city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഗള്‍ഫിലെ സാമൂഹിക പ്രവര്‍ത്തകന്‍ അമീര്‍ കല്ലട്രയ്ക്ക് ആദരം

ദുബൈ: (www.kasargodvartha.com 12/01/2015) റെഡ്സ്റ്റാര്‍ സ്‌പോര്‍ട്‌സ് ക്ലബ് ഷാര്‍ജ വണ്ടേര്‍സ് സ്‌റ്റേഡിയത്തില്‍ സംഘടിപ്പിച്ച പ്രത്യേക ചടങ്ങില്‍ സാമൂഹിക - ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന മേല്‍പറമ്പ് സ്വദേശി അമീര്‍ കല്ലട്രയെ ആദരിച്ചു. ഇന്ത്യന്‍ കബഡി ടീം കോച്ച് ജെ. ഉദയകുമാര്‍ അമീര്‍ കല്ലട്രയ്ക്ക് പൊന്നാടയും പ്രശസ്തി പത്രവും സമ്മാനിച്ചു.

ഗള്‍ഫില്‍ വെച്ച് മരണപ്പെടുന്ന മലയാളികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതില്‍ അമീര്‍ കല്ലട്ര നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വിലമതിക്കാന്‍ കഴിയാത്ത സേവനമാണ്. അമീര്‍ ഇപ്പോള്‍ പ്രവാസികളുടെ ഇടയില്‍ സുപരിചിതനാണ്. സ്വപ്നങ്ങളും പ്രതീക്ഷകളും പേറി ഗള്‍ഫ് നാടിലെത്തുന്ന പ്രവാസികള്‍, വീട്ടുകാര്‍ക്കും ഉറ്റ ബന്ധുക്കള്‍ക്കും വേണ്ടി ലഗേജ് നിറയെ സമ്മാനങ്ങളുമായി നാടണയാന്‍ സ്വപ്‌നങ്ങള്‍ നെയ്യുന്ന പ്രവാസി. മരണം രംഗ ബോധമില്ലാത്ത കോമാളിയാകുമ്പോള്‍ അമീറിനെ പോലെയുളളവരുടെ സേവനം വിലമതിക്കാനാവാത്തതാണ് എന്ന ബോധം പ്രവാസികള്‍ തിരിച്ചറിയുന്നു.

'മരണമേ, നീയെത്തും വഴികളില്‍ കാത്തിരിപ്പുണ്ട് ഞാന്‍...' അവസാനം സ്വയം ലഗേജായി മാറി പെട്ടിയിലാക്കി ഒരു പ്രവാസി നാടണയാന്‍ വിധിക്കപ്പെടുന്നു. മൃതദേഹമായി തിരിച്ചു പോകുവാന്‍ വിധിക്കപ്പെടുമ്പോള്‍, അത് കണ്ടു പകച്ചു നില്‍ക്കാന്‍ മാത്രം വിധിക്കപ്പെട്ട സുഹൃത്തുക്കള്‍ക്കും ബന്ധു മിത്രങ്ങള്‍ക്കും ആശ്വാസമായി അമീര്‍ കല്ലട്ര രാപകലില്ലാതെ, വിശ്രമമില്ലാതെ കര്‍മ നിരതനാകുന്നു.

2011 ല്‍ സ്വന്തം കുടുംബത്തിലെ ഒരു മരണം. ആ മൃതദേഹം ക്ലിയറന്‍സ് ചെയ്ത് നാട്ടിലയക്കാനുള്ള നെട്ടോട്ടം. അത് അമീറിന്റെ ആദ്യത്തെ അനുഭവമായിരുന്നു. സാമൂഹിക രംഗത്ത് പ്രവര്‍ത്തിക്കുന്ന ചില സുഹൃത്തുക്കള്‍ കാണിച്ചു തന്ന വഴികളിലൂടെ സഞ്ചരിച്ചു ആ മൃതദേഹം നാട്ടിലെത്തിക്കുമ്പോള്‍ അമീര്‍ ഒരു കാര്യം അറിഞ്ഞു. പറഞ്ഞു കേട്ടതിലും വളരെ സങ്കീര്‍ണമാണ് അനുഭവിച്ച വഴികള്‍.

സങ്കീര്‍ണമായ വഴികളിലെ ഊരാക്കുടുക്കുകള്‍ അവസരോചിതമായ ഇടപെടലുകളിലൂടെ എങ്ങനെ എളുപ്പമാക്കാം എന്ന് അമീര്‍ കാണിച്ചുതരുന്നു. ബന്ധുവിന്റെ മൃതദേഹം അയച്ച ശേഷം അമീര്‍ ഈ സേവനം ഒരു ജീവിത ചര്യയാക്കി മാറ്റുകയായിരുന്നു. മലയാളികള്‍ മാത്രമല്ല മറ്റു ഭാഷക്കാരായ ഇന്ത്യക്കാര്‍ അമീറിനെ സഹായത്തിനായി വിളിക്കാറുണ്ട്. നിശ്ചലമായ ശരീരത്തിന്റെ ഭാഷയോ ജാതിയോ അമീര്‍ നോക്കാറില്ല. മരണ വിവരം അറിയിച്ചു വിളിച്ചാല്‍ അമീര്‍ കര്‍മ രംഗത്ത് സജീവമാകും. അത് തന്റെ ജോലി സമയം ആയാലും വിശ്രമ സമയം ആയാലും ആ മൃതദേഹം വിമാനത്തില്‍ കയറ്റുന്നത് വരെ അമീറിന്റെ ഓട്ടം നില്‍ക്കുന്നില്ല.

സാധാരണ മരണം ആണെങ്കില്‍ ഒന്നോ രണ്ടോ ദിവസം. അസ്വാഭാവിക മരണം ആണെങ്കില്‍ കേസിന്റെ അന്വേഷണം കഴിയുന്നത് വരെ. ചിലപ്പോള്‍ ഒരു മാസത്തില്‍ കൂടുതലും എടുത്തെന്ന് വരാം. പോലീസ് ക്ലിയറന്‍സ്, മഹസര്‍, പോസ്റ്റുമോര്‍ട്ടം, എംബാമിംഗ്, എമിഗ്രേഷന്‍, കോണ്‍സുലേറ്റ് തുടങ്ങി അവസാനം കാര്‍ഗോ വരെയുള്ള നടപടി ക്രമങ്ങളും അതാതു സ്ഥലങ്ങളിലെ ഉദ്യോഗസ്ഥരെയും അമീറിന് സുപരിചിതം. അതാണ് നടപടി ക്രമങ്ങള്‍ എളുപ്പമാക്കാന്‍ അദേഹത്തെ സഹായിക്കുന്നതും.

ദുബൈ റെഡ് സ്റ്റാര്‍ സ്‌പോര്‍ട്‌സ് ക്ലബ് അമീര്‍ കല്ലട്രയുടെ സേവനങ്ങള കണക്കാക്കി ആദരിക്കുമ്പോള്‍ സംഘടനാ സാരഥികളായ ഏ.വി. ചന്ദ്രന്‍, രാജീവന്‍ കോയാമ്പുറം, സുജിത് നീലേശ്വരം തുടങ്ങിയവര്‍ സേവനങ്ങളെ എടുത്തു പറഞ്ഞു.

കഴിഞ്ഞ മൂന്നു വര്‍ഷത്തിലധികമായി സേവനങ്ങളിലൂടെ 150 ല്‍ അധികം മൃതദേഹങ്ങളെ സ്വദേശത്തേക്ക് അയക്കാന്‍ അമീറിന് സാധിച്ചിട്ടുണ്ട്. തന്റെ ജോലി സമയവും, വിശ്രമ സമയങ്ങളും പ്രതീക്ഷ അസ്തമിച്ചവര്‍ക്കു വേണ്ടി നീക്കി വെക്കുന്നത് ഒരു പ്രതിഫലവും പറ്റാതെയാണ് എന്നതും ശ്രദ്ധേയമാണ്. പ്രതീക്ഷ അസ്തമിച്ചവരുടെ മുമ്പില്‍ ഒരു പ്രകാശം പരത്താന്‍ അമീറിന്റെ ഇടപെടലുകള്‍ക്ക് സാധിക്കുന്നു.

ജിംഖാന മേല്‍പറമ്പ് ഗള്‍ഫ് കമ്മിറ്റിയുടെ മുന്‍ പ്രസിഡണ്ടും ഒറവങ്കര യൂത്ത് ലീഗ് ഗള്‍ഫ് കമ്മിറ്റിയുടെ നിലവിലെ പ്രസിഡണ്ടുമാണ്   അമീര്‍ കല്ലട്ര. കെസെഫ്, അക്കാഫ്, നാസ്‌ക തുടങ്ങിയ സംഘടനകളിലും അമീര്‍ പ്രവര്‍ത്തിക്കുന്നു. നാക്‌സയുടെയും, അക്കാഫിന്റെയും ബാനറില്‍ പരിശുദ്ധ റംസാന്‍ മാസത്തില്‍ അവശത അനുഭവിക്കുന്ന ലേബര്‍ ക്യാമ്പുകളില്‍ ഇഫ്താറും, ഭക്ഷണ കിറ്റുകളൊക്കെ വിതരണം ചെയ്യാന്‍ അമീര്‍ കല്ലട്ര എന്നും മുന്‍പന്തിയിലുണ്ട്.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

ഗള്‍ഫിലെ സാമൂഹിക പ്രവര്‍ത്തകന്‍ അമീര്‍ കല്ലട്രയ്ക്ക് ആദരം

Keywords : Kasaragod, Dubai, Melparamba, Honoured, Gulf, Ameer Kalatra. 


Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia