city-gold-ad-for-blogger
Aster MIMS 10/10/2023

സ്‌കൂള്‍ സ്‌പെഷ്യല്‍ അധ്യാപക നിയമനത്തില്‍ തട്ടിപ്പെന്ന് ആരോപണം; ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിക്ക് പരാതി നല്‍കി

കാസര്‍കോട്: (www.kasargodvartha.com 17.04.2017) സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളില്‍ പ്രൈമറി വിഭാഗത്തില്‍ സര്‍വ ശിക്ഷ അഭിയാന്റെ കീഴില്‍ സ്‌പെഷ്യലിസ്റ്റ് ടീച്ചേര്‍സ് നിയമനത്തില്‍ ക്രമക്കേടും തട്ടിപ്പും നടത്തി അര്‍ഹരായ ഉദ്യോഗാര്‍ത്ഥികളുടെ അവസരം നഷ്ടപ്പെടുത്തിയതായി ആരോപണം. ഇതുസംബന്ധിച്ച് എസ് എസ് എ ജില്ലാ പ്രൊജക്ട് ഓഫീസറെ എതിര്‍കക്ഷിയാക്കി കാസര്‍കോട് ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിക്ക് പരാതി നല്‍കി.

2016 നവംബര്‍ 18ന് കാസര്‍കോട് എസ് എസ് എ ഓഫീസില്‍ സ്‌പെഷ്യലിസ്റ്റ് ടീച്ചേര്‍സ് നിയമനത്തിനായി നടത്തിയ അഭിമുഖത്തില്‍ വഴിവിട്ടുള്ള നിയമനത്തിന് റാങ്ക് ലിസ്റ്റ് ഉണ്ടാക്കിയതില്‍ അപാകതയുണ്ടെന്നും അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് നീതി ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് മാധ്യമ പ്രവര്‍ത്തകനും, കലാകാരനുമായ പീതാംബരന്‍ കുറ്റിക്കോലാണ് നിയമനടപടിക്ക് വേണ്ടി വിവരാവകാശ പ്രകാരം ലഭിച്ച വസ്തുതകളുടെ അടിസ്ഥാനത്തില്‍ പരാതി നല്‍കിയത്. ചിത്രകല, സംഗീതം വിഭാഗത്തില്‍ 140 (ചിത്രകല 90, സംഗീതം 44) ഉദ്യോഗാര്‍ത്ഥികളെ ഒറ്റ ദിവസം കൊണ്ട് അഭിമുഖം നടത്തി മാനദണ്ഡങ്ങളും സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങളും അവഗണിച്ചുവെന്നും പരാതിയില്‍ ബോധിപ്പിച്ചു.

ചിത്രകല വിഭാഗത്തില്‍ 80 വയസ് പ്രായമുള്ള സബ്ജക്ട് എക്‌സ്‌പേര്‍ട്ട് ഏകദേശം നാല് മണിക്കൂര്‍ മാത്രം കൊണ്ട് നടത്തിയ അഭിമുഖത്തില്‍ തൊഴിലുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ഉണ്ടായിട്ടില്ലെന്നും എംപ്ലോയിമെന്റ് തൊഴില്‍ കാര്‍ഡ് മാനദണ്ഡമാക്കിയില്ലെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. വിദ്യാഭ്യാസ യോഗ്യതയ്ക്ക് നല്‍കിയ മാര്‍ക്കിലും അപാകതയുണ്ട്. ജില്ലാ ഉദ്യോഗാര്‍ത്ഥികളെ മറികടന്ന് അന്യജില്ലക്കാര്‍ക്ക് നിയമനം നല്‍കിയതിലും എസ് എസ് എ ജില്ലാ പ്രൊജക്ട് ഓഫീസര്‍ മുതല്‍ ബാഹ്യ ഇടപെടല്‍ ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.

സംസ്ഥാനത്തെ 835 യു പി സ്‌കൂളുകളില്‍ 2,500 ഓളം സ്‌പെഷ്യലിസ്റ്റ് അധ്യാപകരെ നിയമിക്കാനാണ് സര്‍ക്കാര്‍ ഉത്തരവിറങ്ങിയത്. സംസ്ഥാനത്ത് 835 യു പി സ്‌കൂളുകള്‍ ഇത്തരം നിയമനത്തിന് അര്‍ഹത നേടിയിരുന്നു. കേന്ദ്ര സര്‍ക്കാര്‍ സഹായത്തോടെ കലാ, കായികം, പ്രവൃത്തി പരിചയം എന്നീ വിഭാഗങ്ങളിലാണ് നിയമനം നടന്നത്. 29,400 രൂപയാണ് പ്രതിമാസ ശമ്പളം സര്‍ക്കാര്‍ നിശ്ചയിച്ചത്. കേരള വിദ്യാഭ്യാസ നിയമം അനുശാസിക്കുന്ന യോഗ്യത ഉള്ളവരെയാണ് നിയമിക്കേണ്ടതെന്ന് സര്‍ക്കാര്‍ മാര്‍ഗ നിര്‍ദേശം നല്‍കിയിരുന്നു. എംപ്ലോയിമെന്റ് എക്‌സ്‌ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്ത മുന്‍ഗണനാ ക്രമത്തില്‍ അഭിമുഖം നടത്തി നിയമനം നടത്താന്‍ വിദ്യാഭ്യാസ വകുപ്പ് സര്‍വ ശിക്ഷ അഭിയാനെ ചുമതലപ്പെടുത്തുകയായിരുന്നു.

സംസ്ഥാനത്ത് 1988ലാണ് ഇതിന് മുമ്പ് കലാ അധ്യാപകരെ നിയമിച്ചത്. 2011 മുതല്‍ കേന്ദ്രസര്‍ക്കാര്‍ പ്രൈമറി വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുന്ന പദ്ധതിയിലേക്ക് 150 കോടിയോളം രൂപ അനുവദിച്ചിരുന്നു. അധ്യാപക നിയമന അഭിമുഖത്തില്‍ സ്വജനപക്ഷപാതവും സ്വതാല്‍പര്യവും അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായി. ജില്ലയിലെ കഴിവും പ്രശസ്തിയുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇതുമൂലം അവസരം നഷ്ടമായെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. കേന്ദ്ര - കേരള മനുഷ്യാവകാശ കമ്മീഷന്‍, വിജിലന്‍സ് ആന്റി കറപ്ഷന്‍സ് ബ്യൂറോ, കേന്ദ്ര തൊഴില്‍ മന്ത്രാലയം എന്നീ വിഭാഗങ്ങള്‍ക്ക് പരാതി നല്‍കുമെന്നും പരാതിക്കാരന്‍ വ്യക്തമാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

സ്‌കൂള്‍ സ്‌പെഷ്യല്‍ അധ്യാപക നിയമനത്തില്‍ തട്ടിപ്പെന്ന് ആരോപണം; ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിക്ക് പരാതി നല്‍കി

Keywords : Kasaragod, Complaint, Teacher, Interview, Kerala, Education, SSA, Peethambaran, Complaint against SSA. 

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL