city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മഴത്തുള്ളിക്കിലുക്കമേ, ഉള്ളില്‍ നീറ്റലാണെന്നും നിന്നെ സ്മരിക്കുമ്പോള്‍...

ബഷീര്‍ മുഹമ്മദ് പുണ്ടൂര്‍

(www.kasargodvartha.com 20.09.2017)
ഋതുക്കള്‍ മാറി മാറി വരുമ്പോഴും ഓര്‍ത്തോര്‍ത്തിരിക്കാന്‍ സുന്ദരമായ അനര്‍ഘനിമിഷങ്ങള്‍ എല്ലാവരുടെയും ക്യാമറക്കണ്ണുകളില്‍ പതിഞ്ഞിട്ടുണ്ടാവും. ചുട്ടുപൊള്ളുന്ന വെയിലത്ത് ആത്മാര്‍ത്ഥത നിറഞ്ഞ സമ്പാദ്യത്തിന്റെ വിയര്‍പ്പുകണങ്ങള്‍ ഒഴുകിത്തീരുന്ന വേനല്‍ക്കാലം, പ്രഭാതങ്ങള്‍ക്ക് മൂടല്‍മഞ്ഞിന്റെ ചെറു കുളിരിലൂടെ മണ്ണും മനസ്സും ഒന്നാകെ തണുത്തുവിറയ്ക്കുന്ന ശൈത്യകാലം, ജീവിതത്തിന്ന് നിറവസന്തം ചാര്‍ത്തി ഹൃദയഹാരിയായ നിരവധി കുസുമങ്ങള്‍ ഉദ്യാനം തീര്‍ക്കുന്ന വസന്തകാലം, എന്നാലും മഴക്കാലം, വര്‍ഷകാലം മാനത്തുനിന്ന് ചീറ്റിയും ചീറിയും അനുഗ്രഹത്തിന്റെ അപൂര്‍വ രംഗങ്ങള്‍ സമ്മാനിക്കാറുള്ള മഴക്കാലം...

മഴത്തുള്ളിക്കിലുക്കമേ, ഉള്ളില്‍ നീറ്റലാണെന്നും നിന്നെ സ്മരിക്കുമ്പോള്‍...

ഓരോ കുഞ്ഞു മനസ്സുകളും തങ്ങളുടെ ബാല്യകാലത്തെ ആ മഴക്കാലത്തെ ഓര്‍ക്കാതിരിക്കാന്‍ വകയില്ല. എന്റെ കുട്ടിക്കാലമിന്നും ഒരു നൊമ്പരപ്പെടുത്തുന്ന ഭീകരമുഖം തന്നെയാണ്. ഓലമേഞ്ഞ കുടിലിന് മീതെ മഴത്തുള്ളികള്‍ മത്സരിച്ച് ചുംബിക്കുമ്പോള്‍ ഉള്ളിലെ മണ്‍തറയില്‍ പായ വിരിച്ചു കിടന്ന ഞങ്ങളുടെ കുഞ്ഞ് ശരീരങ്ങള്‍ മാതൃഹൃദയത്തിന്റെ ചൂടിനായി കെഞ്ചിയിട്ടുണ്ട്. ചോര്‍ന്നൊലിക്കുന്ന മേല്‍ക്കൂര നോക്കി കിടന്നുറങ്ങാത്ത എത്രയോ സുന്ദരരാത്രികള്‍ എന്റെ അനുഭവക്കുറിപ്പിലുണ്ട്. അന്ന് കുടയില്ലാതെ സ്‌കൂളിലേക്ക് നനഞ്ഞോടി അവസാനം ടീച്ചര്‍ പുച്ഛത്തോടെ ക്ലാസില്‍ കയറ്റാതെ പുറത്തുനിര്‍ത്തിച്ചതും മങ്ങിയ ഓര്‍മകളിലെ നീറ്റല്‍ തന്നെയാണ്.

ഇതെന്റെ മാത്രം മഴക്കാല ഓര്‍മകളാവണമെന്നില്ല. പലരും അനുഭവിച്ചവരും അനുഭവിക്കേണ്ടവരുമെന്നറിയുമ്പോള്‍ നെഞ്ചകം നീറാറുണ്ട്. സായാഹ്നങ്ങളിലും അവധിക്കാലത്തും തിമിര്‍ത്ത് പെയ്യുന്ന മഴയ്ക്ക് ഓടിച്ചാടി ചെളി വാരിയെറിഞ്ഞ് കളിച്ചുല്ലസിച്ച് ആനന്ദനൃത്തം ചവിട്ടിയതും മറ്റൊരു ഓര്‍മ തന്നെയാണ്. മുറ്റത്തെ പ്രതീകാത്മക പുഴയില്‍ കടലാസ് വഞ്ചി തുഴഞ്ഞ് ആസ്വദിക്കാത്തവരും കുറവായിരിക്കും.

മഴ അനുഗ്രഹമാണെന്ന് പറയാതിരിക്കാനാവില്ലല്ലോ. വരണ്ടു കിടക്കുന്ന പാടങ്ങള്‍ക്കും വറ്റിത്തീര്‍ന്ന കുളങ്ങള്‍ക്കും കിണറുകള്‍ക്കും ഒരുണര്‍വ് വേണേല്‍ മഴ തിമിര്‍ത്ത് പെയ്യണം. അടുത്തൊരു ലോക മഹായുദ്ധത്തിന് വിസില്‍ മുഴങ്ങുമ്പോള്‍ ഹേതു ദാഹജലമാണെന്നറിയുമ്പോള്‍ വിശ്വസിക്കാതെ ചിരിച്ചു തള്ളിയ നേരങ്ങള്‍ക്ക് വലിയ മറുപടിയും കൂടിയാണ് മഴക്കാലം. വെള്ളം കിട്ടാതെ അലഞ്ഞ് ഒടുവില്‍ മഴ കോരിച്ചൊരിയുന്നത് കണ്‍കുളിര്‍ക്കെ കണ്ടാസ്വദിച്ച് മനസില്‍ ദൈവത്തെ സ്തുതിക്കുന്ന അപൂര്‍വ നേരങ്ങള്‍ അദമ്യമായ അനുഭൂതി തന്നെയാണ്.

സിനിമകള്‍ക്ക് മിഴിവേകാന്‍ ഇടവേളകളില്‍ വരുന്ന റൈന്‍ സീനുകള്‍ ഗാനത്തിന്റെ അകമ്പടിയോടെ കൊട്ടിത്തകര്‍ക്കുമ്പോള്‍ നമുക്കുമൊന്ന് ചാടിക്കളിച്ചാലോ എന്ന് ചോദിച്ച ഒത്തിരി സുഹൃത്തുക്കളും ഈ പെരുമഴക്കാലത്ത് ഓര്‍മ പുതുക്കാന്‍ മനസില്‍ ഓടിയെത്താറുണ്ട്. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാനെന്ന് പതിവ് പല്ലവിയില്‍ പറഞ്ഞ് തീര്‍ക്കുന്ന മത്സ്യത്തൊഴിലാളികളുടെ ജീവിതത്തിന് കരിനിഴല്‍ പടര്‍ത്തുന്ന ട്രോളിംഗ് നിരോധനവും വര്‍ഷകാലത്തിന്റെ ഉള്‍ച്ചതിയുടെ മുഖമൂടിയഴിച്ച് കാണിച്ച് തുടങ്ങും. കരയിടിഞ്ഞും, കടല്‍ഭിത്തി തകര്‍ന്നും, ഒഴുക്കില്‍പെട്ടും ഇല്ലാതായിപ്പോവുന്ന മനുഷ്യജീവനുകള്‍ക്ക് മുന്നില്‍ മഴക്കാലക്കെടുതി മറുപടി പറയേണ്ടത് തന്നെയാണ്.

നാശ നഷ്ടങ്ങള്‍ വിതച്ച് ജീവിതം വഴിമുട്ടിക്കാനും കൊടും ഭീകരനല്ലാത്ത ഈ മഴയ്ക്ക് സാധിച്ചേക്കും. മഴക്കാലത്തെ ആസ്വദിച്ച് സാഹിത്യ വിഭവങ്ങള്‍ വിളമ്പിയ നിരവധി കൃതികള്‍ക്ക് പിറവി നല്‍കാനും മഴക്കാലത്തിന് സാധ്യമായി എന്നത് നഗ്ന സത്യം തന്നെ.

സര്‍വരുടെയും ഓര്‍മ പുസ്തകത്തില്‍ കവര്‍ സ്റ്റോറിയും, കവിതയും, കഥയും, തിരക്കഥയും, കാര്‍ട്ടൂണും വരച്ച് തീര്‍ക്കാന്‍ കെല്‍പ്പുള്ള ഒരു മഴക്കാലം കൂടിയിതാ... ജീവിതത്തിന്റെ കവര്‍ പേജില്‍ ദുരിതങ്ങള്‍ വച്ച് പിടിപ്പിക്കാനും ഇതേ മഴയ്ക്ക് ഓര്‍ക്കാതിരിക്കല്ലേ...

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : Article, Rain, Memories, Basheer Muhammed Pundoor, House, Rain and memories. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia