തുളുച്ചേരിയില്‍ വിചിത്രമായ ശവസംസ്‌കാര ചടങ്ങ്
Jan 9, 2012, 16:18 IST
Ambu Karanavar |
ജനുവരി 7 നാണ് അമ്പുകാരണവര്‍ വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് മരണപ്പെട്ടത്. യാദവ സമുദായത്തില്‍പെട്ടവരുടെ നിയന്ത്രണത്തിലുള്ള കുമ്മനാര്‍ കളരിയിലെ മൂത്ത ഗുരുക്കളാണ് ഇദ്ദേഹം. മൂത്ത ഗുരുക്കളുടെ ശവസംസ്‌കാരത്തിന് വിചിത്രമായ ഒട്ടനവധി പ്രതേ്യകതകളുണ്ട്. ശനിയാഴ്ച ഉച്ചയോടെയാണ് ബന്ധുവീട്ടില്‍ വെച്ച് അമ്പുഗുരുക്കള്‍ മരണപ്പെട്ടത്. എന്നാല്‍ ആചാരപ്രകാരം ആ സമയത്ത് മരണം സ്ഥിരീകരിക്കാറില്ല. അമ്പുകാരണവരെ കുമ്മനാര്‍ കളരിയിലെ പടിഞ്ഞാറ്റയില്‍ ഉച്ചയോടെ തന്നെ സമുദായാംഗങ്ങള്‍ കൊണ്ടുകിടത്തി. പാറക്കാടന്‍ എന്നും പടിഞ്ഞാറ്റന്‍ എന്നും വിളിപ്പേരുള്ള രണ്ട് ആചാരക്കാര്‍ കളരിയിലെത്തി പടിഞ്ഞാറ്റയില്‍ കിടത്തിയ മൂത്തഗുരുക്കളെ മൂത്തച്ഛ എന്ന് മൂന്ന് പ്രാവശ്യം വിളിക്കും. പിന്നീട് ഇവര്‍ പടിഞ്ഞാറ്റയില്‍ നിന്ന് പുറത്തിറങ്ങി മൂത്തച്ഛന്‍ പോയേ എന്ന് വിളിച്ചുപറയുന്നതോടെയാണ് മരണം സ്ഥിരീകരിക്കുന്നത്.
ശനിയാഴ്ച വൈകിട്ട് 6 മണിയോടെ ആചാരപ്രകാരം അമ്പുകാരണവരുടെ മൃതദേഹം കളരിക്ഷേത്ര മുറ്റത്ത് സംസ്‌കരിക്കുകയായിരുന്നു. ഇളയ ഗുരുക്കള്‍ പുല്ലൂര്‍ കോട്ടക്കൊച്ചിയിലെ ഗോപാലന്‍ ഗുരുക്കളാണ് ചിതക്ക് തീ കൊളുത്തിയത്. കളരിപാരമ്പര്യമുള്ള ഇടമാണ് കുമ്മനാര്‍ കളരി. ഇവിടെ വര്‍ഷംതോറും കളിയാട്ട മഹോത്സവം നടക്കാറുണ്ട്. സംക്രമദിനങ്ങളില്‍ വ്യത്യസ്തമായ ചടങ്ങുകളും നടത്താറുണ്ട്. കുലദേവത എന്ന് കരുതുന്ന കമ്മാടത്ത് ഭഗവതി, കുണ്ടാര്‍ചാമുണ്ഡി തുടങ്ങിയ തെയ്യക്കോലങ്ങളാണ് ഇവിടെ കെട്ടിയാടാറുള്ളത്. കാലം മാറിയെങ്കിലും ആചാര ക്രമങ്ങളിലെ തീവ്രതയാണ് വിചിത്രമായ ശവസംസ്‌കാര ചടങ്ങ്.
Keywords: Kanhangad, Kasaragod