സൗദി അറേബ്യയിലേക്ക് സ്ഥാനപതിയെ നിയമിച്ച് ഖത്വര്‍ ഭരണാധികാരിയുടെ ഉത്തരവ്
ദോഹ: (www.kvartha.com 12.08.2021) നീണ്ട നാലുവര്‍ഷത്തെ ഉപരോധത്തിനു ശേഷം സൗദിയിലേക്ക് ഖത്വറിന്റെ പുതിയ അംബാസഡര്‍. അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയാണ് ബന്ദര്‍ മുഹമ്മദ് അബ്ദുല്ല അല്‍ അതിയ്യയെ സൗദിയിലെ പുതിയ സ്ഥാനപതിയായി നിയമിച്ച് ഉത്തരവിറക്കിയത്.
ബന്ദര്‍ മുഹമ്മദ് അബ്ദുല്ല അല്‍ അതിയ്യയെ സൗദി സ്ഥാനപതിയായി നിയമിച്ച് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി ബുധനാഴ്ചയാണ് ഉത്തരവ് പുറത്തിറക്കിയത്. വൈകാതെതന്നെ അദ്ദേഹം റിയാദിലെത്തി ചുമതലയേല്‍ക്കും. നേരത്തേ കുവൈതിലും ഖത്വര്‍ സ്ഥാനപതിയായി പ്രവര്‍ത്തിച്ചിരുന്നു.
2017ലാണ് സൗദി അറേബ്യ ഉള്‍പെടെയുള്ള നാല് ഗള്‍ഫ് രാജ്യങ്ങള്‍ ഖത്വറിനെതിരെ ഉപരോധം ഏര്‍പെടുത്തിയത്. പിന്നാലെ ഇരുരാജ്യത്തിനുമിടയിലെ നയതന്ത്ര ബന്ധം മുറിഞ്ഞു. തുടര്‍ന്ന് നയതന്ത്ര ബന്ധം വിച്ഛേദിക്കുകയും അതിര്‍ത്തികള്‍ അടയ്ക്കുകയും ചെയ്തിരുന്നു.
നാല് വര്‍ഷം നീണ്ടുനിന്ന ഉപരോധം ഈ വര്‍ഷം ജനുവരിയിലാണ് അവസാനിപ്പിച്ചത്. തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാവുകയാണ്. ജൂണ്‍ മാസത്തില്‍ തന്നെ സൗദി അറേബ്യ ഖത്വറിലേക്കുള്ള തങ്ങളുടെ സ്ഥാനപതിയെ നിയമിക്കുകയും അദ്ദേഹം ദോഹയിലെത്തി സ്ഥാനമേല്‍ക്കുകയും ചെയ്തിരുന്നു.
സൗദിക്ക് പുറമെ, ഉപരോധത്തില്‍ പങ്കാളിയായിരുന്ന ഈജിപ്തും ഖത്തറുമായുള്ള നയതന്ത്ര ബന്ധം പുനഃസ്ഥാപിച്ചു. ഇരുരാജ്യവും കഴിഞ്ഞ മാസംതന്നെ പരസ്പരം അംബാസഡര്‍മാരെ നിയമിച്ചിരുന്നു. എന്നാല്‍, യു എ ഇ, ബഹ്‌റൈന്‍ എന്നിവര്‍ ഖത്തറുമായുള്ള നയതന്ത്ര ബന്ധം ഇനിയും പുനഃസ്ഥാപിച്ചിട്ടില്ല.
സൗദിക്ക് ബെല്‍ജിയം, യൂറോപ്യന്‍ യൂണിയന്‍, പാനമ, ക്യൂബ, ഇറ്റലി, ജോര്‍ജിയ എന്നീ രാജ്യങ്ങളിലേക്കും പുതിയ അംബാസഡര്‍മാരെ അമീര്‍ നിയമിച്ചിട്ടുണ്ട്. ഈജിപ്ത്, തുര്‍കി എന്നിവടങ്ങളില്‍ പുതിയ സ്ഥാനപതിമാര്‍ കഴിഞ്ഞ മാസം ചുമതലയേറ്റിരുന്നു.
Keywords: News, World, Gulf, Saudi Arabia, Doha, Top-Headlines, Qatar, Qatar appoints ambassador to Saudi Arabia