മുച്ചിലോട്ടമ്മയെ കാണാനാവാതെ ആയിരങ്ങള്‍ നിരാശരായി മടങ്ങി
Feb 6, 2012, 16:25 IST
കാഞ്ഞങ്ങാട്: കിഴക്കുംകര കല്യാല്‍ മുച്ചിലോട്ട് ഭഗവതി ദേവസ്ഥാനത്തെ തിരുമുറ്റത്ത് ഭക്തിരസംചൊരിഞ്ഞ് പഞ്ചവര്‍ണ്ണ കിളിയെപോലെ പാറി നടന്ന മുച്ചിലോട്ട് ഭഗവതിയെ ടെലിവിഷന്‍ സ്ക്രീനിലൂടെ ദര്‍ശിച്ച് ആയിരങ്ങള്‍ നിരാശരായി മടങ്ങിപ്പോയി.
ഞായറാഴ്ച ഉച്ചക്ക് 1 മണിയോടെയാണ് പതിനാറ് വര്‍ഷത്തിന് ശേഷം മുച്ചിലോട്ട് ഭഗവതിയുടെ തിരുമുടി നിവര്‍ന്നത്. ആയിരക്കണക്കിന് ആളുകളാണ് നാടിന്റെ നാനാഭാഗത്ത് നിന്നും ഞായറാഴ്ച രാവിലെ മുതല്‍ കിഴക്കുംകരയിലേക്ക് ഒഴുകിയെത്തിയത്. മുച്ചിലോട്ട് ഭഗവതിയുടെ തിരുപ്പുറപ്പാടിന് ശേഷം ദര്‍ശനത്തിനും സമയം അനുവദിച്ചിരുന്നു. ക്ഷേത്ര നടയില്‍ ഭക്ത ജനങ്ങളെ ക്യൂനിര്ത്തിയാണ് ക്ഷേത്രത്തിനകത്തേക്ക് കടത്തി വിട്ടത്.
ഇതിനിടയില്‍ വൈകുന്നേരത്തോടെ മുച്ചിലോട്ട് ഭഗവതി തെയ്യക്കോല ധാരിക്ക് ക്ഷീണമനുഭവപ്പെടാന് തുടങ്ങി. കാറ്റ് വീശിയും ഫാന്‍ ക്ഷേത്രമുറ്റത്ത് കൊണ്ടുവച്ച് ഉപയോഗിച്ചും തെയ്യക്കോല ധാരിയുടെ ക്ഷീണമകറ്റാന്‍ ശ്രമം നടന്നു. രാത്രി 7.30 മണിയോടെ തെയ്യക്കോലധാരി തീര്‍ത്തും അവശനായി. അരമണിക്കൂര്‍ നേരം ക്ഷേത്രത്തിലേക്ക് ഭക്തജനങ്ങളെ കയറ്റിയില്ല.
പല ചടങ്ങുകളും ക്ഷേത്രത്തില്‍ നടക്കേണ്ടിയിരുന്നു. സാധാരണ രാത്രി 11 മണിവരെയെങ്കിലും മുച്ചിലോട്ട് ഭഗവതി തിരുമുറ്റത്ത് ഭക്തര്‍ക്ക് ദര്‍ശനം നല്‍കാറുണ്ട്. ഇത് അനുസരിച്ച് തിരക്കൊഴിവാകുന്ന വൈകുന്നേരവും സന്ധ്യക്കും ക്ഷേത്രത്തിലെത്താമെന്ന് കരുതി വൈകി യാണ് എത്തിയത്. ഇവരൊക്കെയും ക്ഷേത്രത്തിനകത്ത് കയറാന്‍ ക്യൂവില്‍ ഇടം പിടിച്ചിരുന്നു. രാത്രി 7.50 ഓടെ പൊടുന്നനെ അപ്രതീക്ഷിതമായി മുച്ചിലോട്ട് ഭഗവതിയുടെ തിരുപ്പുറപ്പാട് അവസാനിപ്പിച്ച് തിരുമുടി അഴിച്ച് വെച്ച് തെയ്യക്കോലധാരി അണിയറയിലേക്ക് മടങ്ങുകയായിരുന്നു. ഇതോടെ ക്യൂവില്‍ മണിക്കൂറോളം കാത്തുനിന്ന ഭക്തര്‍ക്ക് നിരാശരായി മടങ്ങേണ്ടി വന്നു.
Keywords: Kalyan Muchilott, Kanhangad, Kaliyattam, Kasaragod