city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ചരിത്രം മാറ്റി മറിക്കുന്ന അതിയാമ്പൂര്‍

(www.kasargodvartha.com 21/10/2015) കാഞ്ഞങ്ങാട് നഗരസഭ ഒരുങ്ങി. വലതിലെ തീയ്യും പുകയും കെട്ടടങ്ങാന്‍ ഇനിയും സമയമെടുത്തേക്കും. സന്ദര്‍ഭം ഒത്തുവരുമ്പോള്‍ പാര്‍ട്ടിയെ വെട്ടിപ്പരിക്കേല്‍പ്പിക്കാന്‍ നില്‍ക്കുന്നവരെ വച്ചുപൊറുപ്പിക്കില്ലെന്ന് വി.എം സുധീരന്‍. തല്‍ക്കാലം സി.പി.ഐ മെരുങ്ങിയതോടെ ഇടതിന്റെ പുറം ശാന്തം. 2010ല്‍ മത്സരവേദിയിലേക്കെത്തുന്നതിനു മുമ്പെത്തന്നെ അതിയാമ്പൂര്‍ സി.പി.എമ്മിനെ സ്വയം വരിച്ചിരുന്നു. അന്നത്തെ ഇടതു സ്ഥാനാര്‍ത്ഥി പി. ലീലയ്ക്ക് ജനഹിതത്തിന്റെ രുചി അറിയേണ്ടി വന്നിട്ടില്ല.

തെരെഞ്ഞെടുപ്പ് ആരവങ്ങളുടെ തുടക്കത്തില്‍ തന്നെ അതിയാമ്പൂര്‍ വരണമാല്യവുമായി എത്തിയപ്പോള്‍ ഗോദയില്‍ മറ്റാരുമില്ലാത്തതിനാല്‍ പി. ലീല സ്വയംവരയായി. പക്ഷെ പറഞ്ഞിട്ടെന്തു കാര്യം. എല്‍.ഡി.എഫിന് ഏറെ അനുകൂല ഘടകം ഉണ്ടായിരുന്നിട്ടും ഭരണത്തിലേക്കെത്താന്‍ ആ മുന്നണിക്ക് സാധിച്ചില്ല. അടവു നയം പയറ്റിയത് ഇടതാണെങ്കില്‍ യുഡിഎഫിനായിരുന്നു നഗരഭരണം. ആടിയും ഉലഞ്ഞും പായുന്ന പായക്കപ്പല്‍ പോലെ അവര്‍ അഞ്ചു വര്‍ഷം തികച്ചു.
ചരിത്രം മാറ്റി മറിക്കുന്ന അതിയാമ്പൂര്‍
വി.വി രമേശന്‍

നഗരസഭ പിടിച്ചെടുക്കാന്‍ സാധിക്കാത്ത 2010ലെ ഇടത് സ്വപ്നത്തിനു മേല്‍ വീണ കരിനിഴല്‍ മായ്ക്കാന്‍ അവരിത്തവണ കരുത്തനായ വി.വി രമേശനെ നഗരപാലകനായി പ്രഖ്യാപിച്ച് ഗോദയില്‍ ഇറക്കി കഴിഞ്ഞു. ഇടതിനേക്കാള്‍ ഒട്ടും ചെറുതല്ല, ലീഗ് അടക്കം കനമുള്ള ചില്ലകളുള്ള, അകം കാതലുള്ള യു.ഡി.എഫ്, പക്ഷെ അതവര്‍ അറിയുന്നില്ല. ആനയുടെ വലുപ്പം ആന അറിയാത്തതു പോലെ. ഇടത് തന്ത്രം മറികടന്ന് കഴിഞ്ഞ തവണ ഏച്ചുവലിച്ചു കെട്ടിയ ഭരണം ബാറിലും ബസ് സ്റ്റാന്‍ഡിലും മറ്റും തട്ടിയും മുട്ടിയും അഴിമതിയുടെ ചെളിക്കുണ്ടില്‍ മുങ്ങിയും താണും അങ്ങനെ കടന്നു പോയി. നഗരപാലികമാര്‍ മാറിയും മറിഞ്ഞും വന്നു. ഇതാ വീണ്ടും ജനം ബൂത്തിലെത്തിയിരിക്കുകയാണ്. കൊടുത്താല്‍ തിരിച്ചെടുക്കാന്‍ കഴിയാത്ത അമ്യൂല്യ നിധി - വോട്ടിന്റെ വലുപ്പം - അതിന്റെ വില തിരിച്ചറിയാതിരിക്കുമോ ജനം. ബി.ജെ.പിയിലുമുണ്ട് രാഷ്ട്രീയ നാടകങ്ങള്‍.

വാര്‍ഡുകള്‍ തോറും യുദ്ധം മുറുകിത്തുടങ്ങി. ത്രികോണ മത്സരങ്ങള്‍ക്കപ്പുറത്തുള്ള നിര്‍ണായക പോരാട്ടം വിമതരുമായാണ്. മാറിമറിയുമോ ജനവിധിയെന്നത് കാത്തിരുന്ന് കാണാം. നഗരഭരണമേല്‍പ്പിക്കാന്‍ സി.പി.എം തീരുമാനിച്ച വി.വി രമേശന്റെ തട്ടകം അതിയാമ്പൂരാണ്. രമേശനോട് കൊമ്പു കോര്‍ക്കാന്‍ അതേ പാര്‍ട്ടിയെ ഈ മണ്ണില്‍ ചുവപ്പുടുപ്പിച്ചെടുത്ത, പിന്നീട് സി.എം.പിയായി വഴി മാറി സഞ്ചരിച്ച  ബി. സുകുമാരനാണ് എതിര്‍പക്ഷത്ത്. ഇരുചെങ്കൊടികള്‍ മാറ്റുരക്കുകയാണിവിടെ. നിര്‍ണായക തീരുമാനത്തിലൂടെ നാരായണന്‍ നായരെ മാറ്റുരയക്കാന്‍ ഗോദയിലേക്കിറക്കിയിരിക്കുകയാണ് ബി.ജെപി. രാഷ്ട്രീയച്ചൂടില്‍ വെന്തുരുകുകയാണ് ഇവടെ നേതൃത്വം. ത്രിമൂര്‍ത്തികള്‍ തമ്മില്‍ മാറ്റുരക്കുമ്പോള്‍ അതിയാമ്പൂര്‍ ഇളകി മറിയുകയാണ്.  നഗരപാലകനാകാന്‍ പോകുന്ന വി.വി രമേശനേയോ, അതോ ഭരണത്തുടര്‍ച്ചയ്ക്കാണോ, പുതിയ നേതൃത്വത്തേയാണോ ജനം സ്വീകരിക്കുക.

അതിയാമ്പൂരിലെ തെരെഞ്ഞെടുപ്പ് ചരിത്രം ഒന്ന് വായിച്ചു നോക്കാം. 2000ത്തില്‍ അതിയാമ്പൂര്‍ അഞ്ചാം വാര്‍ഡും സംവരണമായിരുന്നു. സി.പി.എമ്മിന്റെ കുമാരനു വേണ്ടി വലതു സ്വതന്ത്രനായിരുന്ന മുരുകേശനെ തറപറ്റിക്കാന്‍ 564 പേര്‍ പോളിങ്ങ് ബൂത്തിലെത്തി. മുരുകേശനെ തുണച്ചത് കേവലം 362 പേര്‍ മാത്രം. 1286 പേരില്‍ 926 പേര്‍ മാത്രമെ ബൂത്തു കണ്ടുള്ളുവെങ്കിലും ആരും വോട്ടു പാഴാക്കിയില്ല. അസാധുവിന് വോട്ടില്ലായിരുന്നുവെന്ന് സാരം. 2005 വന്നപ്പോള്‍ അതിയാമ്പുരിന്റെ നമ്പര്‍ വീണ്ടും മാറി. അത് മൂന്നാം വാര്‍ഡായി അല്‍പ്പം കൂടി മെലിഞ്ഞു. 926ന് പകരം 886 പേര്‍ മാത്രമെ അമൂല്യാധികാരം പ്രയോജനപ്പെടുത്തിയുള്ളു.

എണ്ണി തിട്ടപ്പെടുത്തിയപ്പോള്‍ മാത്രമാണ് ചുവപ്പു കോട്ടയില്‍ വിള്ളല്‍ വീണ കാര്യം ജനം അറിഞ്ഞത്. യു.ഡി.എഫ് സ്വതന്ത്രന്‍ പി. അശോകന്‍ സി.പി.എമ്മിന്റെ കരുത്തന്‍ കൂടിയായ ബി. കരുണാകരനെ 418നെതിരെ 468 വോട്ടിനു മലര്‍ത്തിയടിച്ചു. പക്ഷെ  യു.ഡി.എഫിന് പിന്നീട് അതില്‍ നിരാശപ്പെടേണ്ടി വന്നു. 2005ല്‍ വാര്‍ഡ് പിടിച്ചെടുത്ത് യു.ഡി.എഫിന് കൈമാറിയ സ്വതന്ത്രനായിരുന്ന അശോകന്‍, അതെല്ലാം മറന്ന് ഒടുവില്‍ ചെന്നെത്തിയത് ബി.ജെ.പിയുടെ പാളയത്തിലേക്കായിരുന്നു.

2005ലെ തീപാറിയ മത്സരത്തില്‍ അടവു തന്ത്രത്തിന്റെ വലതു പക്ഷത്തിനായിരുന്നു ജയമെങ്കില്‍ 2010ലെത്തിയപ്പോള്‍ അവിടെ മത്സരിക്കാന്‍, ഒരുസ്ഥാനാര്‍ത്ഥിയേപ്പോലും നിര്‍ത്താന്‍ കഴിയാത്ത വിധം വലതുകാര്‍ അശക്തരായി. യു.ഡി.എഫിന്റെ തെരെഞ്ഞെടുപ്പ് ചരിത്രത്തിന് താങ്ങാന്‍ കഴിയാത്ത വിധം പ്രഹരമേല്‍പ്പിച്ചു കൊണ്ട് അരിവാള്‍ ചുറ്റിക നക്ഷത്രം അജയ്യയായി. പി. ലീലക്കെതിരില്ലായിരുന്നു. വനിതാ സംവരണ സീറ്റില്‍ മത്സരിക്കുമെന്ന് പറഞ്ഞവരാരും നോമിനേഷന്‍ നല്‍കിയില്ലന്ന് പറഞ്ഞ് യു.ഡി.എഫ് അവരുടെ വോട്ടര്‍മാരെ പറ്റിക്കുകയായിരുന്നു.

ബി.ജെപിയിലും തീയ്യും പുകയുമുണ്ടായി. അവിടെ നിന്നും സ്ഥാനാര്‍ത്ഥിയുണ്ടായില്ല. അതിന്റെ ക്ഷീണം ഇന്നും ആ പാര്‍ട്ടിയെ വിട്ടൊഴിഞ്ഞിട്ടില്ല.  രാജിയും പുറത്താക്കലും മറ്റുമുള്ള അന്തര്‍ നാടകങ്ങള്‍ അണിയറയില്‍ അരങ്ങു തകര്‍ക്കുന്ന കാഴ്ച ജനം ഇപ്പോഴും കണ്ടു കൊണ്ടിരിക്കുകയാണല്ലോ. ഞങ്ങള്‍ ശക്തരെന്ന് അവകാശപ്പെടുന്ന ബി.ജെ.പി കഴിഞ്ഞ ഒന്നര പതിറ്റാണ്ടിനുള്ളില്‍ അവിടെ ഒരിക്കല്‍ പോലും മത്സരിക്കാന്‍ തയ്യാറാവാത്തതും, ഇത്തവണ മത്സരിക്കുന്നതു വഴി നേട്ടം ആര്‍ക്കായിരിക്കുമെന്നതിന്റെ ഉത്തരമാണ് വരും തെരെഞ്ഞെടുപ്പിലൂടെ ലഭിക്കാന്‍ പോകുന്നത്.

2000ത്തില്‍ വന്‍ ഭൂരിപക്ഷത്തിനു ജയിച്ചും, ചെറിയ വോട്ടിനാണെങ്കില്‍ പോലും 2005ല്‍ സ്വതന്ത്രനോട് അടിയറവ് പറഞ്ഞും, 2010ല്‍ മാറ്റുരക്കാന്‍ പോലും അശക്തമാം വിധം യു.ഡി.എഫിനേയും ബി.ജെ.പിയേയും കടത്തി വെട്ടിയും മറ്റുമുള്ള രാഷ്ട്രീയ ചരിത്രം വര്‍ത്തമാനകാലത്തിലെ പഴംകഥകള്‍ മാത്രം. ഇന്ന് ശക്തമായ ത്രികോണ മത്സരമാണവിടെ. പഴത്തിന്റെ തൊലിയുരിയുന്നതു പോലെ നിസ്സാരമല്ല ജയമെന്ന് അവര്‍ക്ക് നന്നായി അറിയാം.

തെരെഞ്ഞെടുപ്പിന്റെ ചുടും, ചൂരും തട്ടി നാടുണര്‍ന്നു കഴിഞ്ഞു. ത്രികോണ മത്സരത്തിന്റെ ആനുകൂല്യത്തില്‍ സീറ്റ് നിലനിര്‍ത്താന്‍ കഴിയുമെന്ന് എല്‍.ഡി.എഫ് പ്രതീക്ഷിക്കുമ്പോള്‍ ഇടതു വോട്ടു ചോരുമെന്നാണ് വലതിന്റെ കണക്കു കൂട്ടല്‍. പ്രചരണങ്ങള്‍ക്കു ചുക്കാന്‍ പിടിക്കുന്നവരില്‍ വിവിധ ക്ലബ്ലുകള്‍, സന്നദ്ധ സംഘടനകള്‍, ചെറുകിട വ്യാപാരികള്‍, ഡ്രൈവര്‍മാരടക്കമുള്ള ബഹുജനങ്ങള്‍ ഓടി നടക്കുന്നുണ്ട്. ഉത്സവത്തിനു കൊടിയിറങ്ങട്ടെ. ജനത്തിന്റെ മനസിലിരിപ്പറിയാന്‍ നവംമ്പര്‍ ഏഴ് വരെ കാത്തിരിക്കാം. അതിയാമ്പൂരിന്റെ വരും കാല ചരിത്രത്തില്‍ നഗരപിതാവിന്റെ കൈയ്യൊപ്പുണ്ടാകുമോ? ചുവപ്പിന്റെ വലതുപക്ഷത്തിനു ചരിത്രത്തില്‍ ഇടം കിട്ടുമോ വോട്ടര്‍മാര്‍ നിശ്ചയിക്കട്ടെ.


പ്രതിഭാ രാജന്‍

Keywords : Kanhangad, Article, Prathibha-Rajan, Election-2015, Congress, CPM, BJP, Municipality, LDF, UDF. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia