അന്യസംസ്ഥാന തൊഴിലാളികളെ ആക്രമിച്ച പ്രതികള്‍ കീഴടങ്ങി
Feb 16, 2012, 17:15 IST
ഹൊസ്ദുര്‍ഗ്: നീലേശ്വരത്ത് മലയാളി തൊഴിലാളിയെയും കൂടെ ജോലി ചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളികളെയും ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ രണ്ട് പ്രതികള്‍ കോടതിയില്‍ കീഴടങ്ങി.
നീലേശ്വരം ചായ്യോത്തെ പരേതനായ കുഞ്ഞിരാമന്റെ മകന് നിശാന്ത്(21), ചായ്യോത്തെ രാമകൃഷ്ണന്റെ മകന് ഉജേഷ്(21) എന്നിവരാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ്(രണ്ട്) കോടതിയില്‍ കീഴടങ്ങിയത്. ഇവരെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു. പാലക്കാട് ലക്കിഡി പേരൂരിലെ പ്രകാശന്റെ പരാതി പ്രകാരമാണ് നിശാന്തിനും ഉജേഷിനുമെതിരെ നീലേശ്വരം പോലീസ് കേസെടുത്തിരുന്നത്. 2011 ഡിസംബര്‍ 18 ന് ഉച്ചയോടെയാണ് സംഭവം.
ചായ്യോത്തെ കരാറുകാരനായ നാരായണന്റെ കീഴില്‍ പ്രകാശനും പത്തോളം ഹിന്ദി തൊഴിലാളികളും കെട്ടിട നിര്‍മ്മാണ ജോലികള്‍ നടത്തി വരുന്നുണ്ട്. ഹിന്ദി തൊഴിലാളികളെ നിശാന്തും ഉജേഷും മര്‍ദ്ദിക്കുന്ന വിവരമറിഞ്ഞ് എത്തിയ പ്രകാശനെ ഇരുവരും ചേര്‍ന്ന് അടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു. കരിങ്കല്‍ കഷണം കൊണ്ട് പ്രകാശന്റെ തലയില്‍ പ്രതികള്‍ ഇടിച്ചതായും പരാതിയില്‍ പറയുന്നുണ്ട്.
Keywords: Accuse, court, Kanhangad, Kasaragod