city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Promises | അബൂബക്കറിന്റെ വാഗ്ദാനങ്ങള്‍

പ്രവാസം, അനുഭവം, ഓര്‍മ (ഭാഗം - 11) 

-കുട്ടിയാനം മുഹമ്മദ് കുഞ്ഞി

(www.kasargodvartha.com) വളരെ കഷ്ടപ്പെട്ട് ഞെരുങ്ങി ഒതുങ്ങിക്കഴിഞ്ഞിരുന്ന സാഹചര്യത്തില്‍ നിന്നും തന്റെ ജീവിത നിലവാരം ഉയര്‍ത്തുന്നതിന് വേണ്ടിയായിരുന്നു അബൂബക്കര്‍ ദുബായില്‍ പോയത്. കവലയില്‍ ജീപ്പ് ക്ലീനറായി ജോലി ചെയ്തിരുന്ന അബൂബക്കര്‍ പൊതുവെ ഒരു പൊങ്ങച്ചം പറച്ചിലുകാരായിരുന്നതിനാല്‍ നന്നേ ചെറുപ്പത്തില്‍ തന്നെ നാട്ടുകാര്‍ ചാര്‍ത്തിക്കൊടുത്ത പേരാണ് ബഡായി അബൂബക്കര്‍ എന്നത്. നാട്ടില്‍ നിന്ന് സകലമാന ആളുകളും നല്ലൊരു ജോലിക്ക് വേണ്ടി ഗള്‍ഫുനാടുകളില്‍ പോയ കൂട്ടത്തില്‍ അബൂബക്കറും ആശമൂത്ത് ദുബായിലേക്ക് പോയെങ്കിലും അവിടെ കാര്യമായ ജോലിയൊന്നും കിട്ടിയതുമില്ല, കിട്ടിയ പണി ചെയ്യാന്‍ പറ്റിയതുമില്ല.
            
Promises | അബൂബക്കറിന്റെ വാഗ്ദാനങ്ങള്‍

അങ്ങനെ നാളുകള്‍ ഓരോന്നും കൊഴിഞ്ഞുപോയി. രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ നാട്ടില്‍ വരാതിരിക്കാനാവില്ലല്ലോയെന്ന് കരുതി ഗള്‍ഫില്‍ പോകുമ്പോള്‍ വായ്പയും കടവും വാങ്ങി ടിക്കറ്റും വിസയും എടുത്ത് പോയതുപോലെ തന്നെ തിരിച്ചും ആരോടൊക്കെയോ കടമിടപാടുകള്‍ നടത്തി കുറച്ചു സാധനങ്ങളുമായി നാട്ടില്‍ വന്നു. ഒന്നിനും ഒരു കുറവും വരുത്താത്ത രീതിയില്‍ കുടുംബക്കാര്‍ക്കും അയല്‍വാസികള്‍ക്കും ചങ്ങാതിമാര്‍ക്കുമെല്ലാം സമ്മാനപ്പൊതികള്‍ നല്‍കി. പാവപ്പെട്ടവര്‍ക്ക് അല്ലറചില്ലറ കൈമടക്കും നടത്തി, ബ്രൂട്ടിന്റെ പരിമണം പരത്തി ത്രീ ഫൈവ് സിഗരറ്റും പുകച്ച് ബാര്‍ബര്‍ ഷോപ്പില്‍ പോയി മുടിയെടുക്കാന്‍ ആറു രൂപയുടെ സ്ഥാനത്ത് നൂറ് രൂപയും നല്‍കി.
          
Promises | അബൂബക്കറിന്റെ വാഗ്ദാനങ്ങള്‍

ദുബായിക്കാരന്റെ പത്രാസില്‍ നടന്ന് മാസം ഒന്ന് കഴിഞ്ഞപ്പോള്‍ തന്നെ കീശ കാലിയായി ബേജാറ് പിടിച്ച് വീടിനകത്ത് തന്നെ ആരുമറിയാതെ ഒതുങ്ങിക്കഴിയേണ്ടിവന്നെങ്കിലും താടിയും മുടിയും വളരാതിരിക്കില്ലല്ലോ?. ഇതൊന്നു വെട്ടിച്ചു കളയാന്‍ എന്തുവഴിയെന്ന് ചിന്തിച്ചിരിക്കുമ്പോഴാണ് ഉമ്മയുടെ പിറുപിറുപ്പ് 'ഇതെന്ത് കോലം മുച്ചനെപ്പോലെ, പോയി മുടിയെടുത്ത് വന്ന് മനുഷ്യനെപ്പോലെ നിക്കട...' അവരുടെ ശകാരം കേട്ട് നിവൃത്തിയില്ലാതെ കരുണന്റെ ബാര്‍ബര്‍ ഷോപ്പില്‍ ചെന്നിരുന്ന് നല്ല മോഡല്‍ രീതിയില്‍ മുടിയും വെട്ടിച്ച് പോക്കറ്റില്‍ കൈയ്യിട്ടു കാശില്ലെന്ന് ഉറപ്പ് വരുത്തിയ ശേഷം കരുണേട്ടന്റെ മുഖത്ത് നോക്കി അബൂബക്കര്‍ ഉച്ചത്തില്‍ പറഞ്ഞു, 'അല്ല കരുണേട്ടാ അന്ന് ഞാന്‍ നൂറ് രൂപ തന്നിട്ട് ബാക്കി വാങ്ങിക്കാതെയാണ് പോയത്. ഇത് രണ്ടും കഴിച്ചു ബാക്കി ഇങ്ങോട്ടെടുത്തേ...'.

ഇത് പോലെ തന്നെ നിത്യചെലവിന് ബുദ്ധിമുട്ടുന്ന പഴയ ആളുകളെ കണ്ടാല്‍ അവരോട് പറയും, ഇപ്പോള്‍ ഞാന്‍ പേഴ്‌സെടുത്തില്ല, നിങ്ങള്‍ക്ക് നല്ലൊരു സംഖ്യ തരണമെന്ന് ഞാന്‍ കരുതിയിട്ടുണ്ടെന്ന്. സാമാന്യം മര്യാദക്ക് കഴിയുന്നവരോട് ഗള്‍ഫ് വിശേഷങ്ങളൊക്കെ പറഞ്ഞ് ഒടുവില്‍, നിങ്ങള്‍ക്ക് നല്ല മണമുള്ള ഒരു കുപ്പി അത്തറും ഷര്‍ട്ട് പീസും ഒരു ഹീറോ പേനയും അടുത്ത വരുത്തില്‍ മറക്കാതെ കൊണ്ടുവരുമെന്നും, അല്ല അത് വേണ്ട അടുത്ത് തന്നെ എന്റെ ജ്യേഷ്ഠന്‍ നാട്ടില്‍ വരുന്നുണ്ട് അദ്ദേഹത്തിന്റെ പക്കല്‍ കൊടുത്തുവിടാമെന്നും പറയും.

പിന്നെന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ ചോദിക്കാന്‍ മറക്കരുതേ. എന്നോട് എന്തു വേണമെങ്കിലും പറയാം എന്നൊക്കെ വീമ്പിളക്കി പറഞ്ഞ് ഒന്ന് കുണുങ്ങിച്ചിരിച്ച ശേഷം അബൂബക്കര്‍ ഇറങ്ങിപ്പോകും. പിന്നീട് കാണുമ്പോഴെല്ലാം ഇതേ വാക്കുകള്‍ ആവര്‍ത്തിക്കാറുള്ള അബൂബക്കറിന്റെ വാക്കും പഴയ ചാക്കും ഒരുപോലെയാണെന്ന് അറിയുന്നവര്‍ തമ്മില്‍ പറയാറുണ്ടെങ്കിലും അബൂബക്കറിന്റെ വാഗ്ദാനങ്ങള്‍ക്കായി എല്ലാവരും കാത്തിരിക്കുമായിരുന്നു.





Keywords:  Kerala, Kasaragod, Article, Story, Gulf, Dubai, Job, Aboobackar's promises.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia