തങ്ങളുടെ ഫോട്ടോയെടുത്തെന്ന് യുവതികളുടെ വ്യാജആരോപണം; യുവാവിനെ സദാചാരഗുണ്ടകള്‍ വളഞ്ഞിട്ട് മര്‍ദ്ദിച്ചു
Sep 29, 2015, 10:30 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 29/09/2015) തങ്ങളുടെ ഫോട്ടോയെടുത്തതായുള്ള യുവതികളുടെ വ്യാജആരോപണം ഏറ്റുപിടിച്ച് യുവാവിനെ സദാചാരഗുണ്ടാസംഘം വളഞ്ഞുവെച്ച് മര്‍ദ്ദിച്ചു. തിങ്കളാഴ്ച വൈകുന്നേരം കാഞ്ഞങ്ങാട് റെയില്‍വെ സ്റ്റേഷനിലാണ് സംഭവം. ഏറനാട് എക്‌സ്പ്രസില്‍ യാത്ര ചെയ്യുകയായിരുന്ന കര്‍ണ്ണാടക സ്വദേശിയായ യുവാവാണ് ക്രൂരമര്‍ദ്ദനത്തിനിരയായത്.
ഈ യുവാവ് ഒപ്പം യാത്ര ചെയ്യുകയായിരുന്ന രണ്ട് യുവതികളുടെ ഫോട്ടോ മൊബൈലില്‍ പകര്‍ത്തിയെന്നാണ് പരാതിയുയര്‍ന്നത്. തങ്ങളുടെ ഫോട്ടോയെടുത്തതായി യുവതികള്‍ ട്രെയിനിലെ മറ്റ് യാത്രക്കാരോട് പരാതിപ്പെടുകയായിരുന്നു.ഉടന്‍ തന്നെ ഇവരില്‍ ചിലര്‍ പ്രശ്‌നത്തില്‍ ഇടപെടുകയും ട്രെയിന്‍ കാഞ്ഞങ്ങാട് റെയില്‍വെ സ്റ്റേഷനില്‍ നിര്‍ത്തിയപ്പോള്‍ യുവാവിനെ പ്‌ളാറ്റ് ഫോമിലേക്ക് വലിച്ചിറക്കിയ ശേഷം ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നു.
പോലീസെത്തിയാണ് യുവാവിനെ മോചിപ്പിച്ചത്. തുടര്‍ന്ന് യുവാവിനെയും ആരോപണം ഉന്നയിച്ച യുവതികളെയും പോലീസ് ചോദ്യം ചെയ്തു. താന്‍ യുവതികളുടെ ഫോട്ടോയെടുത്തതല്ലെന്നും തന്റെ ഫോണില്‍ വന്ന മെസേജുകള്‍ പരിശോധിച്ചതാണെന്നും യുവാവ് ആണയിട്ടുപറയുകയും പൊട്ടിക്കരയുകയും ചെയ്തു. എന്നാല്‍ തങ്ങളുടെ ഫോട്ടോ മൊബൈലിലെടുത്തുവെന്ന ആരോപണത്തില്‍ യുവതികള്‍ ഉറച്ചുനിന്നു.ഇതേ തുടര്‍ന്ന് പോലീസ് യുവാവിന്റെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ യുവതികളുടെ ഫോട്ടോകള്‍ കണ്ടില്ല. ഇതില്‍ ഫോട്ടോ കാണുന്നില്ലല്ലോ എന്ന പോലീസിന്റെ ചോദ്യത്തിന് ഫോട്ടോ എടുത്തതുപോലെയാണ് തോന്നിയതെന്നായിരുന്നു ഒരു യുവതിയുടെ മറുപടി.
യുവതികളുടെ കള്ളപ്പരാതി ഏറ്റുപിടിച്ച് അവര്‍ക്കുമുന്നില്‍ ഷൈന്‍ ചെയ്ത സദാചാരഗുണ്ടകള്‍ക്കും ഇതോടെ ഉത്തരം മുട്ടി. ഇളിഭ്യരായാണ് സദാചാരത്തിന്റെ കാവല്‍ക്കാര്‍ തിരിച്ച് വണ്ടിയില്‍ കയറിയത്. പോലീസ് ഈ സംഘത്തിനും വ്യാജആരോപണം ഉന്നയിച്ച യുവതികള്‍ക്കും താക്കീത് നല്‍ക്കുകയുംചെയ്തു.
Keywords: Kanhangad, Kasaragod, Kerala, Attack, Moral Police, Man assaulted