ജില്ലയില്‍ നാല് തഹസില്‍ദാര്‍മാരെ തരം താഴ്ത്തി
Feb 1, 2012, 16:24 IST
കാഞ്ഞങ്ങാട്: കാസര്‍കോട് ജില്ലയില്‍ നാല് പേരടക്കം സംസ്ഥാനത്ത് 45 തഹസില്‍ദാര്‍മാരെ തരംതാഴ്ത്തി സര്‍ക്കാര്‍ ഉത്തരവിറക്കി. 1990ലെ ഡിപ്പാര്‍ട്ട്‌മെന്റല്‍ പരീക്ഷ നടത്തിയുണ്ടാക്കിയ മുന്‍ഗണന പട്ടിക ശരിയല്ലെന്ന് കണ്ടെത്തിയാണ് സര്‍ക്കാര്‍ നടപടി.
ഹൊസ്ദുര്‍ഗ് ഡെപ്യൂട്ടി തഹസില്‍ദാര്‍ ഉദുമപാക്കത്തെ പി.രാഘവന്‍, കാസര്‍കോട് ദേശീയ പാത വിഭാഗം തഹസില്‍ദാര്‍ പി.കെ.ശോഭ, ദേശീയ പാത വിഭാഗത്തിലെ തന്നെ ശശിധര ഷെട്ടി, കാസര്‍കോട് ഹുസൂര്‍ ശിരസ്തദാര്‍ ജയലക്ഷ്മി എന്നിവരാണ് ജില്ലയില്‍ നിന്നും തരംതാഴ്ത്തപ്പെട്ടത്. പി.രാഘവനെ ഹൊസ്ദുര്‍ഗില്‍ തന്നെ ജൂനിയര്‍ സൂപ്രണ്ടും പി.കെ.ശോഭയെ കാസര്‍കോട് വാല്യേഷന്‍ അസിസ്റ്റന്റും ശശിധര ഷെട്ടിയെ തലശ്ശേരി താലൂക്ക് ഓഫീസില്‍ ജൂനിയര്‍ സൂപ്രണ്ടും ജയലക്ഷ്മിയെ കണ്ണൂര്‍ താലൂക്ക് ഓഫീസില്‍ ജൂനിയര്‍ സൂപ്രണ്ടുമായാണ് തരം താഴ്ത്തിയത്.
മുന്‍ സര്‍ക്കാരിന്റെ കാലത്ത് ഡിവൈഎസ്പി ഡിപ്പാര്‍ട്ട്‌മെന്റ് പ്രമോഷന്‍ കൗണ്‍സില്‍ ചേരാതെ ഉദ്യോഗകയറ്റം കിട്ടിയവരെയാണ് സര്‍ക്കാര്‍ തരം താഴ്ത്തിയത്. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ചേര്‍ന്ന പ്രമോഷന്‍ കൗണ്‍സിലില്‍ സംസ്ഥാനത്തെ 44 ഡെപ്യൂട്ടി തഹസില്‍ദാര്‍ മാര്‍ക്ക് ഉദ്യോഗകയറ്റം നല്‍കണമെന്ന് ശുപാര്‍ശ ചെയ്തതിനെ തുടര്‍ന്നാണ് നേരത്തെ നല്‍കിയ നിയമനം സര്‍ക്കാര്‍ റദ്ദാക്കിയത്. ഡിപ്പാര്‍ട്ട്‌മെന്റല്‍ പ്രമോഷന്‍ കൗണ്‍സില്‍ ചേരാതെ ഉദ്യോഗക്കയറ്റം തടഞ്ഞുവെക്കപ്പെട്ട ഉദ്യോഗസ്ഥര്‍ ഇതിനിടെ കോടതിയെ സമീപിക്കുകയും ചെയ്തു.
തുടര്‍ന്ന് കോടതി നിര്‍ദ്ദേശം കൂടി പരിഗണിച്ചാണ് സര്‍ക്കാര്‍ നടപടി. ഇതേ സമയം എഐസിസി സെക്രട്ടറി ഷാനിമോള്‍ ഉസ്മാന്റെ ഭര്‍ത്താവ് കെ.എ.ഉസ്മാന്‍ അടക്കമുള്ള യുഡിഎഫ് അനുഭാവികള്‍ക്ക് ഉദ്യോഗകയറ്റം ഉറപ്പ് വരുത്താനാണ് 44 തഹസില്‍ദാര്‍മാരെ തരംതാഴ്ത്തിയതെന്ന് ഇടതുപക്ഷ സംഘടനാ നേതൃത്വം കുറ്റപ്പെടുത്തി. കെ.എ.ഉസ്മാനെ ജന്മനാടായ അമ്പലപ്പുഴയില്‍ തഹസില്‍ദാരായി നിയമിക്കാന്‍ ചരടു വലി നടത്തിയെന്നാണ് ആരോപണം. കാസര്‍കോട് ജില്ലയില്‍ നിന്നും തരംതാഴ്ത്തപ്പെട്ടവരില്‍ ഹൊസ്ദുര്‍ഗിലെ പി.രാഘവന്‍ ഇരുപക്ഷത്തും നില്‍ക്കാത്തയാളാണ്. ശോഭയും ശശിധര ഷെട്ടിയും എല്‍ഡിഎഫ് അനുഭാവികളും ജയലക്ഷ്മി യുഡിഎഫുമാണ്.
Keywords: Thahasildars demoted, Kasaragod