city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സി.എച്ചിന്റെ യാത്ര; കാഴ്ചകളുടെ പുനര്‍വായന

ഇബ്രാഹിം ചെര്‍ക്കള

(www.kasargodvartha.com 27/09/2015) പത്രപ്രവര്‍ത്തകന്‍, പ്രഭാഷകന്‍, അതിലുപരി ശ്രദ്ധേയനായ എഴുത്തുകാരന്‍ എന്നീ നിലയില്‍ വായനക്കാരെ ഏറെ സ്വാധീനിച്ച വ്യക്തിയാണ് റഹ് മാന്‍ തായലങ്ങാടി. പത്രപ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ തന്നെ നാട്ടിന്റെ ചെറുതും വലുതുമായ പ്രശ്‌നങ്ങളില്‍ ഇടപെട്ടുകൊണ്ട് വളരെയധികം ലേഖനങ്ങള്‍ ചന്ദ്രികയില്‍ എഴുതുകയുണ്ടായി. അതുപോലെ നല്ലൊരു കഥാകൃത്ത് കൂടിയാണ് ഈ തൂലികക്കാരന്‍. ധാരാളം നല്ല കഥകള്‍ ഒരുകാലത്ത് എഴുതിയിട്ടുമുണ്ട്.
റഹ് മാന്‍ തായലങ്ങാടിയുടെ ഏറെ വായിക്കപ്പെട്ട പുസ്തകമാണ് സി.എച്ചിന്റെ സഞ്ചാര സാഹിത്യലോകം.  രാഷ്ട്രീയ കേരളത്തിന്റെ ചരിത്രത്തില്‍ എന്നും തിളങ്ങി നില്‍ക്കുന്ന സി.എച്ച് മുഹമ്മദ് കോയ സാഹിബ്.  ഏറ്റവും മികച്ച ഭരണാധികാരിയെന്ന നിലയില്‍ ശ്രദ്ധനേടിയ അദ്ദേഹം വ്യക്തിത്വമുള്ള ഒരു എഴുത്തുകാരന്‍ കൂടിയാണെന്ന് സഞ്ചാരസാഹിത്യ കൃതികള്‍ തെളിയിക്കുന്നു. മലയാള സാഹിത്യത്തില്‍ സഞ്ചാര സാഹിത്യശാഖ വികാസം പ്രാപിക്കാത്ത ഒരു കാലത്താണ് സി.എച്ചിന്റെ തൂലികയില്‍ നിന്നും അമൂല്യങ്ങളായ കൃതികള്‍ പിറന്ന് വീണത്.

ഓരോ യാത്രകളിലും ഉണ്ടായ അനുഭവങ്ങള്‍ വരച്ചുകാണിച്ച് അതിലൂടെ ലോകത്തെ അറിയാനും വ്യാഖ്യാനിക്കാനും ചരിത്രവും ജീവിതരീതിയും എല്ലാം ഒരു അന്വേഷകന്റെ കൗതുകത്തോടെ അടയാളപ്പെടുത്തുന്നു.  ഇതു വായനക്കാരെക്കൂടി അനുഭവിപ്പിക്കുന്നു. കേരള രാഷ്ട്രീയം കണ്ട മഹാപ്രതിഭകളിലൊരാളാണ് സി.എച്ച്. സാഹിത്യ- സാംസ്‌കാരിക - സാമൂഹിക മേഖലകളിലാകമാനം ഈ വ്യക്തിത്വം നിറഞ്ഞുനില്‍ക്കുന്നു.  തലമുറകള്‍ക്ക് വെളിച്ചം നല്‍കുന്ന ഈ ഭരണാധികാരിയെ ബഹുമുഖ പ്രതിഭയുടെ വ്യത്യസ്ത മുഖങ്ങളെ സസൂക്ഷ്മം പഠിച്ച് വരും തലമുറകള്‍ക്ക് ഒരു നിധിയായി സമര്‍പ്പിക്കേണ്ടത് കേരള ജനതയുടെ നന്മയ്ക്ക് ആവശ്യമാണ്. സി.എച്ചിനെ അടുത്തറിയാന്‍ ഭാഗ്യമുണ്ടായ റഹ് മാന്‍ തായലങ്ങാടി തന്റെ പുസ്തകത്തിലൂടെ നിര്‍വഹിച്ചിരിക്കുന്നതും അതാണ്.

വളരെ തിരക്കേറിയ പൊതുജീവിതത്തിനിടയില്‍ വീണുകിട്ടുന്ന ചില സ്വകാര്യ നിമിഷങ്ങളെ അടയാളപ്പെടുത്തുന്നവയാണ് അദ്ദേഹത്തിന്റെ യാത്രാക്കുറിപ്പുകള്‍. അതുകൊണ്ട് തന്നെ ദൈനംദിന ജീവിതവും വ്യവഹാരങ്ങളുടെ മടുപ്പില്‍ നിന്നുള്ള ഒരു മോചനവുമാണ് അദ്ദേഹത്തിന് യാത്ര.

റഹ് മാന്‍ തായലങ്ങാടിയുടെ പുസ്തകം ഒരു പുനര്‍വായന നടത്തിയപ്പോഴാണ് സി.എച്ചിന്റെ സഞ്ചാരസാഹിത്യം തേടിപ്പിടിച്ച് വായിക്കാന്‍ പ്രേരണയുണ്ടായത്. എന്റെ ഹജ്ജ് യാത്ര, കോ- ലണ്ടന്‍- കെയ്‌റോ, ഞാന്‍ കണ്ട മലേഷ്യ, ലോകം ചുറ്റിക്കണ്ടു, ശ്രീലങ്കയില്‍ അഞ്ചുദിവസം, സോവിയറ്റ് യൂണിയനില്‍, ലിബിയന്‍ ജമാഹിരിയില്‍, ഗള്‍ഫ് രാജ്യങ്ങളില്‍ എന്നിവയാണ് സി.എച്ചിന്റെ പ്രധാന യാത്രാ വിവരണ കൃതികള്‍.

ഏതൊരു വായനക്കാരനെയും വിസ്മയിപ്പിക്കുന്ന ഈ മഹത്തായ കൃതികള്‍ പൊതുസമൂഹം അധികം ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ല എന്നത് മലയാളത്തിന്റെ വായനാ ലോകത്തിന്റെ നഷ്ടമായിട്ടേ കാണാന്‍ പറ്റൂ. എന്റെ ഹജ്ജ് യാത്ര വിശ്വാസിയുടെ മനസ്സില്‍ തെളിയുന്ന ഒരു തീര്‍ത്ഥാനമായിരുന്നെങ്കില്‍, സോവിയറ്റ് യൂണിയനിലേക്കുള്ള യാത്ര ഔദ്യോഗികമായിരുന്നു. ആഫ്രോ ഏഷ്യന്‍ സോളിഡാരിറ്റി കൗണ്‍സിലിന്റെ ക്ഷണമനുസരിച്ചാണ് അദ്ദേഹം സോവിയറ്റ് യൂണിയന്‍ സന്ദര്‍ശിച്ചത്.

ലിബിയന്‍ സന്ദര്‍ശനത്തിനും ഔദ്യോഗിക സ്വഭാവമുണ്ട്. അമേരിക്കന്‍ അംബാസഡറിന്റെ ക്ഷണമനുസരിച്ച് സി.എച്ച് അമേരിക്കയില്‍ നടത്തിയ സന്ദര്‍ശനമാണ് ലോകം ചുറ്റിക്കണ്ടു എന്ന കൃതി. ഗള്‍ഫ് രാജ്യങ്ങളില്‍ യാത്രാവിവരണത്തിനാസ്പദമായ സന്ദര്‍ശനം നടത്തിയത് പാര്‍ലമെന്റ് അംഗമായിരിക്കെയാണ്. ചുരുക്കത്തില്‍ വി.ഐ.പി പരിഗണനയോടെ നടത്തിയ യാത്രകളാണ് സി.എച്ചിന്റെ സഞ്ചാര സാഹിത്യത്തിന് നിമിത്തമെന്ന് കാണാം.

എന്നാല്‍ ഈ ഒരു പരിഗണനയും സി.എച്ച് എന്ന സഞ്ചാരിയായ എഴുത്തുകാരന്റെ വീക്ഷണത്തെ പരിമിതപ്പെടുത്തുന്നില്ല. ഗള്‍ഫ് രാജ്യങ്ങളില്‍ എന്ന കൃതിയുടെ അവതാരികയില്‍ എസ്.കെ പൊറ്റക്കാട്ട് സൂചിപ്പിക്കുന്നു. മലയാളഭാഷയില്‍ പ്രസിദ്ധീകരിക്കപ്പെട്ട ഏറ്റവും മികച്ച ഗ്രന്ഥം ഇതാണെന്ന് റഹ് മാന്‍ തായലങ്ങാടിയും സാക്ഷ്യപ്പെടുത്തുന്നു.

സി.എച്ചിന്റെ ശൈലിയെക്കുറിച്ച് പലയിടങ്ങളിലായി പ്രതിപാദിക്കപ്പെടുന്നുണ്ട്. അദ്ദേഹത്തിന്റെ പ്രസംഗം കേള്‍ക്കാന്‍ ഭാഗ്യം ലഭിച്ചവരെല്ലാം സി.എച്ച്. എന്ന എഴുത്തുകാരന്റെ വാക്ക് ചാതുര്യം ബോധ്യപ്പെട്ടതാണ്.

ഇന്ത്യന്‍ സാഹിത്യത്തില്‍ ആദ്യമായി യാത്രാവിവരണ സാഹിത്യമുണ്ടായത് മലയാളത്തിലാണ്. എസ്.കെ പൊറ്റക്കാട് അതിനെ ലോകയാത്രാ വിവരണ സാഹിത്യത്തിനൊപ്പം എത്തിച്ചു. എന്റെ ഹജ്ജ് യാത്ര, കോ -ലണ്ടന്‍- കൈറോ, ലോകം ചുറ്റിക്കണ്ടു എന്നിവ മലയാളത്തിലെ മികച്ച യാത്രാവിവരണ ഗ്രന്ഥങ്ങളാണ്.  അതുകൊണ്ട് തന്നെ സി.എച്ചിനെ പരാമര്‍ശിക്കാത്ത മലയാള യാത്രാവിവരണസാഹിത്യ ചരിത്രം അപൂര്‍ണമായിരിക്കുമെന്ന റഹ് മാന്‍ തായലങ്ങാടിയുടെ കണ്ടെത്തല്‍ കാലം തെളിയിക്കും.

സി.എച്ചിന്റെ സഞ്ചാരസാഹിത്യലോകം എന്ന പുസ്തകം വലിയൊരു ചര്‍ച്ചയിലേക്കാണ് മലയാള വായനാലോകത്തെ ക്ഷണിക്കുന്നത്. ഈ തൂലികയില്‍ ജന്മം കൊണ്ട കഥകളും അതുപോലെ പുസ്തകമാകാതെ കിടക്കുന്ന അനേകം ലേഖനങ്ങളും തീര്‍ച്ചയായും മലയാള സാഹിത്യത്തിന് വലിയ സംഭാവനകള്‍ നല്‍കപ്പെടുന്നതാണ്. ഈ വഴിയില്‍ ചിന്തിക്കാന്‍ സഹൃദയലോകം ശ്രമിച്ചാല്‍ വടക്കിന്റെ മണ്ണില്‍ നിന്നും നല്ലൊരു സാഹിത്യ കൃതികള്‍ മലയാളത്തിന് കിട്ടും.

സി.എച്ചിന്റെ യാത്ര; കാഴ്ചകളുടെ പുനര്‍വായന

Keywords : Ibrahim Cherkala, Article, Rahman-Thayalangadi, Memorial, Book, C.H Muhammed Koya, Memories. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia