city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മഹ്മൂദിന്റെ കച്ചവട തന്ത്രങ്ങള്‍

പ്രവാസം, അനുഭവം, ഓര്‍മ (ഭാഗം - 6) 

-കുട്ടിയാനം മുഹമ്മദ് കുഞ്ഞി

(www.kasargodvartha.com) ഷാര്‍ജയില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്ന കാലത്ത് അവിടെത്തെ ഒരു റെസ്റ്റോറന്റില്‍ വെച്ച് എന്നും കണ്ടുമുട്ടാറുണ്ടായിരുന്ന ഒരു സ്വകാര്യ പിക്കപ്പ് ടാക്‌സി ഡ്രൈവറായിരുന്നു പാനൂര്‍ക്കരന്‍ മഹ്മൂദ്. അദ്ദേഹവുമായി കൂടുതല്‍ അടുക്കുകയും ആ സൗഹൃദം മൂത്ത് ദിവസവും രാത്രി കാണുകയും ഏറെ നേരം പല കാര്യങ്ങളും സംസാരിച്ചു പോകുകയും പതിവായിരുന്നു. ആ കൂടിക്കാഴ്ചകളിലൂടെ പല പുതിയ ബിസിനസ് കാര്യങ്ങളെ കുറിച്ച് സംസാരിക്കുകയും, എന്തെങ്കിലും കച്ചവടങ്ങളിലേക്ക് നീങ്ങി നേരായവഴിയില്‍ തന്നെ എളുപ്പത്തില്‍ പണമുണ്ടാക്കാനാവുന്ന ഏതെങ്കിലും ഏര്‍പ്പാടുകളെ കുറച്ചുതന്നെയായിരുന്നു ഏറെയും ചര്‍ച്ച ചെയ്തിരുന്നത്.
          
മഹ്മൂദിന്റെ കച്ചവട തന്ത്രങ്ങള്‍

അദ്ദേഹത്തിന്റെ കൈയ്യില്‍ ആവശ്യത്തിനുള്ള പണമില്ലെങ്കിലും മഹ്മൂദ് നല്ലൊരു കച്ചവട തന്ത്രങ്ങളുള്ള ആളായിരുന്നു. സ്വന്തമായി ഒരു വാഹനം കൂടി കൈയ്യിലുണ്ടായിരുന്നത് അദ്ദേഹത്തിന്റെ ഒരു പ്ലസ് പോയന്റുകൂടിയായിരുന്നു. നമ്മുടെ കൈവശമുള്ള കാശും പിന്നെ കുറച്ചു ചങ്ങാതിമാരില്‍ നിന്നും മറ്റും കടമായോ ഷെയര്‍ തരാമെന്ന് പറഞ്ഞ് കുറച്ചു പണം കൂടി സ്വരൂപിച്ചാല്‍ രണ്ടോ മൂന്ന് ജീവനക്കാരേയും വെച്ച് ഒരു കഫത്തേരിയ നടത്തിയാല്‍ തന്നെ ഒരു എക്‌സ്ട്രാ വരുമാനമാകും. അത് ഒരു ദിവസ ചിട്ടിയില്‍ നിക്ഷേപിച്ചാല്‍ വര്‍ഷം കൂടുമ്പോള്‍ നല്ലൊരു വരുമാനമായി മാറുകയും ചെയ്യും.
             
മഹ്മൂദിന്റെ കച്ചവട തന്ത്രങ്ങള്‍

മറ്റൊന്ന്, പഴയ അറബി വില്ലകള്‍ വാടകക്കെടുത്ത് ആ വലിയ വീടുകളെ അല്പം മാറ്റങ്ങള്‍ വരുത്തി, അതായത് പാര്‍ട്ടീഷന്‍ ചെയ്ത് ചെറിയ റൂമുകളാക്കി മാറ്റിയെടുത്ത് വാടകയ്ക്ക് കൊടുക്കുകയാണെങ്കില്‍ അതും നല്ലൊരു വരുമാന മാര്‍ഗ്ഗമായി മാറും. ഇതിന്ന് മുതല്‍ മുടക്കാന്‍ എന്റെ പക്കല്‍ ഇപ്പോള്‍ ഒരു ഫില്‍സു പോലുമില്ല. ഇങ്ങിനെയൊക്കെ പല മോഹന വാഗ്ദാനങ്ങളും നല്‍കി വരുന്നതിനിടയില്‍ ഒരു ദിവസം മഹ്മൂദ് വന്നു പറഞ്ഞു, ഷാര്‍ജ സാബിയയില്‍ പഴയൊരു അറബി വില്ല തരപ്പെട്ടിട്ടുണ്ട്, അതൊന്ന് പോയി നോക്കി എടുത്ത് റീ കണ്ടീഷന്‍ ചെയ്‌തെടുക്കണം, കുറച്ച് കാഷ് ഇറക്കേണ്ടതായി വരും, പിന്നൊന്നും അറിയണ്ട താമസിക്കാന്‍ ഫാമിലികളെത്തന്നെ കിട്ടും, അതാവുമ്പോള്‍ കുടുതല്‍ അംഗങ്ങളും കാണില്ല, വാടകയും ശരിക്ക് തരും, അങ്ങിനെ മാസാമാസം നല്ലൊരു സംഖ്യ കൈയ്യില്‍ വരും ഉറപ്പാണ്'.

അതിന് ആവശ്യമായ പണവും ഇറക്കി അറബിയുമായി അഗ്രിമെന്റും കഴിഞ്ഞു കെട്ടിടത്തിത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. എനിക്ക് കമ്പനിയില്‍ തിരക്കിട്ട ജോലിയുള്ളത് കൊണ്ട് വില്ലയുടെ കാര്യങ്ങളെല്ലാം പാര്‍ട്ണര്‍ മഹ്മൂദ് തന്നെ ഭംഗിയായി തോക്കി നടത്തും. വൈകുകന്നേരം പണി കഴിഞ്ഞാല്‍ ഞാനും അങ്ങെത്തും. പിന്നീട് ഇതിന്റെ ആവശ്യങ്ങള്‍ക്കായി രണ്ടുപേരും ഒരുമിച്ച് ഓടിനടന്ന് എല്ലാം ചെയ്യും. രാത്രികാലങ്ങളില്‍ മഹമൂദിന്റെ നാട്ടുകാരുടെയും പരിചയക്കാരുടെയും ഹോട്ടലുകളില്‍ പോയി നല്ലവണ്ണം തിന്ന ശേഷം എന്നെ താമസസ്ഥലത്തെച്ചിച്ചായിരിക്കും മഹമൂദ് പോകാറുള്ളത്. ഇതിനിടയില്‍ അദ്ദേഹത്തിന്റെ നാട്ടുകാരില്‍ പലരുമായി നല്ല അടുപ്പത്തിലാവുകയും ചെയ്തു.

ഷാര്‍ജയിലെ ബുത്തിനിയയില്‍ തന്നെ ഹോട്ടല്‍ നടത്തിക്കൊണ്ടിരുന്ന മഹ്മൂദിന്റെ ചങ്ങാതി നാദാപുരക്കാരന്‍ അഉളക്കയുടെ കടയില്‍ തന്നെയായിരിക്കും മിക്ക ദിവസങ്ങളിലെയും രാത്രി ഭക്ഷണം. അദ്ദേഹം ഒരു രസികനായ സംസാര പ്രിയന്‍ കൂടിയാണ്. ചിരിച്ചു കൊണ്ട് പലപ്പോഴും അദ്ദേഹം പറയാറുണ്ട്, 'മഹമൂദിന്റെ കൂടെ കൂടി കച്ചവടം ചെയ്തവര്‍ക്ക് മുതല്‍ നഷ്ടപ്പെടില്ല, അത്രക്ക് തന്ത്രശാലിയാണ് മഹമൂദ്'. ഒരു രസത്തിലുള്ള അഉളക്കയുടെ വാക്കുകളുടെ രഹസ്യം ആദ്യമൊന്നും എനിക്കത്ര പിടി കിട്ടിയില്ല, മാസങ്ങള്‍ കഴിഞ്ഞു മുകളിക്കെ ആളുകള്‍ വന്നു തുടങ്ങി നല്ലവരുമാന മാര്‍ഗ്ഗത്തിലേക്ക് നീങ്ങിക്കൊണ്ടിരുന്നു.

വാടക മാസാമാസം വാങ്ങിത്തരുന്നതിലും മഹമ്മൂദ് ഒരു വിട്ടുവീഴ്ചയും കാണിച്ചില്ല, ഇതിനിടയില്‍ കമ്പനിയിലെ എന്റെ ജോലിത്തിരക്ക് കുറച്ചു കൂടി വര്‍ദ്ധിച്ചതു കാരണം അര്‍ബാബിന്റെയടുത്ത് പോകാനും മറ്റു പല രേഖകളും ശരിയാക്കുന്നതിന്നും മറ്റു പേപ്പര്‍ വര്‍ക്കുകള്‍ക്കുമായി പോകുന്ന കാര്യം എന്നെ കാത്തിരിക്കാതെ മഹമൂദ് തന്നെ സ്വയം ഏറ്റെടുത്ത് നടത്തി മാസാമാസം വരുമാനം മുടങ്ങാതെ എത്തിച്ചു കൊണ്ടിരുന്നു. മെല്ലെ മെല്ലെ മഹമൂദിന്റെ വരവും ഫോണ്‍ വിളികളും കുറഞ്ഞു വന്നു. ഞാന്‍ ഫോണ് ചെയ്താല്‍ എടുക്കാനോ സംസാരിക്കാനോ വലിയ താല്പര്യം കാണിക്കാതെ ഒഴിഞ്ഞുമാറി. അങ്ങിനെ ഒരു ദിവസം ചെറിയൊരു കടലാസു പൊതിയുമായി മഹ്മൂദ് എന്നെ തേടി വന്നു.

അതില്‍ വില്ലയുടെ വാടക കണക്കും കുറച്ചു കാശുമുണ്ടായിരുന്നു. 'ഇതാണ് ഇത് വരെയുള്ള കണക്ക്, ഇതില്‍ അഞ്ചു ഫില്‍സിന്റെ കുറവില്ല, നിങ്ങള്‍ ചിലവിട്ട മുതല്‍ എല്ലാം തിരിച്ചു തന്നു. മഹ്മൂദ് നാളിത് വരേയും ഒരാളേയും തോല്‍പ്പിച്ച ചരിത്രമേയില്ല. ഹഖായ സമ്പാദ്യം മാത്രമേയുള്ളൂ', എന്നും പറഞ്ഞ് അദ്ദേഹം സ്ഥലം വിട്ടു. ഇതിനിടയില്‍ വില്ലയുടെ സകല രേഖകളും മഹ്മൂദ് സ്വന്തം പേരില്‍ തന്ത്രപൂര്‍വ്വം മാറ്റിയെടുത്തിരുന്നു. അതാണ് അദ്ദേഹത്തിന്റെ നാട്ടുകാര്‍ പലപ്പോഴും ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നത് മഹ്മൂദിന്റെ കുടെ ചേര്‍ന്ന് കച്ചവടം ചെയ്താല്‍ 'മുതല്‍' നഷ്ടപ്പെടുകയില്ലെന്ന്. അതെത്ര ശരിയാണെന്ന ഗുട്ടന്‍സ് വൈകിയല്ലേ മനസ്സിലാവുന്നത്, ഇങ്ങനെയും ചില ജന്മങ്ങള്‍!



Keywords:  Article, Gulf, Story, Dubai, Business, Sharjah, House, Mahmood's trading strategies.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia