city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സമ്പൂര്‍ണമത്സ്യബന്ധന നിരോധനം: കേന്ദ്ര നിര്‍ദ്ദേശം സംസ്ഥാനങ്ങളുമായി കൂടിയാലോചിച്ച ശേഷം- വി. മുരളീധരന്‍

കാസര്‍കോട്: (www.kasargodvartha.com 06/05/2015) ട്രോളിങ് നിരോധന സമയത്ത് സമ്പൂര്‍ണ മത്സ്യബന്ധന നിരോധനമെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം കേരളമടക്കമുള്ള സംസ്ഥാനങ്ങളുമായി കൂടിയാലോചിച്ച ശേഷമെടുത്ത തീരുമാനമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരന്‍ പറഞ്ഞു. ഭരതീയ മത്സ്യ പ്രവര്‍ത്തക സംഘത്തിന്റെ നേതൃത്വത്തില്‍ കസബ കടപ്പുറത്ത് നിന്നാരംഭിച്ച തീരദേശയാത്ര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതു സംബന്ധിച്ച് കേരളത്തില്‍ ഉയര്‍ന്നുവന്നിരിക്കുന്ന ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്ന് കേന്ദ്ര കൃഷിവകുപ്പു മന്ത്രി രാധാമോഹന്‍ സിംഗ് രേഖാമൂലം അറിയിച്ചതായും വി.മുരളീധരന്‍ പറഞ്ഞു.

കേരളത്തില്‍ ഉയര്‍ന്നു വന്നിട്ടുള്ള ആശങ്കകളെക്കുറിച്ച് കേന്ദ്ര കൃഷിവകുപ്പു മന്ത്രിക്ക് ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരന്‍ കത്തു അയച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര മന്ത്രി വി. മുരളീധരനു നല്‍കിയ മറുപടിയിലാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്ന മത്സ്യബന്ധന നിരോധനം കേരളത്തിലെ മത്സ്യത്തൊഴിലാളികളെയോ മത്സ്യബന്ധന മേഖലയെയോ ദോഷകരമായി ബാധിക്കില്ലെന്ന് അറിയിച്ചിട്ടുള്ളത്. കടലില്‍ 12 നോട്ടിക്കല്‍ മൈല്‍ വരെയുള്ള പ്രദേശം സംസ്ഥാന സര്‍ക്കാരിന്റെ അധികാരപരിധിയിലാണ്. 12 മുതല്‍ 200 നോട്ടിക്കല്‍ മൈല്‍ വരെയുള്ള കടല്‍മേഖലയിലാണ് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കപ്പെടുന്നത്. കേരളത്തിന്റെ പരിധിയിലുള്ള 12 നോട്ടിക്കല്‍ മൈല്‍ പ്രദേശത്ത് സംസ്ഥാനത്തിന് തീരുമാനമെടുക്കുന്നതിന് തടസ്സമില്ല.

കേന്ദ്രസര്‍ക്കാര്‍ ഇതു സംബന്ധിച്ച തീരുമാനം കൈക്കൊള്ളുന്നതിന് ഇക്കഴിഞ്ഞ മാര്‍ച്ച് 18ന് സംസ്ഥാന മുഖ്യമന്ത്രിമാരുടെയും ഫിഷറീസ് വകുപ്പു കൈകാര്യം ചെയ്യുന്ന മന്ത്രിമാരുടെയും യോഗം വിളിച്ചിരുന്നു. ഈ യോഗത്തില്‍ കേരളത്തില്‍ നിന്ന് മന്ത്രി കെ.ബാബു പങ്കെടുക്കുകയും ചെയ്തു. അവിടെയുണ്ടായ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് സമ്പൂര്‍ണ്ണ മത്സ്യബന്ധന നിരോധനമെന്ന ആവശ്യം മുന്നോട്ടുവച്ചത്.

കഴിഞ്ഞ രണ്ടര പതിറ്റാണ്ടിലേറെക്കാലമായി തീരപ്രദേശങ്ങളുള്ള സംസ്ഥാനങ്ങള്‍ മണ്‍സൂണ്‍കാല ട്രോളിംഗ് നിരോധനം പ്രഖ്യാപിക്കാറുള്ളതാണ്. മത്സ്യങ്ങളുടെ പ്രജനനക്കാലത്ത് മത്സ്യസമ്പത്തിന്റെ സംരക്ഷണത്തിനാണ് ഇത്തരത്തില്‍ നിരോധനം ഏര്‍പ്പെടുത്തുന്നത്. 1988ല്‍ കേരളമാണ് ട്രോളിംഗ് നിരോധനം ആദ്യമായി ഏര്‍പ്പെടുത്തിയത്. ഗോവ, കര്‍ണ്ണാടക, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങള്‍ ഇതേതുടര്‍ന്ന് നിരോധനം ഏര്‍പ്പെടുത്തി. 2000 ആണ്ടോടുകൂടി തീരപ്രദേശങ്ങളുള്ള എല്ലാ സംസ്ഥാനങ്ങളും വ്യത്യസ്ത കാലയളവിലാണെങ്കിലും മണ്‍സൂണ്‍കാല ട്രോളിംഗ് നിരോധനം ഏര്‍പ്പെടുത്തി. ഇപ്പോള്‍ ഇതിന് ഏകീകൃതരൂപം കൊണ്ടുവരികയാണ് കേന്ദ്രം ചെയ്തിട്ടുള്ളത്. ട്രോളിംഗ് നിരോധനക്കാലത്ത് കേരളമടക്കമുള്ള എല്ലാ സംസ്ഥാനങ്ങളും പരമ്പരാഗത മത്സ്യബന്ധനത്തിനും മോട്ടോര്‍ വള്ളങ്ങളുടെ എഞ്ചിന്റെ കുതിര ശക്തിയുടെ അടിസ്ഥാനത്തിലും നിയന്ത്രണങ്ങളോടെ മത്സ്യബന്ധനത്തിന് അനുമതി നല്‍കിയിരുന്നു. ഈ സാഹചര്യത്തിന് ഇപ്പോഴത്തെ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ മാറ്റമൊന്നുമുണ്ടായിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചതായി വി.മുരളീധരന്‍ പറഞ്ഞു.

വസ്തുതകള്‍ ഇതായിരിക്കെ ഇതുസംബന്ധിച്ച് ഇപ്പോള്‍ ഉയര്‍ന്നുവന്നിട്ടുള്ള അഭിപ്രായങ്ങളും ആരോപണങ്ങളും തെറ്റിധാരണ പരത്താനുള്ള മനഃപൂര്‍വമായ ഉദ്ദേശ്യത്തോടെയാണ്. മത്സ്യപ്രവര്‍ത്തന മേഖലയില്‍ ആശങ്ക സൃഷ്ടിച്ച് മുതലെടുപ്പു നടത്താനുള്ള ചിലരുടെ ശ്രമം ആ മേഖലയിലെ സമാധാനാന്തരീക്ഷത്തിന് വിഘാതം സൃഷ്ടിക്കുമെന്ന് മുരളീധരന്‍ പറഞ്ഞു. മത്സ്യപ്രവര്‍ത്തകരുടെ ജീവിതവും തൊഴിലും സംരക്ഷിക്കുന്നതിന് പ്രതിജ്ഞാബന്ധമായ സര്‍ക്കാരാണ് നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ളത്. സര്‍ക്കാര്‍ നടപ്പിലാക്കിവരുന്ന ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങളുടെ തിളക്കം കെടുത്താനുള്ള നീക്കവും ഇത്തരം പ്രചാരണങ്ങള്‍ക്കു പിന്നിലുണ്ട്. മത്സ്യത്തൊഴിലാളികള്‍ ഇത്തരം അസത്യപ്രചാരണങ്ങളില്‍ വീണുപോകരുതെന്ന് അദ്ദേഹം പറഞ്ഞു.

ഭാരതീയ മത്സ്യ പ്രവര്‍ത്തക സംഘം സംസ്ഥാന ഉപാദ്ധ്യക്ഷന്‍ എന്‍.പി രാധാകൃഷ്ണന് പതാക കൈമാറി തീരദേശയാത്രയ്ക്ക് തുടക്കം കുറിച്ചു. തീരദേശയാത്ര 14 ന് തിരുവനന്തപുരത്ത് എത്തിച്ചേരും. ചടങ്ങില്‍ ഭാരതീയ മത്സ്യ പ്രവര്‍ത്തക സംഘം സംസ്ഥാന പ്രസിഡണ്ട് അഡ്വ. പി. പത്മനാഭന്‍ അദ്ധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. കെ. ശ്രീകാന്ത്, പ്രസിഡണ്ട് പി. സുരേഷ്‌കുമാര്‍ ഷെട്ടി, ഭാരതീയ മത്സയ പ്രവര്‍ത്തക സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി രജനീഷ് ബാബു, സെക്രട്ടറി സുനില്‍ മാഹി, ജില്ലാ പ്രസിഡണ്ട് വി.ശ്രീനിവാസന്‍, സെക്രട്ടറി പി പവിത്രന്‍, ഭാസ്‌കരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

സമ്പൂര്‍ണമത്സ്യബന്ധന നിരോധനം: കേന്ദ്ര നിര്‍ദ്ദേശം സംസ്ഥാനങ്ങളുമായി കൂടിയാലോചിച്ച ശേഷം- വി. മുരളീധരന്‍
സമ്പൂര്‍ണമത്സ്യബന്ധന നിരോധനം: കേന്ദ്ര നിര്‍ദ്ദേശം സംസ്ഥാനങ്ങളുമായി കൂടിയാലോചിച്ച ശേഷം- വി. മുരളീധരന്‍

Keywords : Kasaragod, Kerala, BJP, Fisher-workers, Kanhangad, Inauguration, V. Muraleedharan, Central Government. 

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia