മലയാളികളടക്കം ഇന്ത്യന്‍ ഹാജിമാര്‍ മുസ്ദലിഫയില്‍ അലഞ്ഞത് ഒരു രാത്രി മുഴുവന്‍
Nov 7, 2011, 11:28 IST
മിന: അറഫയില്‍ നിന്നും തിരിച്ചുള്ള യാത്രാമദ്ധ്യേ പ്രായമുള്ള നിരവധി ഇന്ത്യന്‍ ഹാജിമാര്‍ ലക്ഷ്യംതെറ്റി ഒരു രാത്രി മുഴുന്‍ മുസ്ദലിഫയില്‍ അലഞ്ഞു. പതിഞ്ചോളം തീര്‍ത്ഥാടകരാണ് ഭക്ഷണമോ, പരസഹായമോ ഇല്ലാതെ മുസ്ദലിഫ ഭാഗത്ത് 16 മണിക്കൂറുകള്‍ തള്ളിനീക്കിയത്. ഇതില്‍ ബോധരഹിതരായി ചപ്പുചവറുകളുടെ ഇടയില്‍ കിടക്കുകയായിരുന്ന ഒരു മലയാളി ഹാജിയടക്കം രണ്ട് ഹാജിമാരെ ഇന്ത്യാ ഫ്രറ്റേണിറ്റി ഫോറം വോളന്റിയര്‍മാര്‍ ടെന്റുകളില്‍ എത്തിച്ചു.
ഇവര്‍ക്ക് ഫോറത്തിന്റെ വൈദ്യസാഹായ ടീമെത്തി ചികില്‍സാ സൗകര്യവും നല്‍കി. അറഫയിലെ ആരാധനകള്‍ കഴിഞ്ഞ് സൂര്യാസ്തമയത്തോടെ യാത്ര തിരിച്ച സംഘം തിരക്കിനിടയില്‍ ഒറ്റപ്പെടുകയായിരുന്നു. പണമോ മൊബൈലോ ഇല്ലാതിരുന്നതിനാല്‍ ഇവര്‍ക്ക് ആരുമായും ബന്ധപ്പെടാനോ ഭക്ഷണം കഴിക്കാനോ സാധിച്ചില്ല. ഭാഷ അറിയാത്തതിനാല്‍ ഇവരുടെ ആവശ്യം ആരോടും പറയാനും കഴിഞ്ഞില്ല. ഒരു രാത്രി മുഴുവന്‍ മുഴു പട്ടിണിയില്‍ കഴിഞ്ഞ ഇവര്‍ ഫോറം പ്രവര്‍ത്തകരുടെ ശ്രദ്ധയില്‍പ്പെട്ടപ്പോഴേക്കും ക്ഷീണിതരായിരുന്നു. ഇന്ത്യന്‍ ഹജ്ജ് മിഷന്‍ ഫ്രറ്റേണിറ്റി ഫോറത്തിനു നല്‍കിയ ബൈക്കില്‍ നിരവധി തവണകളായാണ് ഇവരെ ലക്ഷ്യ സ്ഥാനത്ത് എത്തിച്ചത്. എല്ലാം നഷ്ടപ്പെട്ടന്ന തോന്നലില്‍ സര്‍വ്വ ശക്തനെ മനസ്സുരുകി പ്രാര്‍ത്ഥിച്ചതായും അപ്പോഴാണ് ഫോറത്തിന്റെ സഹായം ലഭിക്കുന്നതെന്നും സംഘത്തിലുണ്ടായിരുന്ന പാലക്കാട് സ്വദേശി ഹംസ ഗള്‍ഫ് തേജസിനോട് പറഞ്ഞു.
എട്ടു വര്‍ഷമായി ഫോറം അല്ലാഹുവിന്റെ അതിഥികള്‍ക്ക് സേവനം ചെയ്തു വരുന്നു. ഓരോ തവണയും വിപുലമായ സംവിധനമാണ് ഫോറത്തിന്റെ നേതൃത്വത്തില്‍ ഈ മേഖലയില്‍ നടത്തി വരുന്നത്. ഈ വര്‍ഷം സേവന സന്നദ്ധരായ വനിതാ വോളന്റിയര്‍മാര്‍ ഫോറത്തിന്റെ കീഴില്‍ രംഗത്തുണ്ടകും. ജിദ്ദ കോണ്‍സുലേറ്റുമായി സഹകരിച്ച് 5 ഭാഷകളിലായി വിവിധ ബോധവല്‍ക്കരണ നോട്ടീസുകള്‍, അരോഗ്യ മേഖലയില്‍ പ്രത്യേകം പരിശീലനം ലഭിച്ച വോളന്റിയര്‍മാര്‍, രോഗികള്‍ക്കും അശരണര്‍ക്കും ആശ്വാസമായി നിവധി വീല്‍ചെയറുകള്‍ തുടങ്ങി ഫോറം ശ്ലാഘനീയമായ പ്രവര്‍ത്തനങ്ങളാണ് വര്‍ഷങ്ങളായി കാഴ്ചവെക്കുന്നത്.
ഹജ്ജിന്റെ ആദ്യ വിമാനം ഇറങ്ങി അവസാനത്തെ വിമാനം ഹജിമാരുമായി ഇന്ത്യയിലേക്ക് യാത്രതിരിക്കുന്നത് വരെ ഫോറത്തിന്റെ നൂറുകണക്കിന് പ്രവര്‍ത്തകര്‍ സേവന മേഖലയില്‍ സന്നിഹിതരാണ്. കൂടാതെ സൗദിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആയിരത്തോളം വോളന്റിയര്‍മാരാണ് ഇന്നലെ മുതല്‍ മിനയില്‍ പ്രവര്‍ത്തനം നടത്തുന്നത്. ഇന്ത്യയിലെ എല്ലാ സംസ്ഥാനത്തുള്ള പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി ഇന്ത്യക്കാരുടെ ആശ്രയമായി മാറുകയാണ് ഇന്ത്യാ ഫ്രറ്റേണിറ്റി ഫോറം.
Keywords: Hajj, IFF, Gulf