ചിരന്തന അവാര്‍ഡുകള്‍ വിതരണം ചെയ്തു
Aug 31, 2014, 09:00 IST
ദുബൈ: (www.kasargodvartha.com 31.08.2014) ദുബൈ: 2013 ലെ ചിരന്തന - യുഎഇ എക്‌സ്‌ചേഞ്ച് മാധ്യമ അവാര്‍ഡുകള്‍ വിതരണം ചെയ്തു. സാദിഖ് കാവില്‍ (മലയാള മനോരമ), സനീഷ് നമ്പ്യാര്‍ (റിപ്പോര്‍ട്ടര്‍ ടിവി), അന്‍വറുല്‍ ഹഖ് (ഗള്‍ഫ് മാധ്യമം), ലിയോ രാധാകൃഷ്ണന്‍ (റേഡിയോ മി) എന്നിവരാണ് ദുബൈ റൂളേഴ്‌സ് കോര്‍ട്ട് ലേബര്‍ അഫയേഴ്‌സ് വിഭാഗം മേധാവി ലൈലാ അബ്ദുല്ല ഹസന്‍ അബ്ദുല്ല ബെല്‍ഹൂഷില്‍ നിന്നും അവാര്‍ഡുകള്‍ ഏറ്റുവാങ്ങിയത്.
യുഎഇയിലെ മലയാളി മാധ്യമ പ്രവര്‍ത്തകര്‍ രാജ്യത്തിന്റെ സര്‍വതോന്മുഖ വികസനത്തിന് അതുല്യ സംഭാവനകളാണ് നല്‍കിക്കൊണ്ടിരിക്കുന്നതെന്ന് അവര്‍ പറഞ്ഞു. യുഎഇയുടെ സുരക്ഷയ്ക്കും ഉന്നമനത്തിനും വേണ്ടി മലയാളി മാധ്യമപ്രവര്‍ത്തകര്‍ അഹോരാത്രം യത്‌നിക്കുന്നു. സജീവമായ മാധ്യമപ്രവര്‍ത്തകരുടെ നിതാന്ത ജാഗ്രത വലിയൊരളുവരെ ഇവിടുത്തെ സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തേകുന്നു. യുഎഇക്ക് ഇന്ത്യയുമായി വളരെ മികച്ച ബന്ധമാണുള്ളത്. അതിന്റെ തീവ്രത ഒട്ടും ചോര്‍ന്നുപോകാതെ മുന്നോട്ടു ചലിക്കാന്‍ മലയാളി മാധ്യമപ്രവര്‍ത്തകരുടെ സഹായ സഹകരണം മേലിലും ഉണ്ടാകണമെന്നും ലൈലാ അബ്ദുല്ല വ്യക്തമാക്കി.
ദുബൈ റമദ ഹോട്ടലില്‍ നടന്ന പരിപാടിയില്‍ ചിരന്തന പ്രസിഡണ്ട് പുന്നക്കന്‍ മുഹമ്മദലി അധ്യക്ഷത വഹിച്ചു. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡണ്ട് കെ. ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. യുഎഇ എക്‌സ്‌ചേഞ്ച് സിഎംഒ ഗോപകുമാര്‍ ഭാര്‍ഗവന്‍ അവാര്‍ഡ് ജേതാക്കള്‍ക്ക് സ്വര്‍ണ മെഡലുകള്‍ സമ്മാനിച്ചു. സാമൂഹിക പ്രവര്‍ത്തകനും ബിസിനസുകാരനുമായ സി.കെ. മജീദ് അവാര്‍ഡ് ജേതാക്കള്‍ക്ക് പൊന്നാട അണിയിച്ചു.
മാധ്യമപ്രവര്‍ത്തകരായ എല്‍വിസ് ചുമ്മാര്‍, ജലീല്‍ പട്ടാമ്പി, വി.എം. സതീഷ്, അനൂപ് കീച്ചേരി, അഭിഭാഷകരായ ടി.കെ. ഹാഷിക്, രശ്മി ആര്‍. മുരളി, രമ്യ അരവിന്ദ്, കെ.എസ്. അരുണ്‍, ഡോ. ഷമീമാ നാസര്‍, കെ.സി. അബൂബക്കര്‍, സേതു മാധവന്‍, ബി.എ. നാസര്‍, അബ്ദുല്‍ ഖാദര്‍ അരിപ്പാമ്പ്ര, നാരായണന്‍ വെളിയങ്കോട്, റാബിയ, യാസിര്‍ എന്നിവര്‍ സംസാരിച്ചു. സാനിയ പ്രദീപ് പ്രാര്‍ഥന നടത്തി. ഓര്‍ഗനൈസിങ് സെക്രട്ടറി നാസര്‍ പരദേശി സ്വാഗതവും ട്രഷറര്‍ സലാം പാപ്പിനിശേരി നന്ദിയും പറഞ്ഞു.
Keywords : Dubai, Gulf, Award, Media worker, UAE, Development.