ്ഥാപനങ്ങള്‍   നടത്തേണ്ട വിവിധ പ്രവര്‍ത്തനങ്ങള്‍  കാര്യക്ഷമമായി നടപ്പിലാക്കുന്നുണ്ടോയെന്ന പരിശോധനയാണ് ഇതിന്റെ ഭാഗമായി പ്രത്യേക   സംഘം നടത്തുക. മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ    വിലയിരുത്തലായി പ്രവര്‍ത്തനം മാറും. ഇനി മുതല്‍ എല്ലാ വര്‍ഷവും  ഇത്തരത്തിലുളള ഓഡിറ്റ് നടക്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പെര്‍ഫോമന്‍സ് അസസ്‌മെന്റ് ഓഡിറ്റിന് മുന്നോടിയായി മുന്നോടിയായി ജില്ലാതല ശില്‍പശാല ആഗസ്റ്റ് 20 ന് രാവിലെ 9.30 ന് കാസര്‍കോട് മുന്‍സിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. എല്ലാ പഞ്ചായത്തുകളുടേയും പ്രസിഡണ്ട്, സെക്രട്ടറി, പ്ലാന്‍ ക്ലാര്‍ക്ക്, അക്കൗണ്ടന്റ്, അസിസ്റ്റന്റ് എഞ്ചിനീയര്‍ എന്നിവര്‍ ശില്‍പശാലയില്‍ പങ്കെടുക്കുമെന്ന് കേരള ലോക്കല്‍ ഗവണ്‍മെന്റ് സര്‍വ്വീസ് ഡെലിവറി പ്രോജക്ട് ജില്ലാ കോര്‍ഡിനേറ്റര്‍ ബേബിബാലകൃഷ്ണന്‍ അറിയിച്ചു.

ജില്ലാതല വിജിലന്‍സ് സെല്‍ ആദ്യ യോഗം തിങ്കളാഴ്ച

ജില്ലാതല വിജിലന്‍സ് സെല്ലിന്റെ ആദ്യയോഗം തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് 3.30 ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍  നടക്കും. പൊതുജനങ്ങള്‍ക്കും യോഗത്തില്‍ പങ്കെടുത്ത് വിജിലന്‍സ് സെല്ലില്‍  പരാതികള്‍ സമര്‍പ്പിക്കാം.

ഗതാഗതം നിരോധിച്ചു

കാസര്‍കോട് റോഡ്‌സ് ഡിവിഷന്റെ അധീനതയിലുളള പന്നിക്കുന്ന് ഷിറിബാഗിലു റോഡില്‍ കി.മി 2/250 ല്‍ തകര്‍ന്ന കലുങ്ക് പുതുക്കി പണിയുന്ന പ്രവൃത്തി ആരംഭിക്കുന്നതിനാല്‍  ആഗസ്റ്റ് 20 മുതല്‍ 45 ദിവസത്തേക്ക് റോഡ് താല്‍ക്കാലികമായി അടച്ചിടുമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഇതുവഴി പോകേണ്ട വാഹനങ്ങള്‍ ചൗക്കി നീര്‍ച്ചാല്‍-ബെദ്രഡുക്ക-കംബാര്‍ വഴി തിരിച്ചു വിടണം.

ന്യൂനപക്ഷ  വിദ്യാര്‍ത്ഥികളുടെ വ്യക്തിത്വ വികസന ക്യാമ്പ് ഞായറാഴ്ച സമാപിക്കും

ന്യൂനപക്ഷ വകുപ്പ് ജില്ലയിലെ ഹൈസ്‌ക്കൂള്‍, ഹയര്‍സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന  വ്യക്തിത്വ വികസന ക്യാമ്പ് പാസ് വേഡിന് മായിപ്പാടി ഡയറ്റില്‍ തുടക്കമായി.

ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട  ന്യൂനപക്ഷ  വിഭാഗത്തില്‍പ്പെട്ട 160 വിദ്യാര്‍ത്ഥികളാണ് രണ്ട് ദിവസത്തെ ക്യാമ്പില്‍ പങ്കെടുക്കുന്നത്. ക്യാമ്പ് ആഗസ്റ്റ് 18 വൈകീട്ട് നാലിന് സമാപിക്കും.

ഡയറ്റ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ അഡീഷണല്‍  ജില്ലാ  അഡീഷണല്‍ മജിസ്‌ട്രേറ്റ് എച്ച് ദിനേശന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ജില്ലാപഞ്ചായത്ത് മെമ്പര്‍ ഫരീദസക്കീര്‍ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി കളക്ടര്‍ (ഇലക്ഷന്‍) എന്‍ ദേവിദാസ് മുഖ്യപ്രഭാഷണം നടത്തി. മധൂര്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സി സിന്ധു, യു എ അലി, ഡയറ്റ് പ്രിന്‍സിപ്പാള്‍ സി എം ബാലകൃഷ്ണന്‍ നായര്‍, മൈനോറിറ്റി കോച്ചിംഗ് സെന്റര്‍  പ്രിന്‍സിപ്പാള്‍ പ്രൊ. പി എം മുഹമ്മദ്, അഡീഷണല്‍ തഹസില്‍ദാര്‍ കെ അംബുജാക്ഷന്‍ എന്നിവര്‍ പ്രസംഗിച്ചു.  ന്യൂനപക്ഷക്ഷേമ ഡയറക്ടറേറ്റിലെ  പബ്ലിക്‌റിലേഷന്‍സ് ഓഫീസര്‍ അബ്ദുള്‍ അസീസ് സ്വാഗതവും ഹുസൂര്‍ശിരസ്തദാര്‍ പി കെ ശോഭ നന്ദിയും പറഞ്ഞു.

പിന്നോക്കം നില്‍ക്കുന്ന ന്യൂനപക്ഷ വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികളെ  വിദ്യാഭ്യാസം ഉള്‍പ്പെടെ വിവിധ മേഖലകളില്‍ മുന്‍നിരയിലെത്തിക്കുന്നതിനും വ്യക്തിത്വ വികസനത്തിനും ലക്ഷ്യമിട്ടാണ് ക്യാമ്പ് നടത്തുന്നത്. ന്യൂനപക്ഷ വിഭാഗങ്ങളിലെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടിയും ക്യാമ്പ സംഘടിപ്പിക്കുമെന്ന് എ ഡി എം അറിയിച്ചു.  ലക്ഷ്യബോധം എന്ന വിഷയത്തില്‍ പി സിറാജുദ്ദീന്‍ ക്ലാസ്സെടുത്തു. വിവിധ വിഷയങ്ങളില്‍ വിദഗ്ധര്‍   ഇന്നും ക്ലാസ്സെടുക്കും.

ഐ ടി ഐ അപേക്ഷ 30 വരെ

കയ്യൂര്‍ ഗവ. ഐ ടി ഐയില്‍ ആരംഭിക്കുന്ന  പ്ലംബര്‍, വെല്‍ഡര്‍ (എസ് സി വി ടി നോണ്‍മെട്രിക്) ട്രേഡുകളിലേക്ക് പ്രവേശനത്തിനുളള  അപേക്ഷ ആഗസ്റ്റ് 30 വരെ സ്വീകരിക്കും. അപേക്ഷ  ഫോറം ഐ ടി ഐ യില്‍ നിന്ന് നേരിട്ടും   www.det.kerala.gov.in എന്ന വെബ് സൈറ്റിലും ലഭ്യമാണ്. ഫോണ്‍ 0467-2230980.

കേന്ദ്ര  സര്‍വ്വകലാശാലയുടെ കൗണ്‍സലിംഗ് തീയ്യതി പ്രഖ്യാപിച്ചു

കേരള കേന്ദ്ര സര്‍വ്വകലശാലയുടെ 2013-14ലേക്കുളള വിവിധ പി.ജി കോഴ്‌സുകളിലെ കൗണ്‍സലിംഗ് തീയ്യതി പ്രഖ്യാപിച്ചു. ഇത് അനുസരിച്ച് വിവിധ ഡിപ്പാര്‍ട്ട്‌മെന്റില്‍ അഡ്മിഷന്‍ ഉറപ്പായ വിദ്യാര്‍ത്ഥികള്‍  ആഗസ്ത് 26 ന് രാവിലെ 11 മണിക്കും 4 മണിക്കും ഇടയ്ക്ക് യൂണിവേഴ്‌സിറ്റി ക്യാംപസ്സില്‍ എത്തണം.. ഒഴിവ് വരുന്ന സീറ്റിലേക്കുള്ള ലിസ്റ്റ് 27 ന് പ്രസിദ്ധീകരിക്കും. ഇതില്‍ ജനറല്‍ വിഭാഗത്തിലുള്ള കൗണ്‍സലിംഗ് 29 നും , സംവരണ വിഭാഗത്തിന്റെ കൗണ്‍സലിംഗ് 30 നും നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് സര്‍വ്വകലാശാലയുടെ ഔദ്യോഗിക വെബ്‌സൈറ്റ് കാണുക.

കാറ്റടിക്കാന്‍ സാധ്യത

അടുത്ത 24 മണിക്കൂറില്‍ കേരളതീരങ്ങളിലും  ലക്ഷദ്വീപ്പ്രദേശങ്ങളിലും   പടിഞ്ഞാറന്‍ ദിശയില്‍ നിന്നും 45 കി.മീറ്റര്‍ മുതല്‍ 55 കി.മീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റടിക്കാന്‍ സാധ്യതയുളളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

നോ-സ്‌കാല്‍പല്‍  വാസക്ടമി ക്യാമ്പ് മികച്ച ഫീല്‍ഡ് വിഭാഗം ജീവനക്കാരെ അനുമോദിച്ചു

ഈ വര്‍ഷത്തെ ജനസംഖ്യാ സ്ഥിരതാ ദിനാചരണത്തിന്റെ ഭാഗമായി നൂതന പുരുഷ വന്ധ്യംകരണ ശസ്ത്രക്രിയയായ നോ-സ്‌കാല്‍പല്‍ വാസക്ടമി ക്യാമ്പിലേക്ക് ഏറ്റവും കൂടുതല്‍ പേരെ പ്രൊമോട്ട് ചെയ്ത ആരോഗ്യ വകുപ്പിലെ ഫീല്‍ഡ് വിഭാഗം ജീവനക്കാരെ പ്രതിമാസ സൂപ്പര്‍വൈസറി കോണ്‍ഫറന്‍സില്‍ മൊമെന്റോയും സര്‍ട്ടിഫിക്കറ്റും നല്‍കി അനുമോദിച്ചു. ഉദുമ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നേഴ്‌സ് കെ. സുലോചന, കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നേഴ്‌സ് കെ.കെ. കുഞ്ഞുമോള്‍, പാണത്തൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഡി.എസ്. ഉദയകുമാര്‍ എന്നിവര്‍ക്ക് ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എം.സി. വിമല്‍രാജ് ഉപഹാരം നല്‍കി. ചടങ്ങില്‍ ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ബി. മുഹമ്മദ് അശീല്‍, ജില്ലാ മാസ് മീഡിയ ഓഫീസര്‍ എം. രാമചന്ദ്ര, ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വിന്‍സെന്റ് ജോണ്‍, മറ്റ് പ്രോഗ്രാം ഓഫീസര്‍മാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, ലേഡി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ എന്നിവര്‍ സംബന്ധിച്ചു.

നൂതന പുരുഷ വന്ധ്യംകരണ ശസ്ത്രക്രിയാ ക്യാമ്പുകള്‍

വന്ധ്യംകരണ ശസ്ത്ര ക്രിയകളില്‍ പുരുഷന്‍മാരെ കൂടുതല്‍ ആകര്‍ഷിക്കുന്ന നോ-സ്‌കാല്‍പല്‍ വാക്ടമി ക്യാമ്പുകള്‍  കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി, കാസര്‍കോട് ജനറല്‍ ആശുപത്രി, നീലേശ്വരം താലൂക്ക് ആശുപത്രി എന്നിവിടങ്ങളില്‍ ആഗസ്റ്റ് 29ന് സംഘടിപ്പിക്കും.  വന്ധ്യംകരണ ശസ്ത്രക്രിയയ്ക്ക് വിധേയമാകുന്ന പുരുഷന്‍മാര്‍ക്ക് യാതൊരു തരത്തിലുള്ള പാര്‍ശ്വഫലങ്ങളോ, മറ്റു തകരാറുകളോ ഉണ്ടാകുന്നില്ല എന്നതാണ് ഇതിന്റെ സവിശേഷത. ആശുപത്രിയില്‍ കിടക്കേണ്ട ആവശ്യമില്ല . ലൈംഗീകശേഷിയെ ഒരു തരത്തിലും ബാധിക്കുന്നില്ല എന്നുള്ളതും ഈ കത്തിരഹിത, തുന്നല്‍ രഹിത ഏക സുഷിര ശസ്ത്രക്രിയയുടെ പ്രത്യേകതയാണ്.സ്ത്രീകള്‍ക്ക് വേണ്ടി വളരെ ലളിതമായി ചെയ്തു തീര്‍ക്കുന്ന ശസ്ത്രക്രിയകള്‍ക്കു പോലും അനസ്‌തേഷ്യയുടെ ആവശ്യം വരുമ്പോള്‍ നോ-സ്‌കാല്‍പല്‍ വാക്ടമി ക്യാമ്പില്‍ ശസ്ത്രക്രിയ ചെയ്യുന്ന ഭാഗം ഭാഗീകമായി മരവിപ്പിക്കുകയാണ് ചെയ്യുന്നത്. 20 മിനുട്ടിനുള്ളില്‍ പ്രത്യേകം പരിശീലനം സിദ്ധിച്ച ഡോക്ടര്‍മാര്‍ ശസ്ത്രക്രിയാ ചെയ്തുതീര്‍ക്കും.ജനസംഖ്യാ ദിനാചരണത്തിന്റെ ഭാഗമായി കഴിഞ്ഞ മാസം നടത്തിയ ക്യാമ്പില്‍ 24 പേര്‍ ശസ്ത്രക്രിയയ്ക്ക് വിധേയരായിരുന്നു. രണ്ടു കുട്ടികളെങ്കിലുമുള്ള താല്‍പര്യമുള്ള പുരുഷന്‍മാര്‍ ക്ക് ക്യാമ്പില്‍ പങ്കെടുക്കാവുന്നതാണ്. ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് സര്‍ക്കാര്‍ പ്രോത്സാഹനമായി 1100 രൂപയും സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ആനുകൂല്യങ്ങളും മറ്റും ലഭിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫോണ്‍ 9447447844, 9447649953.

വിത്ത് വണ്ടി ഉദ്ഘാടനം 20 ന് മന്ത്രി കെ പി മോഹനന്‍ നിര്‍വ്വഹിക്കും

സമഗ്ര പച്ചക്കറി വികസന പദ്ധതി പ്രചരണത്തിന്റെ  ഭാഗമായി രണ്ട് വിത്ത് വണ്ടികള്‍ ആഗസ്റ്റ് 20 മുതല്‍ സെപ്തംബര്‍  12 വരെ എല്ലാ ജില്ലകളിലും പര്യടനം നടത്തും.  വിത്ത് വണ്ടി ഒന്നിന്റെ  ഉദ്ഘാടനം ആഗസ്റ്റ് 20 ന്  രാവിലെ 9 ന്  കൃഷി, മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ പി മോഹനന്‍ മഞ്ചേശ്വരത്ത് നിര്‍വ്വഹിക്കും.  വിവിധ വിദ്യാലയങ്ങളില്‍ വിത്ത് വണ്ടിക്ക് സ്വീകരണം  നല്‍കും. ആഗസ്റ്റ് 20 ന് മഞ്ചേശ്വരം നിയോജക മണ്ഡലത്തില്‍ മഞ്ചേശ്വരം എസ് എ ടി  ഹൈസ് സ്‌ക്കൂളിലാണ് ഉദ്ഘാടന ചടങ്ങ്.

കാസര്‍കോട് മണ്ഡലത്തില്‍ 21 ന് രാവിലെ 10 ന് കാസര്‍കോട് ജി എം വി എച്ച് എസ് എസ് ഉച്ചയ്ക്ക് 12 ന് ജി വി എച്ച് എസ് എസ് മുളേളരിയ, ഉദുമ മണ്ഡലത്തില്‍ 21 ന് ഉച്ചതിരിഞ്ഞ് 3 ന് ബേക്കല്‍ ജി എഫ് എച്ച് എസ് എസ്, 23 ന് രാവിലെ 10 ന് കാഞ്ഞങ്ങാട് മണ്ഡലത്തില്‍ മലപ്പച്ചേരി ഗവ.യു പി സ്‌ക്കൂള്‍ ഉച്ചയക്ക് 12.30 ന് വെളളരിക്കുണ്ട് സെന്റ് ജൂഡ്‌സ് എച്ച് എസ് എസ് തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ ഉച്ചതിരിഞ്ഞ് 3.30 ന് പിലിക്കോട് ഗവ. ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ എന്നിവിടങ്ങളാണ് സ്വീകരണ കേന്ദ്രങ്ങള്‍.

ജില്ലയില്‍  ക്രൈംമാപ്പിങ്ങ് ഇന്ന് സമാപിക്കും

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുളള അതിക്രമങ്ങളുടെ സംക്ഷിപ്ത രൂപം തയ്യാറാക്കാനായി   കുടുംബശ്രീ ആവിഷ്‌ക്കരിച്ച  ക്രൈംമാപ്പിങ്ങ് ജില്ലയില്‍ ഇന്ന് (ആഗസ്റ്റ്  18) സമാപിക്കും.  ജൂലൈ 28 ന് ബേഡഡുക്ക ഗ്രാമപഞ്ചായത്തില്‍ ആണ് ക്രൈമാപ്പിങ്ങിന് തുടക്കം കുറിച്ചത്.  സമാപനം ഇന്ന് (18) പിലിക്കോട് ഗ്രാമപഞ്ചായത്തില്‍ നടക്കും. തെരഞ്ഞെടുക്കപ്പെട്ട ബേഡഡുക്ക, കിനാനൂര്‍-കരിന്തളം, കയ്യൂര്‍-ചീമേനി, പിലിക്കോട്, വലിയപറമ്പ പഞ്ചായത്തുകളിലാണ്  ഈ ഘട്ടത്തില്‍ ക്രൈംമാപ്പിങ്ങ് നടത്തിയത്.

സംസ്ഥാന കുടുംബശ്രീ മിഷന്‍ തയ്യാറാക്കിയ രഹസ്യ സ്വഭാവമുളള ചോദ്യാവലിയാണ്  ഇതിനുവേണ്ടി ഉപയോഗിച്ചത്.  പഞ്ചായത്തിലെ ഓരോ വാര്‍ഡിലും നാലോ അഞ്ചോ സ്ഥലങ്ങളില്‍  പ്രത്യേകം അയല്‍ക്കൂട്ടം ചേര്‍ന്ന്  പരിശീലനം ലഭിച്ച വളണ്ടിയര്‍മാരാണ്  കുടുംബശ്രീ അംഗങ്ങളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചത്.  ചോദ്യാവലിയില്‍ ആറ് മാസത്തിനുളളില്‍ സ്ത്രീകള്‍ നേരിട്ട വിവിധതരം അതിക്രമങ്ങള്‍, അതിക്രമം നടന്ന സ്ഥലം, സമയം, അക്രമിയെക്കുറിച്ചുളള വിവരങ്ങള്‍, അതിക്രമത്തിന്റെ വിശദീകരണം, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എന്നിവയെ സംബന്ധിക്കുന്ന ചോദ്യങ്ങളാണ് ഉളളത്. അതോടൊപ്പം അയല്‍ക്കൂട്ടങ്ങള്‍  പഞ്ചായത്ത് മാപ്പില്‍ അതിക്രമങ്ങള്‍ നടന്ന ഇടങ്ങള്‍.  ചുവപ്പ്, നീല, മഞ്ഞ എന്നീ നിറങ്ങള്‍ ഉപയോഗിച്ച് രേഖപ്പെടുത്തി. പിലിക്കോട് ഗ്രാമപഞ്ചായത്തിലേയും  ക്രൈംമാപ്പിങ്ങ് പൂര്‍ത്തിയാക്കിയതിനു ശേഷം അഞ്ച് പഞ്ചായത്തിലേയും കുടുംബശ്രീ അംഗങ്ങള്‍ പൂരിപ്പിച്ച ചോദ്യാവലി കുടുംബശ്രീ ജില്ലാ ആസ്ഥാനത്ത്  പ്രത്യേക സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് വിശകലനം ചെയ്യും. വിശകലനത്തിന്റെ അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ട് തയ്യാറാക്കി സംസ്ഥാന കുടുംബശ്രീ മിഷനും ബന്ധപ്പെട്ട അധികാരികള്‍ക്കും അയച്ചുകൊടുക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ സ്ത്രീകള്‍ക്ക് നേരെയുളള അതിക്രമങ്ങള്‍ തടയാനുളള രൂപരേഖ തയ്യാറാക്കും.

ഒന്നര മാസത്തിനുളളില്‍ അഞ്ച് പഞ്ചായത്തിലേയും  പൂരിപ്പിച്ച ചോദ്യാവലി വിശകലനം ചെയ്ത് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍  കഴിയുമെന്ന്  ജില്ലാ കുടുംബശ്രീ മിഷന്‍ കണ്‍സള്‍ട്ടന്റ് ടി ജെ പ്രകാശ് പറഞ്ഞു.

ബി എഡ് സ്‌പോട്ട് അഡ്മിഷന്‍

ഹിന്ദി ബി എഡ് 2013-14 വര്‍ഷത്തെ കോഴ്‌സിന് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. ഹിന്ദിയിലുളള ബി എ, എം എ, പ്രവീണ്‍, സാഹിത്യാചാര്യ ജയിച്ചവര്‍ക്ക് പങ്കെടുക്കാം. സര്‍വ്വീസിലുളള അധ്യാപകര്‍ക്ക്  മുന്‍ഗണന ലഭിക്കും. എല്ലാ യോഗ്യതാ സര്‍ട്ടിഫിക്കറ്റ,് മാര്‍ക്ക് ലിസ്റ്റ്, ടി സി, രണ്ട് പാസ് പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ആഗസ്റ്റ് 21 ന് 10 മണിക്ക് ഹാജരാകണം. ഇന്‍സ്റ്റിസ്റ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷന്‍, സെന്‍ട്രല്‍ ജംഗ്ഷന്‍, അടൂര്‍ പോസ്റ്റ്, പത്തനംതിട്ട ജില്ല ഫോണ്‍ 04734-226028, 9446321496.

സീറ്റ് ഒഴിവ്

മഞ്ചേശ്വരം ഗോവിന്ദപൈ മെമ്മോറിയല്‍ ഗവ.കോളേജില്‍  ഒന്നാം വര്‍ഷം ബി എ കന്നഡ കോഴ്‌സിന് എസ് സി വിഭാഗത്തില്‍ സംവരണ ചെയ്ത ഒരു സീറ്റ് ഒഴിവുണ്ട്. നിശ്ചിത യോഗ്യതയുളള  വിദ്യാര്‍ത്ഥികള്‍  രക്ഷകര്‍ത്താവിനൊപ്പം എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം നാളെ (ആഗസ്റ്റ് 19) രാവിലെ 10.30 ന് പ്രിന്‍സിപ്പാള്‍ മുമ്പാകെ ഹാജരാകണം. ഫോണ്‍ 04998-272670.

കാഞ്ഞങ്ങാട് നഗരസഭയില്‍ അഞ്ചുമേഖലകളിലായി ശുചീകരണം നടത്തും

പകര്‍ച്ചവ്യാധി വ്യാപകമായ കാഞ്ഞങ്ങാട് മുന്‍സിപ്പാലിറ്റി പരിധിയില്‍ ആഗസ്റ്റ് 19 ന് സമ്പൂര്‍ണ്ണ ശുചിത്വ കൂട്ടായ്മ  പരിപാടിയുടെ ഭാഗമായി  വിപുലമായ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കാഞ്ഞങ്ങാട്ട്  നടന്ന യോഗത്തില്‍ തീരുമാനിച്ചു.19 ന് രാവിലെ 9 ന് മാന്തോപ്പ് മൈതാനിയില്‍ ഇ ചന്ദ്രശേഖരന്‍ എം എല്‍ എ ശുചിത്വ കൂട്ടായ്മ ഉദ്ഘാടനം ചെയ്യും. മുന്‍സിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ ഹസീന താജുദ്ദീന്‍ അധ്യക്ഷത വഹിക്കും.

മുന്‍സിപ്പാലിറ്റി അഞ്ച് മേഖലകളായി തിരിച്ച്  ഓരോ മേഖലയിലും മുനിസിപ്പല്‍  സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാരുടെ  നേതൃത്വത്തിലാണ് ശുചീകരണം നടത്തുക.  അലാമിപ്പളളി-ഹോസ്ദുര്‍ഗ്ഗ് മേഖലയില്‍  കുടുംബശ്രീ, ഹോസ്ദുര്‍ഗ്ഗ്-കൈലാസ് മേഖലയില്‍  എന്‍ എസ് എസ്, കൈലാസ് മുതല്‍ ട്രാഫിക് ജംഗ്ഷന്‍ വരെ  നഗരസഭാ തൊഴിലാളികള്‍, ട്രാഫിക് മുതല്‍ നോര്‍ത്ത് കോട്ടച്ചേരി വരെ ഓട്ടോതൊഴിലാളികളും വ്യാപാരികളും ശുചീകരണം നടത്തും.  ജനപ്രതിനിധികള്‍, സ്റ്റുഡന്റ്‌സ് പോലീസ്, എന്‍ എസ്  എസ്, എന്‍ സി സി, കുടുംബശ്രീ, തൊഴിലാളി സംഘടനാ പ്രതിനിധികള്‍, ആശാവര്‍ക്കര്‍മാര്‍, സന്നദ്ധസംഘടനാ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ശുചീകരണത്തില്‍ പങ്കാളികളാകും.  വിദ്യാലയങ്ങള്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് ശുചീകരിക്കും. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ജീവനക്കാര്‍ ശുചീകരിക്കും. ഉറവിടമാലിന്യങ്ങള്‍ അതാത് സ്ഥലത്ത് തന്നെ സംസ്‌ക്കരിക്കും.

യോഗത്തില്‍ ഇ ചന്ദ്രശേഖരന്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ ഹസീനതാജുദ്ദീന്‍, വൈസ് ചെയര്‍പേഴ്‌സണ്‍ പ്രഭാകരന്‍ വാഴുന്നോറടി, സബ്കളക്ടര്‍ വെങ്കിടേശപതി, ഡെപ്യൂട്ടി കളക്ടര്‍ എന്‍ ദേവിദാസ് വിവിധ രാഷ്ട്രീയകക്ഷി നേതാക്കള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

കര്‍ഷകദിനം ആഘോഷിച്ചു

മീഞ്ചഗ്രാമപഞ്ചായത്തില്‍ കര്‍ഷക ദിനം ആഘോഷിച്ചു. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഹര്‍ഷദ് വോര്‍ക്കാടി ഉദ്ഘാടനം ചെയ്തു. മീഞ്ച പഞ്ചായത്ത്  പ്രസിഡണ്ട് ഷംഷാദ് ശുക്കൂര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ്  കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കര്‍ഷകരെ ആദരിച്ചു. മൊഗ്രാല്‍പുത്തൂരില്‍ കര്‍ഷകദിനം എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ ഉദ്ഘാടനം ചെയ്തു. കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മുംതാസ് ശുക്കൂര്‍ അധ്യക്ഷത വഹിച്ചു.

സദ്ഭാവനാ ദിനാഘോഷം 20 ന്

സര്‍ക്കാര്‍ അറിയിപ്പുകള്‍ 17.08.2013കാസര്‍കോട് നെഹ്‌റുയുവകേന്ദ്രയുടെയും ജില്ലാ ഭരണകൂടത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ ആഗസ്ത് 20 ന് സദ്ഭാവനാ ദിനമായി ആചരിക്കുന്നു. 20 ന് രാവിലെ 10 മണിക്ക് കള്ക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കളക്ടര്‍ മുഹമ്മദ്‌സഗീര്‍ ദിനാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പോലീസ് മേധാവി തോംസണ്‍ ജോസ് അധ്യക്ഷത വഹിക്കും. കാസര്‍കോട് സെന്റ് ജോസഫ് ചര്‍ച്ച് വികാരി ഫാദര്‍ മാണിമേല്‍വെട്ടം മതസൗഹാര്‍ദ്ദ സന്ദേശം നല്‍കും. വര്‍ഗ്ഗീയ വിദ്വേഷ പ്രര്‍ത്തനങ്ങള്‍ എങ്ങനെ തടയാം എന്നിതിനെപറ്റി തദ്ദേശവാസികളായ യൂത്ത്ക്ലബ് പ്രവര്‍ത്തകരും ജില്ലാ ഭരണകൂടവും തമ്മില്‍ നടത്തുന്ന ചര്‍ച്ചയാണ് ഈ പരിപാടിയുടെ പ്രധാന വിഷയം. ഈ ചര്‍ച്ച കാസര്‍കോട് ഡി.വൈ.എസ്.പി. മോഹനചന്ദ്രന്‍ നയിക്കും. നെഹ്‌റു യുവകേന്ദ്രയുമായി അഫലിയേറ്റ് ചെയ്ത് പ്രവര്‍ത്തിക്കുന്ന യൂത്ത് ക്ലബ് മഹിളാ സമാജം പ്രവര്‍ത്തകര്‍ പരിപാടിയില്‍ പങ്കെടുക്കണം.

കര്‍ഷക ശാസ്ത്രജ്ഞരേയുംകര്‍ഷകരേയും ആദരിച്ചു

തെങ്ങ് കൃഷിയില്‍ കണ്ടുപിടുത്തങ്ങള്‍ നടത്തിയ കര്‍ഷക ശാസ്ത്രജ്ഞരേയും മണ്ണിനെ നെഞ്ചോടു ചേര്‍ത്ത് തെങ്ങ് കൃഷിയില്‍ മികവു പുലര്‍ത്തിയ മുന്‍നിര കര്‍ഷകരേയും ആദരിച്ച്  പീലിക്കോട്  കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍  കര്‍ഷക ദിനത്തില്‍  നടത്തിയ ചടങ്ങ് വ്യത്യസ്തമായി. കൃഷിസ്ഥലത്ത് പുതിയ പരീക്ഷണങ്ങളിലൂടെയും പുതിയ യന്ത്രങ്ങള്‍ കണ്ടെത്തിയും നൂറ് മേനി വിളയിച്ച കര്‍ഷകരാണ് കര്‍ഷക ശാസ്ത്രജ്ഞര്‍. പ്രതിസന്ധികളെ തൃണവത്ഗണിച്ച് കാര്‍ഷിക വൃത്തിയിലൂടെ ജീവിതവിജയം കൊയ്തവരാണ് കണ്ണൂര്‍ കാസര്‍കോട് ജില്ലകളിലെ  കര്‍ഷക ശാസ്ത്രജ്ഞരായ എം.ജെ.ജോസഫ്, സി.ജെ.തോമസ്, എം.എ.ആന്റണി,സൈമണ്‍ ജോര്‍ജ്, ടി.കെ.സുകുമാരന്‍, എന്‍.വാസവന്‍, തോമസ് ജോര്‍ജ് വൈദ്യര്‍, കെ.എ.സെബാസ്റ്റ്യന്‍, ജോര്‍ജ് വടകര, പി.പി.ദിവാകരന്‍, സിബിജോസ് എന്നിവരെയും മുന്‍നിര കര്‍ഷകരായ എരോല്‍ ബാലന്‍, ഗിരി ടി മാത്യു, ഉഷാ ബാബു, ജോജി പി ഡാനിയേല്‍, കൃഷണന്‍ തണ്ണോട്ട്, എം നാരായ.ണി, ഒ.കെ നാരായണന്‍ കുട്ടി, എസ് വിനോദ് ലാല്‍, സെബാസ്റ്റ്യന്‍ ടി, സുരേഷ്, ടി രാഘവന്‍ നായര്‍,  വി വി ചാക്കോ എന്നിവരെയും  ആദരിച്ചു. കാര്‍ഷിക ജീവിതത്തില്‍ വിജയം കൊയ്തതിനുളള അംഗീകാരമെന്നോണം സര്‍ട്ടിഫിക്കറ്റും പ്രത്യേക പാരിതോഷികങ്ങളും നല്‍കി.

ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ നിരവധി കര്‍ഷകര്‍ പങ്കെടുത്ത പരിപാടി കെ കുഞ്ഞിരാമന്‍ എം എല്‍ എ (തൃക്കരിപ്പൂര്‍) ഉദ്ഘാടനം ചെയ്തു. പിലിക്കോട് പഞ്ചായത്ത് പ്രസിഡണ്ട് എ വി രമണി അദ്ധ്യക്ഷയായിരുന്നു. കാര്‍ഷിക ഗവേഷണ കേന്ദ്രം മേധാവി ഡോ: കെ അബ്ദുള്‍ കരീം  സ്വാഗതവും അസോസിയേറ്റ് പ്രൊഫസര്‍ ശ്രീവത്സന്‍ ജെ.മേനോന്‍ നന്ദിയും പറഞ്ഞു.

Keywords: Kasaragod, Kerala, fishermen, Kannur, health-project, Traffic-block, Meeting, Student, Agriculture, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, govt announcements

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia