കാഞ്ഞങ്ങാട് അക്രമസംഭവങ്ങളുടെ പിന്നാമ്പുറങ്ങള്‍
Oct 17, 2011, 11:42 IST
കാസര്‍കോട് ജില്ലയുടെ സമാധാനാന്തരീക്ഷം താറുമാറാകും വിധം കഴിഞ്ഞ ദിവസം നടന്ന അക്രമങ്ങള്‍ ഏറെ ഗൗരവമായികാണാന്‍ പോലീസും അധികാരികളും രാഷ്ട്രീയ നേതൃത്വവും ഇനിയെങ്കിലും തയ്യാറാവേണ്ടതുണ്ട്. ചെര്‍ക്കളം അബ്ദുല്ല മന്ത്രിയായിരിക്കെ ചെറുവത്തൂരിലും പരിസരങ്ങളിലും ഉണ്ടായിരുന്ന തീവെപ്പും അക്രമങ്ങളും ഇനിയൊരിക്കലും ഉണ്ടാകില്ലെന്നായിരുന്നു പലരും കരുതിയത്. അന്ന് രാഷ്ട്രീയ വ്യാപാര സംഘടനകളുടേയും, പോലീസിന്റെയും നേതൃത്വത്തില്‍ സര്‍വ്വകക്ഷിയോഗം ചേര്‍ന്ന് ഇത്തരം പ്രശ്‌നങ്ങള്‍ ആവ ര്‍ത്തിക്കരുതെന്ന് ഒറ്റക്കെട്ടായി തീരുമാനിച്ചിരുന്നു. എന്നാല്‍ സംഭവങ്ങള്‍ അതേപടി ജില്ലയില്‍ ആവര്‍ത്തിക്കുന്നത് ജന ജീവിതത്തെ പ്രശ്‌ന സങ്കീ ര്‍ണ്ണതയിലാഴ്ത്തിയിരിക്കുകയാണ്.
കാഞ്ഞങ്ങാട്ടുണ്ടായ നിസാര പ്രശ്‌നങ്ങള്‍ സമയബന്ധിതമായി തീര്‍പ്പ് കല്‍പ്പിക്കാനും തടയിടാനും കഴിയാത്തതാണ് പ്രശ്‌നം സംഘ ര്‍ഷാവസ്ഥയില്‍ കലാശിക്കാന്‍ ഇടയായത്. മുറിയനാവിയിലെ സി.പി.എം അനുഭാവിയായ ലിജേഷിന്റെ ഓട്ടോറിക്ഷ കത്തിച്ചത് മുതലാണ് കാഞ്ഞങ്ങാട്ട് പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നത്. നേരത്തെ ഇവിടെയുണ്ടായിരുന്ന വ്യക്തി വൈരാഗ്യവും പടലപിണക്കങ്ങളും വേരിലെ നുള്ളാനും പ്രശ്‌നക്കാര്‍ക്കെതിരെ നടപടിയെടുക്കാനും പോലീസിന് കഴിഞ്ഞിട്ടില്ല. ലിജേഷിന്റെ ഓട്ടോറിക്ഷ കത്തിക്കുന്നതിന് ആഴ്ച്ചകള്‍ക്ക് മുമ്പ് ചില അക്രമി സംഘങ്ങള്‍ ഓട്ടോറിക്ഷ ബ്ലേഡ് വെച്ച് നശിപ്പിച്ചിരുന്നു.
18,500 രൂപ നഷ്ടം കണക്കാക്കിയ ഈ കേസിലെ പ്രതി എന്ന് സംശയിക്കുന്നയാളെ പോലീസ് പിടിച്ച് കൊണ്ടുപോയെങ്കിലും തെളിവൊന്നുമില്ലെന്ന് പറഞ്ഞ് വിട്ടയച്ചതും പ്രശ്‌നത്തിന്റെ ഗൗരവം കുറച്ചിരുന്നു. ഇതേതുടര്‍ന്ന് രവീന്ദ്രന്‍ എന്നയാളുടെ ടൈലര്‍ഷോപ്പും അക്രമികള്‍ അഗ്നിക്കിരയാക്കിയിരുന്നു. ഒരു പാര്‍ട്ടിക്കകത്തെ രണ്ട് വിഭാഗങ്ങള്‍ തമ്മിലുള്ള ചേരിപ്പോരും വ്യക്തിവൈരാഗ്യവുമാണ് മുറിയനാവിയില്‍ ഉണ്ടായ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് ലീഗ് നേതൃത്വം ആരോപിക്കുന്നത്. ഓട്ടോ തീവെച്ച് നശിപ്പിച്ചതിന് പിറകില്‍ ലീഗുകാരാണെന്ന് ആരോപിച്ച് സി.ഐ.ടി.യുവിന്റെ നേതൃത്വത്തില്‍ ഓട്ടോതൊഴിലാളികള്‍ കാഞ്ഞങ്ങാട് നഗരത്തില്‍ പ്രകടനം നടത്തിയിരുന്നു. ഈ പ്രകടനത്തില്‍ ചില കടകള്‍ അടപ്പിക്കാനുള്ള ശ്രമവും ലീഗ് നേതൃത്വത്തിന്റെ കൊടികള്‍ തീയിട്ട് നശിപ്പിച്ചതും പ്രശ്‌നം ആളിപടരാനും ഗൗരവമാകാനും കാരണമായി. കുഞ്ഞാലിക്കുട്ടിയുടെ പൊതുസമ്മേളനത്തിന്റെ ഭാഗമായി ലീഗ് പ്രവര്‍ത്തകര്‍ നടത്തിയ ബൈക്ക് റേസും അതൊടനുബന്ധിച്ചുള്ള സംഘര്‍ഷങ്ങളും മറുവിഭാഗത്തെ പ്രകോപിപ്പിക്കാന്‍ കാരണമാക്കി.
ഈ സംഭവത്തിന്റെ തുടര്‍ച്ചയായിട്ടാണ് രാത്രി ഓട്ടോകത്തിച്ചതും സി.പി.എം കൊടികളും സ്തൂപങ്ങളും നശിപ്പിച്ചത്. മുറിയനാവി, പുല്ലൂര്‍, കല്ലുരാവി, മഡിയന്‍, അതിഞ്ഞാല്‍, കാഞ്ഞങ്ങാട്, കൂളിയങ്കാല്‍ എന്നിവിടങ്ങളിലാണ് സംഘര്‍ഷങ്ങളും അക്രമങ്ങളും ഏറ്റവും കൂടുതലായി നടന്നത്. നിരവധി വീടുകളും കടകളും അക്രമത്തിനിരയായി. ഇതിനിടയില്‍ സംഘര്‍ഷം ആളിപടരാന്‍ കാരണമായത് ആളുകളുടെ പെരുപ്പിച്ച കഥകളും വ്യാജ പ്രചരണങ്ങളുമാണ്. പള്ളിപൊളിച്ചെന്നും, ക്ഷേത്രങ്ങളുടെ കമാനങ്ങള്‍ തകര്‍ത്തുവെന്നും, വളര്‍ത്തുമൃഗങ്ങളെ തീയിട്ട് കൊന്നുവെന്നുപോലും ആളുകള്‍ പരസ്പരം ഫോണിലും മറ്റും വിളിച്ച് പറഞ്ഞത് സംഘര്‍ഷം മൂര്‍ച്ഛിക്കാനിടിയാക്കിയിരുന്നു. ഷോപ്പുകള്‍ക്ക് നേരെ നടന്ന അക്രമത്തില്‍ പ്രതിഷേധിച്ച് വ്യാപാരികള്‍ യോഗം ചേര്‍ന്ന് അനിശ്ചിതകാലത്തേക്ക് കടകളടയ്ക്കാന്‍ തീരുമാനിച്ചത് പ്രശ്‌നം ഏറെ സങ്കീര്‍ണ്ണമാണെന്നതിന്റെ തെളിവാണ്. കാഞ്ഞങ്ങാട്ട് മിക്ക സ്‌കൂളുകളും ചൊവ്വാഴ്ച്ച ഉച്ചയോടെ ക്ലാസുകള്‍ അവസാനിപ്പിച്ചിരുന്നു. ബുധനാഴ്ച്ചയും സ്‌കൂളുകള്‍ക്ക് പ്രദേശിക അവധി പ്രഖ്യാപിച്ചത് കുട്ടികളുടെ പഠനത്തെയും ബാധിച്ചിട്ടുണ്ട്.
സ്വകാര്യ വ്യക്തികള്‍ കടമായും, പണ്ടങ്ങള്‍ പണയം വെച്ചും ജീവിക്കാനൊരു തൊഴിലിനായി തുറന്നിട്ട കടകള്‍ പൂര്‍ണ്ണമായും, ഭാഗികമായും തകര്‍ത്തത് മൂലമുണ്ടായ സാമ്പത്തിക നഷ്ടം അവനവന് മാത്രമാണ്. കടകള്‍ക്ക് ശക്തമായ സംരക്ഷണം നല്‍കി നഷ്ടപരിഹാരം നല്‍കണമെന്നാണ് വ്യാപാര സംഘടനകളുടെ ആവശ്യം. പല സ്വകാര്യ ബസുകളും നഷ്ടം പേടിച്ച് സര്‍വ്വീസ് നിര്‍ത്തിയിരിക്കുകയാണ്. ബസിന് നേരെ കല്ലേറും അക്രമണവും തുടരുകയാണെങ്കില്‍ സര്‍വ്വീസ് നിര്‍ത്തിവെക്കുമെന്ന് ബസ് ഓണേഴ്‌സ് അസോസിയേഷനും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇത്തരം കാര്യങ്ങള്‍ മുന്നില്‍ നില്‍ക്കവെയാണ് കാഞ്ഞങ്ങാട് വ്യാപാര ഭവനില്‍ കലക്ടറുടെ നേതൃത്വത്തില്‍ സര്‍വ്വകക്ഷിയോഗം ചേര്‍ന്നത്. സ്ഥലത്ത് നിരോധനാജ്ഞ നിലവിലുണ്ടായിട്ടുപോലും അക്രമം ഇരുഭാഗത്തു നിന്നും തുടര്‍ന്നിരുന്നു. രാത്രിയുടെ മറവിലാണ് അക്രമികളുടെ അഴിഞ്ഞാട്ടം.
എസ്.എഫ്.ഐ നേതൃത്വത്തിലുള്ള സംഘര്‍ഷാവസ്ഥയും പ്രകടനങ്ങളും പലയിടത്തും നടക്കവെ കാസര്‍കോട്ട് എസ്.പി വിളിച്ചു ചേര്‍ത്ത ഉന്നത പോലീസ് ഓഫീസര്‍മാരുടെ യോഗവും പ്രശ്‌നക്കാര്‍ക്ക് അക്രമം നടത്താന്‍ മറയായി. സ്റ്റേഷനുകളില്‍ ആവശ്യത്തിന് പോലീസുകാര്‍ ഇല്ലാത്തതും ഡ്യൂട്ടിയിലുള്ള പോലീസുകാര്‍ക്ക് വേണ്ട ഭക്ഷണവും, വിശ്രമവും ലഭിക്കാത്തതും പോലീസുകാരുടെ സേവന വീര്യം കെടുത്തിയിട്ടുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ അക്രമങ്ങളും സംഘര്‍ഷങ്ങളും നടക്കുമ്പോള്‍ ഇനിയും പോലീസ് നോക്കിയിരിക്കുമെന്ന് തോന്നുന്നില്ല. അക്രമികളെ നിലയ്ക്കുനിര്‍ത്താനും, സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം തടയാനും അതത് രാഷ്ട്രീയ നേതൃത്വങ്ങള്‍ക്കും പരാജയം സംഭവിച്ചിട്ടുണ്ട്. നേതൃത്വം പറഞ്ഞാല്‍ അനുസരിക്കാത്തവരെ പാര്‍ട്ടി സംരക്ഷിക്കാതിരുന്നാല്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാനാകും.
കാഞ്ഞങ്ങാട്ടെ അക്രമസംഭവങ്ങള്‍ക്ക് പിറകില്‍ പുറത്തു നിന്നും വന്ന മുഖംമൂടി ധരിച്ച ഗുണ്ടകളാണെന്നാണ് രാഷ്ട്രീയ നേതൃത്വം വിലയിരുത്തുന്നത്. മുഖംമൂടി സംഘങ്ങളാണ് അക്രമത്തിന് പിറകിലെന്നാണ് ഓട്ടോതൊഴിലാളികളും വ്യാപാരികളും ഒരുപോലെ പറയുന്നത്.
കാഞ്ഞങ്ങാട്ടെ അക്രമസംഭവങ്ങള്‍ക്ക് പിറകില്‍ പുറത്തു നിന്നും വന്ന മുഖംമൂടി ധരിച്ച ഗുണ്ടകളാണെന്നാണ് രാഷ്ട്രീയ നേതൃത്വം വിലയിരുത്തുന്നത്. മുഖംമൂടി സംഘങ്ങളാണ് അക്രമത്തിന് പിറകിലെന്നാണ് ഓട്ടോതൊഴിലാളികളും വ്യാപാരികളും ഒരുപോലെ പറയുന്നത്.
പ്രകടനത്തിലും മറ്റും നുഴഞ്ഞുകയറിവന്ന് അക്രമം നടത്തുന്നവരെ ഓട്ടോതൊഴിലാളി സംഘടനകളും കരുതിയിരിക്കേണ്ടതുണ്ട്. പുറമേ നിന്നും വരുന്ന അപരിചിതരെ പ്രകടനത്തിലും മറ്റും ഒഴിവാക്കേണ്ടത് അതത് സംഘടനകളുടെ ചുമതലയാണ്. എന്തുതന്നെയായാലും കാഞ്ഞങ്ങാട്ടെ അക്രമസംഭവങ്ങള്‍ പോലീസിന്റെയും രാഷ്ട്രീയ നേതൃത്വത്തിന്റേയും സമയബന്ധിതമായ നീക്കത്തിലൂടെ പരിഹരിക്കാന്‍ പറ്റുമായിരുന്നുവെന്നാണ് ജനാഭിപ്രായം.
-സന്ദീപ് കൃഷ്ണന്‍
Keywords: Article, Kanhangad-Clash, Sandeep-Krishnan