city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മലാല അക്ഷരങ്ങളുടെ മാലാഖ

കൂക്കാനം റഹ് മാന്‍

കരിവെളളൂര്‍ പാലക്കുന്ന് പാഠശാലയുടെ രണ്ടാം വാര്‍ഷികാഘോഷ പരിപാടിയില്‍ മാഹി നാടകപ്പുരയുടെ 'മലാല അക്ഷരങ്ങളുടെ മാലാഖ' എന്ന ഏക പാത്ര നാടകം അവതരിപ്പിക്കാന്‍ എത്തിയ നിഹാരികയെ നേരില്‍ക്കണ്ടു. പത്രത്താളുകളില്‍ അവളെക്കുറിച്ചു വായിച്ചറിഞ്ഞിട്ടുണ്ട്. അച്ഛന്‍ ടി.ടി മോഹനനും അമ്മ തടത്തില്‍ ഷൈനിയും ഒപ്പമുണ്ടായിരുന്നു.

അങ്കണ്‍വാടിയില്‍ നിന്ന് തുടങ്ങിയതാണ് നിഹാരികയുടെ കലാപ്രകടനങ്ങള്‍. കൊച്ചുകുഞ്ഞായിരിക്കുമ്പോള്‍ അവതരിപ്പിച്ച നാടോടിനൃത്തം സകലരുടെയും പ്രശംസ പിടിച്ചു പറ്റിയിരുന്നു. രണ്ടാം ക്ലാസിലെത്തിയപ്പോള്‍ നാടക നടിയായി. ആദ്യം അഭിനയിച്ച നാടകത്തിലെ സംഭാഷണം നിഹാരികയ്ക്ക് ഇപ്പോഴും മനഃപാഠമാണ്. 'ഒരു പത്തു പൈസാവട്ടം' എന്നതായിരുന്നു നാടകത്തിന്റെ പേര്. യു.പി സ്‌കൂളിലും ഹൈസ്‌കൂളിലുമെത്തിയപ്പോള്‍ മോണോആക്ട്, കഥാപ്രസംഗം, ഓട്ടന്‍തുളളല്‍, നഗ്യാര്‍കൂത്ത് എന്നിവയില്‍ ജില്ലാതലത്തില്‍ ഒന്നാം സ്ഥാനക്കാരിയായി. ജില്ലാതലത്തില്‍ നല്ല നടിയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

അഭിനയരംഗത്ത് കാലെടുത്തുവെച്ച നിഹാരിക പേടിത്തൊണ്ടന്‍, ലിവിംഗ് ടുഗദര്‍, മൈബിഗ് ഫാദര്‍, മഴവില്ലിനക്കരെ തുടങ്ങിയ ആറുസിനിമകളില്‍ അഭിനയിച്ചു കഴിഞ്ഞു. ചൊക്ലിരാമവിലാസം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് നിഹാരിക. നാടക പ്രവര്‍ത്തകനായ അച്ഛന്‍ മോഹനനും, ഗായികയും, നര്‍ത്തകിയുമായ അമ്മ ഷൈനിയും പ്രോത്സാഹനവുമായി എന്നും ഒപ്പമുണ്ട്.

മെയ് 25ന് കരിവെളളൂരില്‍ അവതരിപ്പിച്ചത് നാലാമത്തെ സ്റ്റേജാണ്. മെയ് അഞ്ചിന് തലശ്ശേരി ടൗണ്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ ഈ ഏക പാത്രനാടകത്തിന്റെ പ്രഥമ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തത് കൃഷി വകുപ്പുമന്ത്രി കെ.പി മോഹനനാണ്. കോടിയേരി ബാലകൃഷ്ണന്‍ എം.എല്‍.എ ചടങ്ങിന് അധ്യക്ഷനായിരുന്നു. നാടക അവതരണത്തിനുമുമ്പാണ് നിഹാരികയെ കണ്ടു സംസാരിച്ചത്. നാടകം കണ്ടിട്ട് ബാക്കി പറയാം എന്ന് സൂചിപ്പിച്ച് എല്ലാഭാവുകങ്ങളും ആശംസിച്ച് നാടകം കാണാനിരുന്നു.

ഇതേവരെ കാണാത്തത്ര ജനക്കൂട്ടം നാടകം കാണാന്‍ ഓഡിറ്റോറിയത്തില്‍ തിങ്ങിനിറഞ്ഞിരുന്നു. മലാലയെക്കുറിച്ച് വായിച്ചറിയുകയും, മനസിലാക്കുകയും ചെയ്തവരായിരുന്നു കാണികളില്‍ മിക്കവരും. അതുകൊണ്ടായിരിക്കാം മലാലയെ കാണാന്‍ മുസ്ലീം സ്ത്രീകളടക്കം വലിയൊരു ജനാവലി അവിടെ എത്തിച്ചേര്‍ന്നത്. മലാലയായി നിഹാരിക രംഗത്തെത്തിയ ആദ്യനിമിഷം മുതല്‍ നാടകം അവസാനിക്കും വരെ ശ്വാസമടക്കിപ്പിടിച്ചാണ് കാണികള്‍ അവളുടെ അഭിനയം കണ്ടുനിന്നത്. നിഹാരികയുടെ അഭിനയം അത്ഭുതം തന്നെ. നിഹാരികയുടെ അഭിനയ വൈഭവം കണ്ട് മനസുകൊണ്ട് ഓരോരുത്തരും അവളെ അഭിനന്ദിച്ചു കൊണ്ടിരിക്കുകയായിരുന്നു.
മലാല അക്ഷരങ്ങളുടെ മാലാഖ
വെടിയുണ്ടകളാല്‍ ചിതറിപ്പോയ ശിരസും, ശസ്ത്രക്രിയയെ തുടര്‍ന്ന് ഇടറിപ്പോയ ശബ്ദവും തന്‍മയത്തത്തോടെ അവതരിപ്പിച്ചത് കണ്ടപ്പോള്‍ കണ്ണ് നിറഞ്ഞുപോയി. പുസ്തകവും പേനയുമാണ് നമ്മുടെ ആയുധം ഒരു കുട്ടിക്കും ഒരധ്യാപകനും ഈ ലോകത്തെ മാറ്റി മറിക്കാനാവും. ഇതിന് വിദ്യാഭ്യാസമാണ് ഏക പരിഹാരമെന്ന സന്ദേശമുയര്‍ത്തി അക്ഷരം നിഷേധിക്കുന്ന തീവ്രവാദത്തിനെതിരെ ശബ്ദമുയര്‍ത്തിയ താലിബാന്‍ ക്രൂരതയോട് പോരാടിയ മലാല യൂസഫ് സായിയുടെ ജീവിതത്തിനു രംഗഭാഷ്യം നല്‍കിക്കൊണ്ട് നിഹാരിക അവിടെ കൂടിയിരുന്ന കാണികളുടെ മനം കവര്‍ന്നു.

ഒരുമണിക്കൂര്‍ നേരമാണ് നിഹാരിക നിറഞ്ഞാടിയത്. നാടകപ്രേമികളുടെ മനം കവര്‍ന്ന അഭിനയപാടവം ആശ്ചര്യകരം തന്നെ. ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്ന പീരങ്കികളുടെ ഗര്‍ജനം, തലങ്ങും വിലങ്ങും പറക്കുന്ന യുദ്ധ വിമാനങ്ങള്‍, ഭീതിയോടെ ജീവിക്കുന്ന ജനങ്ങള്‍, അവിടെ ജീവിച്ചുവരുന്ന 14 വയസുകാരിയായ മലാലയെന്ന പെണ്‍കുട്ടിയുടെ ധീരമായ പോരാട്ടങ്ങളാണ് പതിനാലിലെത്തിയ നിഹാരികയിലൂടെ അരങ്ങ് തകര്‍ത്തത്.

പെണ്‍കുട്ടികള്‍ പഠിക്കാന്‍ പാടില്ല. സ്‌കൂളുകള്‍ തുറക്കരുത്. സ്ത്രീകള്‍ പുറത്തിറങ്ങരുത്. ടി.വി കേബിളുകള്‍ വിച്ഛേദിക്കണം. പുരുഷന്‍മാര്‍ താടിവളര്‍ത്തണം തുടങ്ങിയ താലിബാന്‍ ഭരണകൂടത്തിന്റെ താക്കീതുകള്‍ കേട്ട് മലാലയെന്ന പെണ്‍കുട്ടി പൊട്ടിത്തെറിക്കുന്ന രംഗം അതിമനോഹരമായി നിഹാരിക തന്റെ അഭിനയത്തികവിലൂടെ പ്രകടിപ്പിച്ചത് അത്ഭുതത്തോടെയാണ് കാണികള്‍ ദര്‍ശിച്ചത്.

മലാല അക്ഷരങ്ങളുടെ മാലാഖ
നിഹാരിക ലേഖകനൊപ്പം
തീവ്രവാദികളുടെ വെടിയുണ്ടയില്‍ നിന്നുപോലും പുനര്‍ജനിച്ച മലാലയുടെ വിവിധ ഭാവങ്ങള്‍ അതിനനുയോജ്യമായ വേഷങ്ങള്‍ എല്ലാം വളരെ തന്‍മയത്വത്തോടെ നിഹാരിക അവതരിപ്പിച്ചു. തോക്കേന്തിയ ഭടന്റേയും, സ്വാത്ത് താഴ്‌വരയിലെ മുത്തശ്ശിയുടേയും, സ്‌കൂള്‍ പ്രിന്‍സിപ്പാളിന്റെയുമൊക്കെ വേഷവും, ഭാവവും, സംസാരവും കാണികള്‍ക്കുമുന്നില്‍ മിനിട്ടുകള്‍ക്കുളളില്‍ അവതരിപ്പിച്ച് വിസ്മയം തീര്‍ക്കുകയായിരുന്നു അഭിനേത്രി നിഹാരിക.

അഭിനയത്തികവിലൂടെ മലാലയെന്ന കൊച്ചുമിടുക്കിയെ പരകായ പ്രവേശം നടത്തുന്നതു പോലെ തോന്നി നിഹാരികയുടെ പ്രകടനം കണ്ടിരുന്നപ്പോള്‍. സ്വാത്ത് താഴ്‌വരയില്‍ ജനിച്ചുവളര്‍ന്ന യഥാര്‍ത്ഥ മലാലതന്നെയാണ് സ്റ്റേജിലെന്ന അനുഭവം കാഴ്ചക്കാര്‍ക്കുണ്ടായി. ഒരു മേക്കപ്പുമില്ലാതെ വേഷവിധാനത്തിലൂടെ മാത്രം യാര്‍ത്ഥ മലാലയായി ജീവിക്കുകയായിരുന്നു നിഹാരികയെന്ന കൊച്ചു മിടുക്കി. ഭീകരതയ്‌ക്കെതിരായ പ്രതിഷേധം കാണികളില്‍ ആളിക്കത്തിക്കാന്‍ ഈ അവതരണത്തിലൂടെ കൊച്ചു മിടുക്കിക്ക് സാധിച്ചു.

ഖബറിടം കുഴിച്ച് മലാലയുടെ ആങ്ങളമാര്‍ കാത്തിരിക്കുകയാണ്. അക്കാര്യം കളിയുടെ രൂപത്തിലാണ് അവര്‍ പറയുന്നത്. പക്ഷേ ഹൃദയത്തില്‍ തട്ടുന്നതായി ആ പറച്ചില്‍. എപ്പോഴാണ് ഭീകരര്‍ തങ്ങളെ വെടിയുണ്ടയ്ക്കിരയാക്കുന്നതറിയാതെ ആ പിഞ്ചുകുഞ്ഞുങ്ങള്‍ പോലും കാത്തിരിക്കുന്നു ഖബറിടം തയ്യാറാക്കിക്കൊണ്ട്. വിടര്‍ന്നുനില്‍ക്കുന്ന റോസാപ്പൂവിനെ ചൂണ്ടി 'നിങ്ങളിലും ആണ്‍ പെണ്‍ വ്യത്യാസമുണ്ടോ പൂവേ' എന്ന് ചോദിക്കുന്ന മലാലയുടെ ചോദ്യം ഹൃദയ തട്ടുന്നതായിരുന്നു. ചുരുക്കിപ്പറഞ്ഞാല്‍ അഭിനയ കലയുടെ സമസ്ത സാധ്യതകളും ഉപയോഗിച്ച് നിഹാരിക മലാല അക്ഷരങ്ങളുടെ മാലാഖ എന്ന ഏക പാത്ര നാടകത്തെ മറക്കാനാവാത്ത അനുഭവമാക്കി മാറ്റി.

മലാല അക്ഷരങ്ങളുടെ മാലാഖ
നിഹാരിക അച്ഛനുമമ്മയ്ക്കുമൊപ്പം
നേരിട്ടുകണ്ടില്ലെങ്കിലും ലോകമെമ്പാടുമുളളവര്‍ക്ക് മലാലയെ അറിയാം. അവളുടെ വാക്കുകളിലെ ഊര്‍ജം നെഞ്ചിലേറ്റിവരാണ് കൊച്ചുകുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ. അതൊന്നുകൂടി ഉറപ്പിക്കാന്‍ മലാല തന്നെയിതാ തങ്ങളുടെ മുന്നിലെത്തിയിരിക്കുന്നു എന്നു തോന്നും വിധം നിഹാരിക മലാലയെ കാണികള്‍ക്കുമുന്നില്‍ അവതരിപ്പിച്ചു.

അന്യംനിന്നു പോകുന്ന നാടക കലയെ പുനരുജ്ജീവിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഒരുകൂട്ടം യുവാക്കള്‍ ഇതിനായി മുന്നിട്ടിറങ്ങി. രചന സുരേഷ്ബാബു ശ്രീസ്ഥയും, സംവിധാനം ഡോ. സാംകുട്ടി പട്ടങ്കരിയും, രമേഷ്‌കാവില്‍ കവിതയും, ഡോ. പ്രശാന്ത്കൃഷ്ണന്‍ സംഗീതവുമൊരുക്കിയാണ് നാടകം രംഗത്തെത്തിച്ചത്. ഇത് നാടകമെന്നു തോന്നിയില്ല. സ്വാത്ത് താഴ്‌വരയിലെ മലാലയുടെ വീടാണെന്നും, വീടിനുമുന്നിലെ പൂന്തോട്ടമാണെന്നും അവിടെ പ്രതിഷേധിക്കുകയും, പ്രതിരോധിക്കുകയും, ആടുകയും, പാടുകയും ചെയ്യുന്ന മലാലയെന്ന പെണ്‍കുട്ടിയെ കണ്ടുകൊണ്ടിരിക്കുന്നതുപോലെയും തോന്നി നിഹാരികയുടെ അഭിനയ പാടവം കണ്ടപ്പോള്‍.
മലാല അക്ഷരങ്ങളുടെ മാലാഖ
Kookkanam Rahman
(writer)

ഇനിയും അഭിനയരംഗത്ത് ഉയര്‍ച്ചയുടെ പടവുകള്‍ കയറാന്‍ ഈ മിടുക്കി പെണ്‍കുട്ടിക്ക് കഴിയട്ടെയെന്ന് ആശിക്കുന്നു. നാടകം അവസാനിച്ച ഉടനെ സ്റ്റേജില്‍ കയറി നിഹാരികയെ അഭിനന്ദിച്ചു വാക്കുകളിലൊതുങ്ങാത്ത അഭിനന്ദനം മനസില്‍ സൂക്ഷിച്ചു. അവള്‍ക്ക് ഭാവുകങ്ങള്‍ നേര്‍ന്നു.

Also Read: 
ജീവിതത്തില്‍ നിന്ന് ഒരേട്, ആശിച്ചുപോകുന്നു, കാണാനും പറയാനും...
Related: 
പ്രതിരോധത്തിന്റെ ഇടറാത്ത സ്വരമായി മലാല അരങ്ങില്‍

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Kookanam-Rahman, Article, Drama, Niharika, Perfomance, Palakkunnu, Family. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia