city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഓണം: കൊലപാതകങ്ങളുടെ തനിയാവര്‍ത്തനമാവുമ്പോള്‍

പ്രതിഭാരാജന്‍

(www.kasargodvartha.com 01/09/2015) 2013 സെപ്തമ്പര്‍ 16. അന്ന് പൊന്നോണം. ഉദുമ മാങ്ങാട്ടെ ബാലകൃഷ്ണനെ കൊലചെയ്തത് അന്നായിരുന്നു. മുഖ്യ പ്രതി കോടതിയില്‍ ഹാജരായിട്ടും, കുത്തിയ കത്തി പാലത്തിനടിയില്‍ നിന്നും കണ്ടെടുത്തിട്ടും തെളിവുകളെല്ലാമുണ്ടായിട്ടും കേസ് നീണ്ടു പോയി. പോലീസിന്റെ അലംഭാവത്തിനെതിരെ മാര്‍ച്ചടക്കം നിരവധി പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം കൊടുക്കേണ്ടി വന്നു ബാലകൃഷണന്റെ പാര്‍ട്ടിക്ക്. ഒന്നാം ചരമ വാര്‍ഷികാചരണത്തിന് 2014 സെപ്തമ്പര്‍ 16ന് മാങ്ങാട്ടു വെച്ച് ഇ.പി. ജയരാജന്‍ നടത്തിയ പ്രസംഗവും കത്തിപ്പടരുന്ന വിവാദങ്ങളായി.

ഒരു വര്‍ഷം കഴിഞ്ഞ് അടുത്ത, 2014ലെ ഓണക്കാലവും ക്രിമിനലുകള്‍ക്ക് കൊലക്കത്തി വീശാനുള്ളതായിരുന്നു. കട്ട സ്വര്‍ണം ഓഹരി വെക്കുന്നതു സമ്പന്ധിച്ചുള്ള തര്‍ക്കം ഇരട്ടക്കൊലയിലെത്തി. നാഫറിനേയും ഫഹീമിനേയും കൊന്ന് കുണ്ടംകുഴിയില്‍ കുഴിച്ചിട്ട സംഭവത്തിലേക്കെത്താന്‍ പോലീസിന് ഏറെ പണിപെടേണ്ടി വന്നില്ല. കാരണം അതില്‍ രാഷ്ട്രീയത്തിന്റെ ഇടപെടലുകളുണ്ടായിരുന്നില്ല. എച്ചിലടുക്കത്തെ രാമചന്ദ്രന്‍ നായര്‍ തന്റെ രണ്ടാം ഭാര്യ പത്മിനിയെ കൊന്നതും ഓണക്കാലത്തു തന്നെ.
ഓണം: കൊലപാതകങ്ങളുടെ തനിയാവര്‍ത്തനമാവുമ്പോള്‍

ബി.ജെ.പി പ്രവര്‍ത്തകന്‍ അരുണ്‍ലാലിനെ ഓട്ടോ തടഞ്ഞു നിര്‍ത്തി കുത്തി കൊന്ന സംഭവം കഴിഞ്ഞ ഓണക്കാലത്തെ നടുക്കി. ബളാംന്തോടായിരുന്നു ആ സംഭവം. കുമ്പള തുളുവടിയിലെ അബൂബക്കര്‍-നസീമ ദമ്പതികളുടെ മകള്‍ ഫാത്വിമത്ത് സുഹറയെ കിടന്നുറങ്ങുന്ന പായയില്‍ നിന്നും വലിച്ചു കൊണ്ടു പോയി ഇരുട്ടിന്റെ മറവിലിട്ട് കുത്തിക്കൊന്നതും കഴിഞ്ഞ ഓണക്കാലത്ത്. പ്രതി ഉമര്‍ബ്യാരിയെ ഉടന്‍ പോലീസിന് പിടിക്കാന്‍ കഴിഞ്ഞു. ഇന്നും കറമാറാതിരിക്കുന്ന കതിരൂര്‍ മനോജ് മരിച്ചു വീണതും ഓണലഹരി വിട്ടു മാറാത്ത 2014ലെ സെപ്തമ്പറിലായിരുന്നുവല്ലോ. തലശ്ശേരി ഡയമണ്ട് മുക്കില്‍ വെച്ചുണ്ടായ ഈ സംഭവത്തില്‍ നിറയെ  രാഷ്ട്രീയം കലര്‍ന്നു. ഇപ്പോഴും ഈ കൊല കേരളത്തിലാകമാനം നിറഞ്ഞു കത്തുകയാണ്. മകനും ഭാര്യയും ചേര്‍ന്ന് ബേഡകത്തെ ക്വാറി തൊഴിലാളി അമ്മാളു അമ്മയെ കൊന്നത് സെപ്തമ്പര്‍ 18ന്. കേസ് വേഗം നീങ്ങി.

ഏതാനും വര്‍ഷം മുമ്പ് മാണിക്കോത്തെ ബി.ജെ.പി. പ്രവര്‍ത്തകനും ഗള്‍ഫുകാരനുമായ ജയചന്ദ്രനെ ക്രൂരമായി വെട്ടിക്കൊന്ന സംഭവം നടന്നതും ഒരു തിരുവോണനാളിലാണ്. ഗള്‍ഫില്‍നിന്നും നാട്ടിലെത്തിയ ജയചന്ദ്രന്‍ തിരുവോണദിവസം വൈകിട്ട് കൂട്ടുകാരോടൊപ്പം ഗ്രൗണ്ടില്‍ ഫുട്‌ബോള്‍ കളികഴിഞ്ഞ് മാണിക്കോത്ത് ക്ഷേത്രത്തിന് സമീപത്തെ ആല്‍ത്തറയില്‍ വിശ്രമിക്കുന്നതിനിടയില്‍ ആയുധങ്ങളുമായെത്തിയ ഒരുസംഘം ജയചന്ദ്രനെ വെട്ടിക്കൊല്ലുകയായിരുന്നു. കൂട്ടുകാരെല്ലാം ഓടിരക്ഷപ്പെട്ടു. ഒരു കേസില്‍പോലും ഉള്‍പെടാതിരുന്ന ജയചന്ദ്രന്‍ തന്നെ ഒന്നുംചെയ്യില്ലെന്നുകരുതി അവിടെതന്നെ ഇരിക്കുകയായിരുന്നു. കയ്യില്‍കിട്ടിയ ഇരയെ അക്രമികള്‍ ക്രൂരമായിതന്നെ കൊലപ്പെടുത്തി. എന്നിട്ടും ഈ കേസിലെ എല്ലാ പ്രതികളേയും സംശയത്തിന്റെ ആനുകൂല്യംനല്‍കി കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതി ഒരുവര്‍ഷം മുമ്പ് വെറുതെവിടുകയായിരുന്നു. ജയചന്ദ്രന്‍ മരിക്കുമ്പോള്‍ ഭാര്യ പൂര്‍ണ ഗര്‍ഭിണിയായിരുന്നു. ജയചന്ദ്രന്റെ രണ്ട് കുട്ടികളും ഭാര്യയും ഇപ്പോഴും അനാഥരായി ഓര്‍മകളില്‍ ജീവിക്കുകയാണ്. വൃദ്ധമാതാപിതാക്കള്‍ ഇതിന്റെ ഞെട്ടലില്‍നിന്നും ഇപ്പോഴും മുക്തമായിട്ടില്ല. പിതാവ് ഇപ്പോള്‍ കിടക്കപ്പായയിലാണ്.

ഓണം: കൊലപാതകങ്ങളുടെ തനിയാവര്‍ത്തനമാവുമ്പോള്‍
Prathibha Rajan
(Writer)
ഇന്ന് വീണ്ടും സെപ്തമ്പര്‍ പിറന്നിരിക്കുന്നു. കോടാം ബേളൂര്‍ കായക്കുന്നിലെ നാരായണന്റ മരണം, തുടര്‍ന്നു കാറ്റാടിയിലും മറ്റുമുണ്ടായ അക്രമം, വെട്ടിപ്പരുക്കേല്‍പ്പിക്കല്‍ തുടര്‍കഥ പോലെ നീളുകയാണ്. സമാധന യോഗത്തില്‍ പോലീസ് ചീഫ് ഡോ. എസ്. ശ്രീനിവാസ് തുറന്നടിച്ചിരിക്കുകയാണ്. അക്രമികളെ രക്ഷിക്കുന്ന രാഷ്ട്രീയക്കാര്‍ കേസുകള്‍ ഇങ്ങനെ കുന്നു കൂടുന്നതിനുള്ള കാരണം തിരക്കാറുണ്ടോ എന്ന്. അക്രമം നടക്കുന്നതിനെ തടയിടാന്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ പരിപൂര്‍ണ സഹായം ലഭ്യമാക്കുന്നതിനു പകരം കേസുകള്‍ ഒത്തുതീര്‍പ്പാക്കിയും, പിന്‍വലിച്ചും രാഷ്ട്രീയ നേട്ടമുണ്ടാക്കുകയാണ് ഇവിടുത്തെ രാഷ്ട്രീയനേതൃത്വം. ഇതിനു അറുതി വന്നേ മതിയാകു.


രമേശ് ചെന്നത്തല കെ.പി. സി.സി പ്രസിഡണ്ടായിരിക്കുമ്പോള്‍ നടത്തിയ പദയാത്ര, കഴിഞ്ഞ ഓണം കഴിഞ്ഞുടന്‍ സെപ്തമ്പര്‍ 22ന് 'മാനിഷാദ' എന്ന മുദ്രാവാക്യമുയര്‍ത്തിപ്പിടിച്ചു കൊണ്ട് ഫാദര്‍ ഡേവിഡ് ചിറക്കലിന്റെ നേതൃത്വത്തില്‍ കാഞ്ഞങ്ങാടു വഴി കടന്നു പോയ ശാന്തി യാത്രകള്‍... ഇവ തിരിച്ചു വരേണ്ടത് സി.പിഎമ്മന്റെയും, ബി.ജെ.പിയുടേയും പാളയത്തില്‍ നിന്നുമാണ്. ജനം അവരെ അതിനായി നിര്‍ബന്ധിക്കുന്നു.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia