പ്രകൃതിദത്ത യൂനാനി ചികിത്സ വിജയം; മൊഗ്രാൽ ഡിസ്പെൻസറിയിൽ രോഗികളുടെ തിരക്കേറുന്നു
● അയൽ സംസ്ഥാനങ്ങളിൽ നിന്നും അതിഥി തൊഴിലാളികളും ചികിത്സ തേടിയെത്തുന്നു.
● 2020-21-ൽ സ്ഥാപനം ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ് സെന്ററായി ഉയർത്തിയിരുന്നു.
● ഫിസിയോതെറാപ്പിയും റെജിമെന്റൽ തെറാപ്പിയും ഉൾപ്പെടെയുള്ള സേവനങ്ങൾ ലഭ്യം.
● സ്ഥാപനം യൂനാനി ആശുപത്രിയായി ഉയർത്തണമെന്ന് നാട്ടുകാരുടെ ആവശ്യം.
കാസർകോട്: (KasargodVartha) പ്രകൃതിദത്തമായ യൂനാനി ചികിത്സ ഫലപ്രദമാണെന്ന് മനസ്സിലാക്കിയതോടെ മൊഗ്രാലിലെ ഏക സർക്കാർ യൂനാനി ഡിസ്പെൻസറിയിൽ കൂടുതൽ രോഗികളെത്താൻ തുടങ്ങി. ഇതോടെ ഈ വർഷം തുടക്കത്തിൽ നേരിയ മരുന്ന് ക്ഷാമം നേരിട്ടിരുന്നു.
ഡിസ്പെൻസറിയുടെ ഭരണച്ചുമതലയുള്ള കുമ്പള ഗ്രാമപഞ്ചായത്ത് മുൻവർഷങ്ങളെ അപേക്ഷിച്ച് രണ്ട് ലക്ഷം രൂപ അധികമായി നൽകി 2025-26 സാമ്പത്തിക വർഷത്തിൽ 32 ലക്ഷം രൂപയുടെ മരുന്ന് അടിയന്തരമായി എത്തിച്ചത് രോഗികൾക്ക് വലിയ ആശ്വാസമായി.
മരുന്ന് ക്ഷാമം അനുഭവപ്പെട്ടു തുടങ്ങിയ കാര്യം യൂനാനി മെഡിക്കൽ ഓഫീസർ ഡോ. ഷക്കീർ അലി കുമ്പള ഗ്രാമപഞ്ചായത്ത് ഭരണസമിതിയെയും സെക്രട്ടറിയെയും നേരിട്ട് അറിയിച്ചതിനെ തുടർന്നാണ് കഴിഞ്ഞയാഴ്ച ചേർന്ന ബോർഡ് യോഗത്തിൽ ഈ വിഷയം ചർച്ച ചെയ്യുകയും മരുന്ന് എത്തിക്കാൻ തീരുമാനമെടുക്കുകയും ചെയ്തത്.

കഴിഞ്ഞവർഷം 30 ലക്ഷം രൂപയുടെ മരുന്നാണ് നൽകിയിരുന്നത്. കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യു.പി. താഹിറ യൂസഫ്, വാർഡ് മെമ്പറും ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റുമായ നാസർ മൊഗ്രാൽ എന്നിവർ പ്രത്യേക താല്പര്യമെടുത്താണ് ഈ വർഷത്തെ വാർഷിക പദ്ധതിയിൽ രണ്ട് ലക്ഷം രൂപ കൂട്ടി നൽകി 32 ലക്ഷം രൂപയുടെ മരുന്ന് ലഭ്യമാക്കിയത്.
ഇതിന് പുറമെ പ്രതിവർഷം സംസ്ഥാന സർക്കാരിന്റെയും ഭാരതീയ ചികിത്സാ വകുപ്പിൽ നിന്നും മരുന്നിനായി സഹായം ലഭിക്കാറുണ്ട്. ഭാരതീയ ചികിത്സാ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഈ സ്ഥാപനം 2020-21-ൽ ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ് സെന്ററായി ഉയർത്തിയതോടെ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നും സംസ്ഥാന അതിർത്തി പ്രദേശങ്ങളിൽ നിന്നും പോലും രോഗികൾ ചികിത്സ തേടി എത്തിത്തുടങ്ങി.
ഇപ്പോൾ അതിഥി തൊഴിലാളികളും ഡിസ്പെൻസറിയുടെ അടുത്തുള്ള മൊഗ്രാൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ നൂറുകണക്കിന് വിദ്യാർത്ഥികളും ദിവസേന ചികിത്സയ്ക്കായി ഈ ആരോഗ്യ കേന്ദ്രത്തെയാണ് ആശ്രയിക്കുന്നത്.
പുതുതായി ആരംഭിച്ച ഹെൽത്ത് & വെൽനസ് സെന്ററിൽ റെജിമെന്റൽ തെറാപ്പിയും ഫിസിയോതെറാപ്പിയും ഉൾപ്പെടെയുള്ള സേവനങ്ങളും നൽകിവരുന്നുണ്ട്. ഇവിടെയും രോഗികളുടെ തിരക്കനുഭവപ്പെട്ടു തുടങ്ങിയിട്ടുണ്ട്.
രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെയാണ് ആശുപത്രിയുടെ പ്രവർത്തന സമയം. മെഡിക്കൽ ഓഫീസറടക്കം രണ്ട് ഡോക്ടർമാർ ഉൾപ്പെടെ നിരവധി ആരോഗ്യ പ്രവർത്തകരുടെ സേവനവും ഇവിടെ ലഭ്യമാണ്.
ലാബ് ടെക്നീഷ്യന്റെ കീഴിൽ ലാബ് സൗകര്യവുമുണ്ട്. രോഗശമനത്തോടൊപ്പം ആരോഗ്യ സംരക്ഷണത്തിനും ഊന്നൽ നൽകി പ്രവർത്തിക്കുന്ന ഈ യൂനാനി ഡിസ്പെൻസറി ഒട്ടേറെ കുടുംബങ്ങൾക്ക് പ്രത്യാശയും ആത്മവിശ്വാസവും നൽകുന്നുണ്ട്. അത് രോഗികളുടെ വാക്കുകളിൽ നിന്ന് വ്യക്തമാണ്.
കേരളത്തിലെ ആദ്യത്തെ ഏക സർക്കാർ യൂനാനി ഡിസ്പെൻസറിയിൽ കിടത്തി ചികിത്സ കൂടി ലഭ്യമാക്കി യൂനാനി ആശുപത്രിയായി ഉയർത്തണമെന്ന് നാട്ടുകാരും സന്നദ്ധ സംഘടനകളും ആവശ്യപ്പെടുന്നുണ്ട്. ആശുപത്രി വികസന സമിതി ഇതുസംബന്ധിച്ച് ബന്ധപ്പെട്ടവർക്ക് നിവേദനവും നൽകിയിട്ടുണ്ട്.
മൊഗ്രാൽ ഡിസ്പെൻസറിയെ ആശുപത്രിയായി ഉയർത്തണമെന്ന ആവശ്യത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Article Summary: Mogral Unani dispensary sees a patient surge due to its popularity.
#Mogral, #Unani, #Ayurveda, #Healthcare, #Kerala, #Kasargod






