വിപണിയിൽ കടൽ മത്സ്യങ്ങൾക്ക് പൊള്ളുന്ന വില; അധികച്ചെലവ് കാരണം ചെമ്മീൻ സംസ്കരണം ആന്ധ്രയിലേക്ക് മാറ്റാൻ കമ്പനികൾ
● കേരളത്തിലെ ചെമ്മീൻ സീസൺ സമയത്തുള്ള ഈ നീക്കം മേഖലയിൽ വലിയ ആശങ്ക സൃഷ്ടിക്കുന്നു
● വിപണിയിൽ വെളുത്ത ആവോലിക്ക് 1200 രൂപ വരെയും കറുത്ത ആവോലിക്ക് 600 രൂപയുമാണ് വില
● അയക്കൂറ ചെറിയ ഇനത്തിന് 600 രൂപയ്ക്കും വലിയ ഇനത്തിന് 1200 രൂപയ്ക്കും ലഭിക്കുന്നു
● മത്തി, അയല എന്നിവയ്ക്ക് വലുപ്പ വ്യത്യാസത്തിനനുസരിച്ച് 200 മുതൽ 300 രൂപ വരെയാണ് വില
കാസർകോട്: (KasargodVartha) മത്സ്യ വിപണന കേന്ദ്രങ്ങളിൽ ധാരാളം മത്സ്യങ്ങൾ എത്തിത്തുടങ്ങിയെങ്കിലും വിപണിയിൽ കടൽ മത്സ്യങ്ങൾക്ക് പൊള്ളുന്ന വിലയാണ് അനുഭവപ്പെടുന്നത്. കല്യാണ സീസണുകളായതോടെയാണ് വലിയ മീനുകൾക്ക് വില കൂടാൻ പ്രധാന കാരണമായത്. ബോട്ട്, വള്ളങ്ങളിൽ ആഴക്കടൽ മത്സ്യബന്ധനം നടത്തുന്ന മത്സ്യത്തൊഴിലാളികൾക്ക് ആവോലിക്ക് പുറമേ അയക്കൂറ, ഭാമീൻ, നെയ്മീൻ, കിളിമീൻ, ചെമ്മീൻ എന്നിവയും യഥേഷ്ടം ലഭിച്ചു തുടങ്ങിയതോടെ വിലയിലും വർധനവുണ്ടായി.
ചെമ്മീൻ സംസ്കരണം ആന്ധ്രയിലേക്ക്
അതിനിടെ സംസ്ഥാനത്ത് നിന്ന് ചെമ്മീൻ സംസ്കരണവും കയറ്റുമതിയും പൂർണമായും വിടുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പ്രമുഖ വ്യവസായ ഗ്രൂപ്പുകൾ അവരുടെ സംസ്കരണ യൂണിറ്റുകൾ വർധിച്ചുവരുന്ന അധിക ചെലവ് കാരണം ആന്ധ്രാപ്രദേശിലേക്ക് മാറ്റുന്നുവെന്നാണ് വിവരം. സംസ്ഥാനത്ത് നിലവിൽ ചെമ്മീൻ സീസണാണ് പുരോഗമിക്കുന്നത്. ഈ സമയത്തുള്ള ഇത്തരമൊരു നീക്കം ഈ മേഖലയിൽ വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്.
വിപണിയിലെ മത്സ്യവില
മത്സ്യ മാർക്കറ്റുകളിൽ വെളുത്ത ഏകദേശ വലുപ്പമുള്ള ആവോലിക്ക് 1200 രൂപ വരെയായി വില ഉയർന്നു. കറുത്ത ആവോലിക്കാകട്ടെ 600 രൂപയാണ് വില. ഭാമീൻ അഥവാ കാളയ്ക്ക് 600 മുതൽ 1000 രൂപ വരെയായിരുന്നു വില. കിങ് ഫിഷ് എന്നറിയപ്പെടുന്ന അയക്കൂറ ചെറിയ ഇനത്തിന് 600 രൂപയ്ക്കും വലിയ ഇനത്തിന് 1200 രൂപയുമാണ് വില. ചെമ്മീന് 500 മുതൽ 800 രൂപ വരെ വിലയുണ്ട്.

മറ്റ് മത്സ്യങ്ങളുടെ വിലവിവരം
മത്തി അഥവാ ചാള, അയല എന്നിവയ്ക്ക് വലുപ്പ വ്യത്യാസത്തിലാണ് വില നിശ്ചയിക്കുന്നത്. ഇവയ്ക്ക് 200 മുതൽ 300 രൂപ വരെ വിലയുണ്ട്. മാന്തളിന് (നങ്ക്) 240 രൂപയായിരുന്നു വില. കോലി മത്സ്യത്തിൻ്റെ വലിയ ചാകരയായിരുന്നു ദിവസങ്ങൾക്ക് മുൻപ് ലഭിച്ചത്. ഇതിന് 250 രൂപ മുതൽ 350 വരെ വില ഈടാക്കിയിരുന്നു.
കറ്റ്ലയ്ക്ക് 100 രൂപയ്ക്കാണ് ലഭ്യമായിരുന്നത്. ഇതിനുപുറമെ നെയ്മീൻ, കിളിമീൻ, കൊഴുവ, കലവ, കൊയല തുടങ്ങിയ മീനുകളെല്ലാം നിലവിൽ മത്സ്യമാർക്കറ്റുകളിൽ ലഭ്യമാണ്.
ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്താം.
Article Summary: Fish markets across Kerala, including Kasaragod, are witnessing steep prices for sea fish like pomfret and kingfish due to the wedding season, while rising operational costs are prompting leading companies to shift shrimp processing and export units to Andhra Pradesh.
#KasargodVartha #KeralaFishMarket #PrawnExport #FishPrices #Kasaragod #AndhraPradesh #SeafoodMarket #MalayalamNews #KeralaNews #AparnaNews






