മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് പടന്നക്കാടിന്റെ കുരുക്കഴിച്ചു
Sep 17, 2012, 21:00 IST
ഉത്സവലഹരി പടര്‍ന്ന അന്തരീക്ഷത്തില്‍ തിങ്കളാഴ്ച രാവിലെയാണ് ആയിരക്കണക്കിന് ജനങ്ങളെ സാക്ഷിനിര്‍ത്തി മന്ത്രി മേല്‍പാലത്തിന്റെ കുരുക്കഴിച്ചത്. നാട മുറിച്ച ശേഷം, തുറന്ന വാഹനത്തില്‍ മന്ത്രിയും മുഖ്യാതിഥി പി കരുണാകരന് എംപിയും എംഎല്‍എമാരായ ഇ. ചന്ദ്രശേഖരന്, കെ കുഞ്ഞിരാമന്, നഗരസഭാ ചെയര്‍പേഴ്സണ്‍ ഹസീന എന്നിവര്‍ പാലത്തിലൂടെ നീങ്ങി ഉദ്ഘാടന വേദിയിലെത്തി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മൊബൈല്‍ ഫോണിലൂടെ സന്ദേശം നല്കി മേല്‍പാലം ഉദ്ഘാടനം ചെയ്തതായി പ്രഖ്യാപിച്ചപ്പോള്‍ നീണ്ട കരഘോഷമാണ് ഉയര്‍ന്നത്.
എന്‍ഡോസള്‍ഫാന്‍ ദുരന്തം കാസര്‍കോടിന്റെ മാത്രം ദുരന്തമല്ലെന്നും അത് കേരളത്തിന്റെ ദുഃഖമാണെന്നും മുഖ്യമന്ത്രി മൊബൈല്‍ ഫോണിലൂടെ സദസിനെ അറിയിച്ചു. എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ ചര്‍ച്ച നടത്താന്‍ ആരോഗ്യവകുപ്പ് മന്ത്രി വി എസ് ശിവകുമാര്‍, കൃഷിവകുപ്പ് മന്ത്രി കെ പി മോഹനന്, സാമൂഹ്യ ക്ഷേമവകുപ്പ് മന്ത്രി എം കെ മുനീര്‍ എന്നിവര്‍ ചൊവ്വാഴ്ച ജില്ലയിലെത്തുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
വലിയപറമ്പ-കോട്ടപ്പുറം പാലം നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് ഒക്ടോബര്‍ നാലിന് കാസര്‍കോട്ട് മന്ത്രിതല യോഗം വിളിച്ചുകൂട്ടുമെന്ന് ചടങ്ങില്‍ അധ്യക്ഷം വഹിച്ച മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് പറഞ്ഞു. പി കരുണാകരന് എംപി മുഖ്യാതിഥിയായിരുന്നു.
എംഎല്‍എമാരായ ഇ. ചന്ദ്രശേഖരന്, കെ കുഞ്ഞിരാമന് തൃക്കരിപ്പൂര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.പി പി ശ്യാമളാദേവി, ജില്ലാ കലക്ടര്‍ പി. എസ്. മുഹമ്മദ് സഹീര്‍, കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്സണ്‍ ഹസീന താജുദ്ദീന്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാരായ എ കൃഷ്ണന്, ടി വി ഗോവിന്ദന്, നഗരസഭ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് എല്‍ സുലൈഖ, കൗണ്‍സിലര്‍ ടി കുമാരന്, ഡിസിസി പ്രസിഡണ്ട് കെ വെളുത്തമ്പു, സിപിഎം ജില്ലാ സെക്രട്ടറി കെ പി സതീഷ്ചന്ദ്രന്, സിപിഐ നേതാവ് ബങ്കളം കുഞ്ഞികൃഷ്ണന്, മുസ്ലിംലീഗ് നേതാക്കളായ പി മുഹമ്മദ്കുഞ്ഞി മാസ്റ്റര്‍, എ ഹമീദ് ഹാജി, കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം നേതാവ് എബ്രഹാം തോണക്കര, കേരള കോണ്‍ഗ്രസ് എം ജില്ലാ പ്രസിഡണ്ട് പി വി മൈക്കിള്‍, ജനതാദള്‍ സോഷ്യലിസ്റ്റ് നേതാവ് സുരേഷ് പുതിയേടത്ത്, ആര്‍എസ്പി നേതാവ് ബി ബാലകൃഷ്ണന് നമ്പ്യാര്‍, സോഷ്യലിസ്റ്റ് ജനതാദള്‍ ജില്ലാ പ്രസിഡണ്ട് എ വി രാമകൃഷ്ണന്, ബിജെപി ദേശീയ സമിതിയംഗം മടിക്കൈ കമ്മാരന്, എന്‍സിപി നേതാവ് പ്രമോദ് കരുവളം, കേരള കോണ്‍ഗ്രസ് ബി ജില്ലാ പ്രസിഡണ്ട് എ കുഞ്ഞിരാമന് നായര്‍, ആര്‍എസ്പി ജില്ലാ സെക്രട്ടറി പി സി രാജേന്ദ്രന്, സിഎംപി ജില്ലാ സെക്രട്ടറി ബി സുകുമാരന്‍, ഐഎന്‍എല്‍ നേതാവ് ഇ കെ കെ പടന്നക്കാട്, കോണ്‍ഗ്രസ് എസ് നേതാവ് കുഞ്ഞിരാമന് കൊടക്കാട് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
കോഴിക്കോട് ദേശീയപാത വിഭാഗം സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ വി ശശികുമാര്‍ റിപോര്‍ട്ട് അവതരിപ്പിച്ചു. തിരുവനന്തപുരം ദേശീയപാത വിഭാഗം ചീഫ് എഞ്ചിനീയര്‍ ജെ എസ് ലീന സ്വാഗതവും, ദേശീയപാത വിഭാഗം എക്സിക്യുട്ടീവ് എഞ്ചിനീയര്‍ ജോണ്‍ ജെ ഏലംകുന്നം നന്ദിയും പറഞ്ഞു.