city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാരുണ്യത്തിന്റെ മെട്രോപാത

ബി സി എ റഹ് മാന്‍

(www.kasargodvartha.com 11.06.2020) മെട്രോ എന്ന ഇംഗ്ലീഷ് വാക്കിന് ഭൂഗര്‍ഭ റെയില്‍പ്പാത എന്നാണ് അര്‍ത്ഥം. കാസര്‍കോട്ടുകാര്‍ക്ക് മാത്രവും സ്വന്തവുമായ ഒരു മെട്രോ പാതയുണ്ടായിരുന്നു. ജീവിത പ്രാരാബ്ദ്ധം കൊണ്ട് കണ്ണീരും കിനാവുമായി ജീവിതം എന്ന യാത്രയില്‍ തീവണ്ടി എന്ന യാത്രാമാര്‍ഗം ഇല്ലാതെ കുതിച്ചുപായാന്‍ വഴിമുട്ടി നില്‍ക്കുമ്പോള്‍ പ്രതീക്ഷയുടെ ചൂളംവിളിയുമായി അഗതിയുടെയും ആരുമില്ലാത്തവന്റെയും ഇരുള്‍ നിറഞ്ഞ ജീവിതം കടന്നുപോകാന്‍ പാത ഒരുക്കിയ കാസര്‍കോട് ജില്ലയുടെ നക്ഷത്രശോഭയായ നമ്മോട് വിട ചൊല്ലിയ മെട്രോ മുഹമ്മദ് ഹാജി.

കരയുന്നവന്റെ കാണ്ണീര് കാണുന്ന ആ കണ്ണുകള്‍ ഇനി മിഴി തുറക്കില്ല. പൊങ്ങച്ചവും അഹങ്കാരവും പ്രദര്‍ശനല്‍മകത്വവും ആണ് സമ്പന്നതയുടെ അടയാളമായി കരുതുന്ന കാലത്ത് അതൊന്നും അല്ല, സമ്പന്നന്റെ അടയാളമെന്ന് ജീവിച്ചു തെളിയിച്ച് ,വിനയവും മാന്യതയും ലാളിത്യവും ജാടകളില്ലാത്ത  പെരുമാറ്റവും എപ്പോഴും ഇല്ലാത്തവന്റെ കൂടെയുള്ള സഹവാസവും കൊണ്ട് വേറിട്ട പാത പണിത  മെട്രോ ഹാജി.

അദ്ദേഹത്തിന്റെ ജീവിതത്തിലൂടെ അക്കരെ കരപറ്റിയവര്‍ എത്രയാണെന്ന് അനുഭവിച്ചവര്‍ക്കെ അറിയൂ. കണ്ണുനീരിന് അതിന്റെ അതിര്‍ വരമ്പിന് അപ്പുറം ജാതിയുടെയും മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പ്രദേശങ്ങളുടെയും അതിരുകള്‍ കാണാത്ത  മഹാമനസ്‌കത. താന്‍ സഹായിക്കുന്ന  പാവപ്പെട്ടവന്റെ അഭിമാനം പിച്ചി ചീന്താതെ, കൂടെയുള്ളവരോട് പോലും ചെയ്യുന്ന സഹായം വിളിച്ചുപറയാതെ അതീവ രഹസ്യമായി ആരും അറിയാതെ കടമ നിര്‍വ്വഹിച്ചു സ്വയം വലിയുന്ന അപൂര്‍വ്വ വ്യക്തിത്വം.

ബഹുമാന്യനായ ഇ ടി മുഹമ്മദ് ബഷീര്‍ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. തിരുവനന്തപുരം സിഎച്ച് സെന്ററിന് രോഗികളെ റെയില്‍വേ സ്റ്റേഷനില്‍ നിന്നും ആര്‍.സി.സിയിലേക്കും സി.എച്ച് സെന്ററിലേക്കും കൂട്ടിക്കൊണ്ടുവരാനും തിരിച്ചയക്കാനും ഒരു ആംബുലന്‍സ് വാങ്ങുന്നത് സംബന്ധിച്ച് മെട്രോഹാജിയുമായി ചര്‍ച്ചചെയ്തു. മെട്രോഹാജി ഞാന്‍ വാങ്ങിച്ചുതരാം എന്നും പറഞ്ഞ് ആംബുലന്‍സിന്റെ തുക കൈമാറി. അപ്പോള്‍ ഇ.ടി പറഞ്ഞു എന്നാല്‍ ആംബുലന്‍സിന്റെ താക്കോല്‍ സി.എച്ച് സെന്ററിന് കൈമാറുന്ന ഒരു ചടങ്ങ് സംഘടിപ്പിക്കാം. അങ്ങ് വന്ന് താക്കോല്‍ കൈമാറണം. മറുപടിയായി മെട്രോ പറഞ്ഞു അതിന്റെ ആവശ്യമില്ലെന്ന്.
കാരുണ്യത്തിന്റെ മെട്രോപാത

മെട്രോയുടെ സ്വഭാവവിശേഷത്തെപ്പറ്റി അദ്ദേഹത്തെ ആദരിക്കുന്ന ഒരു ചടങ്ങില്‍ വെച്ച് മുസ്ലിം ലീഗിന്റെ അഖിലേന്ത്യാ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍  പറഞ്ഞ ഒരു വാചകമുണ്ട്.  ഇവലലൃളൗഹില ൈ(പ്രസാല്‍മകത്വം). ചന്ദശോഭ പോലെ എന്നും അദ്ദേഹത്തിന്റെ മുഖത്ത് നിഴലിച്ച് കാണാറുണ്ട്. അദ്ദേഹത്തിന്റെ നന്മ ചെയ്യാനുള്ള വെണ്മയാണ് മുഖത്ത് പ്രതിഫലിക്കുന്നത്. അതിസമ്പന്നനായിട്ടും പാറാവുകാരനോ അംഗരക്ഷകനോ ഇല്ലാത്ത അദ്ദേഹത്തിന്റെ  ഭവനം എന്നും മറ്റുള്ളവര്‍ക്കായി തുറന്നുവെച്ചിരുന്നു. അദ്ദേഹത്തിന്റെ വീട്ടിലേക്ക് ആര്‍ക്കും എപ്പോഴും കയറിച്ചെല്ലാം. പണക്കാരനും പാവപ്പെട്ടവനും എന്ന വേര്‍തിരിവില്ല. പാമരനും പണ്ഡിതനും എന്ന വലിപ്പ ചെറുപ്പമില്ല. മെട്രോഹാജിക്ക്  എല്ലാവരോടും എന്നും ഒരേ സമീപനമായിരുന്നു എന്നതില്‍ ആര്‍ക്കും തര്‍ക്കമുണ്ടാകില്ല.

അദ്ദേഹത്തിന്റെ വീടിന് അടുത്തുണ്ടായ മൗനിയായ മാനസിക അസ്വാസ്ഥ്യം ഉണ്ടായ ഒരാള്‍ മുഷിഞ്ഞ വേഷം ധരിച്ചു എപ്പോഴും അദ്ദേഹത്തിന്റെ സ്വീകരണ മുറിയില്‍ വന്നിരിക്കും. അതിഥികള്‍ വരുമ്പോഴും പോകുമ്പോഴും ഭക്ഷണ സമയങ്ങളിലും എല്ലാംഅദ്ദേഹം ഉണ്ടാകും. എന്നാല്‍ ഒരിക്കല്‍പോലും മെട്രോ അദ്ദേഹത്തോട് കറുത്ത മുഖം കാണിക്കുകയോ മോശമായി പെരുമാറുകയോ ചെയ്തില്ല. വീട്ടില്‍ വരുന്ന മറ്റ് അതിഥിയോടുള്ള മാന്യത ഇദ്ദേഹത്തോടും എപ്പോഴും  മെട്രോ പുലര്‍ത്തിയത് എന്റെ സുഹൃത്ത് ബഷീര്‍ വെള്ളിക്കോത്ത് അത്ഭുതപൂര്‍വ്വം പറഞ്ഞത് എന്നെ വിസ്മയത്തിലാക്കിയിട്ടുണ്ട്.

ഒരു ദീര്‍ഘയാത്രയ്ക്ക് ഒന്നിച്ചുപോയിരുന്ന പരേതനായ പി. മുഹമ്മദ് കുഞ്ഞി മാഷിനെയും എം.പി ഉമ്മറിനെയും സി. മുഹമ്മദ് കുഞ്ഞിയേയും ഡ്രൈവറെയും വഴിയില്‍ ഇറക്കി ഒറ്റയ്ക്ക് ഡ്രൈവ് ചെയ്ത് കയ്യിലുണ്ടായിരുന്ന പൈസയുടെ കെട്ട് കൊണ്ട് പോയി പാവപ്പെട്ട ഒരാളുടെ ഭവനത്തില്‍ കൊടുത്തു തിരിച്ചുവന്നു. കൊടുക്കുന്ന ആളെ തിരിച്ചറിയുന്നത് കൊണ്ട് ഒറ്റയ്ക്ക്  പോയി കൊടുക്കുന്ന മെട്രോ എന്ന ജന്റില്‍മാന്‍ഷിപ്പ് ആര്‍ക്കും പകരം വെക്കാന്‍ കഴിയില്ല.

25 വര്‍ഷത്തില്‍ ഒരിക്കല്‍ നടക്കുന്ന കാസര്‍കോട് നെല്ലിക്കാല്‍ ശ്രീ ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ടെ മഹോത്സവത്തിലെ 600 ഓളം സ്ഥാനികര്‍ക്ക് മുണ്ടും വേഷ്ട്ടിയും നല്‍കി മതമൈത്രിയുടെ  പുതിയ പാതയൊരുക്കിയ മെട്രോ സഹോദര സമുദായങ്ങള്‍ക്കും പ്രിയങ്കരനായിരുന്നു. പള്ളികളുടെയും അമ്പലങ്ങളുടെയും വിദ്യാലയങ്ങളുടെയും തൂണുകളിലും ചുമരുകളിലും അകത്തളങ്ങളിലും മെട്രോയുടെ സ്‌നേഹത്തിന്റെ, മനുഷ്യത്വത്തിന്റെ സ്പര്‍ശനമുണ്ട്. ഒരു വിളക്ക് മരം വെളിച്ചം നല്‍കുമ്പോള്‍ അത് ബഹളം കൂട്ടുകയോ ഒച്ച വെക്കുകയോ ചെയ്യുന്നില്ല. എത്രയോ വഴിപോക്കര്‍ക്ക് ദാരിദ്ര്യത്തിന്റെ ഇരുള്‍ ഗര്‍ത്തത്തില്‍ വീഴുന്നത് ഒഴിവാക്കാന്‍ പതിനാലാം രാവിന്റെ നിലാവെളിച്ചം നല്‍കി ഇരുട്ട് അകറ്റുമ്പോഴും അത് കടമ നിര്‍വ്വഹിക്കലായി മാത്രം മാറി. ദൗത്യ നിര്‍വ്വഹണത്തിന്റെ ശോഭ മാത്രം നല്‍കുന്ന വിളക്ക് മരമാകാന്‍ മാത്രമെ നാലുപതിറ്റാണ്ടുകാലം അദ്ദേഹം മുതിര്‍ന്നുള്ളൂ. മെട്രോയുടെ യൂണിവേഴ്‌സിറ്റി തന്റെ ജീവിതാനുഭവങ്ങളും തനിക്ക് ചുറ്റുമുള്ളവരുമാണെന്നുള്ള തിരിച്ചറിവും അള്ളാഹുവിലുള്ള അചഞ്ചലവുമായ വിശ്വാസവുമായിരുന്നു നാലു പതിറ്റാണ്ട് കാലം കാസര്‍കോടിന്റെ മാത്രം സ്വന്തമായ മെട്രോ എന്ന കാരുണ്യ പാത പണിതത്. കാലം എത്ര മായ്ച്ചാലും മായാതെ ശോകസാന്ദ്രമായ ഓര്‍മ്മയായി ജനമനസ്സുകളില്‍  മെട്രോയുടെ ഓര്‍മ്മ എന്നുമെന്നും നിലനില്‍ക്കും. പരേതന് അല്ലാഹു മഗ്ഫിറത്ത് നല്‍കട്ടെ.



Keywords: Kasaragod, Kerala, Article, Metro of Mercy

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia