city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Video | താന്‍ ഒരു തീവ്രവാദ സംഘടനയിലും പോയിട്ടില്ലെന്ന് പടന്നയിലെ മുഹമ്മദ് ശബീര്‍; വീഡിയോ പുറത്ത് വന്നു

പടന്ന: (www.kasargodvartha.com) താന്‍ ഒരു തീവ്രവാദ സംഘടനയിലും പോയിട്ടില്ലെന്ന് പടന്നയിലെ മുഹമ്മദ് ശബീര്‍ വ്യക്തമാക്കി. ബന്ധുക്കള്‍ക്ക് അയച്ചുകൊടുത്ത വീഡിയോ സന്ദേശത്തിലാണ് ശബീര്‍ ഇക്കാര്യം അറിയിച്ചത്. ശബീറിന്റെയും കുടുംബത്തിന്റെയും തിരോധനവുമായി ബന്ധപ്പെട്ട് ഭാര്യാസഹോദരന്റെ പരാതിയില്‍ ചന്തേര പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തീവ്രവാദ സംഘടനയിലേക്ക് പടന്ന സ്വദേശിയും കുടുംബവും പോയെന്നുള്ള വാര്‍ത്തകള്‍ പുറത്തുവന്നതോടെയാണ് ശബീര്‍ വിശദീകരണവുമായി രംഗത്ത് വന്നത്. എന്‍ഐഎ ഇതുമായി ബന്ധപ്പെട്ട് പടന്നയില്‍ അന്വേഷണത്തിന് എത്തിയതോടെയാണ് പടന്നയില്‍ നിന്നുള്ള കുടുംബം ദാഇശില്‍ ചേര്‍ന്നതായുള്ള പ്രചാരണം ശക്തമായത്.
         
Video | താന്‍ ഒരു തീവ്രവാദ സംഘടനയിലും പോയിട്ടില്ലെന്ന് പടന്നയിലെ മുഹമ്മദ് ശബീര്‍; വീഡിയോ പുറത്ത് വന്നു

നാല് മാസം മുമ്പാണ് ശബീറും തലശേരി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഭാര്യയും നാല് ആണ്‍മക്കളുമടങ്ങുന്ന കുടുംബം മതപഠനത്തിനായി യെമനിലേക്ക് പോയത്. സഊദി അറേബ്യ വഴിയാണ്, ഇന്‍ഡ്യ യാത്രാവിലക്ക് കല്‍പിച്ച യെമനിലേക്ക് ഇവര്‍ യാത്ര പോയത്. യെമനിലെ ദാറുല്‍ മുസ്ത്വഫ എന്ന പ്രശസ്തമായ മതപഠന കേന്ദ്രത്തിലാണ് താന്‍ വന്നിട്ടുള്ളതെന്നും അവിടെയുള്ള പ്രമുഖ മതപണ്ഡിതന്‍ ഹബീബ് ഉമറിന്റെ പ്രഭാഷണങ്ങളിലും പഠനത്തിലും ആകൃഷ്ടനായാണ് എത്തിയതെന്നും പെട്ടെന്ന് തന്നെ മടങ്ങുമെന്നുമാണ് 40 കാരനായ ശബീര്‍ പറയുന്നത്.

10 വര്‍ഷമായി ദുബൈയില്‍ താമസിച്ച് വരികയാണ് ശബീറും ഭാര്യയും മൂന്ന്, അഞ്ച്, ആറ്, ഒമ്പത് വയസുള്ള നാല് ആണ്‍മക്കളും. ഇക്കഴിഞ്ഞ ജൂണ്‍ മാസം ഒരാഴ്ചത്തെ അവധിക്ക് നാട്ടില്‍ വന്നിരുന്നതായി കുടുംബവുമായി ബന്ധപ്പെട്ടവര്‍ പറയുന്നു. മതപഠനത്തിന്റെ ഭാഗമായി നാല് മാസമായി സുഹൃത്തുക്കളുമായി ശബീറും കുടുംബവും ആശയ വിനിമയം നടത്തുന്നില്ല. അടുത്ത ബന്ധുക്കളുമായി മാത്രമാണ് ഇവരുടെ ആശയ വിനിമയം. എന്‍ഐഎ വന്നതിനെ തുടര്‍ന്നുണ്ടായ കോലാഹലവുമായി ബന്ധപ്പെട്ട് നിരവധി പേരാണ് തന്നെ ബന്ധപ്പെടുന്നതെന്നും അതുകൊണ്ടാണ് ഇത്തരമൊരു വീഡിയോ അയക്കുന്നതെന്നും ശബീര്‍ കൂട്ടിച്ചേര്‍ക്കുന്നു.
                   
Video | താന്‍ ഒരു തീവ്രവാദ സംഘടനയിലും പോയിട്ടില്ലെന്ന് പടന്നയിലെ മുഹമ്മദ് ശബീര്‍; വീഡിയോ പുറത്ത് വന്നു

വിമത ഗ്രൂപുകള്‍ പരസ്പരം യുദ്ധം ചെയ്യുന്ന സംഘര്‍ഷ മേഖലയായ യെമനിലേക്ക് കാസര്‍കോട് പടന്നയില്‍ നിന്നുള്ള കുടുംബം പോയതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസമാണ് എന്‍ഐഎ പടന്നയിലെത്തിയത്. വീട്ടുകാരുമായി എന്‍ഐഎ ഉദ്യോഗസ്ഥര്‍ സംസാരിച്ചതിനെ തുടര്‍ന്ന് ആശങ്കയ്ക്ക് വഴിയില്ലെന്ന വിലയിരുത്തലിലാണ് അന്വേഷണ ഏജന്‍സി എത്തിയിട്ടുള്ളത്. അതേസമയം തന്നെ പടന്ന പഞ്ചായത് പരിധിയിലെ രണ്ട് യുവാക്കള്‍ അവര്‍ ജോലി ചെയ്യുന്ന ഒമാനില്‍ നിന്നും സഊദിയില്‍ നിന്നും യെമനിലേക്ക് പോയതുമായി ബന്ധപ്പെട്ട് എന്‍ഐഎ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

2016 മെയ് മാസത്തില്‍ 17 പേര്‍ ഇന്‍ഡ്യയില്‍ നിന്നും വീടുവിട്ട് ദാഇശില്‍ ചേരാനായി അഫ്ഗാനിസ്താനിലെ സംഘര്‍ഹാര്‍ പ്രവിശ്യയിലേക്ക് പോയെന്ന റിപോര്‍ട് പുറത്തുവന്നതോടെയാണ് അന്വേഷണ ഏജന്‍സികള്‍ കാസര്‍കോട്ട് നിരീക്ഷണം ശക്തമാക്കിയത്. പാലക്കാട് സ്വദേശികളായ മറ്റ് രണ്ട് സഹോദരന്മാരും അവരുടെ ഭാര്യമാരും തീവ്രവാദ സംഘത്തിന്റെ ഭാഗമായിരുന്നതായും അന്വേഷണ ഏജന്‍സികള്‍ പറയുന്നു. ഇതില്‍ പലരും അമേരികന്‍ സഖ്യ സേനയുടെ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായും സ്ഥിരീകരണം ഉണ്ടായിരുന്നു.

താലിബാന്‍ അഫ്ഗാന്‍ ഭരണം പിടിച്ചെടുത്തതോടെ ജയിലിലായിരുന്ന സ്ത്രീകളും കുട്ടികളും അടക്കമുള്ളവരെ ,മോചിപ്പിച്ചിരുന്നുവങ്കിലും ഇവരൊന്നും തന്നെ ഇന്‍ഡ്യയിലേക്ക് തിരിച്ചുവന്നിട്ടില്ലെന്നാണ് വിവരം. ഇവരുടെ ഇപ്പോഴത്തെ സ്ഥിതിഗതികള്‍ എന്താണെന്ന് വ്യക്തമല്ല. 2022 മാര്‍ചില്‍ കാസര്‍കോട്, കോഴിക്കോട് സ്വദേശികളായ ദമ്പതികളുടെ നേതൃത്വത്തില്‍ 14 അംഗ കുടുംബം യെമനിലേക്ക് കടക്കാന്‍ ശ്രമിച്ചിരുന്നതായി വിവരമുണ്ട്. പ്രായപൂര്‍ത്തിയാകാത്ത നാല് കുട്ടികള്‍ ഉള്‍പെട്ട സംഘത്തെ സുരക്ഷാ വിഭാഗം തടഞ്ഞു തിരിച്ചയക്കുകയും ചെയ്തുവെന്നാണ് റിപോര്‍ട്.


ദുബൈയിലെ പ്രമുഖ ബിസിനസ് ഇംപ്രൂവ്മെന്റ് ആന്‍ഡ് മാനജിങ് കണ്‍സള്‍ടിങ് സ്ഥാപനത്തിന്റെ ദുബൈ റീജിയണല്‍ മാനജരും പരിശീലകനുമാണ് ഇപ്പോള്‍ വീഡിയോയിലൂടെ നിരപരാധിത്വം വ്യക്തമാക്കിയ ശബീര്‍. ദോഹ, ദുബൈ, കുവൈറ്റ്, ബെംഗ്‌ളൂരു, കൊച്ചി എന്നിവിടങ്ങളില്‍ കംപനിക്ക് സ്ഥാപനങ്ങളുണ്ട്. ശബീറിന്റെ ഭാര്യയും ദുബൈയില്‍ ജോലിക്കാരിയാണ്.

Keywords:  Latest-News, Kerala, Kasaragod, Gulf, Dubai, Viral-Video, Video, Top-Headlines, Religion, Complaint, Police, Mohammad Shabeer said that not joined any terrorist organization.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia