യാത്രക്കാർക്ക് വീണ്ടും ദുരിതകാലം; കാസർകോട്ട് വഴി ഓടുന്ന നാല് ട്രെയിനുകൾ തിങ്കളാഴ്ച മുതൽ സെർവീസ് നിർത്തിവെക്കും
കാസർകോട്: (www.kasargodvartha.com 31.01.2022) യാത്രാദുരിതം വർധിപ്പിച്ച് കാസർകോട്ട് വഴി ഓടുന്ന നാല് ട്രെയിനുകൾ തിങ്കളാഴ്ച മുതൽ സെർവീസ് താൽകാലികമായി നിർത്തിവെച്ചു. കണ്ണൂർ‑ചെറുവത്തൂർ, കോഴിക്കോട്-കണ്ണൂർ, മംഗ്ളുറു - കോഴിക്കോട്, ചെറുവത്തൂർ ‑ മംഗ്ളുറു എന്നീ വണ്ടികളാണ് ഫെബ്രുവരി 15 വരെ നിർത്തിവെച്ചത്. കോവിഡിനെ തുടർന്നാണ് തീവണ്ടി സെർവീസ് നിർത്തിവെക്കുന്നതെന്നാണ് റെയിൽവേയുടെ ന്യായീകരണം.
കോവിഡാനന്തരം നിർത്തിവെച്ചിരുന്ന ഈ ട്രെയിനുകൾ ദിവസങ്ങൾക്ക് മുമ്പ് മാത്രമാണ് സെർവീസ് പുനരാരംഭിച്ചത്. നേരത്തെയുണ്ടായിരുന്ന ഈ പാസെൻജെർ ട്രെയിനുകൾ എക്സ്പ്രസ് സ്പെഷ്യലായാണ് യാത്ര തുടങ്ങിയതെങ്കിലും യാത്രക്കാർക്ക് വലിയ ആശ്വാസമായിരുന്നു അത്. എന്നാൽ അടുത്തിടെ ശനി, ഞായർ ദിവസങ്ങളിലെ സെർവീസുകൾ റെയിൽവേ റദ്ദാക്കിയിരുന്നു. ഏറ്റവും ഒടുവിലായി രണ്ടാഴ്ചത്തേക്ക് പൂർണമായും വണ്ടികൾ റദ്ദാക്കുകയും ചെയ്തു.
നിത്യ യാത്രക്കാർ അടക്കം അനവധി പേരാണ് ഇതോടെ യാത്രാ ദുരിതത്തിലായത്. വിദ്യാഭ്യാസ, ജോലി, ചികിത്സ തുടങ്ങിയ ആവശ്യങ്ങൾക്ക് വേണ്ടി ഹ്രസ്വദൂരം യാത്ര ചെയ്യുന്നവർക്ക് വലിയ ആശ്വാസമായിരുന്നു ഈ ട്രെയിനുകൾ. ഇവയ്ക്ക് പകരം മറ്റു യാത്ര മാർഗങ്ങൾ കണ്ടത്തേണ്ട സ്ഥിയിലാണ് പൊതുജനങ്ങൾ ഉള്ളത്. ട്രെയിനുകൾ റദ്ദാക്കിയ നടപടി റെയിൽവേ പിൻവലിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
Keywords: Kerala, Kasaragod, News, Top-Headlines, Train, COVID-19, Mangalore, Railway, Kannur, Cheruvathur-Mangalore-passanger, Service, Treatment, Job, Education, Four trains suspended since Monday.