Tribute Event | ‘തുളു നാടിന്റെ പ്രിയപ്പെട്ട നേതാവ്’; എം വി യൂസഫിനെ അനുസ്മരിച്ചു
● നാട്ടിൻപുറത്തുകാരനായ യൂസുഫ് അതിൻ്റെ എല്ലാ നൻമയും ഉൾക്കൊണ്ടിരുന്നു.
● സാമൂഹിക പരിവർത്തനത്തിലെ അദ്ദേഹത്തിന്റെ വലിയ സംഭാവനകൾ ഓർമ്മിച്ചു
● നിരവധി പ്രമുഖർ പങ്കെടുക്കുന്ന ചടങ്ങിൽ, ഭാരവാഹികൾ പ്രസംഗിച്ചു
ദുബൈ: (KasargodVartha) തുളു നാട്ടിലെ പാവപ്പെട്ടവരുടെ ശബ്ദമായിരുന്ന, സാമൂഹിക-രാഷ്ട്രീയ-സാംസ്കാരിക പ്രവർത്തകൻ എം.വി. യൂസഫിനെ അനുസ്മരിക്കുന്ന ചടങ്ങ് ദുബായ് ഖിസൈസിലെ സ്പോർട്സ് സ്റ്റാർ റെസ്റ്റോറൻ്റിൽ നടന്നു. ദുബായ് മലബാർ കലാ സാംസ്കാരിക വേദി സംഘടിപ്പിച്ച ഈ പരിപാടിയിൽ നിരവധി പ്രമുഖർ പങ്കെടുത്തു.
സാമൂഹിക, രാഷ്ട്രിയ പ്രവർത്തനങ്ങളിൽ ജന ഹൃദയങ്ങളിൽ സ്ഥാനം നേടിയ ചുരുക്കം ചില നേതാക്കളിൽ ഒരാളായിരുന്നു എം.വി യൂസഫെന്നും, തുളു നാട്ടിൽ പൊതു പ്രവർത്തനരംഗത്ത് എന്നും എപ്പോഴും ജനങ്ങളോടൊപ്പം നിന്നിരുന്ന, അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ ശ്രമിച്ചിരുന്ന പച്ചയായ മനുഷ്യ സ്നേഹികൂടിയായിരുന്നു അദ്ദേഹമെന്നും എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ കെ.എം. അബ്ബാസ് പറഞ്ഞു. യൂസഫ്ഫിൻ്റെ ജീവിതം തുളു നാടിന്റെ സാമൂഹിക പരിവർത്തനത്തിൽ നിർണായകമായ പങ്ക് വഹിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
നാട്ടിൻപുറത്തുകാരനായ യൂസുഫ് അതിൻ്റെ എല്ലാ നൻമയും ഉൾക്കൊണ്ടിരുന്നു. ദുബൈയിൽ അടക്കം സാംസ്കാരിക മേഖലയിൽ മുദ്രപതിപ്പിച്ചിരുന്ന അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന സംഘടനകൾക്ക് അഭിമാനമായിരുന്നു അദ്ദേഹത്തിൻ്റെ പ്രവർത്തനങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വേദി ട്രഷറർ ബഷീർ പള്ളിക്കര അധ്യക്ഷത വഹിച്ച സമ്മേളനം, ഇൻകാസ് കേന്ദ്ര കമ്മിറ്റി ജനറൽ സെക്രട്ടറി പുന്നാക്കൻ മുഹമ്മദ് അലി ഉദ്ഘാടനം ചെയ്തു. യൂസഫിൻ്റെ സംഘടനാ കഴിവുകളെയും അദ്ദേഹം നയിച്ച സംഘടനകളുടെ വളർച്ചയെയും അദ്ദേഹം പ്രശംസിച്ചു.
ജനറൽ കൺവീനർ അഷ്റഫ് കർള സ്വാഗതം പറഞ്ഞു. അറബ് പ്രമുഖ മറിയം അൽകൂരി, സിജി സയിസി എന്നിവർ മുഖ്യതിഥികളായിരുന്നു. ഇഖ്ബാൽ ഹത്ബൂർ, ഹൈദ്രോസി തങ്ങൾ, അബ്ബാസ് ഹാജി മാട്ടൂൽ, ഷാഹുൽ തങ്ങൾ, ഇബ്രാഹിം ബെരിക്കെ, മുസ്താഖ് ജബാർ ബൈദൽ, ഷബീർ കൈതക്കാട്, ഷാഫി അജ്മാൻ, അലി ഷഹാമ തുടങ്ങിയർ സംസാരിച്ചു. ശബീർ കിഴുർ നന്ദി പറഞ്ഞു.
അനുസ്മരണ സമ്മേളനത്തിൽ പങ്കെടുത്ത പ്രമുഖർ യൂസഫ്നെക്കുറിച്ചുള്ള സ്നേഹനിധികളും ഓർമ്മകളും പങ്കുവച്ചു. അദ്ദേഹത്തിന്റെ മരണം തുളു നാടിന് ഒരു വലിയ നഷ്ടമാണെന്നും അദ്ദേഹത്തിന്റെ ആശയങ്ങൾ നമുക്ക് പ്രചോദനമായിരിക്കണമെന്നും അവർ പറഞ്ഞു.
#MVYusuf #TuluLeader #DubaiTribute #SocialReformer #CulturalLeader #TuluNadu