city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഗുരുനാഥന്റെ കരണത്തടിക്കുന്ന ശിഷ്യന്‍

കൂക്കാനം റഹ്‌മാന്‍

2013 ആഗസ്ത് ഒന്നിന് കാസര്‍കോട് ജില്ലയിലെ ഒരു ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥി അവന്റെ ക്ലാസ് ടീച്ചറുടെ കരണത്തടിച്ചു. അമ്പതോളം വിദ്യാര്‍ത്ഥികളുടെ മുന്നില്‍ വെച്ചായിരുന്നു സംഭവം. ക്ലാസില്‍ എത്താന്‍ വൈകിയ കാരണമന്വേഷിച്ച ക്ലാസ് അധ്യാപകനെയാണ് തന്റെ വിദ്യാര്‍ത്ഥി കരണത്തടിച്ചത്.

വാര്‍ത്ത വായിച്ചു ഞാന്‍ ഞെട്ടുകതന്നെ ചെയ്തു. ഒരധ്യാപകനായിരുന്ന എനിക്ക് പ്രസ്തുത അടി എന്റെ മുഖത്തേക്ക് പതിച്ചതുപോലെ തോന്നി. അധ്യാപക വര്‍ഗത്തിനേറ്റ പ്രഹരം. വിദ്യാര്‍ത്ഥി-അധ്യാപക ബന്ധത്തിന് എന്തോ ചില ഉലച്ചില്‍ തട്ടിയിട്ടുണ്ട്. അക്കാരണം കണ്ടു പിടിക്കണം. മുമ്പെങ്ങും കേട്ടു കേള്‍വിയില്ലാത്ത ഇത്തരം സംഭവങ്ങള്‍ എന്തു കൊണ്ടുണ്ടാകുന്നു? അമ്പതു വര്‍ഷം മുമ്പേ ഞാന്‍ നേടിയ വിദ്യാഭ്യാസത്തെക്കുറിച്ചും നാല്‍പതു കൊല്ലം മുമ്പേ ഞാന്‍ ചെയ്ത അധ്യാപനത്തെക്കുറിച്ചും ഓര്‍ത്തുപോയി.

അധ്യാപകര്‍ വിദ്യാര്‍ത്ഥികളോട് കാണിച്ച സ്‌നേഹം, തിരിച്ച് വിദ്യാര്‍ത്ഥികള്‍ അധ്യാപകര്‍ക്ക് നല്‍കിയ ബഹുമാനം അതൊന്നും ഇന്ന് കാണാനില്ല. വിദ്യാഭ്യാസം ഒരു കച്ചവടച്ചരക്കായി മാറി. അവിടെ ലാഭനഷ്ടക്കണക്കുകള്‍ മാത്രം നോക്കുന്ന അവസ്ഥ വന്നു. വിദ്യാര്‍ത്ഥികള്‍ വെറും ഉപഭോക്താവായി മാറി-സ്‌നേഹമോ, ആദരവോ, ബഹുമാനമോ അധ്യാപകന് നല്‍കുന്ന അവസ്ഥ ഇല്ലാതായത് അതു കൊണ്ടാണ്.

അധ്യാപകന്‍ തൊഴിലാളിയായും മാറി. തന്റെ തൊഴില്‍ കൃത്യമായി ചെയ്യുക എന്നതിനപ്പുറം തന്റെ മുന്നിലുളള കുഞ്ഞുങ്ങളുടെ പ്രശ്‌നങ്ങള്‍ അറിയാന്‍, അവ പരിഹരിക്കാന്‍ താല്‍പര്യമെടുക്കാത്ത അധ്യാപക സമൂഹത്തെയാണ് നമുക്കു ചുറ്റും കാണാന്‍ കഴിയുന്നത്. അധ്യാപന രംഗത്ത് ഒരു പൊളിച്ചെഴുത്ത് അനിവാര്യമായി വന്നിരിക്കയാണിന്ന്. വിദ്യാര്‍ത്ഥികളെ അറിവ് സ്വയം നിര്‍മിക്കാന്‍ പ്രാപ്തരാക്കുന്ന രീതികൊളളാവുന്നത് തന്നെ. കുട്ടിയെ പീഡിപ്പിക്കുന്നതും വര്‍ത്തമാന കാലസാഹചര്യത്തില്‍ പ്രായോഗികമല്ല.

പക്ഷെ അച്ചടക്കം എന്ന സ്വഭാവം കുട്ടികളില്‍ ഉണ്ടാക്കിയെടുക്കണം. ക്ലാസ് മുറികള്‍ ചിട്ടയായ പ്രവര്‍ത്തനത്തിന്റെ വേദികളാവണം. അധ്യാപകനെ സുഹൃത്തായി കാണുന്ന അവസ്ഥ ഇല്ലാതാവണം. അധ്യാപകന്‍ ഗുരുനാഥനാവണം. ഇരുട്ടിനെ അകറ്റുന്ന വ്യക്തിയാവണം അധ്യാപകന്‍. വിദ്യാര്‍ത്ഥികളുടെ സ്‌നേഹാദരവുകള്‍ അധ്യാപകര്‍ നേടിയെടുക്കണം. അതിനുതകുന്ന വിദ്യാലയാന്തരീക്ഷവും ക്ലാസന്തരീക്ഷവും സൃഷ്ടിച്ചെടുക്കേണ്ടത് അധ്യാപകനാണ്.

ഞങ്ങളെയൊക്കെ അക്കാലത്ത് പഠിപ്പിച്ച അധ്യാപകരെ കാണുമ്പോള്‍ അറിയാതെ എഴുന്നേറ്റു നിന്നു പോകും. അവര്‍ തന്ന ശിക്ഷ കഠിനമായിരുന്നു. ചൂരല്‍ പാടുകള്‍ കൈവെളളയിലും തുടയിലും തുടുത്ത് കാണാറുണ്ടായിരുന്നു. ശിക്ഷകിട്ടിയത് തെറ്റ് ചെയ്തത് കൊണ്ടാണെന്ന് പൂര്‍ണ ബോധ്യമുണ്ടായിരുന്നു ഞങ്ങള്‍ക്ക്. തെറ്റ് കണ്ടാല്‍ ചൂണ്ടിക്കാട്ടണം. ചൂണ്ടിക്കാട്ടിയാല്‍ മാത്രം പരിഹരിക്കില്ലെങ്കില്‍ ചെറിയ തോതിലുളള ശിക്ഷകള്‍ നല്‍കേണ്ടി വരും. എങ്കിലേ അച്ചടക്കത്തോടെ കാര്യങ്ങള്‍ ചെയ്യാന്‍ പറ്റൂ. ഇതാണ് അക്കാലത്തെ അനുഭവം.

ഞാന്‍ അധ്യാപകനായിരിക്കുമ്പോഴും കുട്ടികള്‍ക്ക് അല്‍പാല്‍പം ശിക്ഷ നല്‍കിയിട്ടുണ്ട്. ആ കുട്ടികള്‍ അതൊരു വിരോധമായി കണ്ടിട്ടില്ല. ഇന്നും അവരൊക്കെ സ്‌നേഹത്തോടെ തന്നെയാണ് പെരുമാറുന്നത്.

ഗുരുനാഥന്റെ കരണത്തടിക്കുന്ന ശിഷ്യന്‍രണ്ടാഴ്ച മുമ്പ് ജില്ലയിലെ ഒരു ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അധ്യാപിക വിദ്യാര്‍ത്ഥിയെ അടിച്ചു. വിദ്യാര്‍ത്ഥികള്‍ പ്രഷോഭം തുടങ്ങി. പ്രമേയം പാസാക്കി. അധ്യാപികയെ ശിക്ഷിച്ചേ മതിയാവൂ എന്ന് കുട്ടികള്‍ ഒന്നടങ്കം ആവശ്യപ്പെട്ടു. വിദ്യാര്‍ത്ഥി ഐക്യം ഇവിടെ കണ്ടു. അധ്യാപകന് വിദ്യാര്‍ത്ഥിയുടെ അടികിട്ടിയപ്പോള്‍ അധ്യാപക ഐക്യമൊന്നും കണ്ടില്ലല്ലോ?

വിദ്യാര്‍ത്ഥിയെ കോടതി റിമാന്റ് ചെയ്തു. കേസും മറ്റുമായി ഇരുകൂട്ടരും നീങ്ങേണ്ടി വരും. അധ്യാപകനാണ് എന്ന ബോധം വിദ്യാര്‍ത്ഥിക്കും വിദ്യാര്‍ത്ഥി എന്ന ബോധം അധ്യാപകനും നഷ്ടപ്പെടുന്ന കാഴ്ചയാണ് നാം എങ്ങും കണ്ടുകൊണ്ടിരിക്കുന്നത്. പഴയ രീതിയിലേക്ക് തിരിച്ചു പോക്ക് സാധ്യമല്ല. വാക്കും ചോക്കും ചൂരലും കൊണ്ട് പഠന പ്രക്രിയ നടത്താനാവില്ല. വേദനിപ്പിക്കാതെയും ഭീഷണിപ്പെടുത്താതെയും, അപമാനിക്കാതെയും കുട്ടികളെ പഠിപ്പിക്കാന്‍ പറ്റും. അങ്ങിനെ തന്നെയാണ് ചെയ്യേണ്ടത്. പക്ഷെ അധ്യാപകനെ ബഹുമാനിക്കേണ്ടത് തന്റെ കടമയാണെന്ന് വിദ്യാര്‍ത്ഥിയെ ബോധ്യപ്പെടുത്തിയേ പറ്റൂ.

അദ്ദേഹം നിര്‍ദ്ദേശിക്കുന്ന കാര്യങ്ങള്‍ കൃത്യമായി ചെയ്യേണ്ടത് തന്റെ കടമയാണെന്ന ബോധവും വിദ്യാര്‍ത്ഥികള്‍ക്കുണ്ടാവണം. അതിനനുസരിച്ച രീതിയില്‍ ക്ലാസ് ക്രമീകരണങ്ങള്‍ ഉണ്ടാവണം. സമയനിഷ്ഠയും പാലിക്കണം. കലപില ശബ്ദം നിറഞ്ഞ ക്ലാസു മുറികള്‍ ആശാസ്യമല്ല. ചിട്ടയായും ക്രമമായും പഠന പ്രവര്‍ത്തനങ്ങള്‍ നടക്കണം.

ജില്ലയിലെ തന്നെ ഒരു എയ്ഡഡ് പ്രൈമറി സ്‌കൂളിലെ സംഭവവും കൂടി ഇതോട് കൂട്ടിച്ചേര്‍ക്കേണ്ടതാണ്. ആറിലും ഏഴിലും പഠിക്കുന്ന ജ്യേഷ്ഠാനുജന്മാര്‍. കണ്ടാല്‍ മിടുക്കരാണ് രണ്ടു പേരും. കുട്ടികള്‍ അധ്യാപകരെ അനുസരിക്കുന്നില്ല. അധ്യാപകര്‍ ക്ലാസില്‍ വരുമ്പോള്‍ എഴുന്നേറ്റ് നിന്ന് അഭിവാദ്യം ചെയ്യില്ല. അവരോട് ചോദ്യം ചോദിച്ചാല്‍ പ്രതികരിക്കില്ല. നോട്ട് എഴുതാന്‍ ആവശ്യപ്പെട്ടാല്‍ ചെയ്യില്ല. തികച്ചും അധ്യാപകരെ നിന്ദിക്കുന്ന രീതിയിലാണ് കുട്ടികളുടെ പെരുമാറ്റം.

കുട്ടികളോട് ശരിയായ രീതിയില്‍ പെരുമാറണമെന്ന് സ്‌കൂള്‍ ഹെഡ്മാസ്റ്റരും, കൗണ്‍സിലിംഗിലൂടെ കൗണ്‍സിലര്‍മാരും ശ്രമിച്ചു നോക്കി. ഇപ്പോഴും പഴയപടി തന്നെയാണ് കുട്ടികളുടെ സമീപനം. അതിന്റെ കാരണങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുമ്പോള്‍ കണ്ടെത്തിയത് രക്ഷിതാവും, സ്‌കൂള്‍ അധ്യാപകരും തമ്മിലുളള സൗന്ദര്യ പിണക്കമാണ്. രക്ഷിതാവ് തന്റെ കുട്ടികളുടെ ഗുരുനാഥന്മാരെ അപമാനിക്കുകയും നിന്ദിക്കുകയും ചെയ്യുന്നു. അത് കണ്ടാണ് കുട്ടികളും അധ്യാപകരോട് പെരുമാറുന്നത്. നമ്മുടെ വിദ്യാലയാന്തരീക്ഷം ഒന്നു കൂടി ശുദ്ധീകരിക്കേണ്ടതുണ്ട്.

അധ്യാപകനും രക്ഷിതാവും തമ്മിലുളള ബന്ധം മെച്ചപ്പെടുത്തേണ്ടതുണ്ട്. തനിക്ക് വെളിച്ചം കാട്ടിത്തരുന്നവരാണ് അധ്യാപകരെന്ന ബോധം വിദ്യാര്‍ത്ഥികളിലുണ്ടാവണം. അധ്യാപകരുടെ ഭാഗത്തു നിന്നും മാന്യമായ സമീപനം ഉണ്ടാവണം. പഴയകാല അധ്യാപകരുടെ മാനസിക സംശുദ്ധി ഓര്‍ത്തു കൊണ്ടുവേണം പുതുതലമുറയിലെ അധ്യാപകര്‍ പ്രവര്‍ത്തിക്കേണ്ടത്. 
Keywords : Kookanam-Rahman, Article, kasaragod, Teachers, Students, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia