city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പ്രതിഭ മുന്നേറുന്നു, പ്രതിസന്ധികളെ നേരിട്ട്...

കൂക്കാനം റഹ് മാന്‍

(www.kasargodvartha.com 20.07.2014) ദാരിദ്ര്യത്തില്‍ ജനിച്ച് ദാരിദ്ര്യത്തില്‍ വളര്‍ന്ന് ഇന്നും ദാരിദ്ര്യത്തില്‍ ജീവിക്കുന്നവളാണ് പ്രതിഭ എന്ന പതിനെട്ടുകാരി. പ്രതികൂല പരിസ്ഥിതിയെ അതിജീവിച്ചുകൊണ്ടിരിക്കുന്നവളാണ് പ്രതിഭ. കോളനിയിലെ മിക്കവരും ലഹരി ഉപയോഗിക്കുന്നവരാണ്. മക്കളുടെ വിദ്യാഭ്യാസകാര്യത്തില്‍ തല്പരരല്ലാത്ത രക്ഷിതാക്കള്‍. മിക്കവരും നിരക്ഷരരോ, അര്‍ദ്ധസാക്ഷരരോ ആണ്. ഈയൊരു പരിസ്ഥിതിയില്‍ നിന്ന് അതിനെ മറികടന്ന് വിദ്യാഭ്യാസം നേടി മുന്നോട്ടുകുതിക്കാന്‍ വളരെ പ്രയാസമുണ്ട്.

അതുകൊണ്ട് പ്രതിഭ എന്ന ദളിത് പെണ്‍കുട്ടി അഭിനന്ദനം അര്‍ഹിക്കുന്നു. കുതിരക്കല്ല് കോളനിയിലെ കൈക്കളന്റെയും നാരാണിയുടെയും രണ്ടാമത്തെ കുട്ടിയാണ് പ്രതിഭ. വാവടുക്കം ജി.എല്‍.പി സ്‌കൂളിലാണ് നാലാം ക്ലാസുവരെയുളള പഠനം. ഒരു പാവാടയും ബ്ലൗസും മാത്രമെ അന്നവള്‍ക്കുണ്ടായിരുന്നുളളു. മറ്റു കുഞ്ഞുങ്ങളുടെ പളപളപ്പുളള വസ്ത്രം കാണുമ്പോള്‍ അവളും അതിയായി മോഹിച്ചു. തനിക്കും അങ്ങിനെ ഒരു ഉടുപ്പ് ഉണ്ടായിരുന്നെങ്കില്‍!

പ്രതിഭ മുന്നേറുന്നു, പ്രതിസന്ധികളെ നേരിട്ട്...
പ്രതിഭ
അച്ഛന്റെ മദ്യപാനശീലം അവള്‍ക്കും ചേട്ടനും പ്രയാസമുണ്ടാക്കി. കുടിലിലെന്നും കലഹമാണ്. അവളുടെ കോളനിയിലെ എല്ലാകുടിലുകളിലും അതുതന്നെയാണ് അവസ്ഥ. അമ്മയ്ക്കും ജീവിതം മടുത്തു. രണ്ടുകൊച്ചു കുഞ്ഞുങ്ങളെയും തനിച്ചാക്കി അമ്മ ജീവിതമവസാനിപ്പിച്ചു. എങ്കിലും അടുത്ത ബന്ധുക്കളുടെ സഹായത്തോടെ രണ്ടുപേരും പഠിച്ചു. പക്ഷേ ഏട്ടന്‍ പ്രദീപ് പത്താം ക്ലാസില്‍ പഠനം നിര്‍ത്തി. അനിയത്തിയെ പഠിപ്പിക്കണമെന്ന അതിയായ ആഗ്രഹം പ്രദീപിനുണ്ടായിരുന്നു. അതിനു വേണ്ടി ചെറുപ്പത്തിലേ കൂലിപ്പണിക്ക് പോയിത്തുടങ്ങി.

പ്രതിഭ എട്ടാം ക്ലാസുവരെ കോടോം അംബേദ്കര്‍ സ്മാരക സ്‌കൂളിലാണ് പഠിച്ചത്.  കോളനികളില്‍ സര്‍വ്വസാധാരണയായി ആണ്‍കുട്ടികളും പെണ്‍കുട്ടികളും തമ്മില്‍ ഇഷ്ടത്തിലാവും. അത്തരത്തില്‍ വല്ല കുബുദ്ധിയും പ്രതിഭയില്‍ ഉടലെടുക്കാതിരിക്കാന്‍  ബന്ധുജനങ്ങള്‍ ശ്രദ്ധയോടെ നോക്കിനിന്നു. ഒപ്പം നിന്ന് ഉപദേശനിര്‍ദേശങ്ങള്‍ നല്‍കി വഴികാട്ടിയായി പ്രവര്‍ത്തിച്ചത് അച്ഛന്റെ സഹോദരപുത്രനായ എം.ബി.എ. വരെ പഠിച്ച നാരായണനാണ്.

നാരായണേട്ടന്‍ വഴികാട്ടിത്തന്നില്ലെങ്കില്‍ ഞാനിന്ന് ഈ നിലയിലെത്തില്ലായിരുന്നെന്ന് പ്രതിഭ പറഞ്ഞു. എനിക്ക് നാരായണേട്ടന്‍ ഈശ്വരതുല്യനാണെന്ന് പ്രതിഭ പറയുന്നു. പഠിക്കാന്‍ മിടുക്കിയായതിനാല്‍ വഴിപിഴച്ചു പോവാതിരിക്കാന്‍ കാവലാളായി നിന്നത് നാരായണനാണ്.

പ്രതിഭ ഒമ്പതും പത്തും ക്ലാസ് പഠിച്ചത് തിരുവന്തപുരം മിത്രനികേതനിലാണ്. ഭക്ഷണവും, വസ്ത്രവും, താമസവും എല്ലാം സൗജന്യമായിരുന്നു അവിടെ. മിത്രനികേതന്‍ ഡയരക്ടര്‍ വിശ്വനാഥന്‍ സാറിനെ പ്രതിഭ നന്ദിയോടെ സ്മരിക്കുകയാണ്. കേരളത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും വന്ന ധാരാളം കൂട്ടുകാരെ പരിചയപ്പെടാന്‍ കഴിഞ്ഞതും, അവരുമായി ഇടപെടാന്‍ കഴിഞ്ഞതും ജീവിതത്തില്‍ മറക്കാനാവാത്ത അനുഭവമാണെന്ന് പ്രതിഭ പറഞ്ഞു. അവിടെ നിന്നാണ് എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്കു നേടിയത്.

തുടര്‍ന്ന് പരവനടുക്കം മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ നിന്ന് പ്ലസ്ടു പരീക്ഷയില്‍ ഉയര്‍ന്നമാര്‍ക്കു നേടി വിജയിച്ചു. എന്‍ട്രന്‍സ് പരീക്ഷയില്‍ പട്ടികവര്‍ഗ വിഭാഗത്തില്‍ 17ാം റാങ്കാണ് പ്രതിഭ കരസ്ഥമാക്കിയത്. തൃശൂര്‍ അമലാമെഡിക്കല്‍ കോളജിലാണ് പ്രവേശനം ലഭിച്ചിട്ടുളളത്.

ദാരിദ്ര്യത്തെ അതിജീവിച്ച് ജീവിത ക്ലേശങ്ങളെ നേരിട്ട് പ്രതിഭ ഇവിടെ വരെയെത്തി. സാമ്പത്തിക പ്രശ്‌നം പ്രതിഭയ്ക്ക് ഇനിയും പരിഹരിക്കാന്‍ പറ്റിയിട്ടില്ല. കുതിരക്കല്ല് കോളനിയില്‍ ആസ്ബറ്റോസ് മേഞ്ഞ ഒറ്റ മുറിയിലാണ് പ്രതിഭയും കുടുംബങ്ങളും കഴിഞ്ഞുകൂടുന്നത്. ഇതേ വരെ വൈദ്യുതി ലഭ്യമായിട്ടില്ലിവിടെ. ചിമ്മിണി വിളക്കിന്റെ ഇത്തിരിവെട്ടത്തില്‍ പഠിച്ചു ജയിച്ചവളാണ്  പ്രതിഭ. പേരിലെ 'പ്രതിഭ' പോലെ പ്രതിഭ കൊണ്ടുമാത്രമാണ് അവള്‍ക്ക് ഇതുവരെ കടന്നു കയറാന്‍ പറ്റിയത്.

അച്ഛന്‍ രോഗിയാണ്. അമ്മ മരിച്ചു പോയി ഏട്ടന്‍ പ്രദീപിന്റെ അധ്വാനം കൊണ്ടുമാത്രമാണ് അരപ്പട്ടിണിയില്‍ ഇവര്‍ ജീവിച്ചു വരുന്നത്. തുടര്‍ന്നു പഠിക്കാന്‍ ആവശ്യമായി വരുന്ന ചെലവുകള്‍ വളരെ കൂടുതലാണ്. ഭക്ഷണവും, വസ്ത്രവും പഠനോപകരണങ്ങളും, ആവശ്യമായ മറ്റ് അനുബന്ധകാര്യങ്ങളും കണ്ടെത്താന്‍ പ്രതിഭയുടെ കുടുംബത്തിനാവില്ല.

നന്മവറ്റാത്തവരുടെ സഹായഹസ്തം നീളേണ്ടത് ഈ ഘട്ടത്തിലാണ്. വായിച്ചറിഞ്ഞവരും, നേരിട്ടറിഞ്ഞവരും സഹായവുമായി എത്തുമെന്ന് പ്രതിഭ പ്രതീക്ഷിക്കുന്നുണ്ട്. പ്രതിഭയ്ക്ക് വിദ്യാനഗര്‍ എസ്. ബി. ഐ ബ്രാഞ്ചില്‍ 33119676072 എന്ന നമ്പറില്‍ ഒരു അക്കൗണ്ട് ഉണ്ട്. സുമനസുകള്‍ അറിഞ്ഞ് സഹായിക്കുമെങ്കില്‍...

ദളിത് കോളനികളിലെ ജീവിതം ഇന്നും ദുരിത പൂര്‍ണമാണ്. മദ്യലോബികള്‍ ഇവിടുത്തെ ജനങ്ങളെ ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ വിടാതെ പിടിച്ചമര്‍ത്തുകയാണ്. ഇവരെ മദ്യത്തിന് അടിമകളാക്കിത്തീര്‍ത്തിരിക്കുന്നു. അവര്‍ക്ക് ജീവിതമെന്നാല്‍ മദ്യം മോന്തുക എന്നതുമാത്രമാണ് ലക്ഷ്യം. ഭക്ഷണവും, പാര്‍പിടവും, വിദ്യാഭ്യാസവും ഒന്നും അവര്‍ക്കു പ്രശ്‌നമല്ല.

കുട്ടികള്‍ ഉണ്ടാകുന്നതും ഒരു നേരമ്പോക്കാണ്. കുട്ടികളെ ശ്രദ്ധിക്കാന്‍ അവര്‍ക്കറിയില്ല. എന്തു ചെയ്യണമെന്നോ, എങ്ങോട്ട് ചെല്ലണമെന്നോ അറിയില്ല. സൗജന്യങ്ങള്‍ ലഭ്യമായതെല്ലാം കൈപ്പറ്റാന്‍ അവര്‍ക്കറിയാം. പക്ഷേ ആ സൗജന്യങ്ങള്‍  തങ്ങളുടെ ജീവിതത്തെ മെച്ചപ്പെടുത്താനോ, പ്രയോജനപ്പെടുത്താനോ അവര്‍ക്കറിയില്ല. അല്ലെങ്കില്‍ അവരെ അതിന് അനുവദിക്കാതിരിക്കാന്‍ ശ്രമിക്കുന്ന മേലാളര്‍ അവര്‍ക്കു ചുറ്റുമുണ്ട്.

ഈ കൂരിരുട്ടിനകത്തുനിന്നാണ് പ്രതിഭ എന്ന പെണ്‍കുട്ടിയെ പോലെ ചില വെളളി നക്ഷത്രങ്ങള്‍ ഉദിച്ചു പൊങ്ങുന്നത്. അത്തരം നക്ഷത്രങ്ങളെ കെടാതെ, കൂടുതല്‍ കത്തിജ്വലിപ്പിക്കാന്‍ പ്രാപ്തരാക്കേണ്ടത് പൊതുസമൂഹത്തിന്റെ ബാധ്യതയാണ്.

നീണ്ടു മെലിഞ്ഞ പ്രതിഭയെ ഞാന്‍ നേരിട്ടുകണ്ടിട്ടില്ല ഫോട്ടോ കണ്ടു. ആ മുഖത്ത് മ്ലാനത തളം കെട്ടിനില്‍ക്കുന്നുണ്ടെങ്കിലും കണ്ണില്‍ പ്രതീക്ഷയുണ്ട്. കണ്‍മുമ്പില്‍ കണ്ടു വളര്‍ന്ന ചുറ്റുപാടുകളെക്കുറിച്ച് പൂര്‍ണബോധ്യമുണ്ട്. സഹായിക്കാനും പ്രോത്സാഹിപ്പിക്കാനും നന്മ നിറഞ്ഞവരുണ്ടാകും എന്ന ശുഭാപ്തി വിശ്വാസം അവളുടെ കണ്ണുകളില്‍ നിന്ന് വായിച്ചെടുക്കാം.

ഫോണിലൂടെ അവളോട് സംസാരിച്ചു. നിരവധി കോളനികള്‍ സന്ദര്‍ശിക്കുകയും, അവിടുത്തെ പ്രയാസങ്ങള്‍ നേരിട്ട് കണ്ടറിയുകയും ചെയ്ത വ്യക്തിയെന്ന നിലയില്‍ പ്രതിഭയോട് ചോദിച്ചു. ദളിത് കോളനികളിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിന് തടസം നില്‍ക്കുന്ന ഘടകങ്ങളെക്കുറിച്ച് പ്രതിഭയ്ക്ക് അറിയാമോ?

ഉടനെ മറുപടി പറഞ്ഞു. രക്ഷിതാക്കളുടെ ബോധമില്ലായ്മയാണ് അതിന് കാരണം. അച്ഛനമ്മമാര്‍ മക്കളെ ശ്രദ്ധിക്കുന്നേയില്ല. എന്റെയും അനുഭവം അതുതന്നെയായിരുന്നു.  പക്ഷേ അടുത്ത ബന്ധുക്കളുടെ സപ്പോര്‍ട്ടും നാരായണേട്ടനെ പോലുളള ദൈവതുല്യമനുഷ്യരുടെ സ്‌നേഹോപദേശങ്ങളും എനിക്കു വഴികാട്ടിയായി. അതു പോലെ എല്ലാവര്‍ക്കും കിട്ടണമെന്നില്ല. പക്ഷേ രക്ഷിതാക്കളെ ഇക്കാര്യത്തില്‍ ബോധ്യപ്പെടുത്തിയേ പറ്റൂ.

പ്രതിഭ മുന്നേറുന്നു, പ്രതിസന്ധികളെ നേരിട്ട്...

ദളിത് പെണ്‍കുട്ടികളോടും പ്രതിഭയ്ക്ക് ചില നിര്‍േദശങ്ങള്‍ പറയാനുണ്ട്. പെണ്‍കുട്ടികള്‍ വഴിതെറ്റരുത്. വഴിതെറ്റിപ്പോവാനുളള എല്ലാസാഹചര്യങ്ങളും കോളനികളിലുണ്ട്. സ്വന്തം വീട്ടില്‍ പോലും പെണ്‍കുട്ടികള്‍ സുരക്ഷിതരല്ല. അതിനാല്‍ പെണ്‍കുട്ടികള്‍ കരുതിയിരിക്കണം. എന്ത് കഷ്ടപ്പാട് സഹിച്ചും വിദ്യാഭ്യാസം നേടണം. ഡോക്ടര്‍ പരിശീലനം നേടിക്കഴിഞ്ഞാല്‍ അടുത്ത ലക്ഷ്യം?

നാട്ടില്‍ തന്നെ സേവനം ചെയ്യാനാണ് ആഗ്രഹം. പാവപ്പെട്ടവരെ കഴിയും വിധം സഹായിക്കണം. എന്റെ നേരനുഭവം ഇവിടുത്തെ കോളനിക്കാര്‍ക്കുണ്ട്. അവര്‍ അതനുസരിച്ച് മുന്നേറാന്‍ ശ്രമിക്കുന്നുണ്ട്. മറ്റുളളവരും എന്നെ പോലുളളവരുടെ അനുഭവം കേട്ടറിഞ്ഞും കണ്ടറിഞ്ഞും മുന്നോട്ട് വന്നിരുന്നെങ്കില്‍!
പ്രതിഭ മുന്നേറുന്നു, പ്രതിസന്ധികളെ നേരിട്ട്...

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Rleated News: 
പ്രതിഭ കഷ്ടപ്പാടുകളെ കഠിനാധ്വാനം കൊണ്ട് തോല്‍പിച്ചു; എം.ബി.ബി.എസ് സീറ്റ് നേടി
Also Read:
ഇവര്‍ കിടക്കയില്‍ കിടന്ന് കണ്ണീര്‍ വാര്‍ക്കുന്ന കാഴ്ച ആരുടേയും കരളലിയിപ്പിക്കും
Keywords:  Kookanam-Rahman, Girl, Student, Article, school, Brothers, helping hands, Needs help, Prathibha, Achievements of Pratibha

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia