city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സിപിഎം പാര്‍ടി കോണ്‍ഗ്രസിന് പൊലീസ് ഉദ്യോഗസ്ഥരെ ഒമ്പത് ദിവസക്കാലം കൂട്ടത്തേടെ കണ്ണൂരിലേക്ക് നിയമിച്ചു; സ്‌റ്റേഷനുകളുടെ പ്രവര്‍ത്തനം താറുമാറാകുമെന്ന് ആക്ഷേപം

കാഞ്ഞങ്ങാട്: (www.kasargodvartha.com 06.04.2022) സിപിഎം പാര്‍ടി കോണ്‍ഗ്രസിന് പൊലീസ് ഉദ്യോഗസ്ഥരെ ഒമ്പത് ദിവസക്കാലത്തേക്ക് കൂട്ടത്തേടെ കണ്ണൂരിലേക്ക് നിയമിച്ചതോടെ പൊലീസ് സ്റ്റേഷനുകളുടെ പ്രവര്‍ത്തനം താറുമാറാകുമെന്ന് ആക്ഷേപമുയരുന്നു. കണ്ണൂര്‍ റേൻജില്‍പെട്ട കണ്ണൂര്‍, കാസര്‍കോട്, വയനാട്, കോഴിക്കോട് എന്നിവിടങ്ങളില്‍ നിന്നാണ് പൊലീസ് ഉദ്യോഗസ്ഥരെ കണ്ണൂരിലേക്ക് കൂട്ടത്തോടെ നിയമിച്ചിരിക്കുന്നത്. ഏതാണ്ട് 2000ത്തോളം പൊലീസ് ഉദ്യോഗസ്ഥരെ സമ്മേളന നഗരിയിലും നഗരത്തിലുമായി ഡ്യൂടിക്ക് നിയമിച്ചിട്ടുണ്ടെന്നാണ് അനൗദ്യോഗികമായി ലഭിക്കുന്ന കണക്ക്.
              
സിപിഎം പാര്‍ടി കോണ്‍ഗ്രസിന് പൊലീസ് ഉദ്യോഗസ്ഥരെ ഒമ്പത് ദിവസക്കാലം കൂട്ടത്തേടെ കണ്ണൂരിലേക്ക് നിയമിച്ചു; സ്‌റ്റേഷനുകളുടെ പ്രവര്‍ത്തനം താറുമാറാകുമെന്ന് ആക്ഷേപം

കാസര്‍കോട് ജില്ലയില്‍ നിന്ന് മൂന്ന് ഡിവൈഎസ്പിമാരെയും ഏഴ് സിഐമാരേയും ഓരോ സ്‌റ്റേഷനില്‍ നിന്നും മൂന്നും നാലും പൊലീസുകാരേയും കൂടാതെ എആര്‍ ക്യാംപിൽ നിന്നും 50ഓളം പൊലീസുകാരെയും ഡ്യൂടിക്കായി നിയമിച്ചിട്ടുണ്ട്. ഏപ്രില്‍ ആറ് മുതല്‍ 10 വരെയാണ് സമ്മേളനമെങ്കിലും ഏപ്രില്‍ രണ്ട് മുതല്‍ 11 വരെയാണ് പൊലീസുദ്യോഗസ്ഥര്‍ക്ക് ഡ്യൂടി നല്‍കിയിരുന്നത്.

കാസര്‍കോട് ഡിവൈഎസ്പി പി ബാലകൃഷ്ണന്‍ നായര്‍, ബേക്കല്‍ ഡിവൈഎസ്പി സികെ സുനില്‍ കുമാര്‍, ഡിസിആര്‍ബി ഡിവൈഎസ്പി യു പ്രേമന്‍ എന്നിവരും എസ് എച് ഒമാരായ വിദ്യാനഗറിലെ വി വി മനോജ്, ആദൂരിലെ അനില്‍, മേല്‍പറമ്പിലെ ഉത്തംദാസ്, വെള്ളരിക്കുണ്ടിലെ സിബി, രാജപുരത്തെ ഉണ്ണികൃഷ്ണന്‍, ചിറ്റാരിക്കലിലെ മനു, നിലേശ്വരത്തെ ശ്രീഹരി എന്നിവരെയാണ് ഏപ്രില്‍ രണ്ട് മുതല്‍ 11 വരെ കാസര്‍കോട് ജില്ലയില്‍ നിന്നും ഒമ്പത് ദിവസത്തേക്ക് ഡ്യൂടിക്ക് നിയമിച്ചിരിക്കുന്നത്. മറ്റു ജില്ലകളില്‍ നിന്നും സമാനമായ രീതിയില്‍ പൊലീസ് ഉദ്യോഗസ്ഥരെ കണ്ണൂരിലെ പാര്‍ടി സമ്മേളനത്തിലേക്ക് നിയമിച്ചിട്ടുണ്ട്.

ഒമ്പത് ദിവസക്കാലം എസ്എച്ഒ മാരടക്കമുള്ളവരെ സ്റ്റേഷനില്‍ നിന്ന് മാറ്റി നിര്‍ത്തുന്നത് അന്വേഷണങ്ങളെ സാരമായി ബാധിക്കുമെന്നാണ് കീഴുദ്യോഗസ്ഥര്‍ പറയുന്നത്. സിപിഎമിന്റെ സമ്മേളന നിയന്ത്രണം മുഴുവനായും റെഡ് വോളന്റീയർമാര്‍ക്കാണ് പാര്‍ടി നല്‍കിയിരിക്കുന്നത്. ഇതിനിടയില്‍ തന്നെ കാര്യമായ ചുമതലകള്‍ ഇല്ലാതെ ഇത്രയും പൊലീസ് ഉദ്യോഗസ്ഥരെ വെറുതെ ഡ്യൂടിക്കായി നിയമിച്ചത് ചര്‍ചയായിട്ടുണ്ട്. സാധാരണഗതിയില്‍ ഒന്നോ രണ്ടോ ദിവസം പൊലീസ് ഉദ്യോഗസ്ഥരെ സ്‌പെഷ്യല്‍ ഡ്യൂടിക്കായി നിയമിക്കാറുണ്ടെങ്കിലും ഇത്രയും നീണ്ട ദിവസം ഒരു പാര്‍ടിയുടെ പരിപാടിക്ക് പൊലീസ് ഉദ്യോഗസ്ഥരെ നിയമിക്കുന്നത് ഇതാദ്യമായാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ശബരിമല ഡ്യൂടി, തൃശൂര്‍ പൂരം തുടങ്ങിയ ജനലക്ഷങ്ങള്‍ പങ്കെടുക്കുന്ന ഉത്സവ പരിപാടികള്‍ക്ക് പൊലീസ് ഉദ്യോഗസ്ഥരെ ദിവസങ്ങളോളം നിയമിക്കാറുണ്ട്. കേസന്വേഷണങ്ങളെല്ലാം പാതി വഴിയില്‍ കിടക്കുമ്പോള്‍ എല്ലാ ജില്ലയില്‍ നിന്നും കൂട്ടത്തടെ പൊലീസ് ഉദ്യോഗസ്ഥരെ പാര്‍ടി സമ്മേളനത്തിലേക്ക് നിയമിച്ചത് പാര്‍ടിയുടെ എതിരാളികള്‍ വിമര്‍ശന വിധേയമാക്കിയിട്ടുണ്ട്. അതേ സമയം സമ്മേളന നഗരിയിലേക്ക് പതിനായിരങ്ങളാണ് എത്തുന്നതെന്നും ഏതെങ്കിലും രീതിയിലുള്ള ക്രമസമാധാന പ്രശ്‌നങ്ങള്‍ ഒഴിവാക്കാനാണ് ഇത്രയും വലിയ സുരക്ഷ ഒരുക്കുന്നതെന്നാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്. പാര്‍ടി സമ്മേളനം മാത്രമല്ല അനുബന്ധ പരിപാടികളും എക്‌സിബിഷഷന്‍ ഉള്‍പെടെയുള്ള പ്രദര്‍ശനങ്ങളും നടക്കുന്നത് കൊണ്ട് തീര്‍ചയായും പൊലീസിന്റെ സാനിധ്യം അനിവാര്യമാണെന്നും അധികൃതര്‍ പറയുന്നു.

Keywords: News, Kerala, Kasaragod, Kanhangad, Kannur, Top-Headlines, CPM, Politics, Police, Wayanad, CPM Party Congress, Deputed a team of police officers for period of nine days for CPM Party Congress duty.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia