city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സി പി ഐ നേതാവ് പന്ന്യന്‍ ഭരതന്‍ അന്തരിച്ചു

കണ്ണൂര്‍: (www.kasargodvartha.com 29.05.2017) സി പി ഐ നേതാവ് പന്ന്യന്‍ ഭരതന്‍(85) അന്തരിച്ചു. മാധ്യമപ്രവര്‍ത്തകനും തൊഴിലാളി നേതാവും സി പി ഐ നേതാവുമായിരുന്നു. തിങ്കളാഴ്ച രാവിലെയായിരുന്നു അന്ത്യം.

1932ല്‍ കക്കാട് ജനിച്ച പന്ന്യന്‍ ഭരതന്‍ കോര്‍ജാന്‍ എലിമെന്ററി സ്‌കൂളില്‍ നിന്ന് ഇഎസ്എസ്എല്‍സി പാസായ ശേഷം ബീഡി തൊഴില്‍ പഠിക്കുകയും 1948 ല്‍ എം കെ കൃഷ്ണന്‍ ആന്‍ഡ് സണ്‍സ് കമ്പനിയില്‍ ബീഡി തൊഴിലാളിയായി ചേരുകയും ചെയ്തു. 1949 നവംബര്‍ മുതല്‍ കണ്ണൂരില്‍ പിവിഎസ് കമ്പനിയിലെ തൊഴിലാളിയായി. ഈ സ്ഥാപനത്തിലെ ഫുട്ബാള്‍ ക്ലബ്ബ് സംഘാടകനും പ്രവര്‍ത്തകനുമായി. യുണൈറ്റ് ബ്രദേര്‍സ് ക്ലബ്ബിന്റെ സെക്രട്ടറിയുമായി. പ്രസ്തുത ക്ലബ്ബിന്റെ ആഭിമുഖ്യത്തിലുള്ള അഖില മലബാര്‍ ഫുട്ബാള്‍ ടൂര്‍ണ്ണമെന്റിന്റെ പ്രധാന സംഘാടകനുമായിരുന്നു. കണ്ണൂര്‍ ലക്കി സ്റ്റാര്‍ ക്ലബ്ബിന്റെ വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചു. ഇതിനിടയില്‍ തന്നെ തൊഴിലാളി യൂണിയന്‍ പ്രവര്‍ത്തനങ്ങളിലും സജീവമായി പങ്കെടുത്തു.

സി പി ഐ നേതാവ് പന്ന്യന്‍ ഭരതന്‍ അന്തരിച്ചു

1951 ല്‍ ചിറക്കല്‍ ബീഡി ചുരുട്ട് തൊഴിലാളി യൂണിയന്‍ പുനസംഘടിപ്പിക്കുന്നതിന് കണ്ണൂര്‍ ടൗണ്‍ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ വെച്ച് യൂണിയന്‍ പ്രവര്‍ത്തക സമിതി അംഗമായി. പിവിഎസ് ഫാക്ടറി കമ്മിറ്റി സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. യൂണിയന്‍ സെക്രട്ടറിയായിരുന്ന സി കണ്ണന്‍ 1957 ല്‍ എംഎല്‍എ ആയി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് സെക്രട്ടറി സ്ഥാനം ഒഴിഞ്ഞപ്പോള്‍ ഉണ്ടായ പുനസംഘടനയില്‍ പന്ന്യന്‍ ഭരതന്‍ സംഘടനയുടെ അസിസ്റ്റന്റ് സെക്രട്ടറിയായി. സെക്രട്ടറിയായിരുന്ന പനക്കട കുഞ്ഞിരാമന്‍ മംഗളൂരുവിലേക്ക് സ്ഥലം മാറിപ്പോയതിനെ തുടര്‍ന്ന് സംഘടനയുടെ ജനറല്‍ സെക്രട്ടറിയാവുകയും പിന്നീട് മുഴപ്പിലങ്ങാട് മുതല്‍ കരിവെള്ളൂര്‍ വരെയുള്ള പ്രദേശങ്ങളടങ്ങിയ താലൂക്ക് കമ്മിറ്റിയുടെ സെക്രട്ടറിയാവുകയും ചെയ്തു.

1967 ഫെബ്രുവരി 20 ന് നവജീവന്‍ പത്രത്തിന്റെ കണ്ണൂര്‍ പ്രതിനിധിയായി ചുമതലയേറ്റു. ടികെജി നായര്‍, കെ കെ വാര്യര്‍, ഇ പി ഗോപാലന്‍ തുടങ്ങിയ പ്രമുഖര്‍ക്കൊപ്പമായിരുന്നു നവജീവനില്‍ പ്രവര്‍ത്തിച്ചത്. 1970ല്‍ ജനയുഗം കോഴിക്കോട് നിന്ന് പ്രസിദ്ധീകരണം തുടങ്ങിയപ്പോള്‍ കണ്ണൂര്‍ ലേഖകനായി നിയമിക്കപ്പെട്ടു. 1986-88 വര്‍ഷം കണ്ണൂര്‍ പ്രസ്‌ക്ലബ്ബ് സെക്രട്ടറിയായിരുന്നു. കണ്ണൂര്‍ പ്രസ് ക്ലബ്ബ് കെട്ടിടം പണിയുന്നതില്‍ അക്കാലത്തെ ഭാരവാഹികള്‍ക്കൊപ്പം പ്രവര്‍ത്തിച്ചു. പ്രസ് ക്ലബ്ബ് വൈസ് പ്രസിഡന്റ്, ട്രഷറര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1967 മുതല്‍ പത്രപ്രവര്‍ത്തനം തുടങ്ങിയ ഇദ്ദേഹം 1994 ജനുവരി 31 ന് പത്രപ്രവര്‍ത്തന രംഗത്തു നിന്ന് വിരമിച്ചു.

കേരള ബീഡി സിഗാര്‍ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി, സിപിഐ ജില്ലാ സെക്രട്ടേറിയറ്റ് അംഗം, ജില്ലാ എക്‌സിക്യൂട്ടീവ് അംഗം, ജില്ലാ കൗണ്‍സില്‍ അംഗം എന്നീ നിലകളില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ചിട്ടുണ്ട്. 1971 മുതല്‍ 1990 വരെ കേരള ദിനേശ് ബീഡി കേന്ദ്ര സംഘം ഡയറക്ടറായും പ്രവര്‍ത്തിച്ചു. നിരവധി സര്‍ക്കാര്‍ കമ്മിറ്റികളിലും അംഗമായിരുന്നിട്ടുണ്ട്. ഭാര്യ: പരേതയായ ലളിത. മകന്‍ ലതീഷ്.

വൈകുന്നേരം മൂന്ന് മണി വരെ പൂഴാതി സഹകരണ ബാങ്കിന് സമീപത്തെ വീട്ടിലും മൂന്ന് മുതല്‍ നാല് വരെ സി പി ഐ ജില്ലാ കമ്മിറ്റി ഓഫീസിലും മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും. നാല് മണിക്ക് ശേഷം പയ്യാമ്പലത്ത് സംസ്‌കരിക്കും

Keywords:  Kerala, kasaragod, CPI, Death, Kannur, Obituary, Political party, Politics, Kannur, CPI Leader Pannyan Raveendran passed away, Media Person.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia