city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വന്‍ താരനിരയുമായി ഏഷ്യാവിഷന്‍ മൂവീ അവാര്‍ഡ്‌സ് സമര്‍പ്പണം വെള്ളിയാഴ്ച

വന്‍ താരനിരയുമായി ഏഷ്യാവിഷന്‍ മൂവീ അവാര്‍ഡ്‌സ് സമര്‍പ്പണം വെള്ളിയാഴ്ച
ഷാര്‍ജ: അഞ്ചാമത് ഏഷ്യാവിഷന്‍ മൂവീ അവാര്‍ഡ്‌സ് സമര്‍പ്പണവും താരസംഗമവും വെള്ളിയാഴ്ച ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കും. വൈകിട്ട് ആറ് മണിക്ക് ആരംഭിക്കുന്ന ചടങ്ങില്‍ മലയാള സിനിമാ രംഗത്തെ സൂപ്പര്‍ താരങ്ങള്‍ക്കു പുറമെ ഹിന്ദി, തമിഴ് സിനിമാ ലോകത്തെ പ്രമുഖ താരങ്ങളും അണിയറ പ്രവര്‍ത്തകരും ഒത്തുചേരും. 2000 ജനുവരി ഒന്നിനു ശേഷം ഇറങ്ങിയ ചിത്രങ്ങളിലെ നിരവധി മികച്ച വേഷങ്ങള്‍ മുന്‍നിര്‍ത്തി മില്ലേനിയം സ്റ്റാര്‍ അവാര്‍ഡ് നേടിയ നടന്‍ പത്മശ്രീ ഭരത് മമ്മൂട്ടി, തെന്നിന്ത്യന്‍ താരങ്ങളായ ജയപ്രദ, അനുപം ഖേര്‍, തമിഴ് സൂപ്പര്‍താരം പ്രഭുദേവ മലയാളത്തിലും ബോളിവുഡിലും തിളങ്ങിയ ജനീലിയ ഡിസൂസ, സന്തോഷ് ശിവന്‍, സിദ്ദീഖ് തുടങ്ങി വന്‍ നിര തന്നെ അവാര്‍ഡ് സ്വീകരിക്കാനെത്തുന്നുണ്ട്.
സംഗീത രംഗത്ത് അരനൂറ്റാണ്ട് പിന്നിടുന്ന ഇതിഹാസ ഗായകന്‍ പത്മഭൂഷണ്‍ കെ ജെ യേശുദാസിനെ സമഗ്ര സംഭാവനക്കുള്ള ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡു നല്‍കി ചടങ്ങില്‍ പ്രത്യേകം ആദരിക്കും.
ഓസ്‌കാര്‍ നോമിനേഷന്‍ ലഭിച്ച ആദാമിന്റെ മകന്‍ അബുവിലൂടെ ദേശീയ ശ്രദ്ധ നേടിയ നടന്‍ സലീം കുമാറിന് 2011ലെ മികച്ച നടനുള്ള പുരസ്‌കാരം ചടങ്ങില്‍ സമ്മാനിക്കും. ഈ ചിത്രത്തെ മികച്ച ഇന്ത്യന്‍ ചിത്രമായും 'ഉറുമി'യെ മികച്ച മലയാള ചിത്രമായും വോട്ടര്‍മാര്‍ തിരഞ്ഞെടുത്തിരുന്നു.
'ഇന്ത്യന്‍ റുപ്പീ'യിലൂടെ മികച്ച സ്വഭാവ നടനുള്ള അവാര്‍ഡ് നേടിയ പത്മശ്രീ തിലകന്‍, പ്രതിനായകനുള്ള അവാര്‍ഡ് നേടിയ ജഗതി ശ്രീകുമാര്‍ (ചിത്രം ഉറുമി), യുവതാരങ്ങളായ അനൂപ്‌മേനോന്‍, ശ്വേതാമേനോന്‍, നരേന്‍, റഹ്മാന്‍, ജയസൂര്യ, സംവൃതാ സുനില്‍, മൈഥിലി, അനന്യ, ഉണ്ണി മുകുന്ദന്‍, വന്ദനാ മേനോന്‍ എന്നിവരും സംവിധായകരായ രഞ്ജിത്ത്, ബ്ലെസ്സി, സലീം അഹമ്മദ്, ആഷിഖ് അബു, രാജേഷ് പിള്ള, ഗായകന്‍ എം ജി ശ്രീകുമാര്‍, സംഗീത സംവിധായകന്‍ ബിജിബാല്‍, തിരക്കഥാകൃത്തുക്കളായ സഞ്ജയ് ബോബി, ശങ്കര്‍ രാമകൃഷ്ണന്‍, നിര്‍മാതാക്കളായ ലിസ്റ്റിന്‍ സ്റ്റീഫന്‍, ഷാജി നടേശന്‍, ഡബ്ലിംഗ് ആര്‍ടിസ്റ്റ് ഷോബി തിലകന്‍, എ എസ് ദിനേശ് എന്നിവരും അവാര്‍ഡ് സ്വീകരിക്കാനെത്തും.
അവാര്‍ഡ് നിശയോടനുബന്ധിച്ച് ബോളിവുഡ് ഗായകന്‍ ബെന്നിദയാല്‍, സ്റ്റീഫന്‍ ദേവസ്സി, വി. ശ്രീകുമാര്‍, അഫ്‌സല്‍, കണ്ണൂര്‍ ഷരീഫ്, നാടന്‍ പാട്ടിലെ വിസ്മയം പ്രസീത, മൃദുലാവാര്യര്‍ എന്നിവരുടെ ഗാനമേളയും രമേഷ് പിഷാരടി - ധര്‍മജന്‍ ടീമിന്റെ ഹാസ്യ പരിപാടികളും അരങ്ങേറും. രഞ്ജിനി ഹരിദാസ്, കിഷോര്‍ സത്യ എന്നിവരാണ് പരിപാടിയുടെ അവതാരകര്‍.
ഹിറ്റ് 96.7 എഫ്. എം, ഏഷ്യാനെറ്റ് മിഡിലീസ്റ്റ്, ലെന്‍സ്മാന്‍ ക്രിയേഷന്‍സ് എന്നിവരുടെ സഹകരണത്തോടെ ഏഷ്യാവിഷന്‍ അഡ്വര്‍ടൈസിംഗാണ് പരിപാടിയുടെ സംഘാടകര്‍. ഏഷ്യാവിഷന്‍ അവാര്‍ഡ് നിരയിലെ പത്താമത്തേതും മൂവീ അവാര്‍ഡ്‌സിലെ അഞ്ചാമത്തെയും അവാര്‍ഡ്ദാന ചടങ്ങാണ് വെള്ളിയാഴ്ച നടക്കുന്നത്.
ഇലക്ട, എസ് ബി എം ആയൂര്‍, അല്‍ ഐന്‍ ഡയറി, ഇമ്മാനുവല്‍ സില്‍ക്‌സ് എന്നിവരാണ് മുഖ്യപ്രായോജകര്‍. ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തിലും ലുലുവിന്റെ എല്ലാ ഔട്ട്‌ലെറ്റുകളിലും ഷാര്‍ജയിലെ ഫാത്തിമ, മനാമ സൂപ്പര്‍ മാര്‍ക്കറ്റുകളിലും ടിക്കറ്റുകള്‍ ലഭ്യമാണ്. 050 9626747/ 055 3469742 എന്നീ നമ്പറുകളില്‍ ബന്ധപ്പെട്ടാലും ടിക്കറ്റുകള്‍ ലഭ്യമാവും.

Keywords: Sharjah, Asiavision Awards, 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia