city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

'നേങ്ങലിന്റെ നാവ്, കുരമ്പ' എന്നൊക്കെ പറഞ്ഞാല്‍ നിങ്ങള്‍ക്കറിയാമോ? അധ്വാനവര്‍ഗം മനസില്‍ താലോലിച്ചത് ഇവയൊക്കെയാണ്...

എ ബെണ്ടിച്ചാല്‍
(www.kasargodvartha.com 10.10.2019) പണ്ട് നിലം ഉഴുതിരുന്നത് കാളകളെ ഉപയോഗിച്ചായിരുന്നു. രണ്ട് കാളകളെ ഒരു നുകത്തില്‍ ബന്ധിപ്പിക്കും. നുകത്തില്‍ കലപ്പ ഘടിപ്പിക്കും. കലപ്പയുടെ അടിഭാഗത്ത് ഇരുമ്പില്‍ തീര്‍ത്ത 'കൊഉ'. ഇതിനെ പഴമക്കാര്‍ വിളിച്ചിരുന്ന പേര് 'നേങ്ങലിന്റെ നാവ്' എന്നാണ്. ഈ നാവാണ് മണ്ണ് ഇളക്കിമറിച്ചിരുന്നത്. കാളകള്‍ 'ചൂരല്‍ കഷായം 'വേണ്ടുവോളം കുടിച്ചിരിക്കും എന്നു മാത്രം!

മഴക്കാലത്ത് ജോലി ചെയ്തിരുന്നവര്‍ മഴ നനയാതിരിക്കാന്‍ ചൂടിയിരുന്നത് 'കുരമ്പ'യാണ്. തീയില്‍ വാട്ടിയതെങ്ങോല, മുളക്കഷണത്തില്‍ തീര്‍ത്ത സൂചി, ഒരു മരത്തിന്റെ തോല്‍ ഇത്രയും സാധനങ്ങള്‍ കൊണ്ട് നെയ്താണ് കുരമ്പ തീര്‍ത്തിരുന്നത്. കലാബോധമില്ലാത്തവര്‍ക്ക് കുരമ്പ തുന്നാന്‍ അറിയുമായിരുന്നില്ല. തുന്നിയാല്‍ തന്നെ അതൊരു ചോര്‍ന്നൊലിക്കുന്ന വീടിന്റെ മേല്‍കൂര പോലെയായിരുന്നു. കുരമ്പ ചൂടിക്കൊണ്ടുള്ള ജോലിക്ക് ഒരുതരം പ്രത്യേക സുഖം തന്നെയായിരുന്നു. തണുപ്പിനെയും, ചൂടിനെയും അകറ്റി ജോലി ചെയ്യാന്‍ പ്രചോദനം നല്‍കുന്ന, അനുഭൂതി പകരുന്നതായിരുന്നു കുരമ്പ.

നെല്ല് പുഴുങ്ങിയുണക്കി കുത്തി അരിയാക്കാന്‍ ഉപയോഗിച്ചിരുന്നത് മരത്തിന്റെ പ്ലാവിന്‍ കാതല്‍, വീട്ടി കാതല്‍ നീളത്തില്‍ (മൂന്ന് മീറ്റര്‍), അടിഭാഗം ഒരടിയോളം ചുറ്റളവും മുകളില്‍ കൂര്‍പ്പുമുള്ള ഉരുണ്ട ഉലക്കയുടെ അടിഭാഗത്ത് ഇരുമ്പ് വളയം ഘടിപ്പിച്ചിരിക്കും.

'നേങ്ങലിന്റെ നാവ്, കുരമ്പ' എന്നൊക്കെ പറഞ്ഞാല്‍ നിങ്ങള്‍ക്കറിയാമോ? അധ്വാനവര്‍ഗം മനസില്‍ താലോലിച്ചത് ഇവയൊക്കെയാണ്...

അന്നത്തെ കൊയ്ത്ത് കൂലിക്ക് 'പതം' എന്നാണ് പേര്. കൊയ്ത് മെതിച്ച നെല്ലിന് പറക്കണക്കിനാണ് പതം (കൂലി). ഒരു പറ നെല്ലിന് ഒരു ഇടങ്ങാഴി (ഇന്നത്തെ ഒരു കിലോവില്‍ കൂടുതല്‍). പിന്നെ രണ്ട് കൈകള്‍ കൊണ്ടുള്ള രണ്ട് വാരലുകള്‍, ചിലര്‍ നന്നായി വാരും. മറ്റു ചിലര്‍ കോഴി ചികയുന്നത് പോലെയും. ഞങ്ങളുടെ കളപ്പുരക്കളത്തില്‍ കറ്റ മെതിക്കുന്നതിന് ഇടയില്‍ നാരായണി അമ്മ അവരുടെ തലമുടിയില്‍ കോര്‍ത്തുതന്ന ഒരു നെന്മണി മാല ഇന്നും എന്റെ മനസ്സില്‍ നിന്നും മാഞ്ഞിട്ടില്ല.

പഴയ കാലത്തെ അധ്വാനവര്‍ഗ്ഗം എന്നും അരപ്പട്ടിണിയിലും കടക്കെണിയിലുമായിരുന്നു ജീവിച്ചിരുന്നത്. മുതലാളിമാരുടെ പിടിമുറുക്കലില്‍ നിന്നും രക്ഷപ്പെടാന്‍ വേണ്ടി കിടപ്പാടങ്ങള്‍ പോലും നഷടപ്പെട്ടവര്‍ പിന്നീട് കൃഷി ചെയ്തിരുന്നത് മറ്റുള്ളവരുടെ പാടങ്ങള്‍ പാട്ടത്തിനെടുത്തായിരുന്നു. അങ്ങനെ ഒരാള്‍ എന്റെ നാടിനടുത്ത് അണിഞ്ഞ കൊടുലിമൂലയിലെ വണ്ടിക്കാരന്‍ പരേതനായ ചന്തൂട്ടി. ഞാന്‍ വിളിച്ചിരുന്ന പേര് 'ചന്തൂട്ടിച്ച' എന്നായിരുന്നു. അദ്ദേഹം പാട്ടത്തിന് എടുത്ത എന്റെ നാട്ടിലെ 'വട്ടകണ്ട'ത്തില്‍ അധികവും അദ്ദേഹം കൃഷി ചെയ്തിരുന്നത് പച്ചക്കറികളും, തണ്ണീര്‍മത്തനുമായിരുന്നു. അന്ന് എന്റെ ചന്തൂട്ടിച്ച എനിക്ക് മുറിച്ചു തന്ന 'ബത്തക്ക'യുടെ രുചി ഇന്നും എന്റെ നാവിലും, മനസ്സിലും മായാത്ത എന്തോ ഒന്നാണ്!

കൃഷിയോളം മനസിന് സംതൃപ്തി നല്‍കുന്ന മറ്റൊന്ന് ഉണ്ടെന്ന് അനുഭവസ്ഥര്‍ക്ക് പറയാന്‍ വേണ്ടി സാധിക്കില്ല. ഞാന്‍ എന്റെ പതിനാലാമത്തെ വയസ്സില്‍ നാട്ടിലെ ഒരാളോട് നാനൂര്‍ രൂപ കടം വാങ്ങി കുന്നിന്‍ പുറത്ത് മധുരക്കിഴങ്ങ് കൃഷി ചെയ്തു. എനിക്കതില്‍ എണ്ണൂര്‍ രൂപയുടെ കിഴങ്ങ് വില്‍ക്കാന്‍ സാധിച്ചു. കൃഷി ഒരിക്കലും നഷ്ടമുള്ള കാര്യമല്ലന്നാണ് എന്റെ അനുഭവം. പിന്നെ കള്ളക്കടത്ത്, കരിഞ്ചന്ത, പൊതുമരാമത്ത് ചോര്‍ത്തല്‍ എന്നിവകളില്‍ നിന്നും ലഭിക്കുന്ന ലാഭം കിട്ടില്ലന്ന് മാത്രം.

ഭാരതം കാര്‍ഷിക ഭൂമിയാണ്. ഇവിടെ നമുക്ക് എന്തും കൃഷി ചെയ്തു ജീവിക്കാം. ഏത് ലോക പോലീസിന്റെ പ്രതിരോധത്തെയും അതിജീവിക്കാം. പാരമ്പര്യത്തെ അവഗണിച്ചാകരുതെന്ന് മാത്രം. ഉദാഹരണം രാസവളം തന്നെ. ജലക്ഷാമം നാം തന്നെ വരുത്തിവെച്ചതാണ്. നദികളില്‍ മലവെള്ളത്തില്‍ ഒലിച്ചു വന്ന ചളികളാണ്. അതിന്റെ ഫലമായി നദികളുടെ ആഴം കുറയുകയും ചെയ്തതിന്റെയും, ഇരുകരകളും നികത്തുന്നതിന്റെയും കാരണമാണ്. കാടുകള്‍ വെട്ടിനശിപ്പിച്ചതിലൂടെ മഴയും കുറഞ്ഞു. മഴവെള്ളം കുടിക്കാനുള്ള ഭൂമിയുടെ വായകള്‍ നാം ഇന്റര്‍ലോക്ക് കൊണ്ട് അടക്കയും ചെയ്തു. പെരുച്ചാഴി മാളങ്ങള്‍(കുഴല്‍ കിണര്‍) പെരുകുകയും ചെയ്തതോടെ മേല്‍പോട്ട് തുപ്പി മുഖം കാട്ടുകയാണല്ലോ നാം.

വൈക്കം മുഹമ്മദ് ബഷീറിന്റെ ഒരേ ഒരു പേടി, ഈ ഭൂമി നശിച്ചുപോകുമോ? എന്ന് മാത്രമായിരുന്നു. നമ്മുടെ അമിത സ്വാര്‍ത്ഥതകള്‍ ദര്‍ശിച്ചതുകൊണ്ടായിരിക്കാം ബേപ്പൂര്‍ സുല്‍ത്താന്‍ അങ്ങനെ ചിന്തിക്കാന്‍ കാരണം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Article, Kerala, farmer, Farming, Article by A Bendichal 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia