ഉബൈദ് സാഹിബിന്റെ മായാത്ത പുഞ്ചിരി
Oct 4, 2011, 14:50 IST
T. UBAID |
ആകര്‍ഷകമായ തന്റെ വ്യക്തിത്വം കൊണ്ട് ഈ ജീവിതത്തില്‍ മായാത്ത വ്യക്തിമുദ്യ പതിപ്പിച്ച ഒരു സാധാരണ നേതാവായിരുന്നു ടി. ഉബൈദ് സാഹിബ്. അദ്ദേഹത്തിന്റെ ഈ പക്വതയും അത്ഭുതകരമായ നയ തന്ത്രജ്ഞതയുമാണ് കേരളപ്പിറവി ആഘോഷം കാസര്‍കോട്ട് വിപുലമായി കൊണ്ടാടാന്‍ സാധിച്ചത്.
ടി. ഉബൈദ് സാഹിബ് കൈകാര്യം ചെയ്തിരുന്ന എല്ലാ മേഖലകളിലും അദ്ദേഹം തിളങ്ങിയിരുന്നു. അദ്ദേഹത്തിന്റെ ആദര്‍ശ ധീരതയും സത്യസന്ധതയും ഊര്‍ജ്ജ്വസ്വലതയും പ്രതിയോഗികളെപ്പോലും അത്ഭുതപ്പെടുത്തി. താന്‍ വിചാരിക്കുന്നത് ആരുടെ മുമ്പിലും വെട്ടിത്തുറന്നു പറയാന്‍ അദ്ദേഹത്തിന്നു ലവലേശം കൂസലുണ്ടായിരുന്നില്ല.
ഒരിക്കല്‍ കേരളപ്പിറവി ആഘോഷകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മല്ലികാര്‍ജ്ജുന ദേവസ്ഥാനത്ത് ചേര്‍ന്ന വമ്പിച്ച യോഗത്തില്‍ (അന്ന് ദേവസ്ഥാന കോമ്പൗണ്ടിനകത്ത് യോഗങ്ങള്‍ ചേരാന്‍ അനുവദിച്ചിരുന്നു. അത്രയും മതസൗഹാര്‍ദ്ദം നിലനിന്നിരുന്നു). ടി. ഉബൈദ് സാഹിബ് ചെയ്ത പ്രസംഗം തങ്കലിപികളാല്‍ രേഖപ്പെടുത്തേണ്ടതാണ്.
മറ്റുള്ളവര്‍ ചൊടിക്കുമെന്നുള്ള ഒരു ഭയം അദ്ദേഹത്തിനുണ്ടായിരുന്നില്ല. മതസൗഹാര്‍ദ്ധത്തിനു വേണ്ടി ടി. ഉബൈദ് സാഹിബ് പ്രവര്‍ത്തിച്ചു. ജനാധിപത്യഐക്യം ശക്തിപ്പെടുത്തുന്നതിന്നു വേണ്ടി വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ ഉബൈദ് സാഹിബ് പൊതുജീവിതത്തില്‍ കഴിയുന്നത്ര പരിശുദ്ധി നിലനിര്‍ത്തണമെന്ന നിര്‍ബന്ധമുണ്ടായിരുന്നു.
1956ല്‍ കാസര്‍കോട്ട് കേരളപ്പിറവി കൊണ്ടാടാനുള്ള സംഘാടക സമിതിയുടെ ചെയര്‍മാനായി പുഴക്കര അബ്ദുറഹ്മാന്‍ ഹാജി സാഹിബിനേയും ജനറല്‍ കണ്‍വീനറായി അഡ്വ. കോടോത്ത് നാരായണന്‍ നായരേയും തിരഞ്ഞെടുക്കുക വഴി അദ്ദേഹം കാണിച്ച പക്വത ഇന്നും സ്മരണീയമാണ്. പുഴക്കര അബ്ദുറഹ്മാന്‍ ഹാജി സാഹിബ് പൊതുജീവിതത്തില്‍ അപാരമായ കഴിവുള്ള വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു. അഡ്വ. കോടോത്ത് നാരായണന്‍ നായര്‍ എല്ലാ കാര്യങ്ങളിലും പ്രശോഭിച്ചു നിന്ന ആദര്‍ശധീരനായ, സത്യസന്ധതയുള്ള ഒരു മതേതരത്വ വാദിയായിരുന്നു. അതിനാല്‍ കേരളപ്പിറവി വലിയ ആഘോഷമായി കൊണ്ടാടാന്‍ എല്ലാവരും ഒത്തൊരുമിച്ചു.
കാസര്‍കോട്ടെ ജനങ്ങളെ സംയോജിപ്പിക്കുന്ന ഉറപ്പുള്ള കണ്ണിയായി അദ്ദേഹം പ്രവര്‍ത്തിച്ചു. സാധാരണക്കാരുടെ ഹൃദയത്തുടിപ്പു മനസ്സിലാക്കുവാന്‍ അദ്ദേഹത്തിന്ന് അസാമാന്യമായ കഴിവുണ്ടായിരുന്നു.
ടി. ഉബൈദ് സാഹിബിന്റെ പ്രായോഗിക നേതൃത്വത്തിന്നു മുമ്പില്‍ പല വമ്പന്മാരും മുട്ടു മടക്കേണ്ടി വന്നിട്ടുണ്ട്.
ആഘോഷകമ്മിറ്റി ചെയര്‍മാന്‍ പുഴക്കര അബ്ദുറഹ്മാന്‍ ഹാജി സാഹിബിന്റെ നിര്‍ദ്ദേശപ്രകാരം ചെറുവത്തൂരിലെ കാക്കടവ് അബ്ദുല്ല സാഹിബിന്റെ സ്വന്തം ആനയെ ആഘോഷ കമ്മിറ്റിക്ക് വേണ്ടി തല്‍ക്കാലം വിട്ടു തന്നു. ആഘോഷകമ്മിറ്റിക്കു ഇതു പ്രചോദനമായി.
ചന്ദ്രഗിരിപ്പുഴയിലൂടെ നെറ്റിപ്പട്ടം കെട്ടിയ ആനയേയും ജാഥയേയും തളങ്കര കടവില്‍ വെച്ച് ടി. ഉബൈദ് സാഹിബിന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. ഒരു വശത്ത് പ്രത്യേകം സജ്ജമാക്കിയ കേരള നഗരിയിലേക്ക് നെറ്റിപ്പട്ടം കെട്ടിയ ആനയോടൊപ്പം തളങ്കരയിലെ വീഥികളിലൂടെ ഞങ്ങള്‍ നീങ്ങിയ രംഗം ഇന്നും ഞാന്‍ സ്മരിക്കുന്നു. തന്റെ സുഖത്തേക്കാളുപരി കേരളപ്പിറവിയുടെ ആഘോഷം വിപുലമായ തോതില്‍ കൊണ്ടാടാന്‍ അദ്ദേഹം അഭിലഷിച്ചു.
താന്‍ ഏറ്റെടുത്ത ഉത്തരവാദിത്വം എത്ര കഠിനമാണെന്ന് ഉബൈദ് സാഹിബിന് അറിയാമായിരുന്നു. തന്റെ ഉത്തമ വിശ്വാസമാണ് എല്ലാ കാര്യങ്ങളിലും നയിച്ചിരുന്നത്. ടി. ഉബൈദ് സാഹിബ് ഒരിക്കലും ഒരു യാഥാസ്ഥിതികനായിരുന്നില്ല. അത്യാധുനികത അദ്ദേഹം ഇഷ്ടപ്പെട്ടതുമില്ല. ഒരു യഥാര്‍ത്ഥ മുസല്‍മാനെപ്പോലെ ജീവിച്ചു.
മുസ്ലിം വിദ്യാര്‍ത്ഥി ഫെഡറേഷന്‍ സാംസ്‌കാരിക യോഗത്തില്‍ അദ്ദേഹത്തിന്റെ പ്രസംഗം കേട്ടുകൊണ്ടിരിക്കുക വളരെ കൗതുകമായിരുന്നു. മരിച്ചാലും മരിക്കാത്ത മഹല്‍വ്യക്തികളുണ്ട് ലോകത്ത്. അവര്‍ നാടിന്നും സമുദായത്തിന്നും ചെയ്തു വെച്ച മഹത്തായ സേവനങ്ങളും ത്യാഗങ്ങളുമാണ് അവരെ ഉന്നതരാക്കി മാറ്റുന്നത്. മഹാനായ ഉബൈദ് സാഹിബ് ഇക്കൂട്ടത്തില്‍പ്പെട്ട ഒരു സാധാരണ നേതാവാണ്.
അദ്ദേഹം നമുക്ക് പകര്‍ന്നു തന്ന ആശയാദര്‍ശങ്ങളും മാതൃകാപരമായ പ്രവര്‍ത്തനങ്ങളും നമ്മുടെ മുമ്പിലുണ്ട്. അത് സ്മരിക്കാനും പ്രാവര്‍ത്തികമാക്കാനും ഈ ഉബൈദ് ദിനം പ്രചോദനം നല്‍കട്ടെയെന്നു പ്രാര്‍ത്ഥിക്കുന്നു.
മജീദ് തളങ്കര
(എം.എസ്.എഫ് ആദ്യകാല സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)
Keywords: Article, Majeed-Thalangara, T-Ubaid, ടി. ഉബൈദ്
(എം.എസ്.എഫ് ആദ്യകാല സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)
Keywords: Article, Majeed-Thalangara, T-Ubaid, ടി. ഉബൈദ്