city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സ്പോണ്‍സറുടെ മര്‍ദ്ദനമേറ്റ യുവാവ് നീതി തേടുന്നു

സ്പോണ്‍സറുടെ മര്‍ദ്ദനമേറ്റ യുവാവ് നീതി തേടുന്നു
Noushad
ജിദ്ദ: സ്പോണ്‍സറായ സ്ത്രീയും ബന്ധുക്കളും ക്രൂരമായി മര്‍ദ്ദിക്കുകയും വെള്ളം പോലും നല്‍കാതെ മുറില്‍ പൂട്ടിയിടുകയും ചെയ്തു എന്ന പരാതിയുമായി മലയാളി യുവാവ് ഇന്ത്യന്‍ കോണ്‍സുലേറ്റിനെ സമീപിച്ചു. തൃശൂര്‍ മാള സ്വദേശി കസാലി നൌഷാദ് ആണ് ജിദ്ദ കോണ്‍സുലേറ്റില്‍ പരാതി നല്‍കിയത്. ആറുമാസം മുമ്പാണ് ഹൌസ് ഡ്രൈവര്‍ വിസയില്‍ നൌഷാദ് ജിദ്ദയിലെത്തുന്നത്. ജേഷ്ഠന്‍ ജമാല്‍ ജിദ്ദ ഫൈസലിയയിലെ കണ്ണൂര്‍ സ്വദേശി നാസറില്‍ നിന്നാണ് വിസ വാങ്ങിയത്. ജിദ്ദയിലെത്തി രണ്ടു ദിവസത്തിനു ശേഷം മധ്യവയസ്കയായ സ്പോണ്‍സര്‍ ത്വാഇഫിലെ അവരുടെ വീട്ടിലേക്കു കൂട്ടിക്കൊണ്ടു പോയി. അവിടെ എത്തിയതു മുതല്‍ ഡ്രൈവര്‍ ജോലിക്കു പുറമെ വീട്ടിലെ ജോലികളും വിശ്രമമില്ലാതെ ചെയ്യേണ്ടി വന്നു. സമയത്തിന് ഭക്ഷണവും ഉറക്കവും കിട്ടാതെ പ്രമേഹ രോഗിയായ താന്‍ തളര്‍ന്നു പോയതായി നൌഷാദ് പറയുന്നു. ജോലി തുടരാന്‍ കഴിയാത്തതിനാല്‍ എക്സിറ്റില്‍ തന്നെ നാട്ടിലയക്കണമെന്ന് സ്പോണ്‍സറോട് അഭ്യര്‍ഥിച്ചെങ്കിലും അവര്‍ ചെവിക്കൊണ്ടില്ല. അതിനു ശേഷം സ്പോണ്‍സര്‍ നൌഷാദിനെ മര്‍ദ്ദിക്കാനും തുടങ്ങി. ആറു മാസമായിട്ടും ഇഖാമയോ, ഡ്രൈവിങ് ലൈസന്‍സോ നല്‍കിയിരുന്നില്ല. ഒരിക്കല്‍ മര്‍ദ്ദനമേറ്റ് ചെവിയില്‍ നിന്ന് രക്തം വരികയും ആശുപത്രിയില്‍ ചികില്‍ത്സ തേടുകയും ചെയ്തു.

എക്സറേയില്‍ അകത്ത് പരിക്കുണ്ടെന്ന് ഡോക്ടര്‍ അറിയിച്ചു. അതിനു ശേഷം നാട്ടിലയക്കാമെന്നു പറഞ്ഞ് സ്പോണ്‍സര്‍ നൌഷാദിനെ ജിദ്ദയിലേക്കു കൊണ്ടു വരികയും തന്ത്രത്തില്‍ റൂമില്‍ പൂട്ടിയിട്ട് ബന്ധുക്കളെ വിളിച്ച് വരുത്തി മൂന്നു ദിവസം ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. കൂടാതെ നൌഷാദിന് സുഖമില്ലെന്നു പറഞ്ഞ് ജേഷ്ഠന്‍ ജമാലിനെ വിളിച്ചു വരുത്തി ജിദ്ദ ജനാദ്രിയ പെട്രോള്‍ പമ്പിനടുത്തു വച്ച് മര്‍ദ്ദിച്ച് അവശനാക്കുകയും കള്ളക്കേസില്‍ കുടുക്കി ജയിലിലടക്കുകയും ചെയ്തു. ജമാലിന്റെ കമ്പനി ഇടപെട്ടതിനെ തുടര്‍ന്നാണ് അദ്ദേഹം ജയില്‍ മോചിതനായത്. നൌഷാദിന്റെ മൊബൈല്‍ വാങ്ങി വച്ച് വീട്ടില്‍ നിന്ന് പുറത്താക്കുകയും ശേഷം ചാടിപ്പോയതായി കാണിച്ച് വിസ ഹുറൂബാക്കുകയും ചെയ്തു. ഹൂറൂബാക്കുന്നതിനു മുമ്പ് തന്നെ നൌഷാദ് മര്‍ദ്ദനമേറ്റതിന്റെ മെഡിക്കല്‍ റിപോര്‍ട്ട് കാണിച്ച് ഫ്രറ്റേണിറ്റി ഫോറം പ്രവര്‍ത്തകരുടെ സഹായത്തോടെ ത്വാഇഫ് പോലീസില്‍ പരാതി നല്‍കിയിരുന്നു.

സ്പോണ്‍സര്‍ ത്വാഇഫില്‍ ഇല്ലാത്തതിനാല്‍ ഈ പരാതി ജിദ്ദ നുസ്ല പോലീസ് സ്റ്റേഷനിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തിട്ടുണ്ട്. തനിക്ക് കിട്ടാനുള്ള ശമ്പളവും മൊബൈല്‍ ഫോണും വാങ്ങിത്തന്ന് നാട്ടിലെത്തിക്കണമെന്ന് നൌഷാദ് കോണ്‍സുലേറ്റ് വെല്‍ഫയര്‍ വിഭാഗത്തില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഇത്രയും കാലം എല്ലാം സഹിച്ച് മനോ ധൈര്യത്തോടെ പിടിച്ചു നില്‍ക്കാന്‍ സാധിച്ചത് ത്വാഇഫിലും ജിദ്ദയിലുമുള്ള ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം പ്രവര്‍ത്തകരുടെയും ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെയും സഹകരണം കൊണ്ടാണെന്ന് നൌഷാദ് പറഞ്ഞു.

Keywords: Noushad, IFF,Jeddah

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia