കുട്ടികളെ ഭിക്ഷാടനത്തിനും കുറ്റകൃത്യങ്ങള്‍ക്കും ഉപയോഗിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി യുഎഇ
ദുബൈ: (www.kasargodvartha.com 13.02.2021) കുട്ടികളെ ഭിക്ഷാടനത്തിനും കുറ്റകൃത്യങ്ങള്‍ക്കും ഉപയോഗിച്ചാല്‍ കര്‍ശന നടപടി നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പുമായി യുഎഇ. 2000 മുതല്‍ 5000 ദിര്‍ഹം വരെ പിഴയും ഒരുവര്‍ഷം തടവും ലഭിക്കാവുന്ന കുറ്റമാണിതെന്ന് യുഎഇ പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു. ബോധവത്കരണത്തിന്റെ ഭാഗമായി യുഎഇ പബ്ലിക് പ്രോസിക്യൂഷന്‍ പുറത്തിറക്കിയ വിഡിയോയിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്.
കുട്ടികള്‍ക്ക് സംരക്ഷണവും വിദ്യാഭ്യാസവും നല്‍കാതെ അവരെ ഭിക്ഷാടനത്തിനും കുറ്റകൃത്യങ്ങള്‍ക്കും ഉപയോഗിക്കുന്നതിനെതിരെയെുള്ള മുന്നറിയിപ്പാണിത്. 1976 മുതല്‍ ഈ നിയമം യു.എ.ഇയില്‍ നിലവിലുണ്ടെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.
കുട്ടികളെ ഭിക്ഷാടനത്തിന് നിയോഗിക്കുന്നവുരം അതിന് പ്രേരിപ്പിക്കുന്നവരും കൂട്ടുനില്‍ക്കുന്നവരും കുറ്റവാളികളായിരിക്കും. കുട്ടികളെ കുറ്റകൃത്യത്തിന് പ്രേരിപ്പിക്കുന്നവര്‍ക്ക് കുട്ടികള്‍ കൃത്യം നിര്‍വഹിച്ചില്ലെങ്കിലും ശിക്ഷയുണ്ടാകും. കുട്ടികള്‍ക്കുനേരെ ഭീഷണിയും ബലപ്രയോഗവും സമാനമായ രീതിയിലാണ് കൈകാര്യം ചെയ്യുക. അധ്യാപകരാണെങ്കിലും ശിക്ഷാ നടപടികളില്‍ മാറ്റമുണ്ടാവില്ലെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി.
Keywords: Dubai, news, Gulf, World, Top-Headlines, Children, UAE warns of crackdown on child molest