city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഖത്തറില്‍ മാപ്പിളപ്പാട്ടിന്റെ കുളിര്‍മഴ പെയ്യിച്ച് ട്രൈവാലി മൈലാഞ്ചി രാവ്

ദോഹ: ഖത്തറില്‍ സംഗീതമഴ പെയ്യിച്ച് നടത്തിയ ട്രൈവാലി മൈലാഞ്ചി രാവ് ആസ്വാദക മനസുകളില്‍ കുളിര് നിറച്ചു. ഖത്തറിലെ കോഴിക്കോട് ജില്ലക്കാരുടെ കൂട്ടായ്മയായ മാക് ഖത്തര്‍ പ്രമുഖ ഈവന്റ് മാനേജ്‌മെന്റ് കമ്പനിയായ മീഡിയ പ്‌ളസുമായി സഹകരിച്ചാണ് മിഡ്മാക് റൗണ്ടെബൗട്ടിന് സമീപമുള്ള പഴയ ഐഡിയല്‍ ഇന്ത്യന്‍ സ്‌ക്കൂള്‍ ഗ്രൗണ്ടില്‍ ട്രൈവാലി മൈലാഞ്ചി രാവ് സംഘടിപ്പിച്ചത്.

തെരഞ്ഞെടുത്ത മാപ്പിളപ്പാട്ടുകളും ചലച്ചിത്രഗാനങ്ങളും കോര്‍ത്തിണക്കി യുവകലാകാരന്മാരും കലാകാരികളും സിംഗിംഗ് ബേര്‍ഡ് ഓര്‍ക്കസ്ട്രയുടെ സഹായത്തോടെ അവതരിപ്പിച്ച ഓരോ പാട്ടുകളും തിങ്ങിനിരഞ്ഞ സദസ് മതിയാവോളം ആസ്വദിച്ചു. നിലാവ് പെയ്യുന്ന രാത്രിയില്‍ അതിമനോഹരമായ സംഗീതം പെയ്തിറങ്ങിയപ്പോള്‍ കുട്ടികളും മുതിര്‍ന്നവരും അടങ്ങിയ സദസ് ആസ്വാദനത്തിന്റെ അവാച്യ നിര്‍വൃതിയില്‍ ലയിച്ചിരുന്നുപോയി. പൊടിക്കാറ്റും പ്രതികൂല കാലാവസ്ഥയും പരിപാടിയുടെ നിറം കെടുത്തുമെന്ന ആശങ്ക സംഘാടകരെ ഉദ്വേഗത്തിലാക്കിയെങ്കിലും ഏറ്റവും നല്ല അന്തരീക്ഷവും കാലാവസ്ഥയും പരിപാടിക്ക് മിഴിവ് പകര്‍ന്നു.

പഴശിരാജ എന്ന ചിത്രത്തിനുവേണ്ടി കാനേഷ് പൂനൂര്‍ രചിച്ച് ഇളയരാജ സംഗീതം നിര്‍വഹിച്ച 'ആലമടങ്കല്‍' എന്ന ഗാനം എം.എ. ഗഫൂറിന്റെ അനുഗ്രഹീയ ശബ്ദത്തിലൂടെ അവതരിപ്പിച്ചുകൊണ്ടാണ് പരിപാടി തുടങ്ങിയത്. പിന്നീടങ്ങോട് സംഗീതത്തിന്റെ മനോഹരമായ ഒഴുക്കായിരുന്നു. പി.ടി. അബ്ദുറഹിമാന്‍, ഒ.എം. കരുവാരക്കുണ്ട്, വി.എം. കുട്ടി, ബാപ്പുവെള്ളിപ്പറമ്പ്, കണ്ണൂര്‍ നൗഷാദ്, കണ്ണൂര്‍ സിദ്ദീഖ്, ഒ.വി. അബ്ദുല്ല, യു.കെ. അബൂ സഹ്‌ല തുടങ്ങിയ ഗാനരചിതാക്കളുടേയും വടകര കൃഷ്ണദാസ്, എം. കുഞ്ഞിമൂസ, കോഴിക്കോട് അബൂബക്കര്‍, ചാന്ദ് പാഷ. എം.എസ്. ബാബുരാജ്, എം. ജയചന്ദ്രന്‍, എസ്.എ. ജമീല്‍ തുടങ്ങിയവരുടെ സംഗീത സംവിധാനത്തിലുമുള്ള മികച്ച ഗാനങ്ങള്‍ ഒന്നിന് പിറകെ മറ്റൊന്നായി പെയ്തിറങ്ങിയപ്പോള്‍ മൈലാഞ്ചി രാവ് അക്ഷരാര്‍ഥത്തില്‍ ആസ്വാദകമനസില്‍ അനുഭൂതിയുടെ പൂത്തിരിക്ക് തിരികൊളുത്തി.

ഖത്തറില്‍ മാപ്പിളപ്പാട്ടിന്റെ കുളിര്‍മഴ പെയ്യിച്ച് ട്രൈവാലി മൈലാഞ്ചി രാവ്

മീഡിയ വണ്‍ പതിനാലാം രാവ് ഫെയിം മുഹമ്മദ് ബാദുഷ ആലപിച്ച ഗസല്‍ പാടും, 'പുന്നാര മെഹ് മൂദിന്‍, മസ്ജിദുല്‍ ഹറം കാണാന്‍, ഓമന മുഹമ്മദിനെ ഓത്തിനയച്ചില്ല' തുടങ്ങിയ ഗാനങ്ങളും പ്രവാസികളുടെ നൊമ്പരങ്ങളെ തോട്ടുണര്‍ത്തിയ 'എഴുതിടാം ഞാന്‍' എന്ന ഗാനവും നിറഞ്ഞ കയ്യടികളോടെയാണ് സദസ് സ്വീകരിച്ചത്. സജ്‌ല സലീം ആലപിച്ച യു.കെ. അബൂ സഹ്‌ല യുടെ 'മിന്നിതിളങ്ങും മിന്നാമിനുങ്ങിന്റെ' എന്ന ഗാനവും പീര്‍ മുഹമ്മദ് അനശ്വരമാക്കിയ 'ആരംഭ സബീദാന്റെ' എന്ന ഗാനവും സദസിനെ ഇളക്കി മറിച്ചു. 'ഉദിച്ചുയരും ശംസുപോലെ, പൂക്കള്‍ വിരിഞ്ഞു നില്‍ക്കും' എന്നീ ഗാനങ്ങളിലൂടെ ആദില്‍ അത്തു സദസിനെ കയ്യിലെടുത്തപ്പോള്‍ പുതിയ തലമുറയിലെ ഏറ്റവും ശ്രദ്ധേയ ഗായകനായ ഏഷ്യാനെറ്റ് മൈലാഞ്ചി വിജയി അക്ബര്‍് 'അഞ്ചഞ്ചും ആകെചുറ്റിലകത്തില്‍' എന്നീ ജനപ്രിയഗാനങ്ങളിലൂടെയാണ് സഹൃദയ സദസ്സിനെ കയ്യിലെടുത്തത്. ദോഹയിലെ ഗായകരായ റിയാസ് കരിയാട് ആലപിച്ച 'റൂഹിന് പറയാനാകുമോ' എന്ന ഗാനവും സിമിയ ഹംദാന്റെ 'മൈലാഞ്ചി കൊമ്പൊടിച്ച' എന്ന പോപ്പുലര്‍ ഗാനവും നവാഫ് ആലപിച്ച 'നൂഹ് നബിയുള്ള' എന്ന പാട്ടും സദസ് ഹര്‍ഷാരവങ്ങളോടെയാണ് സ്വീകരിച്ചത്. പരിപാടി അവസാനിക്കുന്നതുവരേയും നിറഞ്ഞ സദസ് സംഗീതാസ്വാദനത്തിന്റെ നിര്‍വൃതിയിലായിരുന്നു. അസഫ് അലിയുടെ അവതരണമായിരുന്നു മൈലാഞ്ചി രാവിന്റെ മറ്റൊരു സവിശേഷത. സിംഫണിയുടെ ശബ്ദവും വെളിച്ചവും മൈലാഞ്ചി രാവിനെ ധന്യമാക്കി.

ഖത്തറിലെ സംഗീത പ്രേമികള്‍ക്ക് ആസ്വാദനത്തിന് പുതിയ അനുഭവം സമ്മാനിച്ച മൈലാഞ്ചി രാവ് മുഖ്യ പ്രായോജകരായ ട്രൈവാലി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ നിസാര്‍ ചോമയിലിന്റെ സാമൂഹ്യ പ്രതിബദ്ധത കണക്കിലെടുത്ത് ചടങ്ങില്‍ അദ്ദേഹത്തെ പ്രത്യേകം ആദരിച്ചു. മാക് പ്രസിഡന്റ് എം.താഹിര്‍, രക്ഷാധികാരി കെ.ടി. അബ്ദുറഹിമാന്‍, അക്കോണ്‍ ഗ്രൂപ്പ്് മാനേജിംഗ് ഡയറക്ടര്‍ ശുക്കൂര്‍ കിനാലൂര്‍, മീഡിയ പ്‌ളസ് സി.ഇ.ഒ. അമാനുല്ല വടക്കാങ്ങര മൈലാഞ്ചി രാവ് ഫൈനാന്‍ഷ്യല്‍ കണ്‍ട്രോളര്‍ ടി.കെ. ബഷീര്‍ എന്നിവര്‍ ചേര്‍ന്നാണ് നിസാര്‍ ചോമയിലിന് മൊമന്റോ സമ്മാനിച്ചത്. മാക് ഖത്തര്‍ മുന്‍ പ്രസിഡന്റ് സി.ടി. മുഹമ്മദ് അസ്‌ലം പരിപാടി നിയന്ത്രിച്ചു.

പരിപാടിയില്‍ നിന്ന് ലഭിച്ച മുഴുവന്‍ തുകയും ജില്ലയിലെ മലയോര-കുടിയേറ്റ-ചേരി പ്രദേശങ്ങളില്‍ മാക് ഖത്തര്‍ നടത്തുന്ന സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും മാകിന്റെ മറ്റ് ജനസേവന പ്രവര്‍ത്തനങ്ങള്‍ക്കുമായിരിക്കും വിനിയോഗിക്കുകയെന്ന് ഭാരവാഹികള്‍ പറഞ്ഞു. നിര്‍ധനര്‍ക്ക് വീട് നിര്‍മിച്ച് നല്‍കുക, കോഴിക്കോട് മെഡിക്കല്‍ കോളജിലെ രോഗികള്‍ക്ക് സൗജന്യ മരുന്ന് നല്‍കുക, രോഗികള്‍ക്ക് ഭക്ഷണം വിതരണം ചെയ്യുക തുടങ്ങി നിരവധി പദ്ധതികള്‍ക്ക് പുറമെ 'വിഷന്‍-2016' മായി ബന്ധപ്പെട്ട പദ്ധതികളില്‍ ഭാഗവാക്കാകാനും മാക് ആഗ്രഹിക്കുന്നു. മെഡിക്കല്‍ കോളജിലെ രണ്ട് ജനറല്‍ വാര്‍ഡുകള്‍ നവീകരിച്ച് നല്‍കിക്കൊണ്ടാണ് മാക് അതിന്റെ ജനസേവന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ഖത്തറില്‍ പ്രയാസപ്പെടുന്ന കോഴിക്കോട് ജില്ലക്കാരെ സഹായിക്കുന്നതിന് ഏര്‍പെടുത്തിയ പ്രത്യേക സംവിധാനവും മാകിന്റെ പ്രവര്‍ത്തനങ്ങളില്‍ പ്രധാനമാണ്. ഈ വര്‍ഷം ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ ഭവനരഹിതരായ പത്ത് കുടുംബത്തിന് വീട് നിര്‍മിച്ച് നല്‍കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ട്. ആറ് മാസത്തിനകം ഈ വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കും.

ആര്‍ഗണ്‍ ഗ്‌ളോബല്‍, സള്‍ഫര്‍ കെമിക്കല്‍സ്, ദോഹ ബാങ്ക്, കഌക്കോണ്‍, അല്‍ ദാര്‍ എക്‌സ്‌ചേഞ്ച്, കബാബ് ഹൗസ്, അക്കോണ്‍ ട്രാവല്‍സ് തുടങ്ങിയവരായിരുന്നു പരിപാടിയുടെ മറ്റു പ്രധാന സ്‌പോണ്‍സര്‍മാര്‍.

മാക് ഖത്തര്‍ പ്രസിഡന്റ് എം. താഹിര്‍, വൈസ് പ്രസിഡന്റ് റഹീം ഓമശേരി, ജനറല്‍ കണ്‍വീനര്‍ അബ്ദുല്‍ ഹമീദ്, ജനറല്‍ സെക്രട്ടറി അഡ്വ. മുഹമ്മദ് ഇഖ്ബാല്‍, മുഹമ്മദ് പുതിയോട്ടില്‍, വളണ്ടിയര്‍ ക്യാപ്റ്റന്‍ ശിഹാബുദ്ദീന്‍, ഫൈനാന്‍ഷ്യല്‍ കണ്‍ട്രോളര്‍ ടി.കെ. ബഷീര്‍ എന്നിവരടങ്ങുന്ന സംഘമാണ് പരിപാടിക്ക് നേതൃത്വം നല്‍കിയത്.

Keywords:  Qatar Mappila song, Mak, Trivalley, Programme, Kozhikode, Kerala, Gulf, Kasargod Vartha, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia