ദുബൈ ഡ്യൂടിഫ്രീയുടെ 7.3 കോടി രൂപയുടെ സമ്മാനാർഹൻ മലയാളി; ബംബറടിച്ചത് കോവിഡില്‍ ജോലി നഷ്ടമായി നാട്ടിലേക്ക് മടങ്ങുന്ന കാസര്‍കോട് സ്വദേശിക്ക്
Dec 21, 2020, 11:50 IST
ദുബൈ: (www.kasargodvartha.com 20.12.2020) ദുബൈ ഡ്യൂടിഫ്രീയുടെ 7.3 കോടി രൂപയുടെ സമ്മാനത്തിന് മലയാളി അർഹനായി. ഭാഗ്യം തുണച്ചത് കോവിഡില്‍ ജോലി നഷ്ടമായി നാട്ടിലേക്ക് മടങ്ങുന്ന കാസര്‍കോട് സ്വദേശിയെ.
കാഞ്ഞങ്ങാട്ടെ നവനീത് സജീവനാണ് 7.3 കോടി ഇന്ത്യന്‍ രൂപയുടെ സൗഭാഗ്യത്തിന് ഉടമയായത്. ഇയാള്‍ നാലു വര്‍ഷമായി അബുദാബിയിലെ കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു.
കോവിഡിനെ തുടര്‍ന്ന് ഈ കമ്പനിയിലെ ജോലി നഷ്ടമായി. ഡിസംബര്‍ 28-നാണ് ജോലിയില്‍ നിന്നും പിരിഞ്ഞു പോകേണ്ട ദിവസം.
മറ്റേതെങ്കിലും ജോലിക്കായുള്ള കൂടിക്കാഴ്ച കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് സമ്മാനം ലഭിച്ചെന്ന ഫോണ്‍ സന്ദേശം ലഭിച്ചത്. സുഹൃത്തുക്കളായ നാല് പേര്‍ക്കൊപ്പമാണ് ഇയാള്‍ ടിക്കറ്റെടുത്തത്. ദുബൈ ഡ്യൂടി ഫ്രീയുടെ മില്ലേനിയം മില്യനര്‍ നറുക്കെടുപ്പ് ആരംഭിച്ച ശേഷം 10 ലക്ഷം ഡോളര്‍ സമ്മാനം ലഭിക്കുന്ന 171-ാമത്തെ ഇന്ത്യക്കാരനാണ് നവനീത്.
ഇതില്‍ മലയാളികളായ നിരവധി പേര്‍ക്കും സമ്മാനം കിട്ടിയിട്ടുണ്ട്.
ഭാര്യയും ഒരു വയസുള്ള മകനുമടങ്ങിയതാണ് നവനീതിന്റെ കുടുംബം.
Keywords: Kasaragod, News, Dubai, Kanhangad, Cash, COVID-19, Lottery, Jobless Malayali wins 7.36 Cr at Dubai Duty Free draw.