എമിറേറ്റ്‌സ് റെഡ് ക്രസന്റ് 'യെമന്‍ വി കെയര്‍' ക്യാമ്പയിനില്‍ കെഎംസിസി ഭാഗവാക്കാകും
Sep 9, 2015, 13:30 IST
ദുബൈ: (www.kasargodvartha.com 09/09/2015) കലാപക്കെടുതികള്‍ തകര്‍ത്തെറിയുന്ന യമനിലെ പതിനായിരങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ക്ക് പരിഹാരം കാണാന്‍ യു.എ.ഇ ഭരണ നേതൃത്ത്വത്തിന്റെ നിര്‍ദേശ പ്രകാരം എമിറേറ്റ്‌സ് റെഡ് ക്രസന്റ് ആവിഷ്‌കരിച്ച 'യെമന്‍ വി കെയര്‍' പദ്ധതിയിലേക്ക് ദുബൈ കെഎംസിസി സമാഹരിക്കുന്ന ഫണ്ടിലേക്ക് ദുബൈ കെഎംസിസി കാസര്‍കോട് മണ്ഡലം കമ്മിറ്റി ഭാരവാഹികള്‍ ഒരുദിന വേതനമോ അതിലധികമോ നല്‍കി ഭാഗവാക്കാകാന്‍ കമ്മിറ്റി ഭാരവാഹികളുടെ യോഗം തീരുമാനിച്ചു.
യുദ്ധകെടുതിയില്‍ യെമന്റെ മണ്ണും മനസ്സും തകര്‍ന്നിരിക്കുന്നു. ആഭ്യന്തര യുദ്ധം തുടരുന്ന അവിടെ നിന്നുള്ള ദയനീയ വാര്‍ത്തകളും ദാരുണ കാഴ്ചകളും ഓരോ മനുഷ്യ സ്‌നേഹിയുടെയും കരളലിയിപ്പിക്കുന്നതാണ്. സ്ഥിതികളുടെ ഗൗരവത്തെക്കുറിച്ച് ഐക്യരാഷ്ട്ര സഭ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. യെമന്റെ പുനരുദ്ധാരണത്തിന് അടിയന്തിര സഹായങ്ങളുടെ കരുതലുണ്ടായില്ലെങ്കില്‍ വന്‍ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നാണ് യു.എന്‍ പറയുന്നത്. വീടും മറ്റു സമ്പാദ്യങ്ങളും നഷ്ടപ്പെട്ടവര്‍ നിരവധിയാണ്. വിധകളായവര്‍, രോഗികള്‍, കുരുന്നുമക്കള്‍, വികലാംഗര്‍, പരിചരിക്കാന്‍ ആരുമില്ലാതെ കഷ്ടപ്പെടുന്ന വൃദ്ധര്‍ ഇതാണവിടത്തെ സ്ഥിതി. ഭക്ഷ്യ- കുടിവെള്ള ക്ഷാമവും ഇന്ധന ദൗര്‍ലഭ്യവും ഒരുഭാഗത്ത്. മരുന്നിന്റെയും മറ്റ് ചികിത്സാ സൗകര്യങ്ങളുടെയും അപര്യാപ്തത വേറെയും. 12ലക്ഷം കുട്ടികള്‍ക്ക് പോഷകാഹാരം കിട്ടുന്നില്ല. ഈ പശ്ചാത്തലത്തില്‍ കരുണക്കു വേണ്ടി ദാഹിക്കുന്ന അവരെ സഹായിക്കേണ്ടത് നമ്മുടെ ബാധ്യതയാണെന്നും യോഗം അഭിപ്രായപ്പെട്ടു.
പ്രസിഡണ്ട് സലാം കന്യപ്പാടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി.ഡി നൂറുദ്ദീന്‍ സ്വാഗതം പറഞ്ഞു. ദുബൈ കെഎംസിസി കാസര്‍കോട് മണ്ഡലം വൈസ് പ്രസിഡണ്ടുമാരായ സലീം ചേരങ്കൈ, ഇ.ബി അഹ് മദ് ചെടേക്കാല്‍, ഐ.പി.എം ഇബ്രാഹിം, അസീസ് കമാലിയ, സെക്രട്ടറിമാരായ റഹീം നെക്കര, മുനീഫ് ബദിയഡുക്ക, സിദ്ദീഖ് ചൗക്കി, റഹ് മാന്‍ പടിഞ്ഞാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ദുബൈ കെഎംസിസി കാസര്‍കോട് മണ്ഡലം ട്രഷറര്‍ ഫൈസല്‍ പട്ടേല്‍ നന്ദി പറഞ്ഞു.
Keywords : KMCC, Kasaragod, Kerala, Gulf, Financial Aid, Yemen.