Raid | മാസങ്ങൾക്ക് മുൻപ് 12 കോടി രൂപയുടെ പൂജ ബംപർ അടിച്ച കടയിൽ പൊലീസ് നടത്തിയ റെയ്ഡിൽ ഓൺലൈൻ വഴി വ്യാജ ലോടറി ടികറ്റ് വില്‍പന നടത്തുന്നതായി കണ്ടെത്തി; ലാപ്ടോപ് ഉൾപെടെയുള്ള ഉപകരണങ്ങൾ പിടിച്ചെടുത്തു
സംസ്ഥാന ഭാഗ്യക്കുറിയുടെ മറവിൽ സംസ്ഥാന വ്യാപകമായി തന്നെ ഇത്തരം ലോടറി ടികറ്റുകൾ വില്പന നടത്തുന്നുണ്ടെന്നാണ് വ്യക്തമാക്കുന്നത്.
മഞ്ചേശ്വരം: (KasargodVartha) മാസങ്ങൾക്ക് മുൻപ് 12 കോടി രൂപയുടെ പൂജ ബംപർ ലോടറി അടിച്ച കടയിൽ പൊലീസ് നടത്തിയ റെയ്ഡിൽ ഓൺലൈൻ വഴി വ്യാജ ലോടറി ടികറ്റ് വിൽപന നടത്തുന്നതായി കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. കടയിൽ നിന്നും ലാപ്ടോപ് ഉൾപെടെയുള്ള ഉപകരണങ്ങൾ പൊലീസ് പിടിച്ചെടുത്തു.
മഞ്ചേശ്വരം മജീർപള്ളയിലെ കോളിയൂരിൽ പ്രവർത്തിക്കുന്ന ഭാരത് ലോടറി ഏജൻസി എന്ന കടയിൽ നടത്തിയ പരിശോധനയിലാണ് ലോടറി നിയമം ലംഘിച്ച് കേരള ലോടറി ഓൺലൈൻ ഡോട് ഇൻ (keralalottaryonline(dot)in) എന്ന വ്യാജ വെബ്സൈറ്റിലൂടെ കേരള സംസ്ഥാന ഭാഗ്യക്കുറികൾ ഓൺലൈൻ വില്‍പന നടത്തുന്നതായി കണ്ടെത്തിരിക്കുന്നത്.
മജീർപള്ളയിലെ ജോജോ എന്ന ആളാണ് ലോടറി കട നടത്തി വന്നത്. ഇവിടെ നിന്നും വ്യാജ ലോടറി വിൽപനക്കായി ഉപയോഗിച്ച് വന്ന ലാപ്ടോപുകളും മൊബൈൽ ഫോണുകളുമാണ് പിടിച്ചെടുത്തതെന്ന് പൊലീസ് പറഞ്ഞു. ചൊവ്വാഴ്ച ഉച്ചക്ക് 2.30 മണിയോടെയാണ് രഹസ്യ വിവരം ലഭിച്ച അടിസ്ഥാനത്തിൽ ഇൻസ്‌പെക്ടർ ടോൾസൺ പി ജോസഫിന്റെ നിർദേശ പ്രകാരം മഞ്ചേശ്വരം എസ്ഐ ടി വിശാഖ് ഗ്രേഡ് എസ്ഐ മധുസൂധനൻ, പൊലീസ് ഓഫീസർ ധനേഷ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സംഘം റെഡ് നടത്തിയത്.
പിടികൂടിയ കാര്യങ്ങളിൽ കൂടുതൽ പരിശോധനയും തെളിവും ശേഖരിച്ച ശേഷമേ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ ഉണ്ടാകുമെന്ന് ഇൻസ്‌പെക്ടർ ടോൾസൺ പി ജോസഫ് കാസർകോട് വാർത്തയോട് പറഞ്ഞു. ലോടറി തട്ടിപ്പിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന കാര്യം പൊലീസ് പരിശോധിക്കുന്നുണ്ട്. പേപർ ലോടറി അല്ലാതെ ഓൺലൈൻ വഴി ഉള്ള ഒരു ലോടറി വില്പനയും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നടത്തുന്നില്ല.
സംസ്ഥാന ഭാഗ്യക്കുറിയുടെ മറവിൽ സംസ്ഥാന വ്യാപകമായി തന്നെ ഇത്തരം ലോടറി ടികറ്റുകൾ വില്പന നടത്തുന്നുണ്ടെന്നാണ് വ്യക്തമാക്കുന്നത്. ഇതേ കുറിച്ച ആഴത്തിലുള്ള അന്വേഷണം നടത്തിയാൽ ഇതിന് പിന്നിൽ പ്രവർത്തിക്കുന്നവരെ പുറത്തു കൊണ്ടുവരാൻ കഴിയുമെന്നാണ് ജനങ്ങൾ പറയുന്നത്. ഒറ്റ നമ്പർ ഉൾപ്പെടെയുള്ള ലോടറി തട്ടിപ്പുകളും വ്യാപകമായി നടന്നുവരുന്നുണ്ട്
#KeralaLottery #LotteryScam #OnlineFraud #PoliceRaid #Manjeshwaram #ScamAlert