KMCC | കാരുണ്യത്തിന്റെ കൈകൾ; യഹ്‌യ തളങ്കര കെഎംസിസി സംസ്ഥാന ജനറൽ സെക്രടറിയായതിൽ പ്രവാസി സമൂഹത്തിൽ ആവേശം

● ഡോ. അൻവർ അമീൻ ചേലാട്ട് പ്രസിഡന്റ്.
● അബ്ദുല്ല ആറങ്ങാടി, ഹംസ തൊട്ടിയിൽ വൈസ് പ്രസിഡന്റുമാരായി.
● സെക്രടറിമാരായി അഡ്വ. ഇബ്രാഹിം ഖലീൽ, അഫ്സൽ മൊട്ടമ്മൽ.
ദുബൈ: (KasargodVartha) പ്രവാസി സമൂഹത്തിന്റെ ആശാ കേന്ദ്രമായി മാറിയ ദുബൈ കെഎംസിസിയുടെ പുതിയ ജനറൽ സെക്രടറിയായി കാസർകോട് സ്വദേശിയും വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായ യഹ്‌യ തളങ്കരയെ തിരഞ്ഞെടുത്തത് പ്രവാസി സമൂഹത്തിൽ വലിയ ആവേശം സൃഷ്ടിച്ചു. സഹായഹസ്തങ്ങൾ നീട്ടി പ്രവാസികളുടെ ജീവിതത്തിൽ സന്തോഷം പകരാൻ എപ്പോഴും മുന്നിൽ നിൽക്കുന്ന കെഎംസിസിയിൽ യഹ്‌യ തളങ്കരയുടെ നേതൃത്വം കൂടുതൽ ശക്തി പകരുമെന്നാണ് എല്ലാവരുടെയും പ്രതീക്ഷ.
തുല്യതയില്ലാത്ത ജീവകാരുണ്യത്തിന്റെ മഹനീയ മാതൃകയാണ് കെഎംസിസി. സാമൂഹിക സേവന രംഗത്ത് കെഎംസിസി നടത്തി വരുന്ന പ്രവർത്തനങ്ങൾ പകരം വെക്കാനില്ലാത്തതാണ്. അതിന്റെ ഉത്തരവാദപ്പെട്ട സ്ഥാനത്ത് മത, സാമൂഹ്യ, സാംസ്‌കാരിക, കായിക, ജീവകാരുണ്യ മേഖലകളിൽ നിറഞ്ഞുനിൽക്കുന്ന യഹ്‌യ തളങ്കര എത്തുമ്പോൾ മധുരമേറെ. കെഎംസിസിയുടെ പുതിയ നേതൃത്വം പ്രവാസി സമൂഹത്തിന്റെ പ്രതീക്ഷകൾക്ക് വെളിച്ചം പകരുമെന്ന് പ്രവാസികൾ പ്രതീക്ഷിക്കുന്നു.
മാലിക് ദീനാർ വലിയ ജുമാഅത്ത് പള്ളി പ്രസിഡന്റ് കൂടിയാണ് വെൽഫിറ്റ് ഗ്രൂപ് ചെയർമാനായ യഹ്‌യ തളങ്കര. പ്രവാസി വ്യവസായിയായി തന്റെ കരിയർ തുടങ്ങിയ അദ്ദേഹം, അധ്വാനം, ആത്മാർത്ഥത, നന്മ തുടങ്ങിയ മൂല്യങ്ങളിലൂടെ ഉയരങ്ങളിലെത്തി. 'വെൽഫിറ്റ്' എന്ന സ്വന്തം സ്ഥാപനം വളർത്തിയെടുക്കുന്നതിനൊപ്പം, ഗൾഫിലെ മലയാളി പ്രവാസികളുടെ ക്ഷേമത്തിനായി നിരന്തരം പ്രവർത്തിച്ചു.
കെഎംസിസിയിലെ സജീവമായ പങ്കാളിത്തം, ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്നിവയിലൂടെ അദ്ദേഹം സമൂഹത്തിൽ വലിയ സ്വാധീനം ചെലുത്തി. വ്യവസായത്തിൽ മാത്രമല്ല, സാമൂഹിക സേവന രംഗത്തും യഹ്‌യ തളങ്കര ഒരു മാതൃകയാണ്. നിരവധി പേർക്ക് തൊഴിൽ, ദുരിതബാധിതർക്ക് സഹായം തുടങ്ങിയ നിരവധി സൽകർമ്മങ്ങൾ കൊണ്ട് സജീവമാണ് അദ്ദേഹം.
ഡോ. അൻവർ അമീൻ ചേലാട്ട് പ്രസിഡന്റായും യഹ്‌യ തളങ്കര ജനറൽ സെക്രടറിയായും പി കെ ഇസ്മാഈൽ ട്രഷററായുമുള്ള കെഎംസിസിയുടെ അടുത്ത നാല് വർഷത്തേക്കുള്ള ഭാരവാഹികളെയാണ് തിരഞ്ഞെടുത്തത്. കെഎംസിസി ഉപദേശക സമിതി ചെയർമാൻ ശംസുദ്ദീൻ ബിൻ മുഹ്‌യിദ്ദീൻ അവതരിപ്പിച്ച പാനൽ 500 പേരടങ്ങുന്ന കൗൺസിൽ യോഗം ഐകകണ്ഠ്യേന അംഗീകരിച്ചു.
കാസർകോട് നിന്ന് സംസ്ഥാന കമ്മിറ്റിയിൽ വൈസ് പ്രസിഡന്റുമാരായി അബ്ദുല്ല ആറങ്ങാടിയും ഹംസ തൊട്ടിയും, സെക്രടറിമാരായി അഡ്വ. ഇബ്രാഹിം ഖലീൽ, അഫ്സൽ മൊട്ടമ്മൽ എന്നിവരും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മറ്റു ഭാരവാഹികൾ: ഇസ്മാഈൽ ഏറാമല, കെപിഎ സലാം, എ സി ഇസ്മാഈൽ, മുഹമ്മദ് പട്ടാമ്പി, ഒ മൊയ്തു, യാഹുമോൻ ചെമ്മുക്കൻ, ബാബു എടക്കുളം (വൈസ് പ്രസിഡന്റുമാർ), പി വി നാസർ, പി വി റഈസ്, അബ്ദുൽ ഖാദർ അരിപ്പാമ്പ്ര, ആർ ശുകൂർ, അബ്ദുസ്സമദ് ചാമക്കാല, ശഫീഖ് തിരുവനന്തപുരം (സെക്രടറിമാർ), ഒ കെ ഇബ്രാഹിം (സിഡിഎ ബോർഡ് ഡയറക്ടർ).
#KMCC #YahyaThalangara #Dubai #Kerala #expatriates #socialservice