അതിവേഗത്തില്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് മക്കയിലെ ഹറം പള്ളിയിലേക്ക് ഇടിച്ചുകയറി; യുവാവ് അറസ്റ്റില്‍
റിയാദ്: (www.kasargodvartha.com 31.10.2020) അതിവേഗത്തില്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് മക്കയിലെ സ്ജിദുല്‍ ഹറമിലേക്ക് ഇടിച്ചുകയറി. സംഭവത്തില്‍ വാഹനമോടിച്ച യുവാവിനെ സൗദി സുരക്ഷാ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. കഅ്ബ ഉള്‍ക്കൊള്ളുന്ന ഹറം പള്ളിയുടെ ഒരു വാതിലിലേക്കാണ് കാര്‍ പാഞ്ഞുകയറിയതെന്ന് സൗദി അറേബ്യയുടെ ഒദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. കാറോടിച്ചിരുന്നയാളിന് മാനസിക വിഭ്രാന്തിയുള്ളതായി അധികൃതര്‍ പറഞ്ഞു.
വെള്ളിയാഴ്ച രാത്രി 10.30 മണിയോടെയായിരുന്നു സംഭവം. പള്ളിയുടെ തെക്ക് ഭാഗത്തുള്ള റോഡിലൂടെ അതിവേഗത്തില്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് ഹറമിന്റെ ഒരു വാതിലിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്ന് മക്ക റീജ്യന്‍ ഔദ്യോഗിക വക്താവ് സുല്‍ത്താന്‍ അല്‍ ദോസരി പറഞ്ഞു. വാതിലില്‍ ഇടിക്കുന്നതിന് മുമ്പ് ഒരു ബാരിക്കേഡ് തകര്‍ത്താണ് കാര്‍ മുന്നോട്ട് കുതിച്ചത്.
ജനത്തിരക്ക് കുറവായിരുന്നതിനാല്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. കാറോടിച്ചിരുന്നത് സൗദി പൗരനാണെന്നും ഇയാള്‍ മാനസിക വിഭ്രാന്തി പ്രകടിപ്പിക്കുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു. ഇയാളെ തുടര്‍ നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറി.
Keywords: Riyadh, news, Gulf, World, Top-Headlines, Car, Accident, arrest, Youth, Car crashes into door at Makkah Grand Mosque door