കവിതാ സമാഹാരവുമായി മുഹമ്മദലി കൊപ്പളം വീണ്ടും; ഇരുളും വെളിച്ചവും പ്രകാശനത്തിന്
Oct 31, 2011, 10:13 IST
Mohammed Ali Koppalam |
മുഹമ്മദലിയെ സുഹൃത്തുക്കള്‍ എഴുത്തുകാരനായും സാഹിത്യകാരനുമായൊക്കെ ബഹുമാനിക്കുന്നു. കൊല്ലം സ്വദേശിയായ മുഹമ്മദലി 18-ാമത്തെ വയസ്സില്‍ വീട് വിട്ടിറങ്ങി. ജീവിത പ്രാരാബ്ധങ്ങള്‍ക്കിടയില്‍ ആദ്യം വണ്ടി കയറിയത് ചെന്നൈയിലേക്കാണ്. പിന്നീട് മുംബൈ, ഗുജ്‌റാത്ത്, മംഗലാപുരം എന്നിവിടങ്ങളിലും, ഗള്‍ഫിലുമായി വിവിധ ജോലികളിലേര്‍പ്പെട്ടു. ഇവിടങ്ങളില്‍ നിന്നൊക്കെ ലഭിച്ചത് കയ്‌പേറയതും നിരാശയും മാത്രമായിരുന്നുവെന്ന് മുഹമ്മദലി ഓര്‍ക്കുന്നു. അനുഭവങ്ങള്‍ മുഹമ്മദലിയെ എന്തൊക്കെയോ എഴുതാന്‍ പ്രേരിപ്പിച്ചു. അതൊക്കെ, നോവലും, കഥകളും, കവിതകളുമായി മാറി. സാമ്പത്തികമായി പരാധീനത കൊണ്ട് ഒന്നും വെളിച്ചം കണ്ടില്ല. എല്ലാം വീട്ടില്‍ ഭദ്രമായി സൂക്ഷിച്ചു വെച്ചിട്ടുണ്ട്. ഇടയ്ക്കിടയ്ക്ക് പൊടിതട്ടി താന്‍ കുറിച്ചിട്ട ഓരോ രചനകളുമെടുത്ത് വായിച്ച് ആസ്വദിക്കും. സുഹൃത്തുക്കള്‍ അടുത്തുണ്ടെങ്കില്‍ രചനയെക്കുറിച്ച് അവരോട് പറഞ്ഞ് കൊടുക്കും. ഇതിനിടയില്‍ സമയം അനുവദിച്ചാല്‍ പുതിയ കഥകളും, കവിതകളും എഴുതും.
പതിനെട്ടാമത്തെ വയസ്സിലാണ് മുഹമ്മദലി കൊല്ലത്ത് നിന്ന് സ്വന്തം വീട് വിട്ടിറങ്ങിയത്. 39 വര്‍ഷങ്ങള്‍ക്ക് ശേഷം വീട്ടില്‍ മുഹമ്മദലി തിരിച്ചെത്തുമ്പോള്‍ ആകെ ക്ഷീണിതനായിരുന്നു. സ്വന്തം ഉമ്മയ്ക്ക് പോലും മകനെ തിരിച്ചറിയാന്‍ പാടുപെട്ടു. ഇക്കാലമത്രയും സ്വന്തം ഉമ്മ അനുഭവിച്ച വേദനകളാണ് എന്റെ മോന്‍ വരും എന്ന നോവലിലൂടെ മുഹമ്മദലി പുനരാവിഷ്‌കരിച്ചത്. മകനെ തേടിയുള്ള ഉമ്മയുടെ കാത്തിരിപ്പും, ദു:ഖവും പ്രതീക്ഷയുമായിരുന്നു നോവലിലെ പരാമര്‍ശ വിഷയം. അനുഭവിച്ചതത്രയും നോവലുകളും കഥകളും, കവിതകളുമായി മുഹമ്മദലി എഴുതുമ്പോള്‍ അത് എനിക്ക് സംതൃപ്തി നല്‍കുന്നുവെന്ന് പറയുന്നത് വെറുതെയല്ല.
മിസ്‌റിലെ ചക്രവര്‍ത്തിയെക്കുറിച്ച് രാജ കല്പനകള്‍ എന്ന പേരിലും, മുംബൈയില്‍ ഹോട്ടല്‍ ജീവനക്കാരനായി ജോലി ചെയ്തു വരവെ ഒമാനിലേക്ക് ചരക്കു കപ്പലില്‍ കടലിലൂടെ നടത്തിയ യാത്രയെ വിഷയമാക്കി എന്റെ കടല്‍ യാത്ര എന്ന പേരിലും മുഹമ്മദലി നോവലും അനുഭവ കഥകളും എഴുതി വെച്ചിട്ടുണ്ട്. അറിയപ്പെടാത്ത എഴുത്തുകാരന്‍, വിയര്‍പ്പിന്റെ അണുക്കള്‍, അണയാത്ത ദീപം, പ്രതീക്ഷകള്‍, ആഴക്കടല്‍, മിണ്ടാത്ത നക്ഷത്രം, സ്വര്‍ണ്ണ വിഗ്രഹം ഇങ്ങനെപ്പോകുന്നു മുഹമ്മദലി രചിച്ച നോവലുകള്‍.
നീണ്ട 10 വര്‍ഷങ്ങള്‍ക്കു ശേഷം തന്റെ രചനയിലൂടെയുള്ള കവിതാ സമാഹാരവും ഒരു സുഹൃത്ത് മുഖേന പ്രസിദ്ധീകരിക്കാന്‍ ഇപ്പോള്‍ മുഹമ്മദലിക്ക് കഴിഞ്ഞിട്ടുണ്ട്. 25 കവിതകളാണ് പുസ്തക രൂപത്തിലാക്കി പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ പുസ്തകത്തിലുള്ളത്.
നീണ്ട 10 വര്‍ഷങ്ങള്‍ക്കു ശേഷം തന്റെ രചനയിലൂടെയുള്ള കവിതാ സമാഹാരവും ഒരു സുഹൃത്ത് മുഖേന പ്രസിദ്ധീകരിക്കാന്‍ ഇപ്പോള്‍ മുഹമ്മദലിക്ക് കഴിഞ്ഞിട്ടുണ്ട്. 25 കവിതകളാണ് പുസ്തക രൂപത്തിലാക്കി പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ പുസ്തകത്തിലുള്ളത്.
ജീവിത ഗാനം, സൂര്യനും കടലും, മിഥുനക്കടല്‍, എന്റെ കേരളം, കല്‍പ്പകനാട്, വിയര്‍പ്പിന്റെ അണുക്കള്‍, രാഷ്ട്രീയം, ആദം, ദു:ഖത്തില്‍ രക്ഷിച്ചവന്‍, ഓര്‍മ്മകള്‍, കൃസ്തുരാജന്‍, പൂങ്കുയില്‍, ആരറിഞ്ഞു, കര്‍ഷകന്‍, കടല്‍ത്തീരം, കാലവര്‍ഷം, ചക്ക, പണി തീരാത്ത വീട്, ശ്രീ, പണപിശാച്, നദീ....തീരം, പൊന്നും ചിങ്ങമാസം, തുലാവര്‍ഷം, റംസാന്‍ ഗിഫ്റ്റ് ഗാനം എന്നിങ്ങനെയുള്ള പേരുകളിലാണ് കവിതകള്‍ രചിച്ചിട്ടുള്ളത്. ഇരുളും വെളിച്ചവുമെന്നാണ് പുസ്തകത്തിന് നാമകരണം ചെയ്തിരിക്കുന്നത്. ഈ പുസ്തകവും പ്രകാശന കര്‍മ്മത്തിന് വേദിയൊരുക്കാന്‍ ദേശീയ വേദി എന്ന സാംസ്‌കാരിക സംഘടനെയായാണ് മുഹമ്മദലി സമീപിച്ചിരിക്കുന്നത്. അടുത്ത മാസം മൊഗ്രാലില്‍ നടക്കുന്ന ഒരു പൊതുപരിപാടിയില്‍ വെച്ച് തന്നെ ഇതിന്റെ പ്രകാശനവും നടത്താനാവുമെന്ന് മുഹമ്മദലി പ്രതീക്ഷിക്കുന്നു. പ്രമുഖരായ എഴുത്തുകാരും, സാഹിത്യകാരന്മാരും ചടങ്ങിനെത്തുമെന്നും മുഹമ്മദലി പറയുന്നു.
മൊഗ്രാല്‍ കൊപ്പളത്തിലെ ബീഫാത്തിമയാണ് മുഹമ്മദലിയുടെ ഭാര്യ. മക്കളില്ല. തളര്‍വാദം പിടിപ്പെട്ട് കിടക്കുന്ന രോഗിയായ തന്റെ ഭാര്യയെ ശുശ്രീഷിക്കുകയും അവര്‍ക്ക് ഭക്ഷണം പാകം ചെയ്ത് നല്‍കുകയും, കുളിപ്പിക്കുകയും സമയത്ത് മരുന്ന് നല്‍കുകയും ചെയ്യേണ്ടുന്ന ഒഴിച്ചു കൂടാന്‍ പറ്റാത്ത ജോലിയിലാണ് മുഹമ്മദലി. ഇതിനിടയില്‍ സമയം കിട്ടിയാല്‍ നിത്യവൃത്തിക്കായി മത്സ്യബന്ധനത്തിനും പോകും. അതും വല്ലപ്പോഴുമൊക്കെ എന്ന് ഈ എഴുത്തുകാരന്‍ പറയുമ്പോള്‍ കണ്ണ് നനഞ്ഞിരുന്നു. ഒപ്പം എന്റേയും.
-എം.എ.മൂസ
-എം.എ.മൂസ