city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

യാത്രക്കാര്‍ നിര്‍ബന്ധമായും കരുതേണ്ടത്...

രവീന്ദ്രന്‍ പാടി

(www.kasargodvartha.com 08.11.2014) ദൂരയാത്ര പോകുമ്പോള്‍ ചുരുങ്ങിയത് മൂന്നു പേരെങ്കിലും വേണമെന്ന് പ്രവാചകന്‍ മുഹമ്മദ് നബി പറഞ്ഞിട്ടുണ്ട്. അതിനുള്ള കാരണങ്ങളും പ്രവാചകന്‍ നിരത്തുന്നുണ്ട്. ഒറ്റയ്ക്കാണ് ഒരാള്‍ യാത്ര പോകുന്നതെങ്കില്‍ അയാള്‍ക്ക് എന്തെങ്കിലും ആപത്തുപിണഞ്ഞാല്‍ മറ്റാരും അയാളെ സഹായിക്കാന്‍ ഉണ്ടാവില്ല. അയാള്‍ മരിച്ചാല്‍ ആ വിവരം ബന്ധുക്കളെ അറിയിക്കാനും സാധിക്കില്ല.

രണ്ടു പേരാണ് യാത്ര പോകുന്നതെങ്കില്‍ അവര്‍ വഴിക്കുവെച്ച് വല്ല കാരണത്താലും തമ്മില്‍ ആക്രമിച്ചോ, ചതിച്ചോ ഒരാളോ, രണ്ടു പേരുമോ കൊല്ലപ്പെട്ടാല്‍ അതിനു സാക്ഷികള്‍ ഉണ്ടാവില്ല. വിവരം ബന്ധുക്കളെ അറിയിക്കാനും സാധിക്കില്ല.

മൂന്നു പേരാണ് യാത്ര പോകുന്നതെങ്കില്‍ പല ആപത്തും തടയാന്‍ സാധിക്കും. മാത്രമല്ല, ഒരാള്‍ എല്ലാത്തിനും സാക്ഷ്യം വഹിക്കാന്‍ ഉണ്ടാകുകയും ചെയ്യുമെന്നും പ്രവാചകന്‍ പറയുന്നു.

പ്രവാചകന്‍ ജീവിച്ചിരുന്ന കാലത്തു നിന്ന് ലോകം ഏറെ മാറി. യാത്ര ചെയ്യുന്ന വിധവും, യാത്രയുടെ ഉദ്ദേശം തന്നെയും മാറി. ഫോണും ഫോട്ടോയും ഇന്റര്‍നെറ്റും ഫേസ്ബുക്കും വാട്‌സ് ആപ്പും വാര്‍ത്താ മാധ്യമങ്ങളും  മറ്റു വിവര സാങ്കേതിക വിദ്യകളും, വാഹന സൗകര്യവും, ഗൈഡും  ഏറെ വന്നു. അപ്പോഴും പ്രശ്‌നങ്ങളുണ്ടാവുന്നു എന്നു പറയാനാണ് മേല്‍പ്പറഞ്ഞ പ്രവാചക വചനങ്ങള്‍ ഉദ്ധരിച്ചത്.

ദീര്‍ഘയാത്ര പോകുമ്പോള്‍ മതിയായ രേഖകള്‍ കൈവശമില്ലെങ്കില്‍ യാത്രക്കാരന് എന്തെങ്കിലും സംഭവിച്ചാല്‍ ആളെ തിരിച്ചറിയാന്‍ സാധിക്കാതെയോ, ആവശ്യമായ സഹായങ്ങള്‍ ചെയ്തു കൊടുക്കാന്‍ സാധിക്കാതെയോ വരാം. ചിലപ്പോള്‍ മറ്റു ചില ആപത്തുകളിലും വന്നു പെട്ടേക്കാം. അതിനാല്‍ യാത്രക്കാര്‍ ചില മുന്‍കരുതലുകള്‍ എടുക്കേണ്ടത് ആധുനിക കാലത്ത് അത്യാവശ്യമായി വന്നിരിക്കുകയാണ്. റെയില്‍വെ ഈയടുത്തായി യാത്രക്കാര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയത് വളരെ നല്ലകാര്യമാണ്.

കൈയും തലയും പുറത്തിടരുതെന്ന് ബസ്സുയാത്രക്കാര്‍ക്കു നല്‍കുന്ന നിര്‍ദേശം മുതല്‍ അങ്ങോട്ട് ട്രെയിന്‍ യാത്രക്കാര്‍ക്കും, വിമാന യാത്രക്കാര്‍ക്കും വരെയുള്ള നിര്‍ദേശങ്ങള്‍ക്കും മുന്‍കരുതലുകള്‍ക്കും നാട്ടില്‍ ക്ഷാമമില്ല.

എന്നാല്‍ മരണം നിഴല്‍ പോലെ കൂടെത്തന്നെയുള്ള മനുഷ്യരെ സംബന്ധിച്ച് അവനവന്‍ തന്നെ എടുക്കേണ്ട കരുതലുകള്‍ക്ക്  ഇക്കാലത്ത് കൂടുതല്‍ പ്രാധാന്യം കൈവന്നിരിക്കുന്നു. മനുഷ്യ ജീവിതത്തെ സംബന്ധിച്ച അനിശ്ചിതത്വം ഏറെ നില നില്‍ക്കുന്ന കാലമാണിതെന്നു കൂടി ഓര്‍ക്കണം. രാവിലെ വീട്ടില്‍ നിന്നിറങ്ങിയ ഒരാള്‍ വൈകിട്ട് തിരിച്ചു വരുമെന്നതിനോ, രാത്രി ഉറങ്ങാന്‍ കിടന്ന ആള്‍ രാവിലെ എഴുന്നേല്‍ക്കുമെന്നോ ഉള്ളതിന് ഒരു ഉറപ്പും ഇല്ലല്ലോ! 'കണ്ടുകണ്ടങ്ങിരിക്കും ജനങ്ങളെ കണ്ടില്ലെന്നു വരുത്തുന്നതും ഭവാന്‍!',' ഒരു നിശ്ചയവുമില്ലയൊന്നിനും!' എന്നിങ്ങനെയുള്ള കവിവാക്യങ്ങള്‍ എത്ര അന്വര്‍ത്ഥം!

യാത്രക്കാര്‍ നിര്‍ബന്ധമായും കരുതേണ്ടത്...

റെയില്‍ പാളത്തില്‍ അജ്ഞാതന്റെ മൃതദേഹം കാണപ്പെട്ടതും, അജ്ഞാത മൃതദേഹം തിരിച്ചറിയാനാകാതെ സംസ്‌ക്കരിച്ചതും നാം നിത്യേനയെന്നോണം വായിക്കുന്ന വാര്‍ത്തകളാണ്.
അവരുടെ മൃതദേഹത്തോടൊപ്പം ഫോട്ടോയും, വിലാസവും ഫോണ്‍ നമ്പറും, തിരിച്ചറിയാനുള്ള മറ്റെന്തെങ്കിലും കാര്യങ്ങള്‍ ഉണ്ടായിരുന്നുവെങ്കില്‍ അവര്‍ക്കിങ്ങനെ അനാഥ മൃതദേഹങ്ങളാകേണ്ടി വരുമായിരുന്നോ എന്ന് ചിന്തിച്ചു പോയിട്ടുണ്ട്.

അതിനാല്‍ യാത്ര പോകുന്നവര്‍ ആരായാലും തങ്ങളെ തിരിച്ചറിയുന്ന രേഖകള്‍ നിര്‍ബന്ധമായും കരുതിയിരിക്കണം. ഫോട്ടോ, വിലാസം, ഫോണ്‍ നമ്പര്‍, രക്തഗ്രൂപ്പ്, കുടുംബവിവരങ്ങള്‍, അടുത്ത അവകാശികളുടെ വിരങ്ങള്‍, മത വിശ്വാസികളാണെങ്കില്‍ അക്കാര്യം, സംഘടനാ ബന്ധങ്ങള്‍, വഹിക്കുന്ന പദവികള്‍ തുടങ്ങിയ വിവരങ്ങള്‍ അടങ്ങിയ രേഖകള്‍ കൈവശമുണ്ടാകുന്നതാണ് ഉത്തമം. പണവും, ഭക്ഷണവും പോലെ തന്നെ പ്രധാനമാണത്.

ദൂര യാത്രക്കാരാണെങ്കില്‍ നിര്‍ണായകമായ കേന്ദ്രങ്ങളില്‍ എത്തുമ്പോഴെല്ലാം ബന്ധുക്കളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നതും നന്നായിരിക്കും. ഒരാള്‍ ദീര്‍ഘ യാത്രക്കിടെ വീടുമായി ബന്ധപ്പെടാതിരിക്കുകയോ അപ്രത്യക്ഷമാവുകയോ ചെയ്താല്‍ വീട്ടുകാര്‍ക്കുമുണ്ട് ചില കടമകള്‍. അടിയന്തിരമായി വിവരം പോലീസില്‍ അറിയിക്കുകയും അന്വേഷണത്തിന് ആവശ്യമായ നടപടികള്‍ ഉറപ്പുവരുത്തുകയും വേണം. ഇത്തരം സഹായങ്ങള്‍ക്ക് നാട്ടിലെ പൊതുപ്രവര്‍ത്തകരെയും രാഷ്ട്രീയ പാര്‍ട്ടി നേതാക്കളെയും സമീപിക്കാവുന്നതാണ്. പലപ്പോഴും നാട്ടിലെ സാമൂഹ്യ പ്രവര്‍ത്തകര്‍ തന്നെ ഇത്തരം സംഭവങ്ങള്‍ അറിയാന്‍ വൈകാറുണ്ട്. ഇതൊന്നും ചെയ്യാതെ വല്ലതും സംഭവിച്ചാല്‍ പിന്നീട് മറ്റുള്ളവരെ കുറ്റപ്പെടുത്തുന്ന പ്രവണതയാണ് കണ്ടുവരുന്നത്.

ഇതൊന്നും ചെയ്യാതെ വല്ലതും സംഭവിച്ചാല്‍ പിന്നീട് മറ്റുള്ളവരെ കുറ്റപ്പെടുത്തുന്ന പ്രവണതയാണ് കണ്ടുവരുന്നത്. ഒടുവില്‍ നടന്ന അത്യാഹിതങ്ങളുടെയോ, സംഭവങ്ങളുടെയോ നിജസ്ഥിതി പോലീസ് മുഖേനയും മറ്റും മാധ്യമങ്ങളില്‍ വാര്‍ത്തയാകുമ്പോള്‍ അത് കുടുംബത്തിന്റെയും നാട്ടുകാരുടെയും അനാസ്ഥ മൂലമാണെന്ന് വ്യാഖ്യാനിക്കപ്പെടുകയോ ചിത്രീകരിക്കപ്പെടുകയോ ചെയ്താല്‍ അത് മാധ്യമങ്ങളെ കുറ്റപ്പെടുത്താനുള്ള കാരണമായി മാറുകയും ചെയ്യുന്നു. ഇതൊഴിവാക്കാന്‍ യാത്രക്കാരനെ കുറിച്ച് അശുഭകരമായ വല്ലതും ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ തന്നെ ബന്ധപ്പെട്ടവര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു.

കാസര്‍കോട് ജില്ലക്കാരനായ ഒരു ഇസ്ലാം മതവിശ്വാസി  ഈയിടെ തമിഴ്‌നാടില്‍ വെച്ച് മരണപ്പെടുകയും ആളെ തിരിച്ചറിയാനാകാതെ മൃതദേഹം സംസ്‌കരിക്കുകയും ചെയ്ത ദൗര്‍ഭാഗ്യകരമായ സംഭവം ഉണ്ടായിരുന്നു. ഇതുമൂലം ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും ഉണ്ടായ വിഷമങ്ങള്‍ പറഞ്ഞറിയിക്കാന്‍ പറ്റുന്നതിനേക്കാള്‍ അപ്പുറമാണ്. മരിച്ചയാളെ തിരിച്ചറിയാനുള്ള എന്തെങ്കിലും രേഖകള്‍ ഉണ്ടായിരുന്നുവെങ്കില്‍ അങ്ങനെ സംഭവിക്കുമായിരുന്നില്ലല്ലോ!

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Article, Ravindran Pady, Prophet, Muhammed, Passengers, Islam, Dead body, Unknown. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia