Fine | കണ്ണൂരിൽ ആംബുലൻസിന് വഴി തടഞ്ഞത് ഡോക്ടർ; 5000 രൂപ പിഴ

● എരഞ്ഞോളിയിൽ വെച്ചാണ് സംഭവം നടന്നത്.
● രോഗിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴാണ് തടസ്സമുണ്ടായത്.
● ആംബുലൻസ് ഡ്രൈവറുടെ പരാതിയിലാണ് നടപടി.
തലശേരി: (KasargodVartha) കുത്തുപറമ്പ്-തലശേരി റോഡിൽ എരഞ്ഞോളിയിൽ ആംബുലൻസിന്റെ വഴി തടസ്സപ്പെടുത്തിയ കാർ ഓടിച്ചിരുന്നത് ഡോക്ടർ ആണെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. തുടർന്ന്, അപകടകരമായ ഡ്രൈവിംഗിന് മോട്ടോർ വാഹന വകുപ്പ് ഇയാളിൽ നിന്ന് 5000 രൂപ പിഴ ഈടാക്കി.
പിണറായി സ്വദേശിയായ ഡോക്ടർ രാഹുൽ രാജാണ് ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി പോവുകയായിരുന്ന ആംബുലൻസിന് മുന്നിൽ തടസ്സമുണ്ടാക്കിയത്. മട്ടന്നൂർ കള റോഡ് സ്വദേശിനിയായ 61 വയസ്സുകാരി റുഖിയ വീട്ടിൽ കുഴഞ്ഞുവീണതിനെ തുടർന്ന് തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴാണ് സംഭവം നടന്നത്.
ആംബുലൻസ് ഡ്രൈവർ പൊലീസിൽ നൽകിയ പരാതിയിൽ, രോഗിയെ നേരത്തെ ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിൽ ജീവൻ രക്ഷിക്കാൻ സാധിക്കുമായിരുന്നു എന്ന് പറയുന്നുണ്ട്. ആംബുലൻസ് തൊട്ടുപിന്നിൽ എത്തിയപ്പോഴാണ് കണ്ടതെന്നും, തുടർന്ന് പരിഭ്രമത്തിൽ സംഭവിച്ചതാണെന്നുമാണ് ഡോക്ടർ മൊഴി നൽകിയത്. ഡോക്ടറുടെ ഭാഗത്തുനിന്നുണ്ടായ നടപടി വലിയ വിമർശനങ്ങൾക്ക് വഴി വെച്ചിട്ടുണ്ട്.
#Kannur #Ambulance #Doctor #Fine #RoadSafety #Kerala