city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നന്മയുടെ ചന്ദ്രിക വാരിവിതറിയ ഒരാള്‍

നന്മയുടെ ചന്ദ്രിക വാരിവിതറിയ ഒരാള്‍
നേര്‍ത്ത വെള്ളക്കടലാസിന്റെ വെണ്മയായിരുന്നു ആ മനസിന്. കടലോളം വലുപ്പമുണ്ടായിരുന്നു ആ ഹൃദയത്തിന്. അത് അനുഭവിച്ച്, ആ വന്‍മരത്തണലില്‍ വളര്‍ന്നവര്‍ അനവധി. ഇത്രയും മികച്ച ആമുഖം മറ്റാര്‍ക്കും കൊടുക്കേണ്ടിവരില്ല; കല്ലട്ര അബ്ബാസ് ഹാജിക്കല്ലാതെ. അദ്ദേഹത്തെക്കുറിച്ച് ഇങ്ങനെ പറയുക ഞാന്‍ മാത്രമായിരിക്കില്ല. ആയിരക്കണക്കിനുആളുകള്‍ വേറെയുമുണ്ടാകും.
എനിക്ക് ആറു വയസുള്ളപ്പോഴാണ് ഞാന്‍ കല്ലട്ര അബ്ബാസ് ഹാജിയെക്കാണുന്നത്. പിന്നീട് അദ്ദേഹം എന്റെ ജീവിതത്തെ തന്നെ മാറ്റിയെഴുതി. പാവപ്പെട്ട കുടുംബത്തില്‍ ജനിച്ച എനിക്ക് നല്ല ഭക്ഷണവും, നല്ല വിദ്യാഭ്യാസവും നല്ല തൊഴിലും ലഭിച്ചത് അദ്ദേഹത്തിന്റെ ഹൃദയ വിശാലത കൊണ്ടാണ് . മുസ്‌ലിംലീഗിന്റെ നേതാവായിരുന്നെങ്കിലും കക്ഷിരാഷ്ട്രീയ ജാതിമത ഭേദമന്യേ ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും എന്തു സഹായത്തിനായും അദ്ദേഹത്തെ സമീപിക്കാമായിരുന്നു.
കപ്പല്‍ തൊഴിലാളിയായിട്ടാണ് കല്ലട്ര അബ്ബാസ് ഹാജി ജീവിതം ആരംഭിച്ചത്. കുറച്ച് പണമുണ്ടാക്കി നാട്ടിലെത്തിയ അദ്ദേഹം തളങ്കരയില്‍ ഉരുവ്യവസായം തുടങ്ങി. അന്ന് കാസര്‍കോട്ടും പരിസരപ്രദേശങ്ങളിലും ഉന്നത വിദ്യാഭ്യാസമുള്ളവര്‍ കുറവായിരുന്നു. അത്തരത്തിലുള്ള തന്റെ നാട്ടുകാര്‍ക്ക് തൊഴില്‍ ലഭിക്കണമെന്ന ചിന്തയാണ് ഉരുവ്യവസായം തുടങ്ങാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. 1961 മുതല്‍ 1990 വരെ അദ്ദേഹം ഉരുവ്യവസായത്തിലൂടെ കാസര്‍കോടിന്റെ യശസ്സ് വാനോളം ഉയര്‍ത്തി.
വ്യവസായി, രാഷ്ട്രീയ നേതാവ്, സാമൂഹ്യപ്രവര്‍ത്തകന്‍, സംഘാടകന്‍ എന്നിങ്ങനെ വിവിധ കഴിവുകള്‍ക്ക് ഉടമയായിരുന്നു അദ്ദേഹം. എന്തിലും ഏതിലും നന്മയും വിശുദ്ധിയും നിലനിര്‍ത്താന്‍ അദ്ദേഹത്തിനു കഴിഞ്ഞു. അപൂര്‍വം ആളുകള്‍ക്ക്് മാത്രമേ ഇതിന്് സാധിക്കുകയുള്ളൂ.
കാസര്‍കോടിന്റെയും പരിസരപ്രദേശങ്ങളുടെയും വിദ്യാഭ്യാസ പുരോഗതിക്കായി അദ്ദേഹം അക്ഷീണം പ്രയത്‌നിച്ചു. ചന്ദ്രഗിരി ഹൈസ്‌കൂള്‍, കീഴൂര്‍ ഫിഷറീസ് സ്‌കൂള്‍, മഠത്തിലെ കളനാട് എല്‍.പി സ്‌കൂള്‍, കീഴൂര്‍ ജമാഅത്ത് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ എന്നിവ അദ്ദേഹത്തിന്റെ ശ്രമഫലമായി ഉണ്ടായതാണ്. കാസര്‍കോട്ട് ജനിച്ച് വലിയ ഉദ്യോഗസ്ഥരും വ്യവസായികളും അഭിഭാഷകരുമായി മാറിയവര്‍ നന്ദിയോടെ സ്മരിക്കുന്ന പേരാണ് കല്ലട്ര അബ്ബാസ് ഹാജിയുടേത്. 1993 മുതല്‍ 2008 വരെ അദ്ദേഹത്തിന്റെ വാഹനമോടിച്ചത് ഞാനാണ്. എന്നോട് ഒരു തൊഴിലാളിയോടെന്നപോലെ ഒരിക്കലും പെരുമാറിയിട്ടില്ല. അദ്ദേഹത്തിന്റെ പിതൃതുല്യമായ വാത്സല്യം അനുഭവിക്കാന്‍ കഴിഞ്ഞത് എന്റെ ജീവിത സുകൃതം. ആരെയും ആകര്‍ഷിക്കുന്നതാണ് അദ്ദേഹത്തിന്റെ എളിമ. വലിയ പണക്കാരനാണെന്നോ, നേതാവാണെന്ന ഭാവമോ അദ്ദേഹത്തിനുണ്ടായിരുന്നില്ല.
ചെമനാട് പഞ്ചായത്ത് പ്രസിഡന്റായി ഏഴുവര്‍ഷവും കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി അഞ്ചുവര്‍ഷവും അദ്ദേഹം ജനസേവനം നടത്തി. ചമ്മനാട് പഞ്ചായത്തിലെ റോഡുകള്‍, നിരവധി പേര്‍ക്ക് വീടുകള്‍ എന്നിവ അദ്ദേഹത്തിന്റെ സംഭാവനയാണ്. ഭരണാധികാരിയെന്ന നിലയിലും ജനപ്രതിനിധിയെന്ന നിലയിലും പേരെടുക്കാന്‍ ആ വലിയ മനുഷ്യന് നിഷ്പ്രയാസം കഴിഞ്ഞു. തികഞ്ഞ മതേതരവാദിയായ അദ്ദേഹം ഏവര്‍ക്കും പ്രിയങ്കരനായി മാറി.
2010 സെപ്തംബര്‍ 7 - എന്റെ കണ്ണുകള്‍ നിറയുന്നു. ആ ദിവസം ഓര്‍ക്കാനേ എനിക്ക് കഴിയുന്നില്ല. അന്നാണ് അദ്ദേഹം ഈ ലോകത്തെ വാസം മതിയാക്കി യാത്രയായത്. ഒരു ജ്യേഷ്ഠനെയോ പിതാവിനെയോ നഷ്ടപ്പെട്ടവനെപ്പോലെ ഞാന്‍ തളര്‍ന്നുപോയി. എപ്പോഴും. പ്രസന്നമായി കാണുന്ന ആ മുഖം അത് ഓര്‍ക്കാനാണ് എനിക്കിഷ്ടം. എല്ലാവര്‍ക്കും നന്മ മാത്രം ചെയ്ത, എല്ലാവരും നല്ലത് പറയുന്ന അപൂര്‍വ വ്യക്തിത്വമായിരുന്നു കല്ലട്ര അബ്ബാസ് ഹാജി. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തിയ്ക്ക് വേണ്ടി പ്രര്‍ത്ഥിക്കുന്നു.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia