Hormonal Acne | ഹോർമോൺ വ്യതിയാനം മൂലം മുഖക്കുരു ഉണ്ടാകാം! എങ്ങനെ തടയാം?
* മികച്ച രീതിയിലുള്ള ചർമ സംരക്ഷണത്തിലൂടെ ഒരു പരിധി വരെ ഇല്ലാതാക്കാൻ കഴിയും
ന്യൂഡെൽഹി: (KasargodVartha) മുതിർന്നവരെയും കൗമാരക്കാരെയും ഒരുപോലെ തളർത്തുന്ന കാര്യമാണ് മുഖക്കുരു. സൗന്ദര്യത്തെ ബാധിക്കുന്ന കാര്യം കൂടിയാണിത്. പല കാരണങ്ങൾ കൊണ്ടും മുഖക്കുരു ഉണ്ടാവാം. മോശമായ ചർമ സംരക്ഷണം, ഭക്ഷണ ശീലങ്ങൾ, ഹോർമോൺ വ്യതിയാനം, മോശം ഡയറ്റ്, കാലാവസ്ഥ, മരുന്നുകളുടെ ഉപയോഗം, മാനസിക സമ്മര്‍ദം, ഗുണമേന്മയില്ലാത്ത സ്‌കിന്‍ കെയര്‍ ഉത്പന്നങ്ങളുടെ ഉപയോഗം എന്നിങ്ങനെ പല കാരണങ്ങളും മുഖക്കുരുവിന് കാരണമായേക്കാം.
പുരുഷന്മാരിലും സ്ത്രീകളിലാണെങ്കില്‍ മുതിര്‍ന്നവരിലും ഹോര്‍മോണ്‍ പ്രശ്‌നങ്ങളെ തുടര്‍ന്ന് മുഖക്കുരുവുണ്ടാകുന്നത് സ്വാഭാവികമാണ്. മുതിര്‍ന്നവരില്‍ സ്ത്രീകളിലാണ് അധികവും ഹോര്‍മോണ്‍ മാറ്റങ്ങളെ തുടര്‍ന്ന് മുഖക്കുരു ഉണ്ടാകുന്നത് എന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം. ഇന്‍സുലിന്‍ പ്രതിരോധം (കോശങ്ങള്‍ക്ക് ഇന്‍സുലിനോട് പ്രതികരിക്കാന്‍ സാധിക്കാതിരിക്കുക), പുരുഷന്മാരിൽ പ്രോട്ടീന്‍ എടുക്കുന്നവരിൽ രക്തത്തില്‍ നിന്ന് ഗ്ലൂക്കോസിനെ വേര്‍തിരിച്ചെടുത്ത് ഊര്‍ജമാക്കി മാറ്റാന്‍ സാധിക്കാത്ത അവസ്ഥ വരിക എന്നിവയും മുഖക്കുരുവിന് കാരണമാവാം.
സ്ത്രീകളില്‍ ഈസ്ട്രജന്‍ ഹോര്‍മോണ്‍ അധികമായാൽ ആര്‍ത്തവസമയത്തും മുഖക്കുരു ഉണ്ടാകാം, ആര്‍ത്തവവിരാമം, ആർത്തവ വിശ്രമത്തിന് തൊട്ട് മുമ്പുള്ള സമയം, ഹൈപ്പര്‍ ആന്‍ഡ്രൊജെനിസം എന്ന അവസ്ഥ (പുരുഷ സെക്‌സ് ഹോര്‍മോണായ ടെസ്‌റ്റോസ്റ്റിറോണ്‍ കൂടുതലാവുന്നത്), പ്രമേഹം, പ്രമേഹത്തിലേക്ക് എത്തുന്നതിന് തൊട്ടുമുമ്പുള്ള സമയം എന്നീ സാഹചര്യങ്ങളിലും ഹോര്‍മോണ്‍ മാറ്റങ്ങൾ ഉണ്ടാകുന്നതിനാൽ മുഖക്കുരു വരാനുള്ള സാധ്യതയുണ്ട്.
സ്ത്രീകളിലും പുരുഷന്മാരിലും ഇങ്ങനെ ഉണ്ടാകുന്ന മുഖക്കുരു മികച്ച രീതിയിലുള്ള ചർമ സംരക്ഷണത്തിലൂടെ ഒരു പരിധി വരെ ഇല്ലാതാക്കാൻ കഴിയും. സ്‌കിന്‍ കെയര്‍ ഉത്പന്നങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍ 'ബെന്‍സോയില്‍ പെറോക്‌സൈഡ്', 'സാലിസിലിക് ആസിഡ്' അല്ലെങ്കില്‍ 'റെറ്റിനോയിഡ്‌സ്' എന്നിവ അടങ്ങിയ ഉത്പന്നങ്ങൾ വാങ്ങിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ആരോഗ്യ വിദഗ്ധർ ഓർമിപ്പിക്കുന്നു.
ആർത്തവ സംബന്ധമായ കാരണങ്ങൾ കൊണ്ട് ഉണ്ടാകുന്ന മുഖക്കുരുവിൽ നിന്ന് സംരക്ഷിക്കാൻ ഡോക്ടറുടെ നിർദേശ പ്രകാരം പ്രത്യേക സപ്ലിമെന്റുകൾ കഴിക്കാം. മഗ്നീഷ്യം സപ്ലിമെന്റുകള്‍, ബി-6 ഗുളികകള്‍ എന്നിവയെല്ലാം മുഖക്കുരുവിൽ നിന്ന് ചർമത്തെ സംരക്ഷിക്കുമെന്നാണ് അഭിപ്രായം. പല കാരണങ്ങൾ കൊണ്ടും ഉണ്ടാകുന്ന മുഖക്കുരുവിന് ആരോഗ്യ വിദഗ്ധരുടെ സേവനം സ്വീകരിക്കുന്നതാണ് ഏറ്റവും ഉചിതം. പ്രകൃതി ദത്ത ഫേഷ്യലുകളും മറ്റും ഉപയോഗിക്കുന്നതിനപ്പുറമുള്ള സ്വയം ചികിത്സ കൂടുതൽ പ്രശ്നങ്ങളിലേക്ക് എത്തിച്ചേക്കാം.