city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കൂക്കാനത്തെ കാക്കമ്മ

കൂക്കാനം റഹ്‌മാന്‍

ലോകത്താര്‍ക്കും ഇതേവരെ ഇടാത്ത ഒരു പേരുമായി എന്റെ ഗ്രാമത്തില്‍ ഒരു സ്ത്രീ ജീവിച്ചിരുന്നു. പേരെന്താണെന്നറിയേണ്ടേ? 'കാക്ക'- ഞങ്ങള്‍ കുട്ടികള്‍ 'കാക്കമ്മ' എന്നു വിളിക്കും. പേരു കേള്‍ക്കുമ്പോള്‍ കറുത്തിരുണ്ട ഒരു സ്ത്രീയാണെന്നു തോന്നും അല്ലേ? പക്ഷേ കാക്കമ്മ വെളുത്തവളായിരുന്നു. ഈ പേരു വിളിച്ചത് ജാതിയും മതവും തിരിച്ചറിയാതിരിക്കാനൊന്നുമല്ല.

വൈക്കം മുഹമ്മദ് ബഷീറിന്റെ കഥയില്‍ നായകനും നായികയ്ക്കും കുഞ്ഞുണ്ടായപ്പോള്‍ അവര്‍ ആലോചിച്ച് ആലോചിച്ച് കണ്ടു പിടിച്ച പേരായിരുന്നുല്ലോ 'ആകാശ മിഠായി' എന്ന്. ഇതിനിടെ ഒരു സാഹിത്യകാരന്റെ മകള്‍ക്കിട്ട പേരും കൗതുകമുണര്‍ത്തുന്നതായി തോന്നി. മഴ ഇതായിരുന്നു കുട്ടിയുടെ പേര്. കാക്ക നികൃഷ്ടയായ പക്ഷിയെന്ന് ചിലരെങ്കിലും കരുതാറുണ്ട്. ശൂചീകരണ പ്രക്രിയയില്‍ നമ്മുടെ ഏറ്റവും അടുത്ത സഹായിയാണ് കാക്കയെന്നും പറയാറുണ്ട്. ദളിത് വിഭാഗക്കാര്‍ക്ക് പണ്ടുകാലത്ത് ഇങ്ങിനെയൊക്കെയാണ് പേരിടാറുളളത്. കാക്കമ്മയുടെ അമ്മയുടെ പേര് ചപ്പില എന്നായിരുന്നു പോലും. ഇല എന്നായിരുന്നെങ്കില്‍ കുറച്ചു കൂടി മനോഹരമായിരുന്നേനെ.

ഞാന്‍ അറിയുന്ന കാക്കമ്മയെ പരിചയപ്പെടുത്തട്ടെ. അന്നവര്‍ക്ക് എഴുപത് വയസ്സോളം ആയിട്ടുണ്ടാവും. ഉണങ്ങിയ ഇരുമുലകളും ആട്ടിയാണ് നടത്തം. ഉയരക്കുറവുണ്ട്. വെളുത്ത നിറമാണ്. അന്നും കാക്കമ്മ നല്ല ആരോഗ്യവതിയായിരുന്നു. എന്നിട്ടും പേര് കാക്കയെന്നാണ്. അക്കാലത്ത് മറിച്ചൊരു പേര് ആഗ്രഹിച്ചിട്ട് കാര്യമില്ലായിരുന്നു. പക്ഷേ കാക്ക എന്ന പേര് ലോകത്തെവിടെയും മറ്റാര്‍ക്കും കിട്ടിയിട്ടില്ല എന്നകാര്യത്തില്‍ കാക്കമ്മയ്ക്കും കാക്കമ്മയുടെ നാട്ടുകാരായ ഞങ്ങള്‍ക്കും അഭിമാനിക്കാം.

പക്ഷേ വി.ആര്‍. സുധീഷ് എന്ന പ്രസിദ്ധ കഥാകാരന്‍ കഴിഞ്ഞാഴ്ചത്തെ മാതൃഭൂമി വാരാന്തപതിപ്പില്‍ കൂക്കാനത്തെ കാക്കമ്മയെക്കുറിച്ചെഴുതി. കഥവായിച്ചു തീര്‍ന്ന ഉടനെ ഞാന്‍ സുധിഷിനെ വിളിച്ചു. എങ്ങിനെ കിട്ടി കാക്കമ്മയെ എന്നാരാഞ്ഞു. കൂക്കാനത്തുകാരനായ ഒരു സുഹൃത്തു മുഖേന അറിഞ്ഞതാണെന്ന് സുധീഷ് പറഞ്ഞു.

കാക്കമ്മ നല്ലൊരു കലാകാരിയായിരുന്നു. പായനെയ്ത്ത് കലാകാരി. പാരമ്പര്യമായി കിട്ടിയ കഴിവായിരിക്കാം. കൂക്കാനത്തുകാര്‍ക്കും, സമീപദേശക്കാര്‍ക്കും പായ കിട്ടണമെങ്കില്‍ കാക്കമ്മ കനിയണം. അക്കാലത്ത് ചതുപ്പുനിലങ്ങളിലൊക്കെ ഇഷ്ടം പോലെ തഴച്ചു വളര്‍ന്നു നില്‍ക്കുന്ന കൈത മുണ്ടയുടെ ഓലയാണ് പായനെയ്തിനുളള മുഖ്യ അസംസ്‌കൃത വസ്തു.

അതിന്റെ ഓല ശ്രദ്ധയോടെ മുറിച്ചെടുക്കണം. ഓലയുടെ ഇരുവശത്തും കൂര്‍ത്ത മുളളുകളുണ്ടാവും. തറച്ചു കയറിയാല്‍ കെണിഞ്ഞതു തന്നെ. മുറിച്ചെടുത്ത ഓല ഉണക്കാനിടണം. ഓല മഞ്ഞനിറമാവുമ്പോള്‍ കീറിയെടുത്ത് പായനെയ്യും. നാലോ അഞ്ചോ പായ നെയ്ത് കഴിഞ്ഞാല്‍ കാക്കമ്മ അവ തലയില്‍ വെച്ച് മൂന്‍കൂട്ടി ആവശ്യപ്പെട്ടവരുടെ വീട്ടില്‍ എത്തിക്കും.

കാക്കമ്മയ്ക്ക് വീട്ടിനകത്തേക്ക് പ്രവേശനമുണ്ടായിരുന്നില്ല. തീണ്ടാപ്പാടകലെ നില്‍ക്കണം. വീട്ടുകാര്‍ പായകള്‍ എടുത്തു കൊണ്ടു പോയി പരിശോധിച്ച് തെരഞ്ഞെടുക്കും. പായക്ക് വിലയായി കിട്ടുക നെല്ലാണ്. പായ ഒന്നിന് ഒരിടങ്ങഴിനെല്ലാണ് വില. അതും വാങ്ങി അടുത്ത വീടിനെ ലക്ഷ്യമാക്കി കാക്കമ്മ നടന്നു നീങ്ങും. തൊട്ടു കൂടാത്ത, തീണ്ടാന്‍ പാടില്ലാത്ത കാക്കമ്മ നെയത പായയിലാണ് മാന്യന്മാര്‍ കിടക്കുന്നത്. കാക്കമ്മ ചവിട്ടി പതം വരുത്തി, കയ്യും കാലും ഉപയോഗിച്ച് ഉണ്ടാക്കിയ പായക്ക് തൊടലും തീണ്ടലും ബാധകമല്ല. ഉളളാലെ കാക്കമ്മ അക്കാര്യം വിചാരിച്ച് ചിരിച്ചിട്ടുണ്ടാവാം.

അന്ന് ചാണകം മെഴുകിയ തറയില്‍ പായ വിരിച്ചാണ് ഗ്രാമത്തിലുളളവര്‍ കിടക്കാറ്. പായയിലാണ് കുഞ്ഞുങ്ങള്‍ പിറന്നു വീണത് അതില്‍ മുത്രമൊഴിച്ചും കാലിട്ടടിച്ചുമാണ് ഗ്രാമീണ കുഞ്ഞുങ്ങള്‍ വളര്‍ന്നത്. ഇണ ചേര്‍ന്ന് കുഞ്ഞുങ്ങളുണ്ടായതും പായയില്‍ വെച്ചു തന്നെ. ചുടുകാട്ടിലേക്ക് മൃതദേഹം കൊണ്ടു പോകുന്നതും പായയില്‍ പൊതിഞ്ഞു കെട്ടി തന്നെ. ചുരുക്കത്തില്‍ കാക്കമ്മയുടെ കരവിരുതില്‍ രൂപമെടുക്കുന്ന പായ എന്റെ ഗ്രാമത്തിലെ ആളുകള്‍ക്ക് ജനനം മുതല്‍ മരണം വരെ ആവശ്യമായ ഒരു വസ്തുവായിരുന്നു.

ഞങ്ങളുടെ വീട്ടില്‍ കാക്കമ്മയ്ക്ക് പ്രത്യേക സ്ഥാനമുണ്ട്. കാക്കമ്മ.യ്ക്ക് ഈ വീട്ടില്‍ തൊട്ടു കൂടായ്മയില്ല. അകത്തോളം കയറാം. വീട്ടില്‍ നിന്ന് കട്ടന്‍ ചായയും വെല്ലവും അവിലും കാക്കമ്മ കഴിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. വീട്ടിനകത്തും കളത്തിലും ചാണകം മെഴുകാന്‍ കാക്കമ്മ സഹായിക്കും. കാക്കമ്മ നല്ലൊരു മീന്‍വേട്ടക്കാരിയുമാണ്. കുളത്തിലും തോട്ടിലും വെളളം വറ്റുമ്പോള്‍ കാക്കമ്മ കത്തിയുമായി ചെന്ന് അവിടങ്ങളില്‍ നിന്ന് മീന്‍ കൊത്തിപ്പിടിക്കും. നല്ല കയ്ച്ചല്‍, വരാല്‍, മുശൂ തുടങ്ങിയ മീനുമായും കാക്കമ്മ ഞങ്ങളുടെ വീട്ടിലെത്താറുളളത് ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുന്നു.

കുറ്റിച്ചൂല്‍ നിര്‍മ്മാണത്തിലും കാക്കമ്മ വിദഗദ്ധയാണ് കൊയ്ത്തു കഴിഞ്ഞ പാടങ്ങളില്‍ വളരുന്ന ഒരു തരം പുല്‍ച്ചെടിയുണ്ട്. അത് അരിഞ്ഞെടുത്തു ഉണക്കി മനോഹരമായ ചൂലുണ്ടാക്കിയും കാക്കമ്മ ജീവിത മാര്‍ഗ്ഗം കണ്ടെത്തിയിട്ടുണ്ട്.

കൂക്കാനത്തെ കാക്കമ്മമരിക്കുന്നതുവരെ കാക്കമ്മ ഇത്തരം തൊഴില്‍ ചെയ്താണ് ജീവിച്ചു വന്നത്. പുലയ വിഭാഗത്തില്‍പെട്ട സ്ത്രീയായിരുന്നു കാക്കമ്മ. അക്കാലത്ത് പുലയ വിഭാഗത്തില്‍പെട്ട സ്ത്രീകളെ അടിയാത്തികള്‍ എന്നും പറയുന്നത് കേട്ടിട്ടുണ്ട്. പ്രഭുത്വ കാലത്തിന്റെ അടയാളങ്ങളില്‍ ഒന്നായിരുന്നല്ലോ അടിമ വിഭാഗം. ഇത്തരം  വിഭാഗങ്ങളെയായിരിക്കാം അക്കാലങ്ങളില്‍ അടിമകളാക്കി വെച്ചിരുന്നത്. അവരുടെ ആണ്‍ പിറന്നോര്‍ അടിയാന്മാരും പെണ്ണുങ്ങള്‍ അടിയാത്തികളും എന്ന് അറിയപ്പെട്ടിട്ടുണ്ടാവാം.

പേരിനും ഇടപെടുന്നതിനും മറ്റും ഒരു തരം അസ്മൃശ്യത കാണിച്ച പോലെതന്നെ ദളിത് വിഭാഗത്തില്‍പെട്ടവരുടെ താമസ സ്ഥലവും പൊതു ധാരയില്‍ നിന്ന് വളരെ അകന്ന പ്രദേശങ്ങളിലാവാനും അന്നത്തെ വലിയവര്‍ ശ്രദ്ധിച്ചിരുന്നു. ഒന്നുകില്‍ കരിമ്പാറ കൂട്ടങ്ങളുളള കുന്നില്‍ പുറങ്ങളില്‍, അല്ലെങ്കില്‍ പുല്ലുപോലും മുളക്കാത്ത പൂഴി പ്രദേശങ്ങളില്‍. കാക്കമ്മയുടെ വീടു പലിയേരിക്കൊവ്വല്‍ എന്ന പൂഴി പ്രദേശത്തായിരുന്നു. അവിടെ വെച്ചു കെട്ടിയ കുടിലില്‍ കാക്കമ്മയും മക്കളും ജീവിച്ചുവന്നു.

പലിയേരിക്കൊവ്വല്‍ കൂക്കാനത്തിനും, കരിവെളളൂരിനും ഇടയിലുളള ഒരു പ്രദേശമാണ്. ഇന്നും ആവഴിയേ കടന്നു പോകുമ്പോള്‍ കാക്കമ്മയുടെ കുടില്‍ നിന്ന സ്ഥലം നോക്കി നില്‍ക്കും. ഇന്ന് അവിടെ കുടിലില്ല എല്ലാം മനോഹരങ്ങളായ കെട്ടിടങ്ങളായി മാറി. പുല്ലുപോലും മുളക്കാത്ത പൂഴി പ്രദേശം നല്ല പൂങ്കാവനമായി മാറി. കാക്കമ്മയുടെ മക്കളോ മക്കളുടെ മക്കളോ ആയിരിക്കാം ആ വീടുകളിലെ താമസക്കാര്‍. കാക്കമ്മ താമസിച്ച കുടിലുളള സ്ഥലത്ത് പണിത വീടിനെങ്കിലും കാക്കമ്മ എന്ന് പേരെഴുതി വെക്കാന്‍ മക്കള്‍ ഓര്‍ത്തു കാണുമോ എന്തോ?

ഓ കാക്കമ്മ അണിയുന്ന ആഭരണത്തെകുറിച്ചു പറയാന്‍ വിട്ടുപോയി. കാതീല്‍ വലിയൊരു ഓലവളയം ഉണ്ടാവും. അത് തുങ്ങിക്കിടക്കും. കയ്യില്‍ വീതി കൂടിയ ഒന്നോ രണ്ടോ വളയും ഉണ്ട്. അലുമിനിയം കൊണ്ടോ മറ്റോ ഉണ്ടാക്കിയതാവാം. ഇന്നത്തെ പരിഷ്‌ക്കാരി പെണ്‍കുട്ടികള്‍ കണ്ടിരുന്നെങ്കില്‍ അത്തരം ആഭരണങ്ങള്‍ അണിഞ്ഞ് ഫാഷനായി നടക്കുമായിരുന്നു.
കൂക്കാനത്തെ കാക്കമ്മ
Kookanam Rahman
(writer)

കാക്കമ്മ മരിച്ചിട്ട് പത്തു നാല്‍പത് കൊല്ലമെങ്കിലും ആയിക്കാണും. എങ്കിലും അവരെ അക്കാലത്ത് ജീവിച്ചിരുന്ന കൂക്കാനത്തുകാര്‍ക്കും, പരിസര പ്രദേശത്തുകാര്‍ക്കും മറക്കാനാവില്ല. ഇങ്ങിനെ ഒരു പക്ഷി പേരോടുകൂടി ഒരു ദളിത് സ്ത്രീ- എല്ലാവര്‍ക്കും സഹായിയും ഉപകാരിയും ആയി ജീവിച്ചിരുന്നു എന്ന് ഇന്നത്തെ തലമുറയ്ക്ക് ഓര്‍മ്മ ഉണ്ടായിരിക്കട്ടെ എന്നാഗ്രഹിച്ചു പോകുന്നു...

Keywords:  Article, Kookanam-Rahman, Natives, Building, House, Girls, Fashion, Bangles, Kakkamma, Craw, Parrot, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia