city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

'കാസര്‍കോടെന്നു കേട്ടാല്‍ ആവേശത്താല്‍ നിറയണം ഹൃദയാന്തരാളം'

ഡോ. ഖാദര്‍ മാങ്ങാട്

(www.kasargodvartha.com 20.04.2020) 'ഭാരതമെന്ന് കേട്ടാലഭിമാനപൂരിതമാകണമന്തരംഗം
കേരളമെന്നു കേട്ടാലോ തിളക്കണം ചോര ഞരമ്പുകളില്‍'
ഇപ്പോള്‍ ഒരു വരി കൂടി കൂട്ടിച്ചേര്‍ക്കണ്ടി വന്നിരിക്കുന്നു.
'കാസര്‍കോടെന്നു കേട്ടാല്‍ ആവേശത്താല്‍ നിറയണം ഹൃദയാന്തരാളം'

രാജ്യത്തെ 736 ജില്ലകളില്‍ ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളെ സുഖപ്പെടുത്തിയ ജില്ല എന്ന അംഗീകാരം നേടിയതോടെ കാസര്‍കോട് ലോകശ്രദ്ധ പിടിച്ചു പറ്റിയിരിക്കുന്നു. രാജ്യത്തിന് കേരളം മാതൃകയാകുമ്പോള്‍ കേരളത്തിന് കാസര്‍കോട് മാതൃകയാവുന്നു. ഭരണ കര്‍ത്താക്കളുടെ നിര്‍ദേശങ്ങള്‍ ശിരസാവഹിച്ച  ജനങ്ങള്‍ക്കു മാത്രമാണോ ഈ വിജയത്തിന്റെ ക്രെഡിറ്റ്? ഈ വേദനക്കള്‍ക്കിടയിലും വെളിച്ചത്തിന്റെ തിരിനാളം ഞങ്ങള്‍ കാണുന്നു. സ്വന്തം ജീവന്‍ പണയപ്പെടുത്തിയും രാപകല്‍ അധ്വാനിച്ച ആരോഗ്യപ്രവര്‍ത്തകര്‍, പൊരിവെയിലത്തും അര്‍ദ്ധ രാത്രികളിലും കാവല്‍ നിന്ന പോലീസ് ഉദ്യോഗസ്ഥര്‍, സദാനേരവും ഓടിനടന്നു എല്ലാ കാര്യങ്ങള്‍ക്കും നേതൃത്വം കൊടുത്ത ജില്ലാ കലക്ടര്‍. ഇനി ഇവരാണ്  നമ്മുടെ ജില്ലക്കു പ്രിയപ്പെട്ടവര്‍. മഹാ മാരിയെ മറി കടക്കാന്‍ ഊണും, ഉറക്കവും, ഉറ്റവരെയും ഉപേക്ഷിച്ചവരാണിവര്‍. തിരുവനന്തപുരത്തു നിന്നും, കോട്ടയത്തു നിന്നും എത്തിയ മെഡിക്കല്‍ ടീം കാണിച്ച അര്‍പ്പണവും, ആത്മാര്‍ത്ഥതയും ഞങ്ങളുടെ കണ്ണ് നനയിപ്പിച്ചിട്ടുണ്ട് . അഗതികളായ രോഗികളെ സ്വന്തമെന്ന പോലെ ചികിത്സിച്ച നിങ്ങളോടുള്ള കൃതജ്ഞത അറിയിക്കാനുള്ള വാഗ് വൈഭവം കാസര്‍കോട്ടുകാര്‍ക്കില്ല.

ഇത് വരെ ആര്‍ക്കും വേണ്ടാത്ത ജില്ല. ഇനിയും ഒരു മെഡിക്കല്‍ കോളേജ് ആരംഭിച്ചിട്ടില്ലാത്ത ജില്ല. കോവിഡ് മൂലം അതിര്‍ത്തി അടച്ചപ്പോള്‍ ചികിത്സ കിട്ടാതെ 14 വിലപ്പെട്ട മനുഷ്യര്‍ പിടഞ്ഞു മരിച്ച ജില്ല. പ്രാപ്തിയില്ലാത്തവരെ നാട് കടത്താനുള്ള ജില്ല. വിവരമില്ലാത്തവരെന്നു പരിഹസിക്കപ്പെട്ട ജില്ല.  എന്നാല്‍ ഗതകാലങ്ങളില്‍ ഈ ജില്ല ആരോഗ്യ രംഗത്ത് സംസ്ഥാനത്തിന് നല്‍കിയ സംഭാവനകള്‍ വിനയപൂര്‍വം ഓര്‍മയില്‍ കൊണ്ട് വരുന്നു. ചികിത്സാ സൗകര്യങ്ങള്‍ ഏറ്റവും കുറഞ്ഞ ജില്ല എന്ന പരിദേവനം നില നില്‍ക്കുമ്പോഴും സംസ്ഥാനത്തെ ഓരോ പഞ്ചായത്തിലും ഓരോ പ്രാഥമിക ആരോഗ്യകേന്ദ്രം അനുവദിച്ച ആരോഗ്യ മന്ത്രി കാസര്‍കോട്ട് കാരനായിരുന്നു. ഓരോ ജില്ലയിലും ആയുര്‍വേദ-ഹോമിയോ ആസ്പത്രി ആരംഭിച്ചതും അതേ കാസര്‍കോട്ടുകാരന്‍ തന്നെ. എന്നിട്ടും പില്‍ക്കാലങ്ങളില്‍ കാസര്‍കോട് വിസ്മരിക്കപ്പെട്ടു. കുലീനതയും, എളിമയും കാസര്‍കോടിന്റെ ദൗര്‍ബല്യമായി അധികാരികള്‍ തെറ്റായി വിലയിരുത്തി.

ഇനിയെങ്കിലും മെഡിക്കല്‍ കോളേജ്   പൂര്‍ത്തിയാക്കാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടിയുണ്ടാകണം. 273 പോസ്റ്റുകള്‍ അനുവദിച്ച സര്‍ക്കാരിനോട് വളരെയേറെ നന്ദിയുണ്ട്. കോവിഡ് ആസ്പത്രി തുടങ്ങിയതും, മെഡിക്കല്‍ ടീമിനെ എത്തിച്ചതും വളരെ നല്ല നടപടികള്‍. ടാറ്റാ ആസ്പത്രിക്ക് വേണ്ടി വേഗത്തില്‍ തന്നെ റവന്യു ഭൂമി നല്‍കിയതും ശ്രദ്ധേയം. മെഡിക്കല്‍ കോളേജിന്റെ അക്കാഡമിക് ബ്ലോക്കിന്റെ പണി മാത്രമാണ് പൂര്‍ത്തിയായത്. ഇനി അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന്റെയും, ആസ്പത്രിയുടെയും കെട്ടിടങ്ങള്‍ ഉയര്‍ന്നു വരേണ്ടതുണ്ട്. ബോയ്‌സ് ഹോസ്റ്റലും, ഗേള്‍സ് ഹോസ്റ്റലും പണിയാതെ വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കാനാവില്ല. സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സ് അടിയന്തരാവശ്യമാണ്. കാന്റീന്‍ അടക്കമുള്ള അനുബന്ധ കെട്ടിടങ്ങള്‍ വരേണ്ടതുണ്ട്. പ്രധാനമായും എന്‍ഡോസള്‍ഫാന്‍ രോഗികള്‍ക്ക് വേണ്ടിയാണു കോളേജ് എന്ന് പറയുമ്പോഴും അവരെ ചികില്‍സിക്കാനുള്ള Physical Medicine & Rehabilitation പ്രൊഫെസ്സര്‍മാര്‍ പ്രഖ്യാപിക്കപ്പെട്ട ലിസ്റ്റില്‍ കാണുന്നില്ല.

സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയുടെ കീഴില്‍ മെഡിക്കല്‍ കോളേജ് ആരംഭിക്കാന്‍ statute provision ഇല്ലാത്തതിനാല്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കീഴില്‍ AIIMS തുടങ്ങലാണ് പ്രായോഗികം. സംസ്ഥാനത്തിന് AIIMS അനുവദിക്കുന്നത് കേന്ദ്ര സര്‍ക്കാര്‍ ആണെങ്കിലും ഏതു ജില്ലയില്‍ വേണമെന്ന് തീരുമാനിക്കാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനാണ്. ബഹുമാന്യനായ റവന്യു വകുപ്പ് മന്ത്രി കാസര്‍കോട് ജില്ലയില്‍ AIIMS സ്ഥാപിക്കാന്‍ മുന്‍കൈ എടുക്കണം. കഴിഞ്ഞ കാലങ്ങളില്‍ ജില്ല അനുഭവിച്ച അവഗണനക്കു അല്പമെങ്കിലും പരിഹാരമുണ്ടാക്കാന്‍ ഇത് മാത്രമാണ് വഴി. ഇക്കാര്യത്തില്‍ എം പിയും, ജില്ലയിലെ 5 എം എല്‍ എമാരും, ജില്ലാ പഞ്ചായത്തും മന്ത്രിയെ സഹായിക്കണം.

കല്യോട്ട് കാഞ്ഞിരടുക്കത്തെ സത്യസായി ആസ്പത്രി യാഥാര്‍ഥ്യമാക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കണം. സ്വകാര്യ മേഖലയില്‍ വരാന്‍ പോകുന്ന മള്‍ട്ടിസ്‌പെഷ്യാലിറ്റി ആസ്പത്രികള്‍ കൊണ്ട് കാശുള്ളവര്‍ക്ക് മാത്രമേ പ്രയോജനമുള്ളൂ. സാധാരണക്കാര്‍ക്ക് സര്‍ക്കാര്‍ മേഖലയില്‍ തന്നെ ചികിത്സാ സൗകര്യമുണ്ടാകണം. മംഗളൂരു നമുക്ക് തന്ന പാഠം വലുതാണ്. അന്യന്റെ പത്തായത്തിലെ നെല്ല് നമ്മളെ സഹായിക്കില്ല. സ്വയം പര്യാപ്തമാകാന്‍ നമുക്ക് ഒന്നിച്ചു നില്‍കാം. വെളിച്ചം അകലെയല്ല.

'കാസര്‍കോടെന്നു കേട്ടാല്‍ ആവേശത്താല്‍ നിറയണം ഹൃദയാന്തരാളം'


Keywords: Kasaragod, Kerala, Article, Dr. Khader Mangad, Article about Kasaragod
  < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia