സ്പോണ്‍സേര്‍ഡ് ഭര്ത്താക്കന്മാര് എന്ത് ചെയ്യും?
Oct 18, 2012, 19:00 IST
കേന്ദ്രസര്കാറാണത്രെ അത്തരമൊരു നിയമം കൊണ്ടുവരുന്നതിനെ കുറിച്ച് ആലോചിക്കുന്നത്. നിയമം കേന്ദ്രത്തിന്റേതെങ്കിലും ശമ്പളം കൊടുക്കേണ്ടത് ഭര്‍ത്താവ്. നിയമത്തിന് അടുപ്പുകല്ല് കൂട്ടാന്‍ തയ്യാറെടുക്കുക, അതേയുള്ളൂ. അതിനായി അടുപ്പത്ത് വെള്ളം വെച്ചിട്ടുണ്ടെങ്കില്‍ അതൊന്ന് മാറ്റിവെച്ചേക്ക് എന്ന് പറയാന്‍ പ്രിയ ഭര്ത്താക്കന്മാരേ നാം ഒറ്റക്കെട്ടാവണം. ഇന്ത്യന്‍ ജനാധിപത്ത്യത്തിന്റെ മഹനീയത നോക്കാം. ഭാരതം നമ്മുടെ മാതൃരാജ്യം. ഭാരത മാതാ! അതുകൊണ്ടാവാം നിയമം എല്ലാവര്ക്കും സമമെന്ന് വിവക്ഷിക്കുമ്പോഴും പലതും പെണ്ണനുകൂലമാകുന്നത്. ലോകത്തെ മിക്ക രാജ്യങ്ങളും അവര്‍ക്ക് മാതൃരാജ്യമല്ല പിതൃരാജ്യമാണ്. ഭാഷ എവിടെയും മാതൃഭാഷയാണ്. മദര്‍ടംഗ് ഫാദര്ടംഗല്ല, അമ്മയുടെ തിരുവായില്‍ നിന്നാണ് ആദ്യക്ഷരങ്ങള്‍ പഠിക്കുന്നത്.
പെണ്ണിന് പെരുമയുണ്ടെന്നത് നേര്, ഫെമിനിസം ആശയം എന്നതിലുപരി ഒരു ഫാഷനാണിന്ന്. എത്ര കിട്ടിയാലും തികയാത്തത് എന്നു മനസാ പിറുപിറുക്കുന്ന പാവം ഭര്‍ത്താവ് അവള്‍ക്ക് മാസാമാസം ശമ്പളവും എണ്ണിക്കൊടുക്കേണ്ടുന്ന അവസ്ഥ സംജാതമായാല്‍ പുരുഷനും സ്ത്രീയും തുല്യരാണെന്നു ശാക്തീകരിച്ച് സ്ത്രീ മുന്നേറണമെന്ന് വാദിക്കുന്നവര്‍ തന്നെ സ്വയം വീട്ടുവേലക്കാരിയായി ശമ്പളം വാങ്ങുന്ന സംഭവം ഓര്‍ക്കാതിരിക്കട്ടെ. പക്ഷെ സ്ത്രീ സംഘടനകളും സാറാ ജോസഫ്, അജിത, പ്രൊഫ. മീനാക്ഷി തമ്പാന് തുടങ്ങിയ ഫെമിനിസ്റ്റുകളും ഇങ്ങനെയൊരു നിയമം വരുന്നതിനെ അനുകൂലിക്കുന്നു. കിട്ടിയേ തീരൂ എന്നല്ല കിട്ടിയാല്‍ കൊള്ളാം എന്നായിരുന്നു അവരുടെ വാക്കുകളുടെ ധ്വനി എന്നതാണ് അല്പമെങ്കിലും ആശ്വസിപ്പിക്കുന്നത്.
അങ്ങനെയൊരു നിയമം വന്നാല്‍? പത്രത്തില്‍ വരാവുന്ന ഒരു വിവാഹ പരസ്യം. 21 വയസ് വെളുത്തു സുന്ദരിയായ, ഉയര്‍ന്ന വിദ്യാഭ്യാസമുള്ള യുവതിക്ക് വരനെ ആവശ്യമുണ്ട്. പ്രതീക്ഷിക്കുന്ന ശമ്പളം 35,000 രൂപ, വെളുത്ത സുന്ദരി വേണ്ട കറുത്ത് കരിക്കട്ടയായാലും മതി എന്ന് ആശ്വസിച്ചാലും അതിന്റെ പാതിയെങ്കിലും ശമ്പളം കൊടുക്കണം. കഴിവുണ്ടെങ്കില്‍ കെട്ടിയാല്‍ മതി. ഉയര്‍ന്ന വിദ്യഭ്യാസമുള്ളവള് ഉയര്‍ന്ന ശമ്പളം ചോദിക്കാന്‍ ഉയര്‍ന്ന കാരണമുണ്ട്. പാസ്പോര്‍ട്ട് നേടാന്‍ വേണ്ടി മാത്രം സ്കൂള്‍ ഫൈനല്‍ പാസായവന് നാട്ടില്‍ നിരന്തരം പെണ്ണുനോക്കല് അന്വേഷണവും ചടങ്ങും നടത്തി, ഒടുവില്‍ പിടിയിലൊതുങ്ങാത്ത സ്ത്രീധനം വാങ്ങി തറവാടിയും, തന്റേടിയും ഡിഗ്രിക്കാരിയുമായ പെണ്ണിനെ കണ്ടെത്തി അവളെ കെട്ടി. അക്ഷരാര്‍ത്ഥത്തില്‍ കെട്ടല്‍ തന്നെ ജോലിക്ക് പോകാനോ സമൂഹതലത്തില്‍ ബന്ധപ്പെടാനോ അനുവദിക്കാതെ കൂട്ടിലെ തത്തമ്മയായി വളര്‍ത്തുന്ന കിഴങ്ങന് ഭര്ത്താവാനോട് ശമ്പളം ചോദിച്ചുതന്നെ വാങ്ങണം.
പക്ഷെ അതല്ലല്ലോ, ശമ്പളം ആവശ്യപ്പെടുന്ന ഭാര്യയ്ക്ക് നികത്താവുന്ന കാരണങ്ങള്‍ 'എന്റ്മ്മോ ജോലിചെയ്ത് നടുവൊടിയുന്നു, ബ്രഹ്മമുഹൂര്ത്തത്തിനുണരണം , വീടും മുറ്റവും വൃത്തിയാക്കണം, ഭര്‍ത്താവിനും മക്കള്‍ക്കും ആഹാരം ഒരുക്കണം, വസ്ത്രങ്ങള്‍ അലക്കണം, ഇസ്തിരിയിട്ട് നല്‍കണം, വീടുമുഴുവനും വൃത്തിയാക്കണം ജോലിചെയ്ത് തിരിച്ചുവന്നാല്‍ സാന്ത്വനമാകണം രാത്രി ഭക്ഷണമൊരുക്കണം, പിന്നെ നേരംവെളുക്കുവോളം.... ഹേയ് ഭര്‍ത്താവേ ഇത്രയും ചെയ്യുന്ന എനിക്ക് നിശ്ചിത ശമ്പളം ആവശ്യപ്പെടാന്‍ അവകാശം ഉണ്ടല്ലോ.
ഭര്‍ത്താവിന്റെ മറുപടി, ഒക്കെ ശരിതന്നെ നീ ശമ്പളം അര്‍ഹിക്കുന്നു. പക്ഷെ ചില കിഴിവുകളുണ്ട്. നീ ടി.വി. ഉപയോഗിക്കുന്നു, വാഷിംഗ് മെഷിന്, ഫ്രിഡ്ജ്, ഗ്രെയ്ന്റര്‍, ഗ്യാസ് സ്റ്റൗ എന്നിവയുടെ വാടക, കുട്ടികളുടെ ചിലവ് വഹിക്കണമെങ്കില്‍ കുട്ടികള്‍ എന്റേതു തന്നെ എന്നതിന് തെളിവുകള്‍, പിന്നെ രാത്രി 11 മണിക്കു ശേഷമുള്ള ജോലി. നമുക്ക് രണ്ടുപേര്‍ക്കും തുല്യ പങ്കാളിത്തമുള്ളതിനാല്‍ ശമ്പളം തരാനാവില്ല. എല്ലാം കഴിച്ചു പിടിച്ച് ഈ മാസത്തെ ശമ്പളത്തില്‍ 70 രൂപ ബാക്കിയുണ്ട്. ദാ പിടിച്ചോളൂ.
ഇങ്ങനെയായാലോ മാനുഷിക ബന്ധങ്ങളുടെ പവിത്രത അളക്കാന്‍ ഒരു ഉപകരണവും കണ്ടുപിടിക്കപ്പെട്ടിട്ടില്ല. സ്നേഹത്തിന്റെ വ്യാപ്തിയും ഒരുമയുടെ സൗന്ദര്യവും കണക്കാക്കപ്പെടാന്‍ ഒരു സൂത്രവുമില്ല. ശമ്പളം നല്കപ്പെടുമ്പോള് ഭര്‍ത്താവും ഭാര്യയും രണ്ട് സഹപ്രവര്‍ത്തകര്‍ മാത്രമാവുന്ന മേലുദ്യോഗസ്ഥനും കീഴ്ജീവനക്കാരിയും വയസ്സാംകാലത്ത് വാതവും ശ്വാസംമുട്ടുമായി എണിറ്റു നില്ക്കാന് പോലും ആവതില്ലാത്ത കാലത്ത് മുത്തശ്ശന് മുത്തശ്ശിക്ക് പെന്ഷന് നല്‍കേണ്ടിയും വരും. പങ്കാളിത്ത പെന്ഷന്!
കുടുംബ സംബന്ധമായ എല്ലാ നിയമങ്ങളും സ്ത്രീകള്‍ക്ക് മാത്രമായുള്ളതാണ്. ഗാര്‍ഹിക പീഢനത്തിന്റെ പരിധിയില്‍ നേരായാലും അല്ലെങ്കിലും സ്ത്രീകളുടെ പരാതിക്കേ പ്രസക്തിയുള്ളൂ. മനുഷ്യാവകാശ കമ്മിഷന് അന്വേഷിക്കുന്നതും വിധിക്കുന്നതും അധികവും സ്ത്രീകള്ക്കനുകൂലമായാണ്. പിന്നെ അവര്‍ക്ക് സ്വന്തമായും കമ്മീഷനുണ്ടല്ലോ, വനിതാ കമ്മീഷന്! പുരുഷനെന്തുണ്ട്. നിയമത്തിലും നീതിയിലുമുള്ളത് കമ്മി മാത്രം.
ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള പ്രശ്നം കുടുംബപ്രശ്നമല്ല. വിവാഹമോചനം ചെയ്ത ഭര്‍ത്താവിന്റെ വീട്ടിനു മുന്നില്‍ സ്ത്രീകള്‍ക്ക് സമരം ചെയ്യാം. പിരിച്ചു വിട്ട ഭാര്യയെ തിരിച്ചെടുക്കുക, പൂര്‍വകാല പ്രാബല്യത്തോടെ ശമ്പളവും മറ്റാനുകൂല്യവും നല്‍കുക. ഭാര്യയ്ക്കും ശമ്പളം നല്‍കണമെന്ന ആവശ്യം ഉയര്‍ത്തുന്നവര്‍ക്ക് അതുന്നയിക്കാന്‍ ധൈര്യമുണ്ടായതെങ്ങനെയാണെന്നാണ് അത്ഭുതപ്പെടുത്തുന്നത്.
വരും കാല വാര്‍ത്തകളില്‍ നമുക്ക് ഇങ്ങനെയും വായിക്കാം. ഭര്‍ത്താവ് കുഞ്ഞഹമ്മദില്‍ നിന്ന് ശമ്പള വര്‍ധന ആവശ്യപെട്ട് കുഞ്ഞാമിന നടത്തുന്ന കിടപ്പറ പണിമുടക്ക് പതിനഞ്ചാം ദിവസത്തിലേക്ക്. കിട്ടിയ ശമ്പളം അങ്ങനെ തന്നെ ഭാര്യയെ ഏല്പിച്ച് സ്വന്തം ചിലവിന് പോലും അവളോട് കെഞ്ചി ചോദിച്ച് വാങ്ങുന്ന കോന്തന് ഭര്‍ത്താവിന് ഈ നിയമം പരിരക്ഷയാകും. ഗള്‍ഫില്‍ രാപകല്‍ അധ്വാനിച്ച് പണമുണ്ടാക്കി നാട്ടിലയച്ച് ഭാര്യയ്ക്ക് എ.ടി. എമ്മുകളിലേക്ക് നിരങ്ങി കുശാലാക്കാന്‍ അവസരം സൃഷ്ടിച്ച് കൊടുക്കുന്നവര്‍ക്ക് പരിധി നിശ്ചയിക്കാം. നിനക്ക് ശമ്പളം നിശ്ചയിച്ചിരിക്കുന്നു ഇത്രമാത്രം പിന്‍വലിക്കുക. ഇത്തരം പ്രശ്നങ്ങളില്‍ ദാമ്പത്യ കുഴപ്പമുണ്ടായാല്‍ പരിഹരിക്കാന്‍ പണ്ഡിതന്മാരെയോ കുടുംബ കോടതിയേയോ അല്ല ലേബര്‍ ഓഫീസര്മാരെയായിരിക്കും ആശ്രയിക്കേണ്ടി വരിക.
ചില ഭര്ത്താക്കന്മാരെ ശമ്പളം കൊടുപ്പിച്ച് നിയമം മൂലം തന്നെ നേരിടണം. കിട്ടുന്ന കൂലി ബാറിലും ഫാസ്റ്റ് ഫുഡിലും നിക്ഷേപിച്ച് നാലു കാലില്‍ വീട്ടിലെത്തി തെറിയും, തൊഴിയും, ഇടിയും, ചവിട്ടുമായി ഭാര്യമാരുടെ മേക്കിട്ട് കേറുന്ന കുലംകുത്തി ഭര്‍ത്താവിനെ നിലയ്ക്കു നിര്‍ത്താന്‍ സാധിക്കണം. അയാളെ പോലീസ് പിടിച്ചോണ്ടു പോയി എന്തേയ്? ഭാര്യയ്ക്ക് ശമ്പളം കൊടുത്തിട്ടില്ല പോലും. കേള്‍ക്കാന്‍ രസമുള്ള നിയമലംഘനം. കോടതി കയറിയാല്‍ പണ്ടത്തെ പോലെ വെറും ജീവനാംശം ആവില്ല. ശമ്പളം ചേര്‍ത്തേ വിധിക്കൂ. ഭര്ത്താക്കന്മാരെ ജാഗ്രത!!!!.
അനര്‍ഹമായ സ്ത്രീധനം വാങ്ങി ഭാര്യയുടെ മേല്‍വിലാസത്തില്‍ അടിച്ചു പൊളിച്ചു ജീവിക്കുന്ന സ്പോണ്‍സേര്‍ഡ് ഭര്‍ത്താവിനോട് ശമ്പളം കണക്ക് പറഞ്ഞ് വാങ്ങുവാന്‍ ഭാര്യയ്ക്ക് അവകാശമുണ്ട്. പക്ഷെ വിലക്കയറ്റത്തിന്റെ കഠിന ഭാരം തലയിലേറ്റി ചങ്കൊടിഞ്ഞ് രണ്ടറ്റവും കൂട്ടി മുട്ടിക്കാനാവാതെ ഉഴറുമ്പോഴും അധ്വാനിച്ച് കുടുംബം പോറ്റി വിശ്രമമില്ലാതെ സാന്ത്വനമില്ലാതെ ഒരു തുടര്‍കഥ പോലെ ജീവിതം നയിക്കുന്ന ഭര്‍ത്താവിനോട് ശമ്പളം വേണമെന്ന് ചോദിക്കാന്‍- വേണമെന്ന് തോന്നാന്‍ പോലും ഭാര്യയ്ക്കാകുമോ?
ഭാര്യയുടെയും ഭര്‍ത്താവിന്റെയും വൈകാരിക അടുപ്പത്തെ, സ്നേഹത്തെ, സന്തോഷപ്രദമായ ജീവിതത്തെ, അലോസരപ്പെടുത്തുന്നതും ഈ ശമ്പളവാദം തന്നെ. വസ്ത്രം അലക്കി കിട്ടാതിരുന്നാലോ ഭക്ഷണം കിട്ടാന്‍ വൈകിയാലോ സ്നേഹപൂര്‍വം കലഹിച്ചാലും അവള്‍ക്ക് തിരിച്ചടിക്കാനൊരു വാക്ക് കിട്ടും. 'മുണ്ടാതിരി എനീക്കെന്താ ശമ്പളം തരുന്നുണ്ടോ'.
ഫെമിനിസം പൊള്ളയായ ആശയമാണ്. തൊഴിലാളി സംഘടനകളില്‍ പോലും ആണ് പെണ് ഭേദമില്ലെന്നിരിക്കെ സാഹിത്യത്തില്‍ പോലും പെണ്ണെഴുത്ത് എന്നൊരു കള്ളിയുണ്ടാക്കി അതില്‍ നില്‍ക്കുകയാണിവര്‍. പ്രസവാവധി, ഭാര്യയോടൊപ്പം ഭര്‍ത്താവിന് ഇപ്പോള്‍ കിട്ടുന്നുണ്ടെങ്കിലും പ്രസവവേദനയും പപ്പാതിയാക്കാം എന്ന് വാദിച്ചു കൂടായ്കയില്ല. അല്ലെങ്കിലും ഇപ്പോള്‍ പ്രസവവേദന എവിടെ. നല്ല ദിവസത്തിന്റെ കാലം കുറിച്ച് ആ മുഹുര്ത്തത്തില് അബോധാവസ്ഥയില്‍ സിസേറിയനില്‍ പ്രസവിക്കാനാണ് ഇന്നത്തെ സ്ത്രീകള്‍ക്കിഷ്ടം. വളര്‍ച എത്തിയില്ലെങ്കിലും കുഞ്ഞിന് വളരാന്‍ നൂറ് കണക്കിന് ഇന്‍സ്റ്റന്‍ഡ് മില്‍ക്കും പോഷകങ്ങളുമുണ്ട്. എന്നാലും നല്ലൊരു ജന്മ നക്ഷത്രം മുന്‍കൂട്ടി നിര്‍മിക്കാന്‍ കഴിഞ്ഞല്ലോ.
ഇത്തരം ഇടപെടലുകള്കെതിരെ ഫെമിനിസ്റ്റുകള്‍ ബോധവല്‍ക്കരിക്കുന്നില്ല. സൈബര്‍ ചതിക്കുഴികളില്‍ വീഴാതെ മാറിനടക്കാന്‍ വഴി പറഞ്ഞ് കൊടുക്കുന്നില്ല. കുഴിയില്‍ വീണ ശേഷം ഉന്തിയിട്ടത് പുരുഷനാണെന്നു വരുത്താന്‍ പ്രസ്താവനാപൂരം തന്നെ ഉണ്ടാവും. പുരുഷന്റെ പ്രലോഭനങ്ങളില്‍ കുരുങ്ങി എന്നാവും ഭാഷ്യം. പ്രലോഭനങ്ങളില്‍ കുരുക്കി പുരുഷ ജീവിതത്തേയും കുടുംബത്തേയും കശക്കിയെറിഞ്ഞ് സുഖിച്ചു മതിക്കുന്ന സമ്പാദിക്കുന്ന സ്ത്രീകളെ കണ്ടില്ലെന്ന് നടിക്കുന്നു. ഭാര്യമാര്‍ക്ക് ശമ്പളം എന്ന ആശയത്തെയും ആവശ്യത്തെയും (സത്രീത്വവാദികള് പിന്തുണയ്ക്കരുത്) എന്റെ തൊഴിലാളിയല്ല എന്റെ ഭാര്യ. ദാമ്പത്യത്തെ കുട്ടികളുണ്ടാക്കുന്ന തൊഴില്‍ ശാലയായി കാണാന്‍ നമുക്ക് പറ്റില്ല.
എന്തു പറഞ്ഞാലും എന്തു നിയമം വന്നാലും ഞാന്‍ എന്റെ ഭാര്യയ്ക്ക് ശമ്പളം കൊടുക്കില്ല. കൊടുക്കുന്ന സ്നേഹത്തിനും സമീപനത്തിനും കിട്ടുന്ന പരിചരണത്തിനും ബദലാവാന്‍ കറന്‍സി നോട്ടുകള്ക്കാവില്ല. ശമ്പളമായി കൊടുക്കേണ്ടി വന്നാല്‍ ഭര്‍ത്താവുദ്യോഗം രാജി വെയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ഇടയ്ക്കിടെ കിട്ടുന്ന ടിപ്സ് കൊണ്ട് ചാരിതാര്ത്ഥ്യയുമാണവള്.
വിവാദവും സംവാദവും മനുഷ്യ ബന്ധങ്ങളെ കൂടുതല്‍ അടുപ്പിക്കുന്നതാവണം. ചെയ്യുന്നതൊക്കെ കര്‍ത്തവ്യമാണെന്ന ബോധത്തില്‍ നിന്ന് ഇതൊക്കെ തൊഴിലാണല്ലോ എന്ന് ഭാര്യമാര്‍ക്ക് തോന്നിക്കുന്ന അകല്ച അതുപോലും ഹാനികരമാണ്.
-സി.എല്‍. അബ്ബാസ്
Keywords: Article, House Wife, Salary, Law, C.L. Abbas, Malayalam Story, Husband, Central Govt, Job, Life, Family, Rule